You are here: HOME » TECHNOLOGY »
ലിനക്‌സ് ടാബ്‌ലറ്റ് വരുന്നു-സ്പാര്‍ക്ക്
ഷെരീഫ് വെണ്ണക്കോട്‌ Jayakeralam Malayalam News
Sunday, 26 February 2012
പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഒഎസ് രംഗത്ത് തങ്ങളുടെതായ സാന്നിധ്യമാകാന്‍ ലിനക്‌സിന് കഴിഞ്ഞിട്ടുണ്ട്. പേഴ്‌സ്ണല്‍ കമ്പ്യൂട്ടിങിന്റെ പുത്തന്‍ മേഖലയായ ടാബ്‌ലറ്റ് രംഗത്ത് ലിനക്‌സിന് കാര്യമായ സ്വാധീനം ചെലുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രശസ്ത ലിനക്‌സ് ഡിസ്ട്രിബ്യൂഷനായ ഉബുണ്ടു ടാബ്‌ലറ്റ് രംഗത്തേക്കിറങ്ങുമെന്ന അറിയിപ്പുണ്ടായെങ്കിലും അതും യാഥാര്‍ഥ്യമായിട്ടില്ല.

എന്നാല്‍, ലിനക്‌സിനെ അങ്ങനെ എഴുതിത്തള്ളാനായിട്ടില്ല. സ്മാര്‍ട്ട്‌ഫോണുകള്‍ക്കായുള്ള ലിനക്‌സ് അധിഷ്ഠിത ഒഎസ് ആയ മെര്‍ (Mer), സ്വതന്ത്ര സോഫ്ട്‌വേര്‍ കമ്മ്യൂണിറ്റിയായ കെ.ഡി.ഇ (KDE) എന്നിവ ചേര്‍ന്ന് 'പ്ലാസ്മ ആക്ടീവ് യൂസര്‍ ഇന്റര്‍ഫേസി'ല്‍ 'സ്പാര്‍ക്ക്' എന്ന പേരില്‍ പുതിയ ലിനക്‌സ് ടാബ് വിപണിയിലെത്തിക്കുകയാണ്.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡില്‍ നിന്ന് വിത്യസ്തമായ പ്ലാറ്റ്‌ഫോം ആയിരിക്കും സ്പാര്‍ക്കിലേത്. അതൊരു പൂര്‍ണ അര്‍ത്ഥത്തിലുള്ള സ്വതന്ത്രടാബ്‌ലറ്റായിരിക്കും. സ്വതന്ത്ര സോഫ്ട്‌വേര്‍ പ്രസ്താനത്തിന്റെ ആരാധകര്‍ക്കും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ആവേശം പകരുന്നതാണ് സ്പാര്‍ക്കിന്റെ വരവ്.

സ്പാര്‍ക്ക് ടാബ്‌ലറ്റിനായി മുന്‍കൂട്ടിയുള്ള ബുക്കിങ് ആരംഭിച്ചെന്ന വാര്‍ത്തവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ, ആവശ്യക്കാരുടെ ആധിക്യം കാരണം അവര്‍ക്ക് ബുക്കിങ് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മെയ് മാസത്തോടെ ടാബ്‌ലറ്റ് ലഭ്യമാവുമെന്ന്് കെ.ഡി.ഇ. ഡവലപ്പര്‍ ആരോണ്‍ സീഗോ അറിയിക്കുന്നു.

മോശമല്ലാത്ത ഹാര്‍ഡ്‌വേര്‍ സംവിധാനങ്ങളോടെയാണ് സ്പാര്‍ക്കിനെ അണിയിച്ചൊരിക്കിയത്. 1 ജിഗാഹെര്‍ട്‌സ് എആര്‍എം കോര്‍ട്ടക്‌സ് എ9 െപ്രാസസ്സര്‍, 512 എംബി റാം, 4 ജിബി മെമ്മറി എന്നിവ സ്പാര്‍ക്കിന്റെ ഹാര്‍ഡ്‌വേറിന് കരുത്തേകുന്നു. 4 ജിബി മെമ്മറി പോരാത്തവര്‍ക്കായി മെമ്മറി വര്‍ധിപ്പിക്കാനുള്ള മൈക്രോ എസ്ഡി കാര്‍ഡ് സ് ളോട്ടും ലഭ്യമാണ്.

ഏഴിഞ്ച് മള്‍ട്ടി ടച്ച് കപ്പാസിറ്റീവ് സ്‌ക്രിന്‍, വൈഫൈ, ത്രീജി, 1.3 ഫ്രണ്ട് ക്യാമറ എന്നീ സൗകര്യങ്ങളെല്ലാമുള്ള മികച്ച ടാബ്‌ലറ്റ് തന്നെയാണ് സ്പാര്‍ക്ക്. എന്നാല്‍ പുറകുവശത്തുള്ള ക്യാമറ, ജി.പി.എസ്. എന്നിവയുടെ അഭാവം പേരായ്മയായി തോന്നാം.

ഹൈഡഫനിഷന്‍ വീഡിയോകള്‍ക്കായി HDMI ഔട്ട്പുട്ട്, 2 യുഎസ്ബി പോര്‍ട്ട,് 4 ഡൈമന്‍ഷനല്‍ ജി സെന്‍സര്‍, 3.5 എംഎം ഓഡിയോ ജാക്ക്, ബില്‍റ്റ് ഇന്‍ സ്പീക്കര്‍ എന്നിവയും ലഭ്യമാണ്. ഭാരം 355 ഗ്രാം മാത്രം. 262 ഡോളറിന് ലഭിക്കാവുന്നതില്‍ മോശമല്ലാത്ത ഒന്നാണ് ഈ ടാബ്‌ലറ്റ്.

ആപ്ലിക്കേഷനുകളുടെ അഭാവമായിരിക്കും സ്പാര്‍ക്ക് നേരിടുന്ന പ്രധാന പ്രശ്‌നം. അപ്ലിക്കേഷനുകള്‍ ലഭ്യമാക്കാന്‍ സ്റ്റോര്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഐപാഡിനോ, ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍ക്കോ ലഭ്യമായത്ര വൈവിധ്യമാര്‍ന്ന ആപ്പ്‌സുകള്‍ സ്പാര്‍ക്കിന് ഏതായാലും ഉണ്ടാവില്ല.

എന്നാല്‍, ഇത് ഒരു തുടക്കക്കാരന്‍ നേരിടുന്ന പ്രശ്‌നമായേ കമ്പനി കരുതുന്നുള്ളൂ. ഇതിനായി ഡവലപ്പര്‍മാരുമായുള്ള സഹകരണത്തിന് കമ്പനി തുടക്കമിട്ടുകഴിഞ്ഞു. ഇതില്‍ ഉപയോഗിക്കുന്ന ബ്രൗസര്‍, മീഡിയ പ്ലെയര്‍, ഈ ടാബ്‌ലറ്റിന്റെ ബാറ്ററി ലൈഫ് തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.


SocialTwist Tell-a-Friend
Related Stories: ലിനക്‌സ് ടാബ്‌ലറ്റ് വരുന്നു-സ്പാര്‍ക്ക് - Saturday, February 25, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon