You are here: HOME » MAINNEWS »
രണ്ടാമത്തെ വീഴ്ച
ഹരി പാലാ Jayakeralam Malayalam News
Monday, 23 April 2012
ഒന്നാന്തരമൊരു ഫ്ളാഷ്‌ ബാക്കിലേറ്റി ഒരു പതിനാറ്‌ വര്‍ഷം പിന്നിലോട്ട്‌ കൊണ്ട്‌ പോവുകയാണ്‌ നിങ്ങളെ ഞാന്‍ എന്‍റെ അടുത്ത വീഴ്ച കാണിക്കാന്‍.

എട്ടാം ക്ളാസ്സിലെ ക്രിസ്തുമസ്‌ പരീക്ഷ കഴിഞ്ഞ്‌ നില്‍ക്കുന്ന കാലം.
റിസല്‍റ്റ്‌ വരുമ്പോള്‍ തോറ്റ വിഴയങ്ങള്‍ക്ക്‌ തോല്‍ക്കാനുള്ള കാരണം വീട്ടുകാരെ എങ്ങനെ ബോധിപ്പിക്കണം എന്ന്‌ ചിന്തിച്ച്‌ നടന്ന കാലം. ഫെബി അബ്രാഹമിനെയാണോ അതോ സ്വപ്ന ടി. തോമസിനെയാണോ പ്രേമിക്കെണ്ടതെന്ന്‌ കണ്‍ഫ്യൂഷന്‍ അടിച്ച്‌ നില്‍ക്കുന്ന കാലം. അവരിലാരെയെങ്കിലും പ്രേമിച്ചാല്‍ പൊറയിക്കോട്ട്മ്യാലിലെ സ്മിതയെ ആര്‌ പ്രേമിക്കും എന്ന ശങ്ക നിറഞ്ഞ കാലം.

തൊട്ടയല്‍പക്കത്തുള്ള ജാസ്മിന്‌ കൊടുത്ത ഐ ലവ്‌ യു ലെറ്റര്‍ അവള്‍ വീട്ടില്‍ കാണിക്കുമോ എന്ന പേടി മനസ്സില്‍ നിറഞ്ഞ കാലം.
വീട്ടില്‍ വളര്‍ത്തുന്ന സുമ പശുവിന്‍റെ പാല്‍ രണ്ട്‌ ഗ്ളാസ്സും, കൊല്ലമ്പടിയില്‍ നിന്ന്‌ വാങ്ങുന്ന കോഴിമുട്ടകളില്‍ ഒരെണ്ണം വച്ച്‌ രണ്ട്‌ നേരം കഴിച്ചിട്ടും എന്തേ സ്വല്‍പം കവിള്‍ വരാത്തെതെന്നും, എന്തേ നെഞ്ചിന്‍റെ ഒത്ത നടുക്കുള്ള ഒരു തൊടം എണ്ണ നിറയുന്ന കുഴി നിവരാത്തതെന്നും ആലോചിച്ച്‌ നടന്ന കാലം.

അതെ, അങ്ങനെ കണ്‍ഫ്യുഷനടിച്ചും, പേടിച്ചും, ആശങ്കപ്പെട്ടും, ചുമ്മാ അങ്ങ്‌ ജീവിച്ച്‌ പൊയ്ക്കോണ്ടിരുന്ന ചെറുപ്പകാലത്താണ്‌ എന്‍റെ ഈ വീഴ്ചയും നടക്കുന്നത്‌. വീണത്‌ ഒരു ഞായറാഴ്ച ആണെന്നാണ്‌ വിശ്വാസം. കാരണം ഞായറാഴ്ചകളിലാണല്ലോ ദൂരദര്‍ശനില്‍ വൈകിട്ട്‌ മലയാള സിനിമ ഉണ്ടായിരുന്നത്‌. വീഴ്ചേം കഴിഞ്ഞ്‌ ഐഡക്സും പുരട്ടി ഏതോ ഒരു സിനിമ കണ്ടതായി ഞാന്‍ ഓര്‍ക്കുന്നുണ്ട്‌.അന്ന്‌ ഞങ്ങളുടേത്‌ പഴയൊരു വീടായിരുന്നു. അറയും നിരയും നിലവറയുമൊക്കെയുള്ള ഓട്‌ പാകിയ ഒരു വീട്‌. തിണ്ണ ബ്ളാക്‌ ഓക്സൈഡ്‌ പൂശിയതാണ്‌. ലക്ഷ്വറി,ലക്ഷ്വറി!! ( അതിനും മുന്‍പ്‌ അവിടം ചാണകം മെഴുകിയതായിരുന്നെത്രെ. എനിക്കതോര്‍മ്മയില്ല)ഏതെ ചൂട്‌ കാലത്തും ആ തിണ്ണയില്‍ നല്ല തണൂപ്പായിരുന്നു. ( പുതിയ വീടിനേക്കാള്‍ എനിക്കിഷ്ടം ആ പഴയ വീട്‌ തന്നെയായിരുന്നു. ) മുറ്റത്ത്‌ ഒരു നെല്ലിമരവും അതിനുചുറ്റും തിങ്ങിവളര്‍ന്ന കുറ്റിമുല്ലയും പിന്നെ മുന്‍വശത്ത്‌ പറമ്പിനതിരായി നില്‍ക്കുന്ന വര്‍ഷത്തിലൊന്ന്‌ നിറയെ കായ്‌ക്കുന്ന ഒരു മരോട്ടിയും ഉണ്ടായിരുന്നു. ആ മാരോട്ടിയുടെ ചുവട്ടിലൂടെയാണ്‌ നടപ്പാത. അതുവഴി ഇറങ്ങിയാണ്‌ ഞങ്ങള്‍ കുളിക്കുവാനും, (ഞാന്‍) കളിക്കുവാനുമൊക്കെ പോണത്‌.

അന്ന്‌ ഉച്ചയൂണും കഴിഞ്ഞ്‌ തിണ്ണയുടെ തണുപ്പില്‍ക്കിടന്നൊന്ന്‌ മയങ്ങി. ഒരു മൂന്ന്‌ മൂന്നരമണി ആവും കുറെ സ്ത്രീജനങ്ങളുടെ സംസാരവും ചിരിയും കേട്ടാണ്‌ ഞാന്‍ കണ്ണ്‌ തുറന്നത്‌. നോക്കുമ്പോളതാ നമ്മുടെ താഴത്തെ പറമ്പില്‍ നിന്ന്‌ ഒരു പറ്റം സ്ത്രീജനങ്ങള്‍ ഇല്ലത്തെ ശാന്തച്ചിറ്റയുടെ നേതൃത്വത്തില്‍ മഹിളാസമ്മേളനം നടത്തുന്നു. ഒപ്പം എന്‍റെ അമ്മയുമുണ്ട്‌. മറ്റ്‌ പ്രധാന അംഗങ്ങള്‍ വല്ലനാട്ടെ ഉമച്ചിറ്റ, പുത്തുപ്പുള്ളിലെ വാനമ്മ, ജ്യോതിസിന്‍റെ അമ്മ ശ്യാമളച്ചിറ്റ, മ്യാലിലെ പെമ്പിള, മേരിച്ചേച്ചി, വേലന്‍മാടത്തെ രാധാമണി, ഉഷ എന്നിവരാണ്‌.

എന്നാല്‍ തിണ്ണയിലെ തണുപ്പിനെ പുല്ലുപോലെ ഉപേക്ഷിച്ച്‌ എഴുന്നേറ്റ്‌ മുറ്റത്തേക്കൊരു ചാട്ടം ചാടുകയും പെട്ടെന്ന്‌ ജനഗണമന കേട്ടപോലെ ഒട്ടുനേരം എന്നെ അറ്റന്‍ഷന്‍ ആക്കി നിര്‍ത്തുകയും ചെയ്തതിന്‌ ഈ മാന്യമഹിളാകിളവികള്‍ക്ക്‌ എന്തെന്തിലും പങ്കുണ്ടെന്ന്‌ ആരും ധരിക്കരുത്‌. എന്നെ ഹഠാദാകര്‍ഷിച്ചത്‌ കിളവിക്കൂട്ടങ്ങള്‍ക്ക്‌ കുറച്ച്‌ മാറി ചിരിച്ചുല്ലസിച്ച്‌ നില്‍ക്കുന്ന റ്റെല്‍സി, നിഷ, ഷേര്‍ളി, ജയ എന്നീ നാല്‌ വാടാമലരുകളായിരുന്നു. നാലില്‍ മൂന്ന്‌ പേര്‍ എന്‍റെ സ്കൂള്‍മേറ്റ്സ്‌. ഷേര്‍ളി മാത്രം പാലാ അല്‍ഫോന്‍സാ കോളേജില്‍ പ്രീഡിഗ്രിക്ക്‌ പഠിക്കുന്നു. എന്നാലും ആ ഒരു കുറവിന്‍റെ പേരില്‍ ഞാന്‍ ഷേര്‍ളിയെ അവഗണിച്ചിരുന്നില്ല കേട്ടോ. മറ്റേത്‌ പെണ്‍കുട്ടികള്‍ക്കും കൊടുക്കുന്ന അതേ ശ്രദ്ധയും പരിഗണനയും ഞാന്‍ അയാള്‍ക്കും കൊടുത്തിരുന്നു.

അറ്റന്‍ഷനായിത്തന്നെ നിന്ന്‌ ഞാന്‍ ആലോചിച്ചു, എങ്ങനെ ഇവരുടെ മനസ്സില്‍ ഒരു ആരാധനാമൂര്‍ത്തിയായി കയറിപ്പറ്റാം. എന്ത്‌ വേലകാണിച്ചാല്‍ ഇവര്‍ വീഴും. ഈ വാടാമലരുകളെല്ലാം കൂടി എനിക്ക്‌ വേണ്ടി കടിപിടി കൂടുന്ന ഒരു നിമിഷം എങ്ങനെ വരുത്തും. എന്‍റെ പാട്ടുപുരക്കലമ്മേ ഒരു വഴി കാണിച്ച്‌ തരണേ....

തേടിയ വഴി കണ്ണില്‍ത്തട്ടി. അരക്ക്‌ താഴെ ഉയരത്തില്‍ അടുക്കി വച്ചിരിക്കുന്ന ഇഷ്ടികകള്‍. കിളവിക്കൂട്ടങ്ങള്‍ക്കുംകിളിന്ത്കൂട്ടങ്ങളും നില്‍ക്കുന്നതിന്‍റെ നടുവിലൂടെയാണ്‌ ഞങ്ങള്‍ കുളിക്കാന്‍ പോവുന്ന തോട്ടിലേക്കുള്ള നടപ്പാത. നടപ്പാതയോട്‌ ചേര്‍ന്ന്‌ ഇല്ലത്തെ രാമന്‍ കുഞ്ഞുണ്ണി റബ്ബര്‍ ഷീറ്റ്‌ അടിക്കാനുള്ള മെഷീന്‍ പുര കെട്ടാനായി ഇറക്കിവച്ചിരിക്കുന്നതാണ്‌ ആ ഇഷ്ടികകള്‍. അതിന്‍റെ സമീപത്തയാണ്‌ വാടാമലരുകള്‍ നിലയുറപ്പിച്ചിരിക്കുന്നത്‌. പലപ്പോഴും ആ ഇഷ്ടകള്‍ക്ക്‌ മേളിലൂടെ ചാടി ഓടി കുത്ത്‌ കല്ലുകളെ ആശ്രയിക്കതെ ഇടവഴിയിലേക്കെടുത്ത്‌ ചാടി ഇടവഴിയും കടന്ന്‌ പാടവരമ്പത്തൂടെ ഓടി പാടം മുറിച്ചൊഴുകുന്ന തോട്ടിലേക്ക്‌ ഉളികുത്തി അവിടെക്കിടന്ന്‌ നീന്തിത്തിമിര്‍ത്താണ്‌ എന്‍റെ കുളി.
എന്നാല്‍ പിന്നെ അങ്ങനെ ഒരു കുളിക്കാന്‍ പോക്ക്‌ നടത്തിക്കളയാമെന്ന്‌ തീരുമാനിച്ചു. അതാവുമ്പോള്‍ ആരാധന ചുമ്മാ ഇങ്ങ്‌ പോരും. കാരണം അങ്ങനെ ഒരു ചാട്ടവും ഓട്ടവുമൊന്നും ആ ജാതികളിലൊന്നിനും കഴിയില്ലല്ലോ. (മതിലുചാടുന്ന തരുണീമണികള്‍ ഇല്ലെന്നല്ല ഞാന്‍ പറഞ്ഞതിനര്‍ത്ഥം കേട്ടോ). ആണായിപ്പിറന്നവന്‍റെ വില അവര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ ഇത്‌ തന്നെ പ��്റിയ സമയം. പുരുഷപ്രജകളുടെയെല്ലാം യശ്ശസ്സുയര്‍ത്തുന്ന അതിസാഹസികമായ ഒരു കാര്യംചെയ്യാന്‍ പോവുന്നു എന്ന ചിന്ത എന്നെ വല്ലാതെ പുളകിതനാക്കി. ഉള്ള രോമങ്ങള്‍ ഒന്നൊഴിയാതെ ആഞ്ചിത്തുടങ്ങി. ആണുങ്ങളെ അഭിമാനിക്കൂ...നിങ്ങള്‍ക്കായിതാ ഞാനത്‌ ചെയ്യുന്നു...

സോപ്പും തോര്‍ത്തുമെടുത്ത്‌ ഞാന്‍ "ടേക്ക്‌ ഓഫിന്‌" തയ്യാറായി. ഹൃദയത്തിന്‍റെ ഈ വൃത്തികെട്ട രീതിയിലുള്ള ഇടി പതിവില്ലാത്തതാണല്ലോ, ഞാന്‍ ഓര്‍ത്തു. വെറുതെ ഞാന്‍ ഇടത്‌ നെഞ്ചിലേക്കൊന്ന്‌ നോക്കി. "കുഴിയുടെ" വക്കത്തിരുന്ന്‌ അവന്‍ സകലശക്തിയുമെടുത്ത്‌ ഇടിക്കുന്നുണ്ട്‌. പൊങ്ങിത്താഴുന്നത്‌ തൊലിപ്പുറത്ത്‌ കാണാം. നാല്‌ പെണ്‍പിള്ളേരേ കണ്ടാല്‍ അപ്പോത്തുടങ്ങും. ഇവനെന്‍റെ മാനം കളയുമോ?

വാടാമലരുകള്‍ സംസാരത്തിലും ചിരിയിലും തന്നെ. ആരും നമ്മളെ ശ്രദ്ധിക്കുന്നില്ല. ഇങ്ങനെയായാല്‍ ഒരുചാട്ടം പാഴാവുമോ? റിസ്കെടുക്കേണ്ട. ഒരു റബ്ബര്‍ക്കമ്പെടുത്ത്‌ ഞാന്‍ അടുത്തുനില്‍ക്കുന്ന കാട്ടുചേമ്പിന്‍റെ ഇലയില്‍ ശക്തിയായി അടിച്ചു. "ഠപ്പേ" ന്ന വലിയ ശബ്ദത്തോടെ ചേമ്പില കീറി. എല്ലാവരുടെയും ശ്രദ്ധ എന്‍റെ നേര്‍ക്കായെന്ന്‌ ഒളികണ്ണാല്‍ ഉറപ്പ്‌ വരുത്തി ഞാന്‍ കൌണ്ട്‌ ഡൌണ്‍ തുടങ്ങി." ...3, 2, 1 , 0 "

കയ്യിലിരുന്ന വടി എറിഞ്ഞ്‌ ഞാന്‍ പാഞ്ഞു. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്‌. ഇടക്ക്‌ അമ്മയുടെ ശബ്ദം ഒന്നുകേട്ടു. എന്നോടെന്തോ പറഞ്ഞതാണോ. എന്തായാലും ഇനി നില്‍ക്കാന്‍ വയ്യ. ഇതാ ഞാന്‍ ഇഷ്ടികക്കടുത്തെത്താറായി ഇനി വലതുകാലുകൊണ്ട്‌ കുതിച്ച്‌ ഇടതുകാല്‍ ഉയര്‍ത്തി ചാടണം. ഞാന്‍ വലതുകാലില്‍ സകലശക്തിയുംകൊടുത്ത്‌ ഇടതുകാല്‍ പരമാവധി ഉയര്‍ത്തി അപ്പോഴാണ്‌ ഒരു കാര്യം ഒരാവശ്യവുമില്ലാതെ പെട്ടന്ന്‌ ഓര്‍ത്തത്‌ " കല്യാണസൂത്രകവചം " ഇട്ടിട്ടില്ല. തീര്‍ത്തും " വിത്ത്‌ ഔട്ട്‌ " . ഈശ്വരാ നാറുമല്ലോ... പോക്കിയ കാല്‍ താഴ്ത്തി. നിമിഷനേരംകൊണ്���്‌ ഇടിപ്പടത്തിലെ വില്ലനെപ്പോലെ അടുക്കിവച്ചിരുന്ന ഇഷ്ടികകള്‍ തെറുപ്പിച്ച്‌ അതിഭീകരമായാരാര്‍ത്തനാദത്തോടെ വാടാമലരുകളുടെ കാല്‍പ്പാദങ്ങളില്‍ വീണ്‌ നമസ്കരിച്ചു.

അഭിമാനത്തെ വേദന കീഴ്പ്പെടുത്തി. യാതൊരു നാണക്കേടുമില്ലാതെ കാല്‍മുട്ടുകള്‍ പൊത്തി ഞാന്‍ അലറിക്കരഞ്ഞു. യാതൊരു ദാക്ഷണ്യവും കൂടാതെ ഓടിവന്ന അമ്മ എഴുന്നേല്‍പ്പിച്ച്‌ നിര്‍ത്തി ചന്തിക്ക്‌ രണ്ട്‌ പെടച്ചു. അതോടെ വേദനക്ക്‌ ഒരു ബാലന്‍സായി. വാ പൊത്തിപ്പിടിച്ച്‌ ചിരിക്കുന്ന വാടാമലരുകളെ ഞാന്‍ കണ്ടില്ലെന്ന്‌ വച്ചു.

അതിനിടക്ക്‌ ചിരിച്ചുകൊണ്ട്‌ തന്നെ നിഷ അവളുടെ വീട്ടിലേക്കോടിപ്പോയി "ഐഡക്സും" എടുത്ത്‌ ചിരിച്ചുകൊണ്ട്‌ തന്നെ മടങ്ങി വന്നു. അമ്മ അത്‌ മുട്ടില്‍ പുരട്ടിത്തന്നു. അമ്മയുടെ തോളില്‍ കയ്യിട്ട്‌ ഒക്കി ഒക്കി വീട്ടിലേക്ക്‌ നടന്നപ്പോള്‍ കിക്കി കിക്കി എന്ന ചിരികള്‍ കേള്‍ക്കാത്ത മട്ടില്‍ അമ്മയോട്‌ ഞാന്‍ പറഞ്ഞു. " ഹോ, അട്ട ഊച്ചിയ മണമാണ്‌ ഈ ഐഡക്സിന്‌ "

(ക്ഷമിക്കുക. ഇതും സ്വല്‍പ്പം നീണ്ടുപോയി. രസിച്ചോ? അതോ.... )


SocialTwist Tell-a-Friend
Related Stories: രണ്ടാമത്തെ വീഴ്ച - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon