You are here: HOME » MAINNEWS »
പണിക്കര്‍ക്കവിതയിലെ ഹാസ്യരസതന്ത്രം
ഡോ. എ. നുജൂം Jayakeralam Malayalam News
Tuesday, 24 April 2012
പടിഞ്ഞാറിസത്തിന്റെ ആധിപത്യത്തില്‍നിന്ന്‌ മോചിതമാകുന്ന കവിതയും നിരൂപണവും അയ്യപ്പപണിക്കരുടെ സ്വപ്നമായിരുന്നു. ..ഒരു പടിഞ്ഞാറന്‍ ഗ്രന്ഥകാരനുമായോ എഴുത്തുകാരനുമായോ പൂര്‍വബന്ധം സ്ഥാപിക്കാതെ ഒരു മലയാള എഴുത്തുകാരനെയും പുസ്തകത്തെയും പരാമര്‍ശിക്കാന്‍ മടുക്കുന്ന സാഹിത്യനിരൂപണം അതിന്റെ ചുമതല വേണ്ടവിധം നിറവേറ്റുന്നില്ല എന്നു പറയേണ്ടിയിരിക്കുന്നു.., പടിഞ്ഞാറിസം എന്ന ലേഖനത്തില്‍ (അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍) കവി എഴുതി. യൂറോപ്യന്‍ അധിനിവേശം നമുക്ക്‌ വ്യാവസായികനാഗരികതയും ദേശീയ ജനാധിപത്യവും കമ്യൂണിസവും വികസനപരിപ്രേക്ഷ്യങ്ങളും നല്‍കി. കലയും സംസ്കാരവും സ്വാഭാവികമായിത്തന്നെ പുനര്‍നിര്‍മ്മിക്കപ്പെട്ടു. ഇവിടെ എവിടെയാണ്‌ നമുക്ക്‌ പടിഞ്ഞാറിസത്തില്‍നിന്ന്‌ ഒരു വിമുക്തിയുണ്ടാവുക? പടിഞ്ഞാറുനിന്നുള്ള എഴുത്തുകാരില്‍ നിന്നല്ലേ നാം ഊര്‍ജ്ജവും രീതിശാസ്ത്രവും ഉള്‍ക്കൊണ്ടത്‌. ..നമ്മുടെ എഴുത്തുകാരുടെ മൗലികത കണ്ടെത്തുന്നതില്‍ നിന്ന്‌ ഈ പടിഞ്ഞാറിസം എന്ന രോഗം വിമര്‍ശകനെ തടയുന്നു..വെന്നും കമി തന്റെ നിരൂപണത്തില്‍ കണ്ടുപിടിക്കുന്നു. ഈ മൗലികത എന്ന പരികല്‍പന എഴുത്തുകാര്‍ക്ക്‌ പകര്‍ന്നുകിട്ടുന്നതും പടിഞ്ഞാറിസത്തില്‍ നിന്നുതന്നെയാണ്‌. ഏതായാലും പടിഞ്ഞാറിസത്തില്‍നിന്നുള്ള വിടുതി കവി തീവ്രമായി ആഗ്രഹിച്ചിരുന്നുവെന്നതിന്‌ ഈ അസ്വസ്ഥത നിറഞ്ഞ നിരീക്ഷണം തെളിവാണ്‌.

പണിക്കരുടെ കാവ്യജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം ഒരുപക്ഷേ ഈ മൗലികത തന്നെയായിരുന്നു. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ പരിണതപ്രജ്ഞനായിരുന്ന ഈ മലയാളി സ്വന്തം സംസ്കാരികസ്വത്വത്തിനു വിഘാതമാകുന്നതെന്തെന്ന്‌ നിരന്തരം നിരീക്ഷിച്ചു. പടിഞ്ഞാറന്‍ സാഹിത്യത്തെ അടുത്തറിഞ്ഞതുകൊണ്ട്‌ എന്താണ്‌ പടിഞ്ഞാറനല്ലാത്തതെന്ന്‌ കണ്ടെത്താന്‍, അതിന്റെ സ്വാധീനത��തല്‍ നിന്ന്‌ രക്ഷനേടാന്‍ കവിക്ക്‌ ക്രമേണ സാധിച്ചുവെന്നു കാണാം. 1987ലാണ്‌ കവി മേല്‍പറഞ്ഞ തന്റെ അഭിലാഷം ലേഖനത്തിലൂടെ വിശദമാക്കുന്നത്‌. അക്കാലമായപ്പോഴേക്കും കവി തന്റെ ലക്ഷ്യത്തിലെത്തിക്കഴിഞ്ഞിരുന്നു. 1957-64 കാലത്താണ്‌ കുരുക്ഷേത്രത്തിന്റെ പിറവി. അതാകട്ടെ റ്റി. എസ്‌. എലിയറ്റിന്റെ തരിശുഭൂമിയുടെ വിദൂരമായ പിന്തുടര്‍ച്ചയായിരുന്നുതാനും. കുരുക്ഷേത്രരചനാകാലത്തെ കവിയെ പഴയകാലത്തിലേക്ക്‌ വകഞ്ഞുമാറ്റി പരിരക്ഷിക്കുവാന്‍ 1987 ലെ കവിക്കു സാധിച്ചു. സ്വന്തം കവിതയെയും മൗലികതയെയും പടിഞ്ഞാറിസത്തെയും സംബന്ധിച്ച്‌ സ്വന്തമായ നിരീക്ഷണങ്ങഴുണ്ടായിരുന്നുവെന്ന്‌ നമുക്ക്‌ മലസ്സിലാക്കാം. അതിന്റെ പശ്ചാതലത്തില്‍ വേണം പണിക്കര്‍ക്കവിതകളിലെ ഹാസ്യരസത്തെക്കുറിച്ചും അത്‌ കാവ്യരചനയില്‍ വഹിച്ച പ്രാധാന്യത്തെക്കുറിച്ചും നിരീക്ഷിക്കുക.അജ്ഞേയമായ വിഷാദാത്മക, ഭാവിയിലേക്കുള്ള സ്വപ്നാടനം, ഭൂതത്തിലേക്കുള്ള ഗൃഹാതുരത തുടങ്ങിയവയില്‍ വ്യവസ്ഥപ്പെട്ടിരുന്ന കാല്‍പനികഭാവുകത്വം യൂറോനാഗരികതയുടെ അനന്തരഫലമായിരുന്നു. വ്യക്തി നിഷ്ഠമായ കര്‍തൃത്വങ്ങളുടെ നിര്‍മിതിയെ പരിപോഷിപ്പിക്കുന്നതായിരുന്നു അത്‌. ഗ്രാമീണസംസ്കൃതിയിലെ ഗോത്രതാളത്തെ അത്‌ അപനിര്‍മ്മിക്കുകയായിരുന്നു. കാല്‍പനികഭാവുകത്വത്തിലെ വൈരുധ്യങ്ങള്‍ വളര്‍ന്ന്‌ ആധുനികത രൂപംകൊള്ളുകയായിരുന്നു. പടിഞ്ഞാറിസം അതിന്‌ ആക്കം കൂട്ടി. രൂപത്തിലും ഭാവത്തിലും ബഹുമാതൃകകളെ പരീക്ഷിച്ചുകൊണ്ട്‌ വായനയുടെ രീതിശാസ്ത്രത്തെ അത്‌ പുതുക്കിപ്പണിതു. യുക്തിബന്ധമായ ആഖ്യാനങ്ങളെ നിരാകരിച്ചുകൊണ്ട്‌ മാധവന്‍ അയ്യപ്പത്ത്‌ എന്ന കവിതയാണതിനു തുടക്കം നല്‍കിയത്‌. ഡോ. കെ. അയ്യപ്പപ്പണിക്കര്‍ കാല്‍പനികതയുടെ ..നീരാളിപ്പിടുത്ത..ത്തില്‍നിന്ന്‌ ക്രമേണ മോചനം നേടിക്കൊണ്ട്‌ ഒരുതരം വ്യവസ്ഥാരാഹിത്യത്തിന്റെ വ്യ��സ്ഥയിലേക്ക്‌ സംക്രമിക്കുകയായിരുന്നു. അറുപതുകളുടെ അവസാനത്തോടെയാണ്‌ അത്‌ സ്വന്തം ഭൂമികയിലെത്തുന്നത്‌. കവിതയുടെ വര്‍ത്തമാന്യവസ്ഥകളെ പുനര്‍നിര്‍മ്മിക്കുന്നതിലാണ്‌ കവി സ്വന്തം മൗലികത കണ്ടെത്തുന്നത്‌. അത്‌ ചരിത്രപരമായ ഒരു ദൗത്യം കൂടിയാവുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്രത്തിന്റെ സൗഭാഗ്യവും കവിക്കു കൂട്ടിനുണ്ടായിരുന്നു. കടമ്മനിട്ട രാമകൃഷ്ണന്‍, ജി. കുമാരപിള്ള, ആര്‍. രാമചന്ദ്രന്‍, സച്ചിദാനന്ദന്‍ എന്നിങ്ങനെ പല പ്രധാനകവികളും ഈ പ്രസ്ഥാനത്തില്‍ സജീവമായെങ്കിലും സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്ന കവിയായത്‌ പണിക്കരായിരുന്നു. അതുകൊണ്ടുതന്നെ ആ കവിത ആധുനികതയുടെ എല്ലാസാധ്യതകളും പരീക്ഷിച്ചു. പുതുനാഗരികതയുടെ കാല്‍പനികമായ ഏകശിലാഭാവുകത്വത്തെ ..അവ്യവസ്ഥ..കൊണ്ട്‌ ഞെട്ടിക്കുമ്പോള്‍ ഒരുതരം ..ചിരി.. രൂപപ്പെട്ടു. രചനയുടെ മസൃണതയിലും (ജീഹശവ്ലൈ) സംഗീതാത്മകതയെയും വികാരതരളതയെയും പരിചയിച്ച്‌ വ്യവസ്ഥപ്പെട്ട സഹൃദയന്‌ പുതുകവിതയുടെ പരീക്ഷണാത്മകതയെ ഒരു ..നാറാണക്കിറുക്കെ..ന്നു തോന്നിച്ചു. ഇവിടെ ചിരിയുണ്ടായത്‌ കവിയുടെ കിറുക്കുകൊണ്ടുമാത്രമല്ല, സഹൃദയ ഭാവുകത്വത്തിന്‌ അതത്രപെട്ടെന്ന്‌ ഉള്‍ക്കൊള്ളാനാവാത്തതുകൊണ്ടാണ്‌. വൃത്തബന്ധമായ കവിതകളുടെ സ്ഥാനത്ത്‌ വൃത്തദീക്ഷതെറ്റിച്ചും ഗദ്യത്തിലും വരിമുറിച്ചുമുള്ള കവിതകള്‍ വരുന്നു. മുന എന്ന കവിതയിലെ ആദ്യവരിയില്‍ ഒരക്ഷരം മാത്രം. ..വ.. രണ്ടാമത്തേതില്‍ ..ര്‍... അങ്ങനം അഞ്ച്‌ വരികളിലായിട്ടാണ്‌ വര്‍ഷങ്ങള്‍ എന്ന പദം എഴുതിത്തീര്‍ക്കുന്നത്‌. ഡയലോഗ്‌ കവിത, നാടകകവിത, പാട്ടുകവിത എന്നിങ്ങനെ വേറെയും. ഈ രൂപവ്യതിയാനങ്ങള്‍തന്നെ ഒരു വശത്ത്‌ ചിരിയുണര്‍ത്തും. വാഗര്‍ത്ഥം കൊണ്ടുമാത്രമല്ല, ശബ്ദവിന്യാസത്തിലെ പുന:ക്രമീകരണംകൊണ്ടും കവിതയെ വിചിത്രമാക്കാമോയെന്ന്‌ പരീക്ഷിച്ചിട്ടുണ്ട്‌. അവ വിജയിക്കുകയും ചെയ്തു. മുയല്‍ എന്ന കവിതയിലെ മുയലിന്റെ സ്പര്‍ശാനുഭവം ചിത്രീകരിക്കുന്ന വേള അതിനൊരുദാഹരണമാണ്‌.

..ഫ ഫ ഫ
എന്തൊരു ഫതുഫതുഫ്പ്‌ ..

കിഷ്കിന്ധ എന്ന കവിതയിലെ കിശുകിശു/കിഷ്കിന്ധ എന്ന വരികളില്‍ രാമായണസ്മരണയിലെ നിഗൂഢതകള്‍ സഹൃദയനിലോടിയെത്തും. സത്യശീലന്‍ എന്ന കവിതയില്‍ മറ്റൊരുഭാഷയില്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന്തോന്നും വര്‍ണ്യഭാവം. തീവണ്ടിയിലെ ടിക്കറ്റ്‌ പരിശോധകനെ അവതരിപ്പിക്കുന്നിടത്ത്‌

ഛക്ഛക ഛക്ഛക ഛക്ഛക
എടോ പോ പോ പോ പോടോ

എന്നിങ്ങനെ വൈചിത്രൃം സൃഷ്ടിക്കുന്നുണ്ട്‌. േ‍േ‍പ്രേമം എന്ന കവിതയുടെ പേരിലും വരികളിലും സ്വരചിഹ്നങ്ങള്‍ ആവര്‍ത്തിക്കുന്നു. താനുദ്ദേശിക്കുന്ന അര്‍ത്ഥാനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ ലിപിവ്യാകരണത്തെ സ്വാഭീഷ്ടപ്രകാരം പുനര്‍വിന്യസിക്കുന്നു. രൂപപരമായ സ്വാതന്ത്രൃത്തിന്‌ പരിധികല്‍പിക്കാത്ത കവി അക്കാര്യത്തില്‍ നിര്‍ഭയനാണ്‌.കവിതകള്‍ക്ക്‌ കൊടുക്കുന്ന തലക്കെട്ടിലുള്ള കലാപം മൗലികതയ്ക്ക്‌ മാറ്റ്കൂട്ടുന്നതാണ്‌. അവിടെയും ചിരിയുണരും, ആര്‍ക്കും. മോ?, ജൂഹു, ശത്രുമിത്രം, വിപ്ലവം, മഹാരാജാവും വയറിളക്കവും, ഞാനപ്പാന, സ്ത്രൂഗാ എന്നിങ്ങനെ അസ്വാഭാവികവും വിചിത്രവുമായ രീതിവൈവിധ്യം നിറഞ്ഞതാണ്‌. ഇവിടെയും പ്രതീക്ഷിക്കാത്ത സവിശേഷതകള്‍ കാല്‍പനികതയുടെ കുലീനതയെ നിരാകരിക്കുന്നു.

വിരുദ്ധസാംസ്കാരിക പ്രതിനിധാനങ്ങളുള്ള പദങ്ങളെ ഒരുമിച്ചു വയ്ക്കുന്നതിലൂടെ സൃഷ്ടിക്കുന്ന അര്‍ത്ഥസംക്രമണം കവിതയുടെ പൊതുസ്വഭാവത്തില്‍പെടും. ധ്യാനം എന്ന കവിതയില്‍ ..ഭഗവാന്‍.., ..മോന്ത.. എന്നീ പദങ്ങളെ ബന്ധപ്പെടുത്തുന്നു.

ഭഗവാനേ, നിന്റെ മോന്ത
യിന്നുമെത്രമനോഹരം.

മോന്തയെന്ന നാടന്‍പദം നാഗരികവും വരേണ്യവുമായ സന്ദര്‍ഭങ്ങള്‍ക്കു പരിചയമില്ല. മോശപ്പെട്ട അര്‍ത്ഥത്തില്‍ ച്യുതി സംഭവിച്ച ഈ പദം തനി മലയാളമാണ്‌. അത്‌ ഭഗവാന്‍ എന്ന സംസ്കൃതപദത്തോട്‌ അന്വയിപ്പിക്കുമ്പോള്‍ ഒരു ജാതിസമരത്തിന്റെ പ്രയോജനമാണ്‌ ലഭിക്കുന്നത്‌. നാടന്‍ പദങ്ങള്‍, പ്രയോഗങ്ങള്‍, കുസൃതികള്‍ എന്നിവയോട്‌ കവിക്കുള്ള ആഭിമുഖ്യം കവിയുടെ ഭാഷാസ്വത്വവാദത്തെ വെളിച്ചപ്പെടുത്തുന്നതാണ്‌. കവിതയുടെ മുഖ്യധാരയില്‍ തനിമലയാളത്തിന്‌ ഇടം നല്‍കുന്നതില്‍ ദത്തശ്രദ്ധനാണ്‌ കവി. സ്വര്‍ഗം എന്ന കവിതയിലെ ഭാഷാപദപ്രയോഗത്തിന്റെ രാഷ്ട്രീയം നിസ്വര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയുള്ളതാണ്‌.

നാളത്തെ സ്വര്‍ഗങ്ങള്‍
പിന്നെയാട്ടെ
ഇന്നിത്തിരി
വറ്റുതാ വല്യകൃഷ്ണാ.

കവിതയുടെ ഭാവനിര്‍മ്മിതിയിലും കാല്‍പനികവിരുദ്ധവും വ്യകതികര്‍ത്തൃത്വത്തിനുമെതിരായ കലാപമുണ്ട്‌.

കവി സ്വന്തം മീശപോലെ സന്ധ്യചവയ്ക്കുന്നു
ഒരു പുതിയസംസ്കാരത്തെപ്പറ്റി അയാള്‍ സംസാരിക്കുന്നു.

എന്ന്‌ ..പാസേജ്‌ റ്റു അമേരിക്ക..യില്‍ എഴുതുന്നിടത്ത്‌ കാവ്യനിര്‍മ്മിതിക്കു പിന്നിലവകാശപ്പെടുന്ന ..അതിഭൗതികതയെ കവി നേരിടുന്നു. വെളിപാടിന്റെ ദിവ്യത്ത്വം അവകാശപ്പെടാത്ത കവിതയെ വാഗ്ദാനം ചെയ്യുന്നു. സ്വന്തം നിലയില്‍ അയത്നലളിതവും ധ്വനിസാന്ദ്രവുമായ ..രസരാസകേലികള്‍.. നിര്‍വഹിക്കുന്ന കവിയെയാണ്‌ രണ്ടാമത്തെ സമാഹാരം മുതല്‍ നാം കാണുന്നത്‌. കാല്‍പനികതയുടെ പെയ്തൊഴിയല്‍ നടക്കുന്ന ഒന്നാംഭാഗത്തില്‍ മുത്തശ്ശിപ്രേമം പോലെ ചിരിക്കുന്ന കവിതകളുമുണ്ടായിരുന്നു. ദാര്‍ശനികതയും ദുരന്തബോധവും അസംബന്ധാനുഭവത്തില്‍ ഒരുമിക്കുമ്പോള്‍ ജന്യമാകുന്ന വേദജ്ഞന്റെ നിസ്സംഗമായ ചിരി അവിടെ കാണാം. പടിഞ്ഞാറിസത്തിന്റെ നിഴലില്‍നിന്ന്‌ ഉദിച്ചുയര്‍ന്ന്‌ പൗരസ്ത്യമായ വരേണ്യതയുടെ ഗ്രഹണത്തില്‍പെടാതെ കവി തുറന്നു ചിരിക്കുന്ന ആ കവിതകളാണ്‌ കവിയുടെ മൗലികതയെ അടയാളപ്പെടുത്തുന്നത്‌.

രണ്ടാം ഖണ്ഡത്തിലെ ആദ്യകവിതയായ ..പകലുകള്‍ രാത്രികള്‍.. ���ന്ന കവിത (1969) ദാര്‍ശനികമായ ഗൗരവം മുറ്റിനില്‍ക്കുമ്പോഴും വിദൂഷകാത്മകമായ നര്‍മത്തിന്റെ സാന്നിധ്യം വിചിത്രമായിതോന്നാം. സെപ്തംബര്‍ 6ലെ കവിതക്കുറിപ്പ്‌ ജീവിതത്തിലെ പ്രശ്നപരിഹാരങ്ങളിലുള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്ന അസംബന്ധത്തെ അനുഭവാത്മകമാക്കുന്നു, പ്രതീകാത്മകമായ ഒരു കഥയിലൂടെ. മണക്കാന്‍ കഴിവുനഷ്ടപ്പെട്ട ഒരീച്ച ആനയുടെ തുമ്പികൈക്കകത്ത്‌ ഇടംപിടിക്കുന്നത്‌ അത്‌ മണക്കുമ്പോള്‍ തനിക്കും മണം കിട്ടുമെന്ന്‌ കരുതിയാണ്‌. എന്നാലിവിടെ ഒരു വ്രണം പൊട്ടി ദുര്‍ഗന്ധം പരക്കുമ്പോള്‍ പുറത്തുപോയ ഈച്ച തനിക്കു മണക്കാനുള്ള കഴിവ്‌ നഷ്ടപ്പെട്ടതില്‍ ആശ്വസിക്കുന്നു. പില്‍ക്കാലകവിതകളില്‍ ഈ അസംബന്ധാനുഭവം ഹാസ്യരസ നിര്‍മ്മിതകള്‍ക്ക്‌ അസ്തിത്വമായി മാറുന്നുണ്ട്‌.ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ കവിയുടെ നാല്‍പതുകളായിരുന്നു. അക്കാലങ്ങളില്‍ കവിയുടെ നര്‍മഭാവനാതാല്‍പര്യം പാകപ്പെടുകയും ഹാസരസകാരയത്രിയായി മാറുകയും ചെയ്യുന്നു. ..ചൊറി.. എന്ന കവിതയില്‍ അത്‌ സര്‍ഗാത്മകമാകുന്നു. കോടാലി, ദൈവത്തി ഒന്ന്‌, ധ്യാനം, കിഷ്കിന്ധ, ഇണ്ടന്‍, പഞ്ചതന്ത്രം പരമതന്ത്രം, പ്രശ്നം, മോ?, കാള, േ‍േ‍പ്രേമം,ശത്രുമിത്രം, വിപ്ലവപ്ലവം, നഗരഗ്രാമം, മഹാരാജകഥകള്‍, കാര്‍ട്ടൂണ്‍ കവിതകള്‍ എന്നിങ്ങനെ പോകുന്നു അതിന്റെ നീണ്ടനിര. കാര്‍ട്ടൂണ്‍ കവിതകള്‍ ചൊല്‍ക്കാഴ്ച്ചയ്ക്കനുസൃതമായ ഘടനയുള്ളവയായിരുന്നു. അതിലെ മോഷണം പ്രത്യേകിച്ചും കവിയുടെ സ്വത്വം അടയാളപ്പെടുന്ന ഒന്നാണ്‌. കവിയുടെ ഹാസ്യദര്‍ശനവും കാവ്യരചനാതന്ത്രവും അതില്‍ സമന്വയിക്കുന്നുണ്ട്‌. അതിന്റെ സാമാന്യവിശകലനം അതുള്‍ക്കൊള്ളുന്ന പ്രതിനിധാനങ്ങളെ വെളിച്ചപ്പെടുത്തിയേക്കും.

കവിയുടെ രചനാകാലത്തിന്റെ മധ്യത്തില്‍ (1976) എഴുതപ്പെട്ട മോഷണം സ്വയം സംഭവിക്കുന്ന പ്രതീതിയാണ്‌ വായനയിലുണ്ടാവുന്നത്‌. നാടോട���പ്പാട്ടിന്റെ മാതിരി വായനക്കാരന്‌/കേള്‍വിക്കാരന്‌/പ്രേക്ഷകന്‌ കൂടി ഇടപെടാനവസരം നല്‍കുന്ന വിധത്തില്‍ ഉദാരമാണതിന്റെ ശില്‍പഘടന. നാടോടി രീതിയുലുള്ള ചോദ്യോത്തരമാതൃക താളാത്മകമാണ്‌. സോപാനരീതിയിലുള്ള ഗാനാത്മകത അതിനില്ല. ലളിതമായ ഭാഷയും നാടോടിയാണ്‌. ചുവടുവച്ച്‌ കൈയടിച്ചുകൊണ്ടുള്ള നാടന്‍കളിയുടെ സ്മരണ, അത്‌ പങ്കടുത്തു കൊണ്ട്‌ അരങ്ങേറാനുള്ള ഒന്നിന്റെ പ്രതീതി തരുന്നു. മുറിക്കകത്ത്‌ പുസ്തകം തുറന്ന്‌ ഏകാന്തതയില്‍ വായിക്കുന്ന ഒരു സഹൃദയനുവേണ്ടിയല്ല അതെഴുതപ്പെട്ടത്‌. ചൊല്‍ക്കാഴ്ച എന്ന കവിതാവതരണസമ്പ്രദായത്തിലെ മുഖ്യയിനമായിരുന്നു ഇത്‌. കവിത നാഗരികതകളുടെ ഉല്‍പന്നമാണ്‌. പാട്ട്‌ ഗ്രാനീണതയുടെയും. പാട്ടില്‍നിന്ന്‌ കവിത വേര്‍തിരിയുന്നില്ല, ഗ്രാമസംസ്കൃതിയില്‍. കവിതയെ തിരിച്ച്‌ പാട്ടിന്റെ, നാടോടിദൃശ്യകലയിലേക്കു തിരികെക്കൊണ്ടുപോവുകയല്ല; മറിച്ച്‌ നാഗരികതയിലേക്കതിനെ വീണ്ടെടുക്കുകയാണ്‌ ഈ കവിതയുടെ പരോക്ഷമായ അഭിലാഷം. ഇവിടെ പുതുനാഗരികതയുടെ ആസ്വാദനരീതിയുടെ ഏകാന്തതയ്ക്കെതിരായ ഒരു കലഹമായതുമാറുന്നു.

മോഷണത്തിന്റെ കാവ്യാര്‍ത്ഥത്തില്‍ ബഹുകേന്ദ്രങ്ങള്‍ ബഹുകര്‍ത്തൃത്വങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നുണ്ട്‌. മോഷണം, കള്ളം എന്നി രണ്ടു പദങ്ങളെ മുഖാഭിമുഖം നിറുത്തിക്കൊണ്ട്‌ അവയുടെ സാംസ്കാരിക-സാമൂഹിക-സാമ്പത്തുക സന്ദര്‍ഭങ്ങളെ കവിത വെളിവാക്കുന്നു. മോഷ്ടാവ്‌ എന്ന സംസ്കൃതപദം മാന്യവത്കരിക്കപ്പെട്ടതും കള്ളന്‍ എന്ന നാടോടി മലയാളപദം പാര്‍ശ്വവത്കരിക്കപ്പെട്ടതുമായിരിക്കുന്നു. നഗരം, ഗ്രാമം എന്നിവയെ അവ യഥാക്രമം പ്രതിനിധാനം ചെയ്യുന്നു. അവ നാഗരികനില്‍ അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌.

..വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ, താന്‍
കള്ളനെന്നു വിളിച്ചില്ലെ..

ഈ അസംബന്ധാത്മകമായ ചോദ്യം, പക്ഷേ യാഥ���ര്‍ത്ഥ്യമാണ്‌. കള്ളവും ചതിയുമില്ലാത്ത മാവേലിക്കാലത്തിന്റെ നാടോടിഗൃഹാതുരത്വത്തെ കുറ്റബോധത്തിന്റെ അല്ലെങ്കില്‍ ന്യായീകരണത്തിന്റെ രൂപത്തില്‍ ഇവിടെ കൊണ്ടാടുന്നു. വ്യാവസായിക നാഗരികതയിലെ (ഫ്യൂഡല്‍നാഗരിതതയെത്തുടര്‍ന്ന്‌) ജനാധിപത്യത്തിന്റെ പഴുതുകളില്‍ ഉപജീവുക്കുന്നവര്‍ക്ക്‌ അഴിമതി ഒരവകാശംപോലെയായിരിക്കുന്നു. ആ വ്യവസ്ഥയെ ഉപഹസിക്കുകയാവാം കവിത ചെയ്യുന്നത്‌. അല്ലെങ്കില്‍ സാമ്പത്തിക നിസ്സഹായതയില്‍ മോഷ്ടിക്കേണ്ടി വരുന്ന ഒരു അധസ്ഥിതന്റെ ന്യായീകരണമാവാം. അതുമല്ലെങ്കില്‍ ഗ്രാമീണവും നാഗരികവുമായ മൂല്യങ്ങളുടെ സംഘര്‍ഷം ഉള്ളിലനുഭവിക്കുന്ന ആധുനികന്റെ അസ്തിത്വപ്രതിസന്ധിയാവാം. ഇങ്ങനെ ബഹ്വര്‍ത്ഥങ്ങളുടെ പഴുതുകളും സാധ്യതകളും ഈ കവിതയിലുണ്ട്‌. ഏതായാലും ഈ കവിത പൗരസ്ത്യമോ പാശ്ചാത്യമോ ആയ കവിതയുടെ അംഗീകൃത നിയമങ്ങളെ നിരാകരിക്കുന്നുണ്ട്‌. ഒപ്പം രൂപഭാവതലങ്ങളില്‍ വികേന്ദ്രീകൃതസ്വഭാവം പുലര്‍ത്തുന്നുമുണ്ട്‌. നാടോടി സൗന്ദര്യശാസ്ത്രത്തിലെ പ്രത്യുല്‍പന്നപരതയും അയത്നലാളിത്യവും ഇതിന്റെ ശില്‍പം ഉള്‍ക്കൊള്ളുന്നുവെന്ന്‌ സാരം.കാര്‍ട്ടൂണ്‍ കവിതകളിലെ ..പാറ്റ.. കേവലയുക്തിയെ ആദര്‍ശവത്കരിക്കുന്ന ആധുനികനിലെ അസംബന്ധത്തെയും, ..കടുക്ക.. യൗവ്വനത്തിന്റെ സര്‍ഗാത്മകതയെ (വിപ്ലവോ?ു‍ഖതയെ) തകര്‍ക്കുന്നത്‌ അമ്മയാണെങ്കിലും പൊറുക്കുകയില്ലെന്ന പ്രതിഷേധത്തെയും നാടോടിരീതിയില്‍ അവതരിപ്പിക്കുന്നു. പേടിയെപ്പേടിച്ച്‌ ജീവിതം തുലയ്ക്കുന്ന ..തങ്കച്ചനും.. മനുഷ്യകര്‍ത്തൃത്വത്തേക്കാള്‍ പ്രശ്നപരിഹാരശേഷിയുള്ളത്‌ മദ്യത്തിനാണെന്ന്‌ ..റോസിലി..യും ചുവടുവച്ച്‌ പാടുന്നു.

പണിക്കര്‍ കവിതകളില്‍ പാരടികളുമുണ്ട്‌. ..വന്ദിപ്പിന്‍ താറാവിനെ.. എന്ന കവിത വള്ളത്തോളിന്റെ ..വന്ദിപ്പിന്‍ മാതാവിനെ.. എന്നതിനെ ഹാസ്യാത്മകമായി അനുകരിക്കുന്നു. സംഭാഷണ��ൂപത്തിലുള്ള ..ശത്രുമിത്രം.. സുഹൃത്തുക്കളായ എഴുത്തുകാരുടെ ഒത്തുകൂടലില്‍ നടക്കുന്ന അഭിപ്രായങ്ങളിലെ അസംബന്ധാനുഭവം വരച്ചുകാട്ടുന്നു. സങ്കല്‍പകഥാപാത്രങ്ങള്‍ക്കു പകരം മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരാവുമ്പോള്‍ യുക്തിയുടെ അയുക്തി അതിന്റെ തീവ്രത കൈക്കൊള്ളുന്നുണ്ട്‌. ..കുതിരക്കൊമ്പി..ലെ അന്വേഷണവും ഒടുവില്‍ അസംബന്ധാത്മകമാകുന്നു.

..മനസ്സൊരു പാഴ്‌ വേലയാണ്‌
ചിന്ത ഒരു തന്ത്രവും..

എന്ന്‌ പകലുകള്‍ രാത്രികളില്‍ കവി നടത്തുന്ന പ്രസ്താവനയെ സാധൂകരിക്കുന്ന ആഖ്യാനങ്ങളാണ്‌ മിക്കവാറുമെല്ലാ ഹാസ്യാത്മകകവിതകളും. ഒ.വി. വിജയന്റെ ധര്‍മ്മപുരാണത്തിന്റെ ഭാഷയെ അനുസ്മരിപ്പിക്കുന്നതാണ്‌ മഹാരാജാവും വയറിളക്കവും എന്ന ഗദ്യകവിതയുടേത്‌.

..മഹാരാജാവിന്‌ വയറിളക്കം വന്നപ്പോഴാണ്‌
രാജ്യമാകെ ഒരസ്വാസ്ഥ്യം അനുഭവപ്പെട്ടത്‌..

എന്നാണ്‌ കവിത ആരംഭിക്കുംന്നത്‌. 1975 ലാണ്‌ ഈ കവിത എഴുതപ്പെട്ടത്‌. ഒ.വി വിജയന്റെ ..ധര്‍മപുരാണം.. പില്‍ക്കാലത്താണ്‌ കടന്നുവരുന്നത്‌.

..കഠാകു.. (1977) എന്നാല്‍ മരംകൊത്തി. മരത്തടികളില്‍ പുഴുവിനെ കണ്ടെടുക്കാന്‍ കൂര്‍ത്തകൊക്കുകൊണ്ട്‌ മരങ്ങളില്‍ ലക്ഷം വീടുകള്‍ പണിയുന്ന ആശാരിപക്ഷി. ഇതിന്‌ കുഠാകുവെന്ന പേര്‌ നല്‍കിയ ബുദ്ധികേന്ദ്രത്തെ ചരിത്രിത്തില്‍ അന്വേഷിക്കുന്ന കവി ഒടുവില്‍,

സഹികെട്ട ഏതോ വിളര്‍മയ്യന്‍ മരം
പള്ളയ്ക്കുകൊത്തേറ്റു പുളയുമ്പോള്‍
ഇലയിലും പൂവിലും തടിയിലും വേരിലും
ഉള്ള ബുദ്ധി മുഴുവനുമെടുത്തു നിന്നെ വിളിച്ചു

..കുഠാകു.. എന്നു കണ്ടെത്തുന്നു. മോഷ്ടാവിനെപ്പോലെ രണ്ടു പദങ്ങളുടെ സാംസ്കാരിക-സാമ്പത്തിക സാഹചര്യങ്ങളെ ഉപദര്‍ശിക്കുന്ന കവി കുഠാകുവിന്റെ പദനിഷ്പത്തി അന്വേഷിക്കുന്നു. ദൈന്യതയെ ഇരയാക്കുന്ന ചൂഷിതരെ തിരിച്ചറിയുന്ന ഇരയെ വരയ്ക്കുന്ന ഈ കവിത ഗദ്യമാണ്‌ ഉപയോഗിക്കുന്നത്‌. ഇതിലെ ഹൃദ്യമായ നര്‍���ം മലയാളത്തില്‍ സമാനതകളില്ലാത്തതാണ്‌.

..ഇണ്ടനെ..ന്ന കവിതയിലെ ഇണ്ടനമ്മാവന്‍ ഇടംവലം കാലുകള്‍കൊണ്ട്‌ കാലിലെ ചെളി നിരന്തരം തുടയ്ക്കുന്ന ചിത്രം തരുന്നു. പലായനാത്മകതയാണോ നിസ്സഹായതയാണോ എന്ന്‌ നിര്‍ണ്ണയിക്കാനാവാത്ത അസന്ദിഗ്ദ്ധാര്‍ത്തമുള്ള ഈ കവിത നാറാണത്തിന്റെ മന്ത്‌ കഥ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ബഹ്വര്‍ത്ഥവിവക്ഷകള്‍ക്ക്‌ നാദാനമാണീ കവിതയും. വായനക്കാരന്‌ അവിടെയും തിരഞ്ഞെടുക്കാനുള്ള ഇടമുണ്ട്‌. കവിതയെ സംബന്ധിച്ച കവിയുടെ നിലപാട്‌ ഈ കവിതയില്‍. ആര്‍ക്കും പിടികൊടുക്കാത്ത ഈ കവിസ്വത്വം ഏതു ജാനസ്സിലുള്ള ഹാസ്യത്തെയാണുല്‍പാദിപ്പിക്കുന്നതെന്നത്‌ സങ്കീര്‍ണ്ണമാണ്‌.പണിക്കര്‍ക്കവിതകളിലെ ഹാസ്യം ..കറുത്തചിരിയുടെ കവി..യെന്ന പുസ്തകത്തില്‍ ..ഡോ. സാമുവല്‍ കാട്ടുകല്ലി..ല്‍ പഠിക്കുന്നുണ്ട്‌. ഫലിതം, ആക്ഷേപഹാസ്യം, ഹസ്യാനുകരണം, രൂക്ഷഹാസ്യം, പ്രഛന്നഹാസ്യം, ഹാസസൂക്തം, പുരുഷഹാസ്യം, തൂലികാചിത്രം, ഉത്കൃഷ്ടഹാസ്യം എന്നിവയെല്ലാം അതില്‍ കണ്ടെത്തുന്നു. ഭാരതീയമോ കേരളീയമോ ആയ ഹാസ്യപരികല്‍പനകള്‍ തിരഞ്ഞുകാണുന്നില്ല. കടംകഥകളിലെ കളിചോദ്യങ്ങള്‍, പഴഞ്ചൊല്ലുകള്‍, നാടോടികഥാഫലിതങ്ങള്‍, നമ്പൂതിരിനര്‍മം, നമ്പ്യാര്‍നര്‍മം, ചാക്യാര്‍നര്‍മം, കാക്കരിശിനര്‍മം, വിദൂഷകനര്‍മം, നാട്ടറിവുഫലിതം തുടങ്ങി തദ്ദേശീയവും നാടോടീയവുമായ ഹാസ്യമാതൃകകളാണ്‌ പണിക്കര്‍ക്കവിതകളില്‍ കൂടുതലായും കാണുന്നതെന്ന്‌ പ്രഫമ നിരീക്ഷണത്തില്‍തന്നെ കണ്ടെത്താവുന്നതുമാണ്‌. കടംകഥാനര്‍മത്തിന്റെ ശില്‍പമാതൃകയാണ്‌ ..കിഷ്കകിന്ധ..യിലും ..ഇണ്ടനമ്മാവനി..ലും കാണുക. കളിച്ചോദ്യമാതൃകയാണ്‌ ..മോഷണ..ത്തില്‍! വേദനയില്‍ നിന്നുടലെടുക്കുന്നതുകൊണ്ട്‌ പണിക്കരുടെ ഹാസ്യം കറുത്തഹാസ്യമാണെന്ന്‌ ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. ബഷീറിന്റെ ഹാസ്യം കറുത്തതാണെന്ന്‌ അയ്യപ്പപ്പണിക്കര���‍ ..ബഷീറിന്റെഹാസ്യം.. എന്ന ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്‌. അപ്പോള്‍, ഗദ്യത്തില്‍ ബഷീറും കവിതയില്‍ അയ്യപ്പപ്പണിക്കരും കറുത്തഹാസ്യത്തിന്റെ ആളുകളാണെന്ന്‌ പറഞ്ഞു വയ്ക്കാവുന്നതാണ്‌.

യഥാര്‍ത്ഥമായ ജീവിതസന്ദര്‍ഭങ്ങളെ നിര്‍മ്മിച്ചുകൊണ്ടാണ്‌ ബഷീറിന്റെ ഹാസ്യം തഴയ്ക്കുന്നത്‌. പണിക്കരാകട്ടെ പ്രതീകാത്മകഭാഷയിലൂടെയാണത്‌ സൃഷ്ടിക്കുന്നത്‌. ബിംബകല്‍പനകളില്‍ പ്രതിഫലിപ്പിക്കുന്ന ഹാസ്യം സ്വാഭാവികമായും വ്യത്യാസപ്പെട്ടിരിക്കും. ദൈവത്തിന്റെ ഖജനാവിലെ അനന്തമായ സമയത്തെയല്ല അയ്യപ്പപ്പണിക്കര്‍ ആശ്രയിക്കുന്നത്‌. ജീവിതത്തിന്റെ തന്നെ അസംബന്ധാനുഭവം കവിതകളിലൂടെ വഹിച്ചുപോകുന്ന കവി ദൈവചിന്തയില്‍ നിന്നുള്ള ആനന്ദത്തിന്‌ പകരം ചൊറിയുമ്പോഴുള്ള പരമാനന്ദമാണ്‌ യാഥാര്‍ത്ഥ്യമായി അനുഭവിക്കുന്നത്‌ (ചൊറി).

നാടോടിസൗന്ദര്യശാസ്ത്രത്തിന്റെ രചനാതന്ത്രങ്ങളെ കവിതയിലേക്ക്‌ സ്വംശീകരിച്ചുകൊണ്ടാണ്‌ അയ്യപ്പപ്പണിക്കര്‍ പടിഞ്ഞാറിസത്തെയും പാരമ്പര്യത്തെയും ആഢ്യമായ ധാരയെയും അതിജീവിച്ചത്‌. അതിലെ ബഹുമാതൃകകളും ബഹുസ്വരതയും സ്വാഭാവികമായും കവിയിലെ ഹാസ്യദര്‍ശനത്തെ മൗലികമാക്കിത്തീര്‍ത്തു. അതിന്റെ വൈവിധ്യങ്ങളെ ആഘോഷിക്കുന്ന കവിഭാഷ എല്ലാ വിഭാഗീയ നിര്‍മ്മിതികളെയും അതിജീവിക്കാനുള്ള മാന്ത്രികതയാര്‍ജ്ജിക്കുന്നു. പണിക്കര്‍ക്കവിതയിലെ ഹാസ്യനിര്‍മ്മിതിയുടെ തന്ത്രം പണിക്കര്‍ക്കുമാത്രം അവകാശപ്പെട്ടതാണ്‌. ചരിത്രം അതിന്‌ സന്ദര്‍മൊരുക്കിക്കൊടുക്കുകയായിരുന്നുവെന്നതും വാസ്തവമാണ്‌.

സഹായകഗ്രന്ഥങ്ങള്‍
1. അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍, ഡി.സി.ബുക്സ്‌, 1990.
2. അയ്യപ്പപ്പണിക്കരുടെ കൃതികള്‍ (നാലു വാല്യങ്ങള്‍), ഡി.സി. ബുക്സ്‌, 2006.
3. അയ്യപ്പപ്പണിക്കര്‍: വ്യക്തിയും കവിയും, ഡി.സി. ബുക്സ്‌, 1990.
4. പത്തുകവിതകള്‍ (പഠനങ്ങള്‍), പൂര്‍ണ്ണ, 1989.
5. മലയ���ളസാഹിത്യചരിത്രം നൂറ്റാണ്ടുകളിലൂടെ (വാല്യം 5), ഡി.സി. ബുക്സ്‌, 2003.
6. ഡോ. സാമുവല്‍ കാട്ടുകല്ലില്‍ കറുത്ത ചിരിയുടെ കവി, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌, 2000.


SocialTwist Tell-a-Friend
Related Stories: പണിക്കര്‍ക്കവിതയിലെ ഹാസ്യരസതന്ത്രം - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon