You are here: HOME » MAINNEWS »
ലോണ്‍
സി. ഗണേഷ്‌ Jayakeralam Malayalam News
Tuesday, 19 June 2012
ലോണ്‍ എന്ന പേര്‌ അവര്‍ക്ക്‌ അത്രയ്ക്ക്‌ ഇഷ്ടമായിരുന്നു. പെണ്‍കുഞ്ഞാണെങ്കിലും ആണ്‍കുഞ്ഞാണെങ്കിലും ആ പേരുതന്നെ നല്‍കുമെന്ന്‌ ലോമിത-കിരണ്‍ ദമ്പതികള്‍ പറഞ്ഞപ്പോള്‍ സോറിയാസിസ്‌ ആക്രമിച്ച ഏലിയാമ്മചേടത്തി ഒന്നും മനസ്സിലാകാത്തതുപോലെ നിന്നു. മുറ്റത്തു പരത്തിയിട്ടിരിക്കുന്ന വെള്ളാരംകല്ലുകളില്‍നിന്ന്‌ ഒരെണ്ണമെടുത്ത്‌ ഉടന്‍ ലോമിത മുകളിലേക്കു കയറാനുള്ള കോണിയുടെ ടെറസ്സില്‍ അവര്‍ രണ്ടുപേരുടെയും പേരെഴുതി, ലോമിതയുടെ ആദ്യാക്ഷരവും കിരണിന്റെ അവസാനവും രണ്ടുവൃത്തം വരച്ച്‌ ഏലിയാമ്മയുടെ മുഖത്തേക്ക്‌ നോക്കി. ബബിള്‍ഗം ചവച്ചുതുപ്പി ഒട്ടിച്ച മാന്തിയെടുത്തതുപോലുള്ള ഏലിയാമ്മയുടെ മുഖം അത്‌ വായിച്ചപ്പോള്‍ ഒരു ചിരികൊണ്ടു തിളങ്ങി. ഒന്നു കണ്ണടിച്ച്‌ മുകള്‍നിലയിലേക്കു കയറിപ്പോകുന്ന ലോമിതയില്‍ അപ്പോള്‍ നിറയെ കുസൃതിയായിരുന്നു. ഗര്‍ഭിണിയായ ഒരുവളുടെ യാതൊരു മട്ടും ഗൗരവവും അവള്‍ കാണിച്ചില്ല.
ഏലിയാമ്മച്ചേടത്തിയുടെ വീട്ടില്‍ അവര്‍ പേയിംഗ്‌ ഗസ്റ്റായി താമസിക്കാന്‍ തുടങ്ങിയിട്ട്‌ രണ്ടുമാസം പിന്നിട്ടപ്പോഴാണ്‌ അത്‌.

വാടകവീടുതിരഞ്ഞ്‌ മടുത്തുതുടങ്ങിയ ഒരു സായാഹ്നത്തിലാണ്‌ അവര്‍ ഇവിടെ എത്തിപ്പെട്ടത്‌. മുകളില്‍ വിശാലമായ മുറിയും താഴെനിറയെ കുഞ്ഞുമുറികളുമുള്ള ഏലിയാമ്മചേടത്തിയുടെ വീട്‌ അവര്‍ക്കായി പണികഴിപ്പിച്ചതായി തോന്നിച്ചു. മുകളിലേക്ക്‌ കയറാന്‍ പുറമേനിന്ന്‌ കോണിപ്പടി. ഒരു കുടുംബത്തിന്‌ താമസിക്കാന്‍ പറ്റിയ സ്ഥലം. കിരണിന്ന്‌ എന്നും പ്രിയപ്പെട്ട തൂവെള്ളത്തിരശീലകളിട്ട്‌ അവര്‍ മുകള്‍നിലയെ ഊണ്‍മുറിയും അടുക്കളയും ഇരുപ്പുമുറിയുമൊക്കെയായി വീതിച്ചെടുത്തു.

ഏലിയാമ്മച്ചേടത്തിക്ക്‌ നല്ല ആരോഗ്യമായിരുന്നു. രോഗം വരുന്നതോടെ എല്ലാവരും കൈയൊഴിഞ്ഞ ചേടത്തിയാണവര്‍. എന്നാല്‍ പാണ്ടുപിടിച്ച അവരുടെ ശരീരത്തില്‍ ഒരു അറപ്പുമില്ലാതെ വര്‍ഷങ്ങള്‍ക്കുശേഷം തൊട്ടത്‌ ലോമിതയായിരുന്നു. തോളിലൂടെ കൈയിട്ട്‌ ലോമിത ചേര്‍ത്തണച്ചപ്പോള്‍ ചേടത്തി വേര്‍പിരിഞ്ഞുപോയ അലക്സിയെ ഓര്‍ത്തു. അടുത്തനിമിഷം അയാളെ മറക്കുവാനായി ഏലിയാമ്മച്ചേടത്തി പാടുപെട്ടു. കരാട്ടെ അഭ്യാസിയും നാട്ടുകൃഷി ഉല്‍പന്നങ്ങളുടെ ഏജന്റുമായിരുന്ന അലക്സിയുടെ ഒരു ഫോട്ടോ ഏലിയാമ്മചേടത്തി അന്നെടുത്ത്‌ പുറം വാതിലിലൂടെ പിന്നിലെ പറമ്പിലേക്കിട്ടു. കല്ലില്‍വീണ്‌ ചില്ലുഫോട്ടോ തകരുന്ന ശബ്ദംകേട്ട്‌ ലോമിത വിളിച്ചു ചോദിച്ചു. "ഏലിയാമ്മചേടത്തി എന്തുപറ്റി? ഗ്ലാസുവല്ലതും താഴെ വീണോ?"
"ന്‍ഘാ! പഴയൊരു ചീനഗ്ലാസ്‌ കളഞ്ഞതാ മോളേ" പിന്‍വാതില്‍ ചാരിക്കൊണ്ട്‌ ഏലിയാമ്മ പറഞ്ഞു. ഏലിയാമ്മയുടെ ശബ്ദം താഴെനിലയില്‍നിന്നും കോണ്‍ക്രീറ്റുപാളി കടന്ന്‌ മുകളിലേക്ക്‌ ചിലമ്പിച്ചെത്തി. അലക്സിയുടെ അവശേഷിച്ച ഒരേയൊരുപടമായിരുന്നു അത്‌.

രാത്രിയില്‍ നിര്‍ത്താതെയുള്ള ചുമകേട്ടപ്പോള്‍ കിരണ്‍ ഉണര്‍ന്നു. ലോമിത ക്ഷീണത്തോടെ ഉറങ്ങുകയായിരുന്നു. വാടകവീടുകളില്‍ പലവിധശല്യങ്ങള്‍ സാധാരണമാണെങ്കിലും വീട്ടില്‍ ഏലിയാമ്മച്ചേടത്തി മാത്രമാണെന്നാണറിഞ്ഞത്‌. ഒരു വൃദ്ധന്റേതുപോലെയാണ്‌ ചുമ. കിരണ്‍ എഴുന്നേറ്റ്‌ വാതില്‍തുറന്ന്‌ മുറ്റത്തേക്കുനോക്കി. രക്തം കലര്‍ന്ന കഫം തുപ്പിക്കൊണ്ട്‌ ചീരപ്പാത്തിക്കരികെ ഒരാള്‍ നില്‍ക്കുന്നതുകണ്ടു. ചുമച്ചുകൊണ്ടുതന്നെ അയാള്‍ അകത്തേക്കു കയറിപ്പോയി.

പിറ്റേന്നു കാലത്ത്‌ ഇതേപ്പറ്റി പറഞ്ഞുതുടങ്ങിയപ്പോള്‍ അറിയാവുന്നതുപോലെ ലോമിത പറഞ്ഞു. "അത്‌ രാരന്‍നായരായിരിക്കും"

"രാരന്‍നായരോ?" കിരണ്‍ ചോദിച്ചു.
"അയ്യോ. അങ്ങനെ വിളിക്കരുത്‌. രാമചന്ദ്രന്‍നായരെന്നുതന്നെ വിളിക്കണം. ഇല്ലെങ്കിലയാള്‍ക്ക്‌ ദേഷ്യം വരും. ചേട്ടത്തിയുടെ പഴയ വേലക്കാരിയുടെ അപ്പനാ"

കുറിക്കമ്പനിയുടെ പലിശക്കണക്കുകള്‍ നേ���ത്തേ അലാറം വച്ചെഴുന്നേറ്റ്‌ എഴുതുകയായിരുന്ന ലോമിത അതു നിര്‍ത്തി കിരണിനെ നോക്കി പറഞ്ഞു. "കുറേക്കാലം നിന്ന്‌ വേലക്കാരി ഓരാളുടെ കൂടെ ഒളിച്ചോടിപ്പോയതാണത്രേ. അപ്പോ അപ്പന്‍ ഒറ്റക്കായി. പള്ളിയും അമ്പലവും പരിചയക്കാരുമായി കഴിയുന്നതിനിടയില്‍ ഇടക്ക്‌ ചേട്ടത്തിയുടെ വീട്ടിലേക്കും വരാറുണ്ടെന്ന്‌"
"അയാള്‍ വന്നോട്ടെ, പക്ഷേ അയാളുടെ ചുമയോട്‌ വരാതിരിക്കാന്‍ പറയണം" കിരണ്‍ തലയിണ ചേര്‍ത്തുവച്ച്‌ കമിഴ്‌ന്നു കിടന്നുകൊണ്ട്‌ പറഞ്ഞു.

"പിന്നെയും ഉറക്കമായോ?" അവള്‍ ചോദിച്ചു.
"ഇന്ന്‌ ഏതുവഴിക്കാണു പോകേണ്ടത്‌?" കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അവള്‍ കിരണിനെ ഉണര്‍ത്താനായി ചോദിച്ചു.

അവള്‍ക്കറിയാമായിരുന്നു. തീരുമാനിച്ചുറപ്പിച്ച സ്ഥലത്തേക്കല്ല കിരണ്‍ പോവുക. ഓഫീസിലെത്തി തുകല്‍ബാഗുനിറയെ കളിപ്പാട്ടങ്ങള്‍ നിറച്ച്‌ അവന്‍ യാത്രപോകും. കാശുകാരിയായ രക്ഷിതാക്കളുടെ കുട്ടികളേയും തിരിഞ്ഞ്‌. "നിന്റെ കളിപ്പാട്ടനിര്‍മ്മാണക്കമ്പനി ഇനി കുഞ്ഞുങ്ങളേയും ഉല്‍പാദിപ്പിച്ച്‌ തുടങ്ങുമോ? വില്‍പന കൂട്ടാന്‍?" എന്ന്‌ ഒരിക്കലവന്‍ തമാശയായി ചോദിച്ചിരുന്നു. വില്‍പന മോശമാവുന്ന സമയങ്ങളില്‍ രണ്ടോ മുന്നോദിവസം കഴിഞ്ഞുമാത്രമേ കിരണിന്‌ തിരിച്ചെത്താന്‍ കഴിയാറുള്ളു.

ഗര്‍ഭം അടുത്തമാസത്തേക്കു കടക്കാന്‍ ഒരുപാടു കാലമായെന്നുതോന്നി, അവള്‍ക്ക്‌. കിരണ്‍ വരാത്തദിവസങ്ങളില്‍ അവള്‍ വെള്ളിത്തിരശീലമുറികളില്‍ അങ്ങുമിങ്ങും നടന്നു. ഓക്കാനം വരുന്നത്‌ നിയന്ത്രിക്കാനും മറക്കാനും അവള്‍ ചില്ലറ പണികള്‍ ചെയ്തുകൊണ്ടിരുന്നു. ഞായറാഴ്ചയും കുറിക്കമ്പനിയില്‍ കണക്കെഴുതാന്‍ കിട്ടിയാല്‍ നന്നെന്നു തോന്നി. കമ്പനിയിലെ ചെകുത്താന്‍മാരെ ഓര്‍മ്മ വന്നതും ഒരു ദിവസമെങ്കിലും ഉപദ്രവമില്ലാതെ കഴിച്ചുകൂട്ടുന്നതില്‍ ആനന്ദിക്കാന്‍ ശ്രമിച്ചു.
പെട്ടെന്നൊരുദിവസം ഏലിയാമ്മചേടത്തി���ുടെ നിലവിളികേട്ടു. ഓടിപ്പോയ ലോമിത കണ്ടത്‌ നിലത്തുകിടന്നുരുളുന്ന ഏലിയാമ്മയെ. വണ്ടറം പിടിച്ച പാടുകളുമായി ഏലിയാമ്മ വേദനിച്ച്‌ അലറുകയായിരുന്നു. രാമചന്ദ്രന്‍നായരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചപ്പോള്‍ രണ്ടുദിവസം കിടത്തി ഡോക്ടര്‍ പറഞ്ഞു "നിലവിലുള്ള രോഗവും ഏതോ ഭക്ഷണവുമായി തെറ്റിയതാണ്‌." അയാള്‍ കവിത ചൊല്ലുന്നതുപോലെയാണതു പറഞ്ഞത്‌. ഏലിയാമ്മ ഭക്ഷണമുണ്ടാക്കിത്തന്നിരുന്നത്‌ ലോമിത അന്നത്തോടെ വേണ്ടെന്നു പറഞ്ഞു. മുകള്‍നിലയില്‍ വെള്ളത്തിരശീലയില്‍ ലോമിതയുടെ അടുക്കള പ്രവര്‍ത്തനമാരംഭിച്ചു. ഏലിയാമ്മ ഒന്ന്‌ ഉഷാറാകുന്നതുവരെ ലോമിത ആഹാരം എത്തിച്ചുകൊടുത്തു.

ലോമിത ഈയിടെ ഒരു കാര്യം കണ്ടുപിടിച്ചു. കുറിക്കമ്പനിയിലെ പ്ലൈവുഡുകസേരയിലിരുന്നു സന്ധ്യവരെ കണക്കെഴുതുമ്പോള്‍ അവള്‍ ശ്വസിക്കുന്നില്ല. മുറിയില്‍ മടങ്ങിയെത്തിയാല്‍ മാത്രമേ അവള്‍ ശ്വസിക്കുന്നുള്ളു. ഒരു തരത്തിലും വായു ഉള്ളിലേക്കെടുക്കുന്നില്ലെന്ന്‌ അവള്‍ വളരെ ഗൗരവത്തോടെ കിരണിനോടു പറഞ്ഞു. ഒരു രഹസ്യം അന്നേരം അവന്‍ പുറത്തെടുത്തു "എനിക്കും അതുതന്നെ തോന്നുന്നുണ്ട്‌ ലോമീ"

"ഈ വെള്ളക്കര്‍ട്ടനുകള്‍ക്കു നടുവില്‍ രാരന്‍നായരുടെ ചുമയും ഏലിയാമ്മച്ചേടത്തി നടക്കുന്ന ശബ്ദത്തിലേക്കും മടങ്ങിവരുമ്പോള്‍ മാത്രമേ നമ്മുടെ ശ്വാസകോശങ്ങള്‍ ഉണരുന്നുള്ളൂ"

മഞ്ഞച്ച്‌ ചതുരങ്ങള്‍ പാറിക്കളിക്കുന്ന നെറ്റിയില്‍ നില്‍ക്കുന്ന ലോമിതയോട്‌ അങ്ങനെ പറയുമ്പോള്‍ അവനെ വിയര്‍പ്പുനാറുന്നുണ്ടായിരുന്നു. രണ്ടുദിവസത്തെ അലച്ചിലിന്റെ വിയര്‍പ്പത്രയും ഉണ്ടായിരുന്നു. വിയര്‍പ്പിന്റെ ഉപ്പുപരലുകള്‍ അവന്റെ രോമശരീരത്തിനവിടവിടെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
കാല്‍ കവച്ചുവച്ച്‌, അവള്‍ തറയില്‍ വച്ചിരിക്കുന്ന സ്റ്റൗവില്‍നിന്ന്‌ വെന്ത അരി എടുക്കുകയാണ്‌. അരിയുടെ വേവുമണവും വിയര്‍പ്പിന്റെ ഗന്ധവും അവിടെ നിറഞ്ഞു.

അവള്‍ കിരണിന്റെ ഇടുപ്പിന്‌ കൈചേര്‍ത്തുപിടിച്ചു.
വിയര്‍പ്പ്‌ ആവിയായി പറന്നുപോയതായും ഒരു മണം നിറയുന്നതായും ലോമിത അറിഞ്ഞു.
"എത്ര ഉപ്പുപരലുകളെ എനിക്കു നല്‍കും നീ?" ലോമിത അവന്റെ മുഖമെടുത്തുകൊണ്ട്‌ ചോദിച്ചു.
ചുണ്ടില്‍ത്തന്നെ ദീര്‍ഘചുംബനം നല്‍കി കിരണ്‍ പറഞ്ഞു "കോടാനുകോടി"
"എനിക്കത്രയൊന്നും വേണ്ട. എനിക്കത്രയൊന്നും വേണ്ട. ഒരേയൊരെണ്ണം മതി. നീയെന്ന ഉപ്പുപരല്‍"
അവള്‍ കിരണിന്റെ നെഞ്ചില്‍ മുഖം പൂഴ്ത്തിവെക്കാന്‍ ശ്രമിച്ചു. വീണ്ടും വീണ്ടും അവള്‍ മുഖംകൊണ്ട്‌ ആഴങ്ങള്‍ തേടി.

അവനാകട്ടെ അവളുടെ കുഞ്ഞുവയറ്റില്‍ പതുക്കെ തലോടി.
ജീവശൃംഖലയുടെ ഒരു കണ്ണിയില്‍ തൊട്ടപ്പോള്‍ അവന്റെ കൈവിരലുകളില്‍ കുഞ്ഞുഭ്രൂണം ചലനസ്പര്‍ശങ്ങളിട്ടു.

പെട്ടെന്ന്‌ കിരണ്‍, കൈ പിന്‍വലിച്ച്‌, ബാത്ത്‌റൂമിലെ ഡൗണ്‍ട്രേയില്‍നിന്ന്‌ ഒരു ഉറ എടുത്തികൊണ്ടുവന്ന്‌ അവളുടെ ചുമലില്‍ കൈവച്ചു.

അവള്‍ കൈതട്ടിമാറ്റി. അവനേറ്റവും ഇഷ്ടപ്പെട്ട ഓംലെറ്റുണ്ടാക്കാനായി വെളുത്ത അടുക്കളയിലേക്കുനീങ്ങി. അവന്‍ പിറകേ എത്തുമ്പോഴേക്കും രണ്ടു താറാവുമുട്ടകള്‍ അവള്‍ ഉടച്ചിരുന്നു. ഉച്ചക്കു ബാക്കിവന്ന ഉള്ളിച്ചമന്തി അതിലേക്കിട്ട്‌ ഉപ്പും മുളകും അവള്‍ വിതറി.

ചട്ടിയില്‍ കിടന്ന്‌ താറാവുമുട്ടകള്‍ രസികന്‍ ഗോളങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട്‌ ഓംലെറ്റായി മാറി. അവന്റെ വായിലേക്കായി ചൂടോടെ അവള്‍ ഒരു കഷണം തിരുകി. ""ഭയങ്കര എരിവ്‌" അവന്‍ പറഞ്ഞു. അത്താഴത്തിനുശേഷം പാത്രങ്ങളെല്ലാം കഴുകി അവളെത്തുമ്പോള്‍ നേരം വൈകിയിരുന്നു. അവന്റെ നെഞ്ചില്‍ കൈവച്ചുകൊണ്ട്‌ അവള്‍ കിടക്കുമ്പോള്‍ അവന്‍ പറഞ്ഞു "എനിക്ക്‌ പേടിയാവുകയാ....."
"പേടിക്കേണ്ടമോനേ. ഒരു ഉപ്പുപരല്‍ പിടിച്ചു കഴിഞ്ഞാല്‍ പിന്നെ അവന്‍ പുറത്തുവന്നിട്ടേ അടുത്തതു പിടിക്കൂ".
കിരണിന്‌ അവളുടെ നിസ്സംഗത ���ഹിക്കാനായില്ല. തല പെരുകുന്നതായി തോന്നി. അവന്‍ അവളുടെ ചുണ്ടുകള്‍ പൊത്തി പറയുന്നതു തടഞ്ഞു.

അവന്‍ കമിഴ്‌ന്നുകിടന്നു. അവള്‍ കുറേനേരം അവനെ നോക്കിയിരുന്നു. കറന്റ്‌ പോയതിനാല്‍ ഏലിയാമ്മച്ചേടത്തി മെഴുകുതിരികൊളുത്തിവെച്ച്‌ വായിക്കുന്നു. ബൈബിള്‍വാക്യങ്ങള്‍ മുകളിലേക്ക്‌ പാറി വരുന്നുണ്ട്‌. രാമന്‍ നായര്‍ ചുമച്ചുചുമച്ച്‌ വല്ലാതായി, മഞ്ഞും സഹിച്ച്‌ പുറത്തേക്ക്‌ നടക്കുകയാണ്‌.
തുറന്നുകിടന്ന ജനലിലൂടെ രാത്രി കാണാം. എവിടെനിന്നൊക്കെയോ മിന്നാമിനുങ്ങുകള്‍, ഇലക്ട്രിക്‌ വെളിച്ചങ്ങള്‍.
കിരണ്‍ തുടര്‍ന്നു "അവര്‍ ഇന്ന്‌ എന്നെ വഴി തടഞ്ഞു"
അവള്‍ ഇതിനകം ഉറങ്ങിപ്പോയിരുന്നു. അവന്‍ തലയിലൂടെ പുതപ്പ്‌ വലിച്ചിട്ടു.
ഹൗസിംഗ്‌ കോളനിയിലെ സമ്പന്നവീടുകള്‍ കയറിയിറങ്ങി കോളനികള്‍ പിന്നിടുമ്പോള്‍ നാലുപേര്‍ മുന്നില്‍. അവര്‍ ഒന്നു കഴുത്തിനുപിടിച്ചാല്‍ ആരും മരിച്ചുപോകും അവരിലൊരാള്‍ മുമ്പിലേക്കു കടന്നുവന്നു. "നിങ്ങള്‍ പറഞ്ഞ എല്ലാ സമയവും ഞങ്ങളുടെ അധികസമയവും തെറ്റി. പണവും പലിശയും കണക്കാക്കി മടുത്തു. ജപ്തിനോട്ടീസ്‌ ആളില്ലാതെ തിരിച്ചുവന്നു. ഇനി ഒരേ ഒരു മാര്‍ഗം അവസാനമായി ഞങ്ങള്‍ നോക്കുകയാണ്‌"
അത്രയും പറഞ്ഞുതീര്‍ത്തപ്പോള്‍ ജീന്‍സിട്ട ഒരുവന്‍ കിരണിന്റെ ചെകിട്ടത്ത്‌ ആഞ്ഞടിച്ചു.
ഭൂമി കറങ്ങി, തെറ്റി.

മറ്റൊരുവന്‍ കിരണിന്റെ കൂറ്റന്‍ബാഗെടുത്ത്‌ ആകാശത്തേക്ക്‌ ചുഴറ്റി കൗതുകകരമായ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ മാനത്ത്‌ ചിതറിത്തെറിച്ചു. ദൂരെ പല വര്‍ണ്ണങ്ങളിലുള്ള കളിപ്പാട്ടങ്ങള്‍ വീണ്‌ അതിന്റെ ഛിന്നഭിന്നമായ ഭാഗങ്ങള്‍ ഓടിത്തിരിഞ്ഞു.

അവന്‍ ഞെട്ടിയുണര്‍ന്നതും ലോമിത ശക്തിയായി ഓക്കാനിക്കുന്നതാണ്‌ കണ്ടത്‌. ഓക്കാനം അവന്റെ ദേഹത്തടിക്കുന്നതുപോലെ.

അവന്‍ മെല്ലെ ലോമിതയുടെ പുറം ഉഴിഞ്ഞു. "ഡോക്ടറെ കാണാം നാളെ" അവന്‍ പറഞ്ഞു.
ആഴ്ചയിലൊര���ക്കല്‍ തന്നെ കാണണമെന്ന്‌ ഡോക്ടര്‍ താക്കീതു ചെയ്തിരുന്നു, ആദ്യസന്ദര്‍ശനത്തില്‍ത്തന്നെ. ഒരു മാസത്തിനുള്ളില്‍ ഡോക്ടര്‍ ജീവരഹസ്യം പൊടിച്ചു. ഇരട്ടകള്‍ എന്ന ജീവരഹസ്യം.
അന്ന്‌ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ലോമിത ഏലിയാമ്മച്ചേടത്തിയെ കെട്ടിപ്പിടിക്കുന്നതുകണ്ട്‌ കിരണിന്‌ ശരിക്കും വെറുപ്പുതോന്നി. ഏലിയാമ്മചേടത്തി കുറേ ശുശ്രൂഷമുറകള്‍ പറഞ്ഞുകൊടുത്തു.
ഗര്‍ഭിണികളുടെ പരിപാലനരീതികളില്‍ ചിലത്‌ ഒരിക്കലും അമ്മയാകാത്ത ഏലിയാമ്മചേടത്തി ലോമിതയ്ക്ക്‌ ചെയ്തുകൊടുത്തു. ഗുളികകളും ടോണിക്കുകളും കൃത്യസമയത്ത്‌ കഴിക്കുമ്പോള്‍ താഴെനിന്നും നിര്‍ദ്ദേശം കൊടുത്തു.

നല്ല തളര്‍ച്ചയുണ്ടായിട്ടും ലോമിത കുറിക്കമ്പനിയില്‍ പോയിരുന്നു. നടക്കുന്നത്‌ നല്ലതല്ലേയന്ന്‌ വിശ്രമിക്കാന്‍ പറയുന്നവരോടൊക്കെ അവള്‍ ചോദിച്ചു.
പെട്ടെന്നൊരുദിവസം മുതല്‍ അവളില്‍ ക്ഷീണം ഇല്ലാതായതും ആകപ്പാടെ ഒരു തിളക്കം കാണാന്‍ തുടങ്ങിയതും ഏലിയാമ്മച്ചേടത്തി ശ്രദ്ധിച്ചു.
"കേട്ടോ നായരേ.... അമ്മയാവാറായാല്‍ ആരുടേയും മനസ്സ്‌ തിളങ്ങും"
"ശരിയാ.... ശരിയാ...." ലോമിതയുടെ മുറിയിലേക്ക്‌ ചൂണ്ടി നായര്‍.
കണ്ണുകളില്‍ കറുപ്പും വിയര്‍പ്പുനാറ്റവുമായി വന്നിരുന്ന കിരണും പ്രസന്നമായി കോണിപ്പടികള്‍ കയറുന്നത്‌ ചേടത്തി നിരീക്ഷിച്ചിരുന്നു.

നല്ല ഇരട്ടക്കുട്ടികളുണ്ടാകുവാന്‍ ചേടത്തി മലങ്കരപള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു. പള്ളിയില്‍ പോയിവന്നതിനുശേഷം ചേടത്തി ലോമിതയെ വിളിച്ച്‌ അരികുചേര്‍ത്തു നിര്‍ത്തി പറഞ്ഞു "മോളേ.... ഇരട്ടക്ക്‌ ഒരു പേര്‌ നിങ്ങള്‍ നേരത്തെ കണ്ടുവച്ചു. അടുത്തത്‌ നിങ്ങളു പറയണ്ട. ഞാന്‍ പറയട്ടെ ആ പേര്‌?"
ഏലിയാമ്മചേടത്തി ലോമിയുടെ ചെവിയില്‍ എന്തോ പറഞ്ഞു.

നക്ഷത്രവെളിച്ചത്തോടെ ലോമിത ചേടത്തിയുടെ രോഗം കുത്തിവരച്ച വലത്തേ കൈപ്പത്തിയില്‍ ചുംബിച്ചു.
"ഇന്ന്‌ ഞാന��‍ ബിരിയാണി വെക്കാന്‍ പൂവ്വാ" അവള്‍ വാങ്ങിച്ചുകൊണ്ടു വന്ന പിക്‍അപ്‌ കവര്‍ കാണിച്ചുകൊണ്ട്‌ പറഞ്ഞു. "നല്ലോണം കഴിക്കണം കൊച്ചുങ്ങള്‍ക്ക്‌ ആരോഗ്യം നല്ലതുണ്ടാവട്ടെ"
"ഇന്നു നിങ്ങള്‍ ഒന്നും വെക്കേണ്ട. ഞാന്‍ ഒന്നാന്തരം ബിരിയാണി തരാം"
അവള്‍ മുകളിലേക്കു കയറുമ്പോള്‍ ചേടത്തി പറഞ്ഞു "പതുക്കെ പോണം മോളേ" അവള്‍ സൂക്ഷിച്ചുസൂക്ഷിച്ച്‌ പടികള്‍ കയറുന്നത്‌ ചേടത്തി നോക്കിനിന്നു.

അല്‍പം കഴിഞ്ഞപ്പോള്‍ കിരണ്‍ വന്നു. "മോളേ ബിരിയാണി കാത്തിരിക്യാ ഞങ്ങള്‌" രാമചന്ദ്രന്‍നായര്‍ ചുമ കടിച്ചുപിടിച്ചുകൊണ്ട്‌ പറഞ്ഞു.

"ഞാനും അതിനാ വന്നത്‌" കിരണ്‍ ചുമയോടെ പടികയറിപ്പോയി.

ബിരിയാണിയുടെ മണം അധികം വൈകാതെ എല്ലായിടത്തുമെത്തി. അത്‌ വെളുത്ത അടുക്കളയില്‍ നിന്ന്‌ പുറംഭാഗം വഴിയും താഴോട്ടുള്ള ചെറിയ വിടവുകളിലൂടെയും ഏലിയാമ്മച്ചേടത്തിയുടെ എല്ലാ മുറികളും കടന്ന്‌, മുറ്റം കടന്ന്‌, പടികടന്ന്‌ സഞ്ചരിച്ചു. മസാലമണം വിട്ടുപോവാതെ പറ്റുന്നയിടങ്ങളിലൊക്കെ തങ്ങിനിന്നു.
രാമചന്ദ്രന്‍നായര്‍ ചീരപ്പാത്തിക്കരികില്‍നിന്‍ങ്കൊണ്ട്‌ സൂര്യനുനേരെ കൈപിടിച്ച്‌ മുകളിലേക്കു നോക്കി.
ഇടക്ക്‌ ഭക്ഷണം മറന്നുപോകാറുള്ള ഏലിയാമ്മച്ചേടത്തിക്കും വിശപ്പുതോന്നി.
ഏറെനേരം പിന്നിട്ട്‌, ഗെയിറ്റില്‍ കാക്കിയുടുപ്പുകാരനായ രണ്ടുപേര്‍ വന്നുനിന്നു.

മേല്‍മുറിയിലെ താമസക്കാരെ അന്വേഷിച്ചുവന്നതാണെന്നറിഞ്ഞപ്പോള്‍ കയറിനോക്കുവാന്‍ പറഞ്ഞു. തങ്ങള്‍ രണ്ടുപേരും ഇതുവരെ പടികള്‍ കയറിയിട്ടില്ലെന്നും ആദരവോടെ രാരന്‍നായര്‍ പറഞ്ഞു.
അവര്‍ ഗെയിറ്റുതിറന്ന്‌ കോണിപ്പടിയുടെ ഭാഗത്തേക്കുവന്നു. കയറുന്നഭാഗത്ത്‌ ടെറസില്‍ വെള്ളാരം കല്ലുകൊണ്ടെഴുതിയ ഒരു വാക്കില്‍ കൈകൊണ്ടുതട്ടി അവരിലൊരുവന്‍ ഓളങ്ങളിട്ടു ചിരിക്കുന്നത്‌ ചേട്ടത്തി കണ്ടു.
പിന്നെ അവര്‍ മുകളിലേക്ക്‌ കയറിത്തുടങ്ങി.

ചേടത്തിയും നായരും മുഖമുയര്‍ത്തി നിന്നു.
ഓരോ പടികള്‍ കഴിയുന്തോറും ബിരിയാണിയുടെ മണം കൂടിക്കൂടി വരികയും കാക്കിയുടുപ്പുകാര്‍ രണ്ടുപേരുടെയും വായില്‍ വെള്ളമുറുകയും ചെയ്തു. അവര്‍ക്ക്‌ സഹിക്കാന്‍ പറ്റാത്തവിധം വായ മുഴുവന്‍ ഉമിനീര്‍ നിറഞ്ഞു.

അവരിലൊരുവന്‍ ആര്‍ത്തിയോടെ ഉമിനീര്‍ ഇറക്കി. അവന്റെ തൊണ്ടയില്‍നിന്ന്‌ ഒരു പ്രത്യേകശബ്ദമാണ്‌ അപ്പോള്‍ പുറത്തുവന്നത്‌.
ആര്‍ക്കും കൊടുക്കാതെയും ആരും കഴിക്കാതെയും എത്രമാത്രം ബിരിയാണിയാണ്‌ അവര്‍ ഉണ്ടാക്കിയതെന്ന്‌ പിന്നീട്‌ പലരും പറഞ്ഞു.

ലോണ്‍ എന്ന പദം അവര്‍ക്ക്‌ തീരെ ഇഷ്ടമുണ്ടായിരുന്നില്ല.


SocialTwist Tell-a-Friend
Related Stories: ലോണ്‍ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon