You are here: HOME » SPORTS »
സെര്‍ബിയയിലെ മൂന്നാം അത്ഭുതം
സ്വന്തം ലേഖകൻ Jayakeralam Malayalam News
Saturday, 22 January 2011
യൂഗോസ്ലാവിയയില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം കായിക രംഗത്ത് സെര്‍ബിയയുടെ ആദ്യത്തെ വമ്പന്‍ വിജയമായിരുന്നു 2000 ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ വോളിബോളില്‍ സ്വര്‍ണം നേടിയത്. അടുത്തവര്‍ഷം യൂറോപ്യന്‍ ബാസ്‌കറ്റ് ബോള്‍ കിരീടം നേടി അവര്‍ കായികരംഗത്തെ ശക്തി തെളിയിച്ചു. ഫുട്‌ബോളിലും കരുത്തുതെളിയിക്കാന്‍ സെര്‍ബിയയ്ക്കായിട്ടുണ്ട്.

ഇത്തരം നേട്ടങ്ങളെയൊക്കെ മറികടക്കുന്നതായി ഡിസംബര്‍ അഞ്ച് ഞായറാഴ്ച ബെല്‍ഗ്രേഡില്‍ നേടിയ ഡേവിസ് കപ്പ് ടെന്നീസ് കിരീടം. സാക്ഷാല്‍ യുഗോസ്ലാവ്യയ്ക്കു പോലും സാധിക്കാതിരുന്ന നേട്ടമാണ് നൊവാക് ദ്യോകോവിച്ചും വിക്ടര്‍ ട്രോയിക്കിയും യാങ്കോ ടിപ്‌സരേവിച്ചും നെനാദ് സിമോണിച്ചും ചേര്‍ന്ന് സെര്‍ബിക്ക് സമ്മാനിച്ചത്.

മുമ്പ് ഒമ്പതുതവണ ഡേവിസ് കപ്പ് കിരീടം നേടിയ പെരുമയുമായാണ് ഫ്രാന്‍സ് കലാശക്കളിക്കിറങ്ങിയത്. ആദ്യമായി ഫൈനല്‍ കളിക്കുന്ന സെര്‍ബിയയെ തളയ്ക്കാന്‍ ഗെയ്ല്‍ മോണ്‍ഫില്‍സ്, ഗില്‍സ് സൈമണ്‍, ആര്‍നോള്‍ഡ് ക്ലെമന്റ്, മൈക്കല്‍ ലോഡ്ര എന്നിവര്‍ അണിനിരക്കുന്ന ഫ്രാന്‍സിന് കഴിയുമെന്നു തന്നെയായിരുന്നു ടെന്നീസ് പണ്ഡിതന്മാരുടെ വിലയിരുത്തല്‍. ഫൈനല്‍ രണ്ടു ദിവസം പിന്നിട്ടപ്പോള്‍ 2-1 ന്റെ നിര്‍ണായക ലീഡ് നേടി ഫ്രാന്‍സ് പത്താം കിരീടം നേടാനുള്ള ഒരുക്കത്തിലായിരുന്നു.

ആദ്യ സിംഗിള്‍സില്‍ ടിസ്​പരേവിച്ചിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്ത് മോണ്‍ഫില്‍സ് ഫ്രാന്‍സിന് ലീഡ് സമ്മാനിച്ചു. അടുത്ത സിംഗിള്‍സില്‍ ഗില്‍സ് സൈമണിനെ വീഴ്ത്തി ലോക മൂന്നാംനമ്പര്‍ നൊവാക് ദ്യോകോവിച്ച് സെര്‍ബിയയുടെ പ്രതീക്ഷകാത്തു.

ആവേശം വിതറിയ രണ്ടാംദിവസത്തിലെ ഡബ്ള്‍സ് മത്സരത്തില്‍ ആദ്യ രണ്ടു സെറ്റുനേടി ട്രോയിക്കി - സിമോണിച്ച് സഖ്യം ജയത്തിനടുത്തെത്തിയതാണ്. പരിചയസമ്പത്തു മുഴുവന്‍ പുറത്തെടുത്ത് പൊരുതിയ ആര്‍നോള്‍ഡ് ക്ലമന്റ് - മൈക്കല്‍ ലോഡ്ര സഖ്യം തുടരെ മൂന്നു സെറ്റും നേടിയാണ് വിജയം പിടിച്ചെടുത്തത്.

കൈക്കലെത്തിയ ജയം കൈവിട്ടുകളഞ്ഞത് സെര്‍ബിയന്‍ ക്യാമ്പിന് ഞെട്ടലായി. അവസാനദിനം രണ്ടു റിവേഴ്‌സ് സിംഗിള്‍സിലും ജയിച്ചാല്‍ മാത്രമേ കിരീടം നേടാനാകൂ എന്ന സ്ഥിതിയിലാണ് ആതിഥേയര്‍ മത്സരത്തിനിറങ്ങിയത്.സെര്‍ബിയയുടെ ഒന്നാംനമ്പര്‍ താരം നൊവാക് ദ്യോകോവിച്ചും ഫ്രാന്‍സിന്റെ ഒന്നാംനമ്പര്‍ താരം ഗെയ്ല്‍ മോണ്‍ഫില്‍സുമാണ് ആദ്യ റിവേഴ്‌സ് സിംഗിള്‍സില്‍ ഏറ്റുമുട്ടിയത്. മോണ്‍ഫില്‍സിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്ത് ദ്യോകോവിച്ച് സെര്‍ബിയക്ക് സമനില നല്‍കി. ഇതോടെ അവസാന റിവേഴ്‌സ് സിംഗിള്‍സിലായി ടെന്നീസ് ലോകത്തിന്റെ മുഴുവന്‍ കണ്ണ്.

ഫ്രാന്‍സിനുവേണ്ടി പരിചയസമ്പന്നനായ മൈക്കിള്‍ ലോഡ്ര ഇറങ്ങിയപ്പോള്‍ ടിപ്‌സരോവിച്ചിനു പകരം ട്രോയിക്കിയെ ഇറക്കുക എന്ന തന്ത്രമാണ് സെര്‍ബിയ പരീക്ഷിച്ചത്. ഇത് സെര്‍ബിയയ്ക്ക് അനുകൂലമാകുന്നതാണ് കണ്ടത്. ബെല്‍ഗ്രേഡിലെ ആര്‍പ്പുവിളിക്കുന്ന കാണികളുടെ ആവേശം ട്രോയിക്കി റാക്കറ്റില്‍ ഏറ്റുവാങ്ങിയപ്പോള്‍ വിജയം ഏകപക്ഷീയമായി. ലോഡ്രയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ട്രോയിക്കി ജയത്തിനൊപ്പം ചരിത്രത്തിലാദ്യമായി ഡേവിസ് കപ്പ് കിരീടവും സമ്മാനിച്ചു. സെര്‍ബിയന്‍ സ്‌പോര്‍ട്‌സിന്റെ ചരിത്രത്തിലെ മൂന്നാം അത്ഭുതം. ഇത്രയും നാള്‍ ദ്യോകോവിച്ചിന്റെ നിഴലിലായിരുന്ന ട്രോയിക്കിയും. ഇതോടെ ടെന്നീസ് ലോകത്ത് സ്വന്തം പേര് എഴുതിച്ചേര്‍ത്തു.

വ്യക്തിപരമായും ടീമെന്ന നിലയിലും തന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമായാണ് ദ്യോകോവിച്ച് ഡേവിസ് കപ്പ് കിരീടത്തെ വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടനേട്ടത്തേക്കാളും കരിയറില്‍ ഇതുവരെ നേടിയ പ്രൈസ് മണിയേക്കാളും വിലമതിക്കുന്നത് ഡേവിസ് കപ്പിലെ വിജയമാണെന്നും ദ്യോകോവിച്ച് പ്രഖ്യാപിക്കുകയും ചെയ്തു.

ഡേവിസ് കപ്പ് കിരീടനേട്ടത്തെ അര്‍ഹിക്കുന്ന ബഹുമതിയോടെ തന്നെയാണ് സെര്‍ബിയന്‍ താരങ്ങള്‍ കാണുന്നത്. സെര്‍ബിയയുടെ കായിക ചരിത്രത്തിലെ സുവര്‍ണനിമിഷം ഒരു പുതുയുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.


SocialTwist Tell-a-Friend
Related Stories: സെര്‍ബിയയിലെ മൂന്നാം അത്ഭുതം - Saturday, January 22, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon