You are here: HOME » TECHNOLOGY »
റെയില്‍ സുരക്ഷയ്ക്ക് ഇന്ത്യയില്‍ നിന്ന് പുത്തന്‍ സങ്കേതം
test data Jayakeralam Malayalam News
Sunday, 04 December 2011
റെയില്‍ പാളങ്ങളിലെ തകരാറുകള്‍ മനസിലാക്കാനും തീവണ്ടികള്‍ പാളംതെറ്റുന്നത് തടയാനും സഹായിക്കുന്ന പുതിയൊരു ഉപകരണം കാന്‍പൂര്‍ ഐഐടിയിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചു. നിലവില്‍ ഇക്കാര്യത്തിന് ഉപയോഗിക്കുന്ന നിരീക്ഷണഉപകരണത്തെക്കാള്‍ ഏറെ സൗകര്യപ്രദവും സൂക്ഷ്മതയുമേറിയതാണ് തീപ്പെട്ടിയുടെ വലിപ്പം മാത്രമുള്ള പുതിയ ഉപകരണമെന്ന് ഐഎഎന്‍എസ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

രാജ്യത്തെ ഏറ്റവും ചെറിയ കൃത്രിമോപഗ്രഹമായ 'ജഗ്നു' (Jugnu) നിര്‍മിച്ച് ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെയാണ്, റെയില്‍ സുരക്ഷയ്ക്കുള്ള ഉപകരണം വഴി ഐഐടി കാന്‍പൂരിലെ വിദ്യാര്‍ഥികള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ നാലാമത്തെ റെയില്‍ ശൃംഖലയാണ് ഇന്ത്യയിലേത്. രാജ്യത്തെ 114,500 കിലോമീറ്റര്‍ പാളത്തിലൂടെ ആയിരക്കണക്കിന് തീവണ്ടികള്‍ ദിവസവും ഓടുന്നു. സ്വാഭാവികമായും റെയില്‍ സുരക്ഷ പരമപ്രധാനമാകുന്നത് അതുകൊണ്ടാണ്.

പാളങ്ങള്‍ തറയില്‍ ശരിക്കും ഉറച്ചിരുന്നില്ലെങ്കില്‍ തീവണ്ടികളുടെ പാളംതെറ്റലിനും അപകടങ്ങള്‍ക്കും അതി വഴിതെളിക്കും. കാന്‍പൂര്‍ സംഘം വികസിപ്പിച്ച വെറും 100 ഗ്രാം മാത്രം ഭാരമുള്ള ഓസിലേഷന്‍ മോണിറ്ററിങ് ഉപകരണത്തിന്റെ സഹായത്തോടെ ഇത്തരം പ്രശ്‌നങ്ങള്‍ തത്സമയം മനസിലാക്കാനും, ഓട്ടോമാറ്റിക്കായി റിക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും സാധിക്കും.

ഐഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം മേധാവി പ്രൊഫ.എന്‍.എസ്.വ്യാസിന്റെ നേതൃത്വത്തിലാണ് ഒരുസംഘം വിദ്യാര്‍ഥികള്‍ പുതിയ ഉപകരണം രൂപകല്‍പ്പന ചെയ്തത്. ലക്‌നൗവിലെ റെയില്‍വേ റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്റെ (RDSO) സഹകരണത്തോടെയായിരുന്നു പദ്ധതി.

മൈക്രോ-ഇലക്ട്രോ മെക്കാനിക്കല്‍ സംവിധാനം അടിസ്ഥാനമാക്കിയാണ് പുതിയ ഉപകരണം പ്രവര്‍ത്തിക്കുക. റെയില്‍ ട്രാക്കിലെ തകരാറുകള്‍ കൃത്യതയോടെ മനസിലാക്കാന്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റ (ജിപിഎസ്) ത്തിന്റെ സഹായവും ഉപകരണം തേടുന്നു.

ഒരിക്കല്‍ ചാര്‍ജുചെയ്താല്‍ പത്തു മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അതിനാകും. മാത്രമല്ല, യുഎസ്ബി പോര്‍ട്ടിലൂടെ ഏതെങ്കിലും കമ്പ്യൂട്ടറില്‍ നിന്ന് റീചാര്‍ജ് ചെയ്യാനുമാകും-പുതിയ ഉപകരണം വികസിപ്പിച്ച സംഘത്തില്‍പെട്ട ഡിയോ പറഞ്ഞു.

നിലവില്‍ ഉപയോഗിക്കുന്ന റെയില്‍ നിരീക്ഷണ ഉപകരണം വളരെ വലിപ്പമേറിയതാണ്, മാത്രമല്ല അത് പ്രവര്‍ത്തിപ്പിക്കാന്‍ രണ്ടുപേര്‍ വേണം. പ്രത്യേക കോച്ചിലാണ് ആ ഭീമമായ ഉപകരണം സ്ഥാപിക്കുക. ഏതെങ്കിലും ചെറിയ തീവണ്ടിയുടെ ഭാഗമായി മാത്രമേ അത് കൊണ്ടുപോകാനാകൂ എന്നതിനാല്‍ തുടര്‍ച്ചയായ നിരീക്ഷണം നിലവില്‍ പ്രായോഗികമല്ല-ഡിയോ ചൂണ്ടിക്കാട്ടി.

ഏറെ ക്ഷമതയുള്ളതും വലിപ്പം കുറഞ്ഞതുമായ ഉപകരണം എന്നത് ഐഐടി സംഘത്തിന് വെല്ലുവിളിയായിരുന്നു. പക്ഷേ, അവര്‍ അതില്‍ വിജയിച്ചു. തീപ്പെട്ടിയുടെ വലിപ്പമുള്ള പുതിയ ഉപകരണം ഏത് തീവണ്ടിയുടെയും കോച്ചിന്റെ തറയില്‍ സ്ഥാപിക്കാം. അത് കമ്പനങ്ങള്‍ അളക്കുകയും റിക്കോര്‍ഡ് ചെയ്യുകയും ചെയ്യും.

പാളത്തിലെ തകരാര്‍ മൂലം കമ്പനങ്ങളുടെ രീതിയില്‍ വ്യത്യാസമുണ്ടായാല്‍, അത് മനസിലാക്കി തകരാര്‍ എവിടെയാണെന്ന് ഉപകരണം ജിപിഎസിന്റെ സഹായത്തോടെ തിരിച്ചറിയും. കമ്പനങ്ങള്‍ ഒരു പരിധിവിട്ടാല്‍ അത് അപായസൂചനയാണ്. ഓഡിയോ-വിഷ്വല്‍ സിഗ്നലുകളുടെ രൂപത്തില്‍ അത് എന്‍ജിനിയര്‍മാരെ ജാഗ്രതപ്പെടുത്തും.

തീവണ്ടിയാത്ര അവസാനിപ്പിക്കുമ്പോള്‍, ഉപകരണത്തിലെ സ്റ്റോറേജ് കാര്‍ഡില്‍ റിക്കോര്‍ഡ് ചെയ്യപ്പെട്ട വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ന്ന്, വിശകലനം ചെയ്ത് റെയില്‍പാളങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്താനാകും. ഒരോ റൂട്ടിലുമൊടുന്ന തീവണ്ടികളില്‍ ഓരോന്നിലും മൂന്നോ നാലോ ഉപകരണങ്ങള്‍ സ്ഥാപിച്ച്, തുടര്‍ച്ചയായ നിരീക്ഷണം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. അപകടങ്ങള്‍ വലിയ തോതില്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഒരു വര്‍ഷമെടുത്തു ഈ പദ്ധതി യാഥാര്‍ഥ്യമാകാന്‍. ശതാബ്ദി ട്രെയിനുകളിലും രാജധാനി എക്‌സ്പ്രസ്സുകളിലുമായി 25 ഫീല്‍ഡ് പരീക്ഷണങ്ങള്‍ ഇതിനകം വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഒട്ടേറെ തവണ റെയില്‍ട്രാക്കിലെത്തി തകരാറുകള്‍ സ്ഥിരീകരിക്കാന്‍ പുതിയ ഉപകരണം സഹായിച്ചതായി ഡിയോ പറയുന്നു.

ആദ്യഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷം എല്ലാ റെയില്‍വെ സോണുകളിലും ഇതിന്റെ രണ്ടാംഘട്ട പരീക്ഷണം തുടങ്ങാനാണ് ആര്‍ഡിഎസ്ഒ പദ്ധതിയിടുന്നത്. പുതിയ ഉപകരണത്തിന്റെ പ്രകടനം തൃപ്തികരമാണെന്ന് ബോധ്യമായാല്‍ റെയില്‍വെ വകുപ്പ് അത് ഉപയോഗിക്കാന്‍ അനുമതി നല്‍കും. (ചിത്രം കടപ്പാട് : ഇന്ത്യന്‍ റെയില്‍വേസ് ബ്ലോഗ് )SocialTwist Tell-a-Friend
Related Stories: റെയില്‍ സുരക്ഷയ്ക്ക് ഇന്ത്യയില്‍ നിന്ന് പുത്തന്‍ സങ്കേതം - Saturday, December 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon