You are here: HOME » TECHNOLOGY »
ഡിജിറ്റല്‍ലോകം കണ്ണടയിലെത്തിക്കാന്‍ ഗൂഗിള്‍ പദ്ധതി
സ്വന്തം ലേഖകൻ Jayakeralam Malayalam News
Friday, 20 April 2012
പ്രതീക്ഷിക്കാത്തത്ര വേഗത്തില്‍ ഭാവി മുന്നിലെത്തുമ്പോള്‍, അതുമായി പൊരുത്തപ്പെടാനാകാതെ കുഴയുന്ന അവസ്ഥയ്ക്ക് എഴുത്തുകാരനായ ആല്‍വിന്‍ ടോഫ്ലാ നല്‍കിയ വിശേഷണമാണ് ഫ്യൂച്ചര്‍ ഷോക്ക്

അഥവാ ഭാവിസംഭ്രമം. കഴിഞ്ഞ ദിവസം ഗൂഗിള്‍ മുന്നോട്ടുവെച്ച പദ്ധതി അക്ഷരാര്‍ഥത്തില്‍ ഇത്തരമൊരു അവസ്ഥയാണ് വിഭാവനം ചെയ്യുന്നത്.

കണ്ണുകള്‍ മാത്രമുപയോഗിച്ച് സൈബര്‍സ്‌പേസിന്റെ സാധ്യകളിലേക്ക് കടക്കാനായി ഗൂഗിള്‍ ആവിഷ്‌ക്കരിച്ച 'പ്രോജക്ട് ഗ്ലാസ്' (ProjectGlass) എന്ന പദ്ധതി ശരിക്കും അമ്പരപ്പുളവാക്കുന്നതാണ്. ഭാവിയിലെ

സ്വപ്നപദ്ധതികള്‍ ആവിഷ്‌ക്കരിക്കാനായി രൂപംനല്‍കിയ ഗൂഗിള്‍ എക്‌സ് (Google X) എന്ന രഹസ്യലാബില്‍നിന്ന് പുറത്തുവരുന്ന രണ്ടാമത്തെ വന്‍പദ്ധതിയാണ് പ്രോജക്ട് ഗ്ലാസ്.

ഗൂഗിള്‍ സഹസ്ഥാപകനായ ലാറി പേജ് ഒരുവര്‍ഷം മുമ്പാണ് കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റത്. ഗൂഗിളിന്റെ മറ്റൊരു സ്ഥാപകനായ സെര്‍ജി ബ്രിന്‍ അതിന് ശേഷം കൂടുതല്‍ സമയവും ചെലവിടുന്നത്

ഗൂഗിള്‍ എക്‌സ് ലാബിന് മേല്‍നോട്ടം വഹിക്കാനാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡ്രൈവറില്ലാതെ കാറോടിക്കാനുള്ള സങ്കേതമാണ് ഗൂഗിള്‍ എക്‌സില്‍ നിന്നുവന്ന ആദ്യപദ്ധതി.
ഗൂഗിളിന്റെ കണ്ണടപദ്ധതി വരുന്ന കാര്യം നേരത്തെ 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു കണ്ണട ഗൂഗിള്‍ വികസിപ്പിക്കുന്നതായും, അതുപയോഗിച്ച്

വെബ്ബ് മുഴുവന്‍ കണ്ണിന് മുന്നിലേക്ക് വരുത്താമെന്നുമായിരുന്നു റിപ്പോര്‍ട്ട്.

പുതിയ പദ്ധതിയെക്കുറിച്ചുള്ള അറിയിപ്പ് പ്രസിദ്ധീകരിച്ചത് ഗൂഗിള്‍ പ്ലസില്‍ (Google+) ആണ്. ഗൂഗിള്‍ പ്ലസിലെ പ്രസ്താവനയ്ക്ക് താഴെ ചേര്‍ത്തിട്ടുള്ള മൂന്നു പേരുകളിലൊന്ന് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ

മക്‌മോറോ ഇന്നവേഷന്‍ അസോസിയേറ്റ് പ്രൊഫസറായ ബബാക് അമീര്‍ പര്‍വീസിന്റേതാണ്. ഗൂഗിളിന്റെ മാപ്പിങ് സോഫ്ട്‌വേറായ 'ലാറ്റിട്ട്യൂഡ്' (Latitude) രൂപപ്പെടുത്തിയ സ്റ്റീവ് ലീ, ഡ്രൈവറില്ലാതെ

കാറോടിക്കാനുള്ള സങ്കേതം വികസിപ്പിച്ചവരില്‍ ഉള്‍പ്പെട്ട സെബാസ്റ്റ്യന്‍ ത്രൂന്‍ എന്നിവരാണ് മറ്റ് രണ്ടുപേര്‍.

പ്രോജക്ട് ഗ്ലാസ് പദ്ധതിയെ നയിക്കുന്ന സങ്കല്‍പ്പം എന്താണെന്ന് വ്യക്തമാക്കാന്‍, ഒരു വീഡിയോയും ഗൂഗിള്‍ പുറത്തു വിട്ടിട്ടുണ്ട്. കണ്ണട പോലെ തലയില്‍ ധരിക്കാവുന്ന ലളിതമായ ഒരുപകരണം. അതിലൂടെ

ഒരാളുടെ ഒരാളുടെ ഒരു ദിവസം എങ്ങനെയാകുമെന്ന് വീഡിയോ കാട്ടിത്തരുന്നു.

സുഹൃത്തുക്കളുമായി തത്സമയം സ്ഥാപിക്കാന്‍ കഴിയുന്ന ബന്ധം, കണ്ണിന് മുന്നില്‍ തെളിയുന്ന കാലാവസ്ഥാ വിവരങ്ങല്‍, സബ്‌വേയിലേക്ക് കടക്കാനൊരുങ്ങുമ്പോള്‍, 'അത് പൂട്ടിയിരിക്കുകയാണ്' എന്ന അറിയിപ്പ്

കണ്ണിന് മുന്നില്‍ തെളിയുന്നത്, പോകാനുള്ള സ്ഥലം എവിടെയാണെന്ന് വ്യക്തമാക്കാന്‍ പ്രത്യക്ഷപ്പെടുന്ന സൂചന, കമാന്‍ഡിലൂടെ പകര്‍ത്തപ്പെടുന്ന ഫോട്ടോ, ചങ്ങാതിയുമായുള്ള വീഡിയോചാറ്റ്-എല്ലാം കുറ്റമറ്റ

രീതിയില്‍ സാധ്യമാകുന്നു.

ഇന്റര്‍ഫേസ് അഥവാ സമ്പര്‍ക്കമുഖം ശരിക്കും മുഖത്തേക്ക് കുടിയേറുന്നു എന്നതാണ് ഇത്തരം പദ്ധതികളുടെ പ്രത്യേകത. കൈയുടെ ഉപയോഗം വേണ്ടിവരുന്നില്ല. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ

ആന്‍ഡ്രോയിഡിന്റെ സാധ്യതകള്‍ തുണയ്‌ക്കെത്തുന്നു. ഒരു സ്മാര്‍ട്ട്‌ഫോണിന് എന്തെല്ലാമാണോ സാധ്യമായത്, അതെല്ലാം കണ്ണടയ്‌ക്കോ അല്ലെങ്കില്‍ കണ്ണടപോലെ ധരിക്കാവുന്ന ഉപകരണത്തിനോ

സാധ്യമാകുന്നു. ത്രീജി അല്ലെങ്കില്‍ 4ജി കണക്ടിവിറ്റി കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ എളുപ്പം.

വീഡിയോയും വെബ്ബും കണ്ണിന് തൊട്ടുമുന്നില്‍ പ്രൊജക്ട് ചെയ്ത് കാണാവുന്ന ഒരു ആന്‍ഡ്രോയിഡ് കണ്ണട ഇപ്‌സണ്‍ കമ്പനി വിപണിയിലെത്തിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.


SocialTwist Tell-a-Friend
Related Stories: ഡിജിറ്റല്‍ലോകം കണ്ണടയിലെത്തിക്കാന്‍ ഗൂഗിള്‍ പദ്ധതി - Thursday, April 19, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon