You are here: HOME » CINEMA »
മലയാളത്തിന്റെ ഭാഗ്യനക്ഷത്രങ്ങള്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 30 January 2012
അന്യഭാഷാ നടിമാരില്‍ മലയാളിത്തമുള്ള മുഖം തേടുമ്പോള്‍ കനിഹയുടെയും പത്മപ്രിയയുടെയും പേരുകള്‍ വിട്ടുകളയാന്‍ കഴിയില്ല. ഇരുവരും ഗ്രാമീണത്തനിമയുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്കി മലയാളി മനസ്സുകളിലിടം നേടിയവരാണ്. ശാലീനസൗന്ദര്യം അന്വേഷിച്ച മലയാളത്തിന്റെ പ്രിയസംവിധായകരായ ഹരിഹരന്‍, സത്യന്‍ അന്തിക്കാട് എന്നിവര്‍ കനിഹയെ മലയാളത്തിന്റെ സ്വന്തം പെണ്‍കുട്ടിയായി സ്‌ക്രീനിലെത്തിച്ചു. ബ്ലെസി മലയാളത്തിന് പരിചയപ്പെടുത്തിയ പത്മപ്രിയയെ ഹരിഹരന്‍, കമല്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ വ്യത്യസ്തരീതിയിലുള്ള കഥാപാത്രങ്ങള്‍ നല്കി മലയാളത്തിന് സ്വീകാര്യയാക്കി.

ഇപ്പോള്‍ പഴശ്ശിരാജയ്ക്കുശേഷം പത്മപ്രിയയും കനിഹയും മമ്മൂട്ടി ചിത്രമായ 'കോബ്ര'യിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ഈ കലാകാരികള്‍ നല്ല സുഹൃത്തുക്കളാണ്. അതിലുപരി സിനിമയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള അഭിനേത്രികളാണ്.
ചാലക്കുടിയിലെ കോബ്രയുടെ സെറ്റില്‍വെച്ച് കാണുമ്പോള്‍ പത്മപ്രിയയും കനിഹയും തങ്ങളുടെ സീനിലെ ഡയലോഗുകള്‍ പരസ്പരം സംശയം ചോദിച്ച് മനഃപാഠമാക്കുകയാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളെപ്പോലെ.

''ഞങ്ങള്‍ മമ്മൂക്കയ്‌ക്കൊപ്പം പഴശ്ശിരാജയില്‍ അഭിനയിച്ചതിനുശേഷം ഇപ്പോഴാണ് കാണുന്നത്. ഞങ്ങളുടെ രണ്ടുപേരുടേയും കരിയറില്‍ ഒരു വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് അത്. ഇപ്പോള്‍ 'കോബ്ര'യില്‍ മമ്മൂക്കയുടെയും ലാല്‍ സാറിന്റെയും കൂടെ വരുമ്പോള്‍ ഹ്യൂമര്‍ ചിത്രത്തിന്റെ ഭാഗമാവുകയാണ്'', പത്മപ്രിയയും കനിഹയും ഒരേസ്വരത്തില്‍.

വിവാഹശേഷം യു.എസ്സില്‍ താമസമാക്കിയ കനിഹ തന്റെ അവിടെയുള്ള ജോലിക്കെല്ലാം ഒരിടവേള നല്‍കിയാണ് മലയാള സിനിമയുടെ ഭാഗമാകാന്‍ എത്തിയിരിക്കുന്നത്.
ക്രിസ്ത്യന്‍ ബ്രദേഴ്‌സിനുശേഷം കനിഹ മലയാളത്തിലെത്തുകയാണ്. ഒരു ബ്രേക്ക് നല്‍കി വീണ്ടും ഒരു മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലെത്തുമ്പോള്‍?

മമ്മൂക്കയുടെ കൂടെ ചെയ്യുന്ന മൂന്നാമത്തെ സിനിമയാണിത്. പഴശ്ശിരാജ, ദ്രോണ ഇപ്പോള്‍ കോബ്രയിലെത്തിനില്‍ക്കുന്നു. ക്രിസ്ത്യന്‍ ബ്രദേഴ്‌സിനുശേഷം എനിക്കൊരു കുട്ടി പിറന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് അഭിനയിക്കാനെത്തുന്നത്. കുറച്ച് നെര്‍വസായിട്ടുണ്ട്. ഒരു വര്‍ഷം ഞാന്‍ മേക്കപ്പ് ചെയ്തിട്ടില്ല. പക്ഷേ, ഇപ്പോള്‍ ഞാന്‍ തിരിച്ചുവന്നപ്പോള്‍ വലിയ ഹാപ്പിയാണ്. ചെയ്യുന്ന പടങ്ങള്‍ ഒന്നോ രണ്ടോ ആയാലും നല്ല പടങ്ങളാകണമെന്ന് ആഗ്രഹമുണ്ട്. ആ ലക്ഷ്യത്തോടെയാണ് വീണ്ടും വന്നത്. കോബ്രയിലെ ആന്‍ നല്ല കഥാപാത്രമാണ്.

വിവാഹശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്നുവെങ്കിലും 'ഭാഗ്യദേവത'യിലൂടെ കനിഹ മലയാളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇപ്പോള്‍ അമ്മയായശേഷവും മലയാളത്തിന്റെ ഭാഗമാകുമ്പോള്‍?
വളരെ സൗഹൃദവും സഹകരണവുമുള്ള സിനിമാ ഇന്‍ഡസ്ട്രിയാണ് മലയാളം. അതിനാല്‍ മലയാള സിനിമയുടെ ഭാഗമാകുമ്പോള്‍ പ്രത്യേക ഒരു സുഖമുണ്ട്. സാധാരണഗതിയില്‍ വിവാഹശേഷം നല്ലൊരു റോള്‍ ലഭിക്കുന്നത് അപൂര്‍വമാണ്. അമ്മവേഷമല്ലാതെ നായികാവേഷമാണ് എനിക്ക് 'കോബ്ര'യിലൂടെ ലഭിച്ചത്. അത് വളരെ നല്ല പ്രവണതയാണ്.

രണ്ടു നായികമാരില്‍ ഒരാളായി ചിത്രത്തില്‍ വരുമ്പോള്‍ രണ്ടുപേരുടേയും കഥാപാത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാറുണ്ടോ?
എനിക്ക് അങ്ങനെ ഒരു വിവേചനം തോന്നിയിട്ടില്ല. രണ്ടു കഥാപാത്രങ്ങള്‍ക്കും ആ കഥാപാത്രങ്ങള്‍ക്ക് സിനിമയില്‍ ആവശ്യമായ പ്രാധാന്യം ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം.


SocialTwist Tell-a-Friend
Related Stories: മലയാളത്തിന്റെ ഭാഗ്യനക്ഷത്രങ്ങള്‍ - Saturday, January 28, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon