You are here: HOME » SPORTS »
കേരള നീന്തല്‍ ടീം തിരഞ്ഞെടുപ്പ് വിവാദത്തില്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Saturday, 22 January 2011
തിരുവനന്തപുരം: ഫിബ്രവരി 12 മുതല്‍ 26 വരെ ജാര്‍ഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരള നീന്തല്‍ ടീം തിരഞ്ഞെടുപ്പ് വിവാദമാകുന്നു. ഗെയിംസിനു മുന്നോടിയായി തിരുവനന്തപുരത്തെ നന്ദിയോട്ടാരംഭിച്ച പരിശീലന ക്യാമ്പില്‍ അര്‍ഹതയുള്ള പലരെയും ഒഴിവാക്കുകയും ഭാരവാഹികള്‍ക്കു താല്പര്യമുള്ളവരെ തിരുകിക്കയറ്റുകയും ചെയ്തുവെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.

സംസ്ഥാന ജൂനിയര്‍-സീനിയര്‍ നീന്തല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഐ.വി.രാഖിയെ ഒഴിവാക്കിയശേഷം ഈ കുട്ടിക്കു പിന്നില്‍വന്ന രണ്ടു പേരെ ദേശീയ ഗെയിംസിനുള്ള സംസ്ഥാന ടീമില്‍ ഉള്‍പ്പെടുത്തി. ഇതില്‍ ഒരുകുട്ടി സംസ്ഥാന സീനിയര്‍ മത്സരത്തില്‍ പങ്കെടുക്കുകപോലും ചെയ്തിരുന്നില്ല. ഇതുപോലെതന്നെ ശാലുശശി എന്ന സംസ്ഥാന ചാമ്പ്യനെ മാറ്റിനിര്‍ത്തി മറ്റു നാലുപേരെ ടീമില്‍ ഉള്‍പ്പെടുത്തി. പകരക്കാരായ നാലുപേരില്‍ ഒരാളും സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടില്ല. കഴിഞ്ഞവര്‍ഷത്തെ ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലെ വാട്ടര്‍പോളോയില്‍ രണ്ടാം സ്ഥാനം നേടിയ ടീമില്‍ അംഗമായിരുന്ന സി.വി.അനന്തുവിനെയും ഒഴിവാക്കി. അസോസിയേഷന്റെ ഒരു ഭാരവാഹിക്കുവേണ്ടിയാണ് അനന്തുവിനെ തഴഞ്ഞത്.

ജനവരി 15ന് തുടങ്ങിയ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യമൊരുക്കാനുള്ള നടപടികളും അസോസിയേഷന്‍ സ്വീകരിച്ചിട്ടില്ല. ടീമിലെ ആണ്‍കുട്ടികള്‍ക്കു താമസസൗകര്യം ഒരുക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള താരങ്ങളെ വൈകുന്നേരമാവുമ്പോള്‍ വീടുകളിലേക്കു പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. അല്ലാത്തവരെ അടുത്തുള്ള കുട്ടികളുടെ വീടുകളിലേക്കോ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്കോ വിടുന്നു. സംസ്ഥാന സര്‍ക്കാരും സ്‌പോര്‍ട്‌സ് കൗണ്‍സിലും നല്‍കുന്ന സാമ്പത്തികസഹായം കൊണ്ടാണ് നന്ദിയോട് നീന്തല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. എന്നാല്‍, സര്‍ക്കാരിനോ കൗണ്‍സിലിനോ ടീം തിരഞ്ഞെടുപ്പിലോ ക്യാമ്പില്‍ നടക്കുന്ന കാര്യങ്ങളിലോ ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണ്.


SocialTwist Tell-a-Friend
Related Stories: കേരള നീന്തല്‍ ടീം തിരഞ്ഞെടുപ്പ് വിവാദത്തില്‍ - Saturday, January 22, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon