You are here: HOME » MAINNEWS »
വഴിയോര കാഴ്ചകള്‍2
എസ്‌. കെ. ജെ. 2 Jayakeralam Malayalam News
കോവാലന്റെ ചായക്കട ഒരു ചെറിയ ഗ്രാമസഭയാണെന്ന്‌ പറയാം; ആര്‍ക്കും എന്തു വിവരവും ഇവിടെ "ഡിപ്പോസിറ്റ്‌" ചെയ്യാം. എപ്പം വേണേലും തിരിച്ചെടുക്കുകയോ, അന്തിമയങ്ങുമ്പോള്‍ ഇതിന്മേല്‍ ചന്തത്തിലൊരു ചര്‍ച്ചയാവുകയോ ആവാം.

കോവാലന്റെ, നീളത്തിലുള്ള, ആ ചായയടിയുടെ ശേല്‌ ഒന്നു വേറെ. പാറൂന്റെ മോള്‌ കുഞ്ഞുലഷ്മി കുച്ചുപ്പുടി കളിക്കുമ്പം കൈകള്‍ ചലിപ്പിക്കുന്നപോലെയാണ്‌ ചായയാറ്റുമ്പോ കോവാലന്റെ കൈകളുടെ പോക്ക്‌.

"ചായ" യെന്ന, സാമാന്യജനത്തിന്റെ ഇഷ്ടപാനീയത്തെ "പത"പ്പിച്ചെടുക്കാന്‍ കോവാലനുള്ള കരവിരുത്‌ ഒരുപക്ഷേ മേറ്റ്ങ്ങും കണ്ടെന്നു വരില്ല. (പേരിന്റെ വാലറ്റത്ത്‌ മൂന്നക്ഷരം കല്‍പിച്ച്‌ കൊടുത്തിട്ടുള്ള ബ്യൂറോക്രാറ്റുകള്‍, ഒരു പക്ഷേ, മന്ത്രിമാരെ ഇതിലും നല്ലോണം "പത"പ്പിച്ചേക്കാം!.)

ഉണ്ണിയാര്‍ച്ചേടെ "ഉറുമി" പോലെയോ, അല്ലെങ്കില്‍ രാധേടത്തി അലക്കി നീലം മുക്കിയ "സെറ്റ്‌-മുണ്ട്‌" കുടയുന്നപോലെയോ രണ്ട്‌ കോലാക്കപ്പുകള്‍ക്കിടയില്‍, വായുവില്‍ കിടന്നു്‌ ചൂടുചായ പുളയുന്ന കാണുമ്പം ചായക്കടയിലെ പതിവുകാര്‍ക്ക്‌ പൂതി പെരുകുമത്രെ! ഇത്‌ കോവാലേട്ടന്റെ "മാര്‍ക്കറ്റിംഗ്‌" തന്ത്രമാണെന്നാണ്‌ ടി. സ്ഥലത്തെ ഒരേയൊരു "എംബീയെ", എക്സ്‌ ഗള്‍ഫ്‌, ടി. എസ്‌ അവറാന്റെ പൊന്നാര സന്തതി തൊമ്മികൊച്ച്‌ (ടി.എസ്‌.ടോംസ്‌-ശരിയായ പേര്‌.) പറേണത്‌.

കോവാലന്റെ ചായക്കടയ്ക്ക്‌, കോവാലന്റെ കോടതി എന്നാണ്‌ പലരും പറയാറ്‌. ഇന്ന്‌ കോടതി കൂടിയോ എന്ന്‌ ചോതിച്ചാ, കോവാലന്റെ ചായപ്പീടികേല്‌ "കോറം" തെകഞ്ഞോ? എന്നര്‍ത്ഥം. അറപ്പുകാരന്‍ വാളു വാസു, തൂമ്പാപ്പണിക്കാരന്‍ തമ്പാന്‍, ഓട്ടം പോകുന്ന പോന്നപ്പന്‍ ( പാര്‍ട്ടൈം കിളിയണ്ടര്‍ - ബസ്‌ ക്ലീനര്‍). സ്ഥലത്തെ പ്രധാന കുക്ക്‌ തേങ്ങാമുറി വര്‍ക്കി, പഴഞ്ചാക്കുകച്ചവടം നടത്തുന്ന പൊട്ടോറ അന്തു ഇവരാണ്‌ കോവാലന്റെ കോടതിയിലെ പഞ്ചമഹാശക്തികള്‍! ഇവര്‍ക്ക�� ടി കൊടതിയില്‍ വോട്ടവകാശമുള്ളൂ എന്നര്‍ത്ഥം! ഇവരില്‍ പൊന്നപ്പന്നാണ്‌ കൂടുതല്‍ ലോകപരിചയം. സുമാറ്‌ 50 കി. മി. അകലെയുള്ള ചിന്നപ്പട്ടണം ഒരു ഡസനിലേറെ പ്രാവശ്യം കണ്ടിട്ടൊള്ളത്‌ പൊന്നപ്പന്‍ മാത്രം! ഈ മധുര മുപ്പത്തിയേഴിനുള്ളില്‍ ചുരുങ്ങിയത്‌ പത്തഞ്ഞൂറ്‌ ട്രിപ്പിനെങ്കിലും "പ്രാന്തി കല്യാണി" ബസിന്റെ കിളിയാകാനുള്ള മഹാഭാഗ്യം പൊന്നപ്പന്‌ കിട്ടിയിട്ടൊണ്ട്‌. ടാറിന്റെ മണമടിക്കാന്‍പോലും ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത, മണ്‍പട്ടുപുതച്ച റോഡിലൂടെ ഓള്‍റെഡി ഒരു നൂറു കണ്ടം വച്ച കല്ല്യാണി ബസ്‌ ഞരങ്ങി മുരണ്ടും ആടി ഒലഞ്ഞും പൊടി പറത്തി പറ പറന്ന്‌ വരുന്ന കണ്ടാ ഒരു വ്യാഴവട്ടക്കാലം നനച്ച്‌ കുളിക്കാത്ത ഏതോ ഒരു പ്രാന്തി പാഞ്ഞു വരുന്നപോലെയേ തോന്നൂ.

കോവാലന്റെ മോന്‍ രാഘവന്‍ പ്രാന്തിക്കല്യാണീടെ സ്തിരം കുറ്റിയാണ്‌. സ്തിരം കുറ്റീന്ന്‌ മാത്രമല്ല, പൊന്നപ്പന്‍ കിളീടെ ആട്ടും തുപ്പും കൊള്ളാതെ സീറ്റേലിരുന്ന്‌ യാത്രചെയ്യാവുന്ന ഒരേ ഒരു വിത്യാര്‍ത്തി കസ്റ്റമറ്‌-സീസന്‍ ടിക്കറ്റ്‌. മാസാവസാനം കയ്യീ കാശൊന്നുമൊണ്ടാകുകേലന്ന്‌ പൊന്നപ്പനറിയാം. അന്തിക്ക്‌ ചന്തക്കെറങ്ങുമ്പം "പറ്റ്‌" പറഞ്ഞൊരു ചായ കുടിക്കണേല്‍ കോവാലനെ സോപ്പിട്ട്‌ നിക്കണം. അല്ലേല്‍ കോവാലന്‍ "ഇപ്പ രൊക്കം, നാളെ കടം"-ന്ന്‌ അങ്ങ്‌ അറത്ത്‌ മുറിച്ച്‌ പറഞ്ഞു കളേം.

എമ്മേ എക്കണോമിസ്‌ അവസാന വര്‍ഷ വിത്യാര്‍ത്തിയാണ്‌ രാഘവന്‍. മറ്റ്‌ ചെറുക്കന്‍മ്മാര്‍ക്ക്‌ രാഘവനോട്‌ ദേഷ്യം തോന്നുന്നതില്‍ പറഞ്ഞിട്ട്‌ കാര്യമില്ല. പൊന്നപ്പനും കോവാലനും തമ്മിലൊള്ള അഡ്ജെസ്റ്റ്മന്റ്‌ എവമ്മാര്‍ക്കറീല്ലല്ലോ! പെമ്പിള്ളേര്‍ക്കും രാഘവനോട്‌ അരിശം തോന്നാതെയില്ല. അങ്ങോട്ടുമിങ്ങോട്ടുമായി ദിവസോം ചുരുങ്ങീത്‌ രണ്ട്‌ രണ്ടര മണിക്കൂറെങ്കിലും പെമ്പിള്ളേര്‌ ബസ്സിന്റെ കമ്പിയേത്തൂങ്ങിയാടിനിന്നാണ്‌ കോളേജ��ലും സ്കൂളിലുമൊക്കെ പോകുന്നത്‌. ഏതെങ്കിലുമൊരു പെങ്കൊച്ചിന്‌ സീറ്റ്‌ കിട്ടുമ്പോളേക്ക്‌ ഏതേലുമൊരു തള്ള കൊന്തേം കുരിശുമായി പാഞ്ഞുകേറും. പൊറത്ത്‌ നിന്ന്‌ തള്ള പയറുമണിപോലെ അകത്തുകേറുമെങ്കിലും, കേറിക്കഴിഞ്ഞാ തള്ളക്ക്‌ വെറയലായി... നടുവെട്ടലായി... സീറ്റ്‌ കിട്ടിയ പെങ്കൊച്ച്‌ പെട്ടെന്നെണീറ്റ്‌ കൊടുത്തില്ലേല്‍ തള്ള ചക്ക വെട്ടിയിട്ടപോലെ പെങ്കൊച്ചിന്റെ മടീലേക്ക്‌ വീഴുമെന്നൊറപ്പ്‌. എന്നിട്ട്‌ പറേം, "കാലും കയ്യും കഴച്ചിട്ട്‌ പറ്റുകേല, കൊറച്ചൊന്ന്‌ നീങ്ങിയിരിക്കാവോ കൊച്ചേ?" തള്ളച്ചീടെ വെയ്റ്റ്‌ സഹിക്കാന്‍ പറ്റാതെ എഴുനേറ്റ്‌ പിന്നേം കമ്പിയേതൂങ്ങുന്ന പെങ്കൊച്ചിന്റെ പൊറത്ത്‌ കിളീടെ ശകാരപ്പെരുമഴയും! "ഓസീ കേറി നടക്കുന്നോമ്പോരാ, പുള്‍ടിക്കറ്റ്‌ സീറ്റേക്കേറി ഞെളിഞ്ഞിരിക്കുന്നോ? കുളിച്ച്‌ കുറീംതൊട്ട്‌ എറങ്ങിക്കോളും ഓരോന്ന്‌."

ഈ തള്ളച്ചിമാര്‍ക്കങ്ങ്‌ വീട്ടീ കുത്തിയിരുന്നാപ്പോരെ? പെമ്പിള്ളേര്‌ പിറുപിറുക്കും. "ഇതുങ്ങളടെ അടുത്തെങ്ങും പള്ളീം പട്ടക്കാരനുമൊന്നും ഇല്ലേ? പിള്ളേര്‌ സ്കൂളീപ്പോണനേരത്തുതന്നെ ചമഞ്ഞെറങ്ങിക്കോളും!"

അതെങ്ങെനെയാ, ത്യാനത്തിന്‌ പോകണതല്ലേ? ത്യാനടീമുകള്‌ നാട്ടിലെങ്ങും മുട്ടിന്‌ മുട്ടിന്‌ കൂണുപോലെ പെരുകീട്ടൊണ്ട്‌. പെട്ടെന്ന്‌ കോടീശരനാകണേല്‍ പക്തി മാര്‍ഗ്ഗത്തോളം നല്ല മറ്റ്‌ മാര്‍ഗ്ഗമില്ലെന്ന്‌ എല്ലാ ടീംസിനും അറിയാം.

വീട്ടിലെ അടുക്കളേ പകലന്തിയോളം പോകഞ്ഞിരിക്കുന്ന അജഗണങ്ങക്ക്‌ അവരടെ പാപങ്ങള്‍ വെല്യ ചെലവില്ലാതെ എറക്കിവെക്കാം. ഒത്തുകിട്ടിയാ കാണുന്നോരോടൊക്കെ കൊറച്ച്‌ കുശുമ്പും കുന്നായിമ്മേം പൊങ്ങച്ചോമൊക്കെ വെളമ്പുവേം ആകാം.

വീട്ടിലിരുന്നാ നടുവൊടിയുവോളം പണിയൊണ്ട്‌. മെലിഞ്ഞൊണങ്ങിയ സോമാലിയന്‍ പശുവിന്റെ വാലിനു പിന്നാലെ ഓടണം; റബ്ബര്‍പ്പാലെടുക്കണം, ഷീറ്റടിയന്ത്രത്തിന���റെ ചക്ക്രം കറക്കി കൊടുക്കണം; പൊഴിഞ്ഞു വീഴുന്ന തേങ്ങാ പെറുക്കിക്കുൂ‍ട്ടണം; പരുത്തിയെപ്പോലെ മുഷിഞ്ഞുനാറിയ തുണി അലക്കണം; കരിപ്പാത്ത്രങ്ങള്‍ ചാരത്തില്‍ മുക്കിയ പ്ലാവെലകൊണ്ട്‌ ഒരച്ച്‌ കഴുകി വൃത്തിയാക്കണം; നാലുനേരോം തിന്നാന്‍ വല്ലോം ഒണ്ടാക്കണം...ഒരിക്കലും ഒരു എളവുമില്ല!വളവും തിരിവും കയറ്റവും ഇറക്കവും ഒക്കെയായി കല്യാണി അങ്ങിനെ വിലസി പായുകയാണ്‌. വടക്കേലെ പുരുഷൂന്റെ പാഷേ പറഞ്ഞാ കല്യാണിക്കങ്ങനെ വെല്ല്യഭാവം ഒന്നുമില്ല. മുക്കിലും മൂലേലും ഒക്കെ നിറുത്തി ആളെ കയറ്റും. കൂടാതെ മേന്‍ റോഡില്‍ വന്നുചേരുന്ന എല്ലാ ഊടുവഴികളിലേയ്ക്കും ഊളിയിട്ടുനോക്കാന്‍ പൊന്നപ്പന്‍കിളി ആളു മിടുക്കനാ. വല്ലോ മഹിളാമണിമാരും പീറപിറുങ്ങിണികളേം കൊണ്ട്‌ ഓടികിതച്ച്‌ വരുന്നൊണ്ടേലോ? ഒരു പുള്‍ടിക്കറ്റ്‌ പോയാലത്തെ നഷ്ടം പൊന്നപ്പനറിയാം. പക്ഷേ കല്യാണിപോലും നിര്‍ത്തുകേലാത്തൊരു സ്റ്റോപ്പൊണ്ട്‌- ലക്ഷം വീട്‌ കോളനി മുക്ക്‌! പുള്‍ടിക്കറ്റ്‌ കിട്ടൂങ്കിപ്പോലും ഇവിടത്തെ അന്തേവാസികളെ ആര്‍ക്കും വേണ്ട! കോഴിക്കൂട്‌ പോലത്തെ കൊറെ വീടുകള്‌! കോളനിക്കാര്‍ കൈകാണിച്ചാല്‍ കേസാര്‍ട്ടീസിക്കാര്‌ പോടാ പുല്ലേന്ന്‌ പറഞ്ഞ്‌ നിര്‍ത്താതെ പൊയ്ക്കളയും! പ്രൈവറ്റ്‌ ബസ്കാര്‍ക്കും കോളനിക്കാരെ ഐത്തമാണ്‌. രാഘവന്‌ ഈ വിവേചനം കാണുമ്പോള്‍ അരിശം തോന്നാറുണ്ട്‌. അരിശം തോന്നീട്ട്‌ വെല്യ കാര്യമൊന്നുമില്ലല്ലോ!

പണമില്ലാത്തോനെ ഒരു പട്ടിക്കും വേണ്ട! സര്‍ക്കാരാണോ പൊതുജനങ്ങളാണോ ഇവരുടെ അധോഗതിയ്ക്കുകാരണമെന്ന്‌ രാഘവനറിയത്തില്ല. ചെലപ്പോളോര്‍ക്കും ഉദ്യോഗസ്ഥന്മാരാണെന്ന്‌. ഏത്‌ എഞ്ചിനീറന്മാരാണോ ആവോ ഈ കോഴിക്കൂട്‌ പോലത്തെ വീടുകള്‍ ഒണ്ടാക്കിവച്ചത്‌! അവന്മാര്‍ക്കല്ലേലെന്നാ? അവരല്ലല്ലോ ഈ വീടുകളില്‍ അന്തിയുറങ്ങേണ്ടത്‌. ഒന്നു നേരെചൊവ്വേ നിവര്‍ന്നുനിക്കാന്‍ പോലും പൊക്ക��ില്ലാത്ത വീടുകള്‍! അല്ലേലും ഏമാന്മാരങ്ങനാ - അടിയാന്മാര്‍ കുനിഞ്ഞുനിക്കുന്നതാണ്‌ അവര്‍ക്കിഷ്ടം. എപ്പോഴും കുനിഞ്ഞുതന്നെ നില്‍ക്കണം!

എഞ്ചിനീയര്‍ പുല്ലന്മാര്‌ മനസ്സില്‍ പറയുന്നപോലെ രാഘവന്‌ തോന്നി. - "ഇീ‍ ദരിദ്രവാസി പുല്ലന്മാര്‍ക്ക്‌ ഇതൊക്കെ മതി!" അല്ലേല്‍ ആര്‍ക്കാണ്‌ കുൂ‍ടുതല്‍ വേണ്ടത്‌? രാഷ്ട്രീയക്കാര്‍ക്ക്‌ വെറുതെ എണ്ണം കേപ്പിച്ചാ മതി, ഞങ്ങള്‌ പത്തുലക്ഷം വീടാ കഴിഞ്ഞപ്രാവശ്യം ഒണ്ടാക്കി കൊടുത്തെ! അതു മതി രാഷ്ട്രീയക്കാര്‍ക്ക്‌! ഈ ഉദ്ദ്യോഗസ്തന്മാരും, പാര്‍ട്ടിക്കാരുംകൊടെ എത്ര കാശാ "മുക്കു"ന്നതെന്റെ ദൈവമേ!, പാവങ്ങള്‍ക്ക്‌ ഒന്നും കിട്ടുകേല! എല്ലാം എടക്കോടെ ചോര്‍ന്നുപോകും! അമര്‍ത്യാസെന്നിന്റെ നോബല്‍ പ്രൈസ്‌ കണ്ടുപിടുത്തങ്ങളില്‍ ഇത്തരം അഴിമതികളെപ്പറ്റി എന്തെന്‍കിലും എഴുതിയിട്ടുണ്ടോ എന്ന്‌ രാഘവന്‍ മനസ്സില്‍ ചികഞ്ഞുനോക്കി.

ജീവിതം ചലനാത്മകമാണെന്ന്‌ രാഘവന്‌ തോന്നുന്നത്‌ ഈ "കല്യാണി"യാത്രയിലാണ്‌. ചെമ്മണ്ണുപൊതിഞ്ഞ ഇലകളോടുകുൂ‍ടിയ ശുഷ്കിച്ച മരങ്ങള്‍ പിന്നോട്ട്‌ ഓടിയകലുന്നു. വെയിലുറച്ചിട്ടില്ലെങ്കിലും ടാര്‍പാളികള്‍ കണ്ടം വച്ച റോഡ്‌ ചുട്ടു പഴുക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. ഉണങ്ങിയ കരിയിലകള്‍പ്പോലെ ചിതറിയ ഒരുപറ്റം നരച്ച മനുഷ്യര്‍ അവിടവിടെയായി പരന്നു നടക്കുന്നു. പെട്ടികടകളുടെ കോണുകളിലും ബാര്‍ബര്‍ഷോപ്പുകളുടെ തിണ്ണകളിലും മറ്റും കറുത്ത്‌ മെലിഞ്ഞ്‌ ഉണങ്ങിയ കിളവന്മാര്‍ വര്‍ത്തമാനപത്രവും തുറന്നുപിടിച്ച്‌ കുന്തന്‍കാലേല്‍ ഇരുപ്പൊണ്ട്‌. വാര്‍ദ്ധ്യക്യത്തിന്റെ വിരസതയും അനാഥത്ത്വവും പ്രത്രത്താളുകളില്‍ ഇറക്കി വയ്ക്കുന്നവര്‍.

പത്രം വായിക്കുക എന്നതല്ല ഇവരുടെ ലക്ഷ്യമെന്നുറപ്പ്‌. നാലാള്‌ കുൂ‍ടുന്നിടത്തെ സുരക്ഷിതത്വം, അനന്തമായ വിരസതയ്ക്ക്‌ അല്‍പം കൊറവ്‌... അല്ലേലും വാര്‍ത്തകളുടെ വരികള്‍ വ���ശകലനം ചെയ്യാന്‍ ഈ കെളവന്മാര്‌ ആര്‌? സാമ്രാജ്യശക്തികള്‍ ലോകമാസകലം ലക്ഷക്കണക്കിന്‌ ഏഴാംകൂലികളെ കുൂ‍ട്ടക്കുരുതി ചെയ്താലോ, അഭിനവ ക്മ്മ്യുൂ‍ണിസത്തിന്റെ ബുള്‍ഡോസറുകള്‍ പരശതം നിസ്സഹായരെ നിഷ്കരുണം ചവിട്ടിയരച്ചാലോ എവന്മാര്‍ക്ക്‌ ഒരു പുല്ലുമില്ല. അസ്തമയത്തിലേയ്ക്ക്‌ ഊന്നിയ കണ്ണുകളില്‍ പതിയുന്ന നരച്ച പ്രതിബിംബങ്ങള്‍ മാത്രം ഇവര്‍ക്ക്‌ സ്വന്തം! സെന്റിയടിക്കാന്‍ പറ്റിയ വിഷയമാണെങ്കിലും ലെവന്മാര്‍ അത്ര മോശം പുള്ളികളൊന്നുമല്ല. രാഘവന്റെ ചായക്കടയ്ക്കു മുന്‍പിലെ ഒടിഞ്ഞ ഇലക്ട്രിക്‌ പോസ്റ്റുകൊണ്ടുണ്ടാക്കിയ സിമിന്റു ബഞ്ചിലെ സ്തിരം കുറ്റികളായ തൈകിളവര്‍ ടീംസിനെപ്പറ്റി രാഘവന്‍ ഓര്‍ത്തു. നാട്ടിലെ സകലമാന കുടുംബചരിത്രവും ഈ വയസന്‍ ടീംസിന്‌ മന:പാഠമാണ്‌. കുന്നേല്‍ ഒറോതേടെ മോള്‌ ലൈസാമ്മ തെങ്ങുകേറ്റക്കാരന്‍ കൃഷ്ണന്‍കുട്ടീടെ കൂടെ ഒളിചോടിയതുമുതല്‍ കുഞ്ചെറിയാന്റെ കൊച്ചുമോന്‍ ആഗസ്തികുഞ്ഞിന്റെയും കുടുംബത്തിന്റേം മേല്‍ ഊരുവിലക്കിട്ടതും മറ്റും പലവുരു ഈ കിളവര്‍സംഘം ചര്‍ച്ചചെയ്തുകഴിഞ്ഞതാണ്‌. മണിക്കൂറുകളോളം തൊറന്നപത്രം കൊണ്ട്‌ മൊകം മറച്ചിരിക്കുമെങ്കിലും വഴിയേപോണ ഒരൊറ്റപെണ്ണിനേം ഇവര്‍ വെരുതേ വിടില്ല. വടക്കേലെ തടിച്ചിഗ്രേസീടെ നടപ്പിന്റെ താളം മാറുന്നതുപോലും എവമ്മാര്‍ക്കറിയാം! മുന്നിലൂടെ കടന്നുപോകുന്ന സകലപെണ്ണുങ്ങളേം അടിമുടി ചുഴിഞ്ഞുനൊക്കുകേം അളിഞ്ഞ കമന്റുകള്‍ പാസാക്കുകേം ചെയ്തിട്ട്‌ വീഡിക്കറപൊരണ്ട തൊളപിടിച്ച പല്ലുകാട്ടിയൊള്ള എവമ്മരുടെ ഒരു കുലുങ്ങിച്ചിരി! കാലുമടക്കി മൂടുനോക്കി ഓരോ തൊഴി കൊടുത്തുവിടാന്‍ തോന്നിയിട്ടുണ്ട്‌ രാഘവന്‌ ചെലപ്പോള്‍!

മിഴികളില്‍ വന്നുപതിക്കുന്ന വഴിയോരക്കാഴ്ചകളെ പെറുക്കിക്കുൂ‍ട്ടാന്‍ ശ്രമിക്കുമ്പോഴേയ്ക്ക്‌ അവറ്റകള്‍ ഓടിമറയുന്നു. ചിന്നപ്പട്ടണത്തിന്റെ ഇരമ്പം അട��ത്തടുത്ത്‌ വന്നുകൊണ്ടിരുന്നു. റോഡിന്റെ ഇരുവശവും കുൂ‍ണുകള്‍പോലെ പൊങ്ങിയിരിക്കുന്ന ഓട്ടോമൊബേല്‍ വര്‍ക്ക്ഷാപ്പുകള്‍. കരിയോയിലില്‍ കുളിച്ച കുറെ കറമ്പന്മാര്‍ കണ്ടം വച്ചുതുരുമ്പിച്ച വണ്ടികളുടെ അടിയില്‍ മലര്‍ന്നുകിടന്ന്‌ അവയുടെ നട്ടുകളും ബോള്‍ട്ടുകളും അഴിക്കുകയാണ്‌. കരിയോയിലില്‍ ചവിട്ടാതെ കുന്തിച്ച്‌ കുന്തിച്ച്‌ ചായയുമായി വന്ന തമിഴന്‍ ചെക്കന്‍ കരിയില്‍ കുളിച്ച കറുമ്പന്‍ മെക്കാനിക്കുമാരുടെ അരികില്‍ ഈച്ചയാട്ടി നിക്കുന്നു. തുരുമ്പിച്ച തകരപ്പാട്ടകൊണ്ട്‌ മറച്ച വര്‍ക്ക്‌ ഷോപ്പിന്റെ ദ്രവിച്ച ദ്വാരത്തിലൂടെ ഒരു ഞാറുവാലിപ്പട്ടി ചാടി വന്ന്‌ തമിഴന്‍ പയ്യന്റെ കാലില്‍ മുട്ടിയുരുമ്മി നിന്നു.ആണ്ടി ഗോവിന്ദന്റെ വാഴക്കൊലച്ചന്തേടെ ഓരംചേര്‍ന്ന്‌, പുലര്‍ച്ചെ മറ്റ്‌ ബസ്സുകളില്‍ നിന്ന്‌ ഇറക്കിവച്ച വാഴക്കുലകളുടെയും അവയില്‍ ചുറ്റി പറ്റി പറന്നു നടന്നിരുന്ന ഈച്ചകളുടേയുംമേല്‍ പൊടിയഭിഷേകം ചെയ്തുകൊണ്ട്‌ കല്യാണി ബ്രേക്കിട്ട്‌ നിന്നു.

ആണ്ടി ഗോവിന്ദനെ രാഘവന്‌ പണ്ടേ അറിയാം. വാഴയെല കൊത്തായിരുന്നു പണ്ടത്തെ പണി. കൊത്തിയ വാഴയെല ഉരുട്ടിക്കെട്ടി ചന്തേക്കൊണ്ടോന്ന്‌ വിയ്ക്കും. വാഴയെലച്ചൊമട്‌ ലൈന്‍ബെസ്സിന്റെ മണ്ടേക്കേറ്റുന്നതും എറക്കുന്നതും കോവിന്ദന്‍ തന്നെയാണ്‌. അല്ലേല്‍ വല്ല ചിക്ലിയും തടയുന്നത്‌ ചൊമട്ടുകാരും എറക്കുകാരും കോണ്ടുപോകും. കേറ്റുകുൂ‍ലി, എറക്കുകുൂ‍ലി അല്ലേല്‍ നോക്കുകുൂ‍ലി! പാര്‍ട്ടിക്കാരായ ചൊമട്ടുതൊഴിലാളികള്‍ കോവിന്ദനെ ജീവിക്കാന്‍ വിട്ടില്ല. ചൊമട്ട്തൊഴിലാളികള്‍ പല പാര്‍ട്ടികളിലും പെട്ടവര്‍, ചിലര്‍ ഗുണ്ടകള്‍! പക്ഷേ പാവം കോവിന്ദന്‌ ആരുമില്ല. എലക്കച്ചോടം അത്ര പന്തിയല്ലെന്ന്‌ തോന്നീതുകൊണ്ടാണ്‌ കോവിന്ദന്‍ "കുല" കച്ചോടം തൊടങ്ങീത്‌. പൂവന്‍, ഞാലിപ്പൂവന്‍, പാളേങ്ങോടന്‍, ഏത്തയ്ക്കാ തൊടങ്ങിയ ��ല്ലാമുള്ള ഒരു ചെറിയ ബിസിനസ്സ്‌. ആരേലും ചോദിച്ചാ "എനക്ക്‌ കായേന്റെ ബിസനസ്സ്‌" ആണെന്നാണ്‌ കോവിന്ദന്‍ പറേണത്‌.

ചിന്നപ്പട്ടണം വൃത്തിഹീനവും "അലം കോല" വുമായ ഒരു ടൌണാണ്‌. കാക്ക "ചവറുകൂന" ചെകഞ്ഞതുപോലെ ചെതറിക്കിടക്കുന്ന നഗരം. പൊടിപിടിച്ച ഓടുകളും ആസ്ബസ്റ്റോസുകളും പാകിയ മേല്‍ക്കുൂ‍രകള്‍. ഇടുങ്ങിയ റോഡുകള്‍. തുറന്ന നാറുന്ന ഓടകള്‍. കച്ചവടക്കാര്‍ അവരോര്‍ക്ക്‌ തോന്ന്യപോലെ കടകള്‍ ഫുട്പാത്തുകളിലേയ്ക്കും നിരത്തുകളിലേയ്ക്കും എറക്കി വച്ചിരിക്കുന്നു. കച്ചോടക്കാര്‍ കയ്യേറാത്ത ഫുട്പാത്തുകളുടെ ഭാഗങ്ങളില്‍ ഓറഞ്ച്‌ വില്‍ക്കുന്നോര്‍, പച്ചമീന്‍ വില്‍പ്പനക്കാര്‍, കോയമ്പത്തൂര്‍ തുണികള്‍ വിക്കുന്ന തമിഴന്മാര്‍, ആക്രിക്കച്ചവടക്കാര്‍, മൊബേല്‍ഫോണിന്റെ പാര്‍ട്സ്‌ വില്‍ക്കുന്നോര്‍ തുടങ്ങി നടപ്പാതയുടെ ഉപയോഗയോഗ്യമായ ഭാഗങ്ങള്‍ നന്നായി വിനിയോഗിച്ചിട്ടുണ്ട്‌. കാല്‍നടക്കാര്‍ക്കുവേണ്ടി ഇനി ബാക്കിയൊള്ളത്‌ സ്ലാബുകള്‍ അടര്‍ന്നുപോയ പടുകുഴികള്‍ മാത്രം.

വെയിലൊറയ്ക്കുന്നതിനു മുന്‍പുതന്നെ പരശതം ആളുകള്‍ കരിമ്പിന്‍ ചണ്ടിയ്ക്കു സമീപം ഈച്ചകള്‍ പറന്നു നടക്കുന്നപോലെ അവിടവിടെ പരന്ന നടന്നു തുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പ്‌ വരാറാകുമ്പോഴൊക്കെ കുട്ടിനേതാക്കള്‍ ചിന്നപ്പട്ടണത്തിന്റെ വികസനത്തെപ്പറ്റി തുപ്പലില്‍ കപ്പലോടിക്കാന്‍ തക്കവിധം മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്നതുകേട്ട്‌ രാഘവന്‍ ഉള്ളില്‍ ചിരിക്കാറുണ്ട്‌, കാരണം ഈ ചവറുകുൂ‍ന വികസിച്ച്‌ വല്യൊരു ചവറുകൂന ആകത്തേ ഒള്ളൂ. ഏച്ചുകെട്ടിയ വല്യൊരു ചേരി! വികസിതരാജ്യങ്ങളിലെപ്പോലെയുള്ള ഒരു വികസനം എങ്ങിനെ സാധിക്കുമെന്ന്‌ രാഘവന്‍ പലപ്പോഴും ചുമ്മാ ചിന്തിച്ച്‌ തല പുണ്ണാക്കാറുണ്ട്‌.

കല്യാണി ബസ്സ്സ്റ്റാന്റിലെത്തിയപ്പോള്‍ നേരം പത്തുമണി. ഇന്നലെ പെയ്തമഴയില്‍ സ്റ്റാന്റിലെ കുഴികള��ക്കെ നറഞ്ഞിട്ടൊണ്ട്‌. ബസ്സുകളും കുഴികളും ഇല്ലാത്ത ഇടങ്ങളില്‍ ആള്‍ക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്‌. ബസ്സുകളുടെ പരക്കം പാച്ചിലിനിടയില്‍ കുഴികളില്‍ കെട്ടിനില്‍ക്കുന്ന മഴവെള്ളം മേത്ത്‌ തെറിക്കാതെ ആളുകള്‍ ഓരോ ബസ്സ്‌ വരുമ്പോഴും എട്ടുപത്തടി പിന്നോട്ട്‌ ചാടുകയും പിന്നെ ശര്‍ക്കരേല്‌ ഈച്ച പൊതിയുന്നപോലെ ബസ്സുകളുടെ വാതില്‍ക്കലേയ്ക്ക്‌ ഓടിയടുക്കുകയും ചെയ്യും.

ഒരു കാളച്ചന്തപോലെ കുഴഞ്ഞുമറിഞ്ഞതാണ്‌ ചിന്നപ്പട്ടണം ബസ്സ്‌സ്റ്റാന്റ്‌. ഓട്ടോ റിക്ഷകളും ടാക്സികളും സൈക്കിളുകളും ഉന്തുവണ്ടികളും ഒക്കെ ബസ്സ്‌സ്റ്റാന്റിലേയ്ക്ക്‌ നുഴഞ്ഞുകയറ്റം നടത്തി കുടുങ്ങിക്കിടക്കുന്നു. ഇവറ്റകളുടെ ചെവി തകര്‍ക്കുന്ന ഹോണ്‍ അടികളും തങ്ങളുടെ ബസ്സുകളിലേയ്ക്ക്‌ യാത്രക്കാരെ ചാക്കിട്ട്‌ വലിച്ച്‌ കയറ്റുന്ന കണ്ടക്ടര്‍മാരുടെയും കിളികളുടെയും പരാക്രമങ്ങള്‍, ആക്രി സാധനങ്ങള്‍, പാറ്റാ ഗുളികകള്‍, ഗ്യാസ്‌ മുട്ടായി, ഇഞ്ചിമുട്ടായി, കര്‍ച്ചീഫുകള്‍ തുടങ്ങി ബസ്സുകളിലൂടെ കൊണ്ടുനടന്നു വില്‍ക്കുന്ന വില്‍പ്പനക്കാരുടെ വാചക കസര്‍ത്തുകള്‍, ഓറഞ്ച്‌, സര്‍ബത്ത്‌, വറുത്ത കടല തുടങ്ങിയ വില്‍ക്കുന്നവരുടെ നീട്ടിയുള്ള വിളികള്‍, ഇവര്‍ക്കിടയില്‍ ഞൊണ്ടി നടന്ന് ലോട്ടറി വില്‍ക്കുന്നവര്‍, വാര്‍ത്തകള്‍ എരുവും പുളിയും ചേര്‍ത്ത്‌ വിളിച്ചുപറഞ്ഞ്‌ പത്രം വില്‍ക്കുന്ന കുട്ടിപത്രക്കാര്‍, അമ്മാ-, അയ്യാ- വിളികളുമായി പരന്നു നടക്കുന്ന പിച്ചക്കാര്‍. ബസ്സ്‌ സ്റ്റാന്റില്‍ ഈ ശബ്ദങ്ങള്‍ പരസ്പരം അലിഞ്ഞുചേര്‍ന്ന് വലിയൊരു ഇരമ്പലായി മാറുന്നതായി രാഘവന്‌ തോന്നി.

ചിന്നപ്പട്ടണം ബസ്സ്‌ സ്റ്റാന്റില്‍ നിന്നു മറ്റൊരു ബസ്സ്‌ കയറിവേണം രാഘവന്‌ കോളേജില്‍ എത്താന്‍. മണല്‍ത്തരിയിട്ടാല്‍ താഴാത്തപോലെ കുത്തിനിറച്ച ബസ്സില്‍ കണ്ടക്ടര്‍ തലങ്ങും വിലങ്ങും വെരകിനടന്��ു തിമര്‍ക്കുന്നു. സ്റ്റുഡന്റുപാസുമായി രാഘവന്‍ വച്ചുനീട്ടിയ ചില്ലറ കണ്ടക്ടര്‍ തന്റെ ബാഗിലേയ്ക്ക്‌ വലിച്ചെറിഞ്ഞിട്ട്‌ തുപ്പലുതൊട്ടൊരു റ്റിക്കറ്റ്‌ രാഘവന്‌ പതിച്ചുകൊടുത്തു. പിച്ചയെടുക്കാന്‍ വലിഞ്ഞുകയറിയ പത്തു പതിമൂന്ന് വയസ്‌ പ്രായം തോന്നിക്കുന്ന ഒരു മാര്‍വാടി പെണ്‍കുട്ടിയുടെ ദേഹത്തേയ്ക്ക്‌ ലാവിഷായി ചാരിനിന്ന് ടിക്കറ്റ്‌ മുറിച്ച്‌ സുഖിക്കുന്ന കണ്ടക്ടര്‍ക്കിട്ട്‌ ഒരു കുത്തുകൊടുക്കാന്‍ ചില പെണ്‍കുട്ടികളുടെ കൈ തരിച്ചു. കോളേജില്‍ രാഘവന്‍ ഒരു ഹീറോ ഒന്നുമല്ല. ചുരിദാറിന്റെ വാലുമണത്ത്‌ വാലാട്ടി പുറകെ നടക്കുന്ന മറ്റ്‌ ചെത്ത്‌ ചെറുക്കന്മാരുടെയും ചെറുവിരലിന്റെ നിഴലുണ്ടെങ്കില്‍ ആരുടെയും തോളത്ത്‌ കേറാന്‍ മടിക്കാത്ത കോളേജ്തരുണീമണികളുടെയും ഗാങ്ങില്‍ രാഘവനെ കിട്ടില്ല. പക്ഷേ, ക്ലാസ്സിലെ സുന്ദരിയായ ലക്ഷ്മിക്കുട്ടിയെ രാഘവന്‍ ഇടയ്ക്ക്‌ ഒന്നു പാളി നൊക്കാറുണ്ട്‌. ഇടയ്ക്‌ അവരുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കുമ്പോള്‍ ഒരു ഇലക്ട്രിക്‌ ഷോക്ക്‌ രാഘവന്‌ അനുഭവപ്പെടാറുമുണ്ട്‌. സ്വപ്നം കാണാന്‍ രാഘവന്‍ ബഹു മിടുക്കനാണ്‌. അലംകോലമായ ഈ നാടിനെയും നാട്ടുകാരേം നന്നാക്കുന്ന ഒരു രാഷ്ട്രീയക്കാരനായിട്ടായിരിക്കും ചെലപ്പോള്‍ അവന്‍ അവനെ സ്വപ്നത്തില്‍ കാണുന്നത്‌. ഈ മന്തപ്പന്‍ സ്വപ്നങ്ങള്‍ ഒന്നും നേരെയാവില്ലന്ന് രാഘവനറിയാം. സ്വന്തം അഷ്ടിക്ക്‌ വകയില്ലാത്തോനല്ലേ നാട്ടുകാരെ നന്നാക്കാന്‍ നടക്കണത്‌? പക്ഷേ ചുമ്മാതങ്ങ്‌ അടിച്ചുപൊളിക്കുന്നതിനോട്‌ രാഘവന്‌ അത്ര യോജിപ്പില്ല.

വീട്ടിലേയ്ക്കുള്ള മടക്കയാത്രയില്‍ എങ്ങനേം നാലുകാശൊണ്ടാക്കുന്നതിനേപ്പറ്റിയയിരുന്ന രാഘവന്റെ ചിന്ത മുഴുവനും. പത്തുകാശ്‌ കയ്യിലില്ലാതെ നാടുനന്നാക്കാനിറങ്ങുന്ന തെണ്ടിയെ ഒരു പട്ടിയും തിരിഞ്ഞുനോക്കില്ലന്ന് രാഘവനറിയാം. ഒരു സര്‍ക്കാരുദ്യോഗത്തിലേയ്ക്കുള്ള ദൂരമായിരുന്നു അപ്പോള്‍ രാഘവന്റെ മനസ്സില്‍. വീട്ടിലെത്തി കുപ്പായം മാറി ചായ്ക്കടയിലെത്തിയപ്പോഴേയ്ക്ക്‌ അന്തുവും തമ്പാനും അന്നത്തെ ചര്‍ച്ചയ്ക്ക്‌ തിരികൊളുത്തിക്കഴിഞ്ഞിരുന്നു.
"ഇന്നത്തെക്കാലത്ത്‌ പത്തു കാശൊണ്ടാക്കണേല്‍ ഈയ്യ്‌ ഞമ്മളെപ്പോലെ ബല്ല ബിസിനസ്സും ചെയ്യീന്ന്... അല്ലാണ്ട്‌ സര്‍ക്കാരുദ്ദ്യോത്തീന്നും ദെവസക്കൂലീന്നും ഒന്നും മെച്ചം ബരില്ലാന്ന്. ഈ ദുനിയാവ്‌ ശരിയാബണേല്‌ എല്ലാരും കച്ചോടം ചെയ്യണം! എല്ലോരും പണക്കാരാവേം ബേണം." അന്തു പറഞ്ഞു നിര്‍ത്തി. കാലിയായ ചായഗ്ലാസ്സുകളുമായി അടുക്കളയിലേയ്ക്ക്‌ നീങ്ങുമ്പോള്‍ അന്തുവിന്റെ വാക്കുകളായിരുന്നു രാഘവന്റെ മനസ്സില്‍.

SocialTwist Tell-a-Friend
Related Stories: വഴിയോര കാഴ്ചകള്‍2 - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon