You are here: HOME » TECHNOLOGY »
ഭൂമിയിലിറങ്ങും ടാബ്‌ലറ്റുകള്‍
test data Jayakeralam Malayalam News
Thursday, 29 December 2011
വിലയുടെ കാര്യത്തില്‍ ആകാശത്തില്‍ നിന്ന് ഭൂമിയിലേക്കിറങ്ങുകയാണ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍. അതിനു വഴിയൊരുക്കിയതാകട്ടെ ഇന്ത്യ ലോകത്തിനുമുമ്പാകെ അഭിമാനപൂര്‍വം അവതരിപ്പിച്ച 'ആകാശ്' ടാബ്‌ലറ്റും. പൊതുവിപണിയില്‍ 3000 രൂപയ്ക്കും വിദ്യാര്‍ഥികള്‍ക്ക് 1750 രുപയ്ക്കും വില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള 'ആകാശ്' ടാബ്‌ലറ്റുകള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. കേന്ദ്രമാനവശേഷി വികസനമന്ത്രാലയത്തിന്റെ സ്വപ്‌നപദ്ധതിയായ 'സാക്ഷത്' ആണ് ഗവേഷണഘട്ടം കഴിഞ്ഞ് 'ആകാശ്' എന്ന പേരില്‍ ജനങ്ങളിലേക്കെത്തുന്നത്.

വിലക്കുറവിന്റെ കാര്യത്തില്‍ പല ഇന്ത്യന്‍ കമ്പനികളും വെട്ടിത്തെളിച്ച പാതയിലൂടെയാണ് 'ആകാശി'ന്റെ അരങ്ങേറ്റമെന്നത് ശ്രദ്ധേയമാണ്. 3000 രൂപയ്ക്കല്ലെങ്കില്‍ പോലും വിലകുറഞ്ഞ ഒന്നിലധികം ടാബ്‌ലറ്റുകള്‍ ഇന്ത്യന്‍ കമ്പനികള്‍ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. കാല്‍ ലക്ഷം തൊട്ട് അരലക്ഷം രൂപ വരെ വിലയുള്ള ടാബ്‌ലറ്റുകളുമായി ആപ്പിളും സാംസങുമൊക്കെ വിപണി കൈയ്യടക്കിവച്ചിരുന്ന കാലത്താണ് പതിനായിരം രൂപയില്‍ കുറവുള്ള ടാബ്‌ലറ്റുകളുമായി ഇന്ത്യന്‍ കമ്പനികള്‍ രംഗത്തെത്തിയത്. അവര്‍ തുടങ്ങിവച്ച വിലക്കുറവ് യുദ്ധത്തിലെ അവസാനപോരാളിയാണ് 'ആകാശ്' എന്ന് നിസ്സംശയം പറയാം. ഇതിലും വില കുറച്ച് ലോകത്തൊരിടത്തും ടാബ്‌ലറ്റ് നിര്‍മിക്കാനാവിലെന്ന കാര്യം ഉറപ്പ്.

350 ഗ്രാമേ ഭാരമുള്ളു ആകാശിന്. ഏഴിഞ്ച് വലിപ്പത്തിലുള്ള റെസിസ്റ്റീവ് ടച്ച്‌സ്‌ക്രീനാണുള്ളത്. ആന്‍ഡ്രോയിഡ് 2.2 വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ആകാശില്‍ 256 എംബി റാം, രണ്ട് ജിബി സ്‌റ്റോറേജ് കപ്പാസിറ്റി, 366 മെഗാഹെര്‍ട്‌സ് പ്രൊസസര്‍, മൂന്ന് മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ്പ്, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയുണ്ട്. സോഷ്യല്‍നെറ്റ് വര്‍ക്കിങിന് യൂബിസര്‍ഫര്‍ ബ്രൗസര്‍, ഇന്‍സ്റ്റന്റ് മെസേജിങ്, യൂട്യൂബിനായി പ്രത്യേക ആപ്ലിക്കേഷന്‍ എന്നിവയും ആകാശിന്റെ പ്രത്യേകതകളാകുന്നു.

വിലക്കുറവിലുടെ ശ്രദ്ധയാകര്‍ഷിച്ച മറ്റു ചില ഇന്ത്യന്‍ ടാബ്‌ലറ്റുകളെ ഇനി പരിചയപ്പെടാം. ഇവയെല്ലാം ത്രിജി കണക്ടിവിറ്റിയുള്ളവയാണ്.

മാഗ്നം പെപ്പര്‍ (Magnum Pepper)
ലക്ഷ്മി ആക്‌സസ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ് അഥവാ ലാക്‌സ് കമ്പനി പുറത്തിറക്കിയ മാഗ്നം പെപ്പറായിരുന്നു ഇന്ത്യയില്‍ നിന്നിറങ്ങിയ ഏറ്റവും വിലക്കുറവുള്ള ടാബ്‌ലറ്റ്. വില വെറും 4500 രൂപ. ആകാശ് വന്നതോടെ വിലക്കുറവിന്റെ റെക്കോഡ് പോയെങ്കിലും, പെര്‍ഫോര്‍മന്‍സിന്റെ കാര്യത്തില്‍ ഇവന്‍ ആകാശിനേക്കാള്‍ ഒരു ചുവടുമുമ്പിലാണ്. ഏഴിഞ്ച് വിസ്താരമുള്ള ഈ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 2.2 ഫ്രോയോ ഒ.എസിലാണ്. എണ്ണൂറ് മെഗാഹെര്‍ട്‌സ് പ്രൊസസര്‍, 256 എംബി റാം, നാല് ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണിതിന്റെ മറ്റു സ്‌പെസിഫിക്കേഷനുകള്‍. ത്രിജിയിലും വൈഫെവിലും പ്രവര്‍ത്തിക്കുന്ന ഈ ടാബില്‍ എക്‌സ്‌റ്റേണല്‍ കീബോഡും ഘടിപ്പിക്കാം. ഫ്രണ്ട് ക്യാമറ, യുഎസ്ബി, എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട് എന്നിവയും ഇതിലുണ്ട്.

വെസ്‌പ്രോ ഇപാഡ് (Wespro epad)
നെറ്റ്‌വര്‍ക്ക് 18 ഗ്രൂപ്പില്‍ പെട്ട വെസ്‌പ്രോ നിര്‍മിക്കുന്ന ഈ ടാബ്‌ലറ്റിന് വില 7000 രൂപ. ആന്‍ഡ്രോയിഡ് 1.6 വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റില്‍ എട്ടിഞ്ച് ടച്ച് സ്‌ക്രീനാണുള്ളത്. ആന്‍ഡ്രോയിഡ് 2.1 ലേക്ക് എളുപ്പത്തില്‍ അപ്‌ഗ്രേഡ് ചെയ്യാനാകുമെന്ന് കമ്പനി ഉറപ്പുതരുന്നു. 400 മെഗാഹെര്‍ട്‌സ് പ്രൊസസര്‍, 256 എംബി റാം, രണ്ട് ജിബി ഫ്ലാഷ് മെമ്മറി, നാലു മണിക്കൂര്‍ ബാറ്ററി ബാക്കപ്പ്, ബില്‍ട്ട് ഇന്‍ വൈഫൈ, എളുപ്പത്തിലുള്ള ബ്രൗസിങ് സൗകര്യം എന്നിവയാണ് വെസ്‌പ്രോ ഇപാഡിന്റെ മറ്റു സവിശേഷതകള്‍. ഭാരം 500 ഗ്രാം.

ബീറ്റെല്‍ മാജിക് (Beetel Magiq)
ഭാരതി ടെലികോമിന്റെ ഉത്പന്നമായ ബീറ്റെല്‍ മാജിക്കിന്റെ വില 9,999 രുപ. ഒരു ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബില്‍ ആന്‍ഡ്രോയിഡ് 2.2 വെര്‍ഷന്‍ ഒഎസാണുള്ളത്. ഏഴിഞ്ച് ഡബ്ല്യുവിജിഎ ഡിസ്‌പ്ലേ, റെസിസ്റ്റീവ് ടച്ച്‌സ്‌ക്രീന്‍, 512 എംബിറാം, എട്ട് ജിബി സ്‌റ്റോറേജ്, 16 ജിബി വരെയുള്ള മെമ്മറികാര്‍ഡ് സൗകര്യം, രണ്ട് മെഗാപിക്‌സല്‍ വീതമുള്ള രണ്ട് ക്യാമറകള്‍ എന്നിവയും ഈ ടാബിലുണ്ട്. ഹൈസ്പീഡ് ഇന്റര്‍നെറ്റ്, റെഡി ഫെയ്‌സ്ബുക്ക് ആക്‌സസ് എന്നിവയും ബീറ്റെല്‍ മാജിക് വാഗ്ദാനം ചെയ്യുന്നു.

റിലയന്‍സ് 3ജി ടാബ് (Reliance 3G Tab)
ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റില്‍ റിലയന്‍സ് ത്രിജിയുടെ ലോകോത്തര ഐപി നെറ്റ്‌വര്‍ക്കാണുള്ളത്. കോള്‍ ചെയ്യാനും ഇതുപകരിക്കും. വീഡിയോ റെക്കോഡിങ്, വൈഫൈ ഹോട്ട്‌സ്‌പോട്ട്, ബ്ലൂടൂത്ത് വോയ്‌സ് കോളിങ്, എഫ്എം റേഡിയോ, ജിപിഎസ്., സ്പീക്കര്‍ ഫോണ്‍, മൊബൈല്‍ ടിവി തുടങ്ങി ആധുനിക സങ്കേതങ്ങളെല്ലാം റിലയന്‍സ് 3ജി ടാബിലുണ്ട്. 800 മെഗാഹെര്‍ട്‌സ് പ്രൊസസര്‍, ഏഴിഞ്ച് എല്‍സിഡി സ്‌ക്രീന്‍, നാല് ജി.ബി. റാം, 512 എംബി ഇന്റേണല്‍ മെമ്മറി എന്നിവയാണിതിന്റെ സാങ്കേതിക വിവരങ്ങള്‍. രണ്ട് മെഗാപിക്‌സലിന്റെ ക്യാമറയും വീഡിയോ കോളിങിനായി മുന്‍വശത്തൊരു വിജിഎ ക്യാമറയും റിലയന്‍സ് ടാബിലുണ്ട്. ഒമ്പത് മണിക്കൂര്‍ നിര്‍ത്താതെയുള്ള സംസാര സമയവും 300 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് ഈ ടാബിന്റെ ബാറ്ററി ആയുസ്സ്. ഭാരം 389 ഗ്രാം, വില 12,999 രുപ.

ഒലിവ്പാഡ് വി-ടി 100 (Olive Pad V-T100)
ഇന്ത്യന്‍ ടാബ്‌ലറ്റുകളില്‍ ഏറ്റവും വിലകൂടിയ താരമാണ് ഒലിവ് ടെലികോം പുറത്തിറക്കിയ ഒലിവ്പാഡ് വി-ടി 100. 15,990 രൂപ വരും വില. ആന്‍ഡ്രോയിഡ് 2.2 വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഒലിവ്പാഡില്‍ റെഡിഇന്റര്‍നെറ്റ്, പുഷ് ഈമെയില്‍, ഓഫീസ് ഡോക്യുമെന്റ്‌സ് സപ്പോര്‍ട്ട്, ഈബുക്ക് റീഡര്‍, ഫോണ്‍ കോള്‍ സൗകര്യം, ഫോട്ടോ, വീഡിയോ ഷെയറിങ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ആക്‌സസ് എന്നവയെല്ലാമുണ്ട്. ഏഴിഞ്ച് ടിഎഫ്ടി. ഡബ്ല്യുവിജിഎ ഡിസ്‌പ്ലേയാണ് ഒലിവ്പാഡിലുളളത്. 512 എംബി റാം, 600 മെഗാഹെര്‍ട്‌സ് പ്രൊസസര്‍, 32 ജിബി വരെ എക്‌സ്‌റ്റേണല്‍ മെമ്മറി, രണ്ട് ക്യാമറകള്‍ എന്നിവയും ടാബിലുണ്ട്. ഭാരം 375 ഗ്രാം.

എച്ച്.സി.എല്‍. എക്‌സ് വണ്‍ (HCL X1)
ബജറ്റ് ടാബ്‌ലറ്റുകളുടെ നിരയിലേക്കുള്ള ഏറ്റവും പുതിയ അംഗമാണ് എച്ച്്.സി.എല്ലിന്റെ എക്‌സ് വണ്‍ ടാബ്. ഏഴിഞ്ച് വലിപ്പമുള്ള ഈ ടാബ്ലറ്റിന് 10,490 രൂപയാണ് വില. ആന്‍ഡ്രോയിഡ് 2.3 വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ് വണ്ണില്‍ ഒരു ജിഗാഹെര്‍ട്‌സ് പ്രൊസസര്‍, 512 എം.ബി. സ്‌റ്റോറേജ് ശേഷി, 32 എംബി വരെയുള്ള എക്‌സ്‌റ്റേണല്‍ മെമ്മറി കപ്പാസിറ്റി എന്നിവയുമുണ്ട്്. രണ്ട് മെഗാപിക്‌സല്‍ ക്യാമറ, എച്ച്ഡി പ്ലേബാക്ക്, എച്ച്ഡിഎംഐ സപ്പോര്‍ട്ട്, ത്രിജി, എഡ്ജ്, ജിപിആര്‍എസ് സപ്പോര്‍ട്ട് എന്നിവയും എക്‌സ് വണ്ണിന്റെ പ്രത്യേകതകളാണ്.SocialTwist Tell-a-Friend
Related Stories: ഭൂമിയിലിറങ്ങും ടാബ്‌ലറ്റുകള്‍ - Saturday, December 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon