You are here: HOME » MAGAZINE »
മേലെഴുത്ത്‌
പ്രദീപ്‌ Jayakeralam Malayalam News
Tuesday, 24 April 2012
കഥ ഇതുവരെ-

കോക്കാംതോട്ടിലെ കിരീടം വെക്കാത്ത രാജാവാണ്‌ പാതനാലില്‍ മാത്തച്ചന്‍മുതലാളി. മാത്തച്ചന്റെ മകള്‍ സെലിന്‍ മാത്യൂസും,അന്‍വര്‍ റഷീദിന്റെയും ലക്ഷ്മീദേവിയുടെയും മകനായ ജീവനും കമിതാക്കളാണ്‌. ജീവന്‍ കൊടുത്തയച്ച പ്രേമലേഖനം സെലിന്‌ കൈമാറുന്നതിനിടെ കപ്യാര്‍ ദേവസ്സിയുടെ മകന്‍ സെബാനെ കാണുന്ന പാറേലച്ചന്‍ അവരെ തെറ്റിദ്ധരിക്കുന്നു. സെലിന്റെ ചേട്ടന്‍ മൈക്കിള്‍ അയയ്കുന്ന ഗുണ്ടകളില്‍നിന്നും ഡ്രൈവര്‍ തമ്പി സെബാനെരക്ഷിക്കുന്നു. ജനനസര്‍ട്ടിഫിക്കറ്റില്‍ ജാതി ചേര്‍ത്തിട്ടില്ലെന്ന കാരണത്താല്‍ ജീവന്‌ പാറേലച്ചന്‍ എം ബി എ യ്ക്‌ പ്രവേശനംനിഷേധിക്കുന്നു. പള്ളിയുടെ കോളേജില്‍ നിന്നും കിട്ടുന്ന ക്യാപ്പിറ്റേഷന്‍ ഫീ പാതനാലില്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനെഎതിര്‍ക്കുന്ന പൊന്നച്ചന്റെ ചീഞ്ഞളിഞ്ഞ ജഡം കമ്പംകൊല്ലിയില്‍ തോട്ടം തൊഴിലാളികള്‍ കാണുന്നു. മൈക്കിളിന്റെ ഭാര്യ ലിസ്സിയുടെ കുമ്പസാരം ഓണ്‍ലൈനായി കേട്ടുകൊണ്ടിരുന്ന പാറേലച്ചനെ യൂറേഷ്യന്‍ തീവ്രവാദികള്‍ തട്ടിക്കോണ്ടുപോകുന്നു. അച്ചന്റെ തിരോധാനമറിഞ്ഞ്‌ കോക്കാംതോട്ടിലെത്തുന്ന വളര്‍ത്തുമകന്‍ പീറ്റര്‍ നോര്‍ത്ത്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മാത്തച്ചന്‍മുതലാളിബലാല്‍സംഗം ചെയ്തുകൊന്ന മേരി ജയശീലിയുടെ മകനാണെന്ന രഹസ്യം കപ്യാര്‍ ദേവസ്സി മനസ്സിലാക്കുന്നു. സെലിനയ്ക്‌ നാഷണല്‍ വോളിബോള്‍ ടീമില്‍ സെലക്ഷന്‍ ലഭിക്കുന്നു. ഡ്രൈവര്‍ തമ്പിയെ വധിക്കാന്‍ മൈക്കിള്‍ പദ്ധതിയിടുന്നു. സിസ്റ്റര്‍ എയ്ഞ്ചലീന ജോളിയുടെ മോര്‍ഫിംഗ്‌ ചിത്രം ഓര്‍ക്കുട്ടില്‍ പ്രത്യക്ഷപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ അരമനയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനിടെഒരു പോസ്റ്റ്‌ മോഡേണ്‍ കഥാകൃത്ത്‌ ഈ നോവലിന്റെ 22 ാ‍ംഅദ്ധ്യായവുമായി കടന്നുകളയുന്നു.
തുടര്‍ന്നു വായിക്കുക

നാമക്കല്ലില്‍ നിന്നും കോക്കാം���ോട്ടിലേക്ക്‌ ബ്രോയിലര്‍ കോഴിയുമായി പൊയ്കൊണ്ടിരുന്ന മിനിലോറിയില്‍ ക്ലീനറായി കടന്നുകൂടിയ ഞാനെന്ന കഥാകൃത്ത്‌ തമ്പിമൈവാടി പിരിവില്‍ ചായ കുടിക്കാനിറങ്ങിയ തക്കത്തിന്‌ ഇരുപത്തിരണ്ടാം അധ്യായത്തിനൊപ്പം വണ്ടിയുമായി കടന്നപ്പോള്‍ യൂറേഷ്യന്‍ രാഷ്ട്രാതിര്‍ത്തിയായ എല്ലപ്പട്ടയില്‍, പാഴുതറയിലെ അപ്രതീക്ഷിത ഹര്‍ത്താല്‍ കാരണം കുടുങ്ങിപ്പോകുമെന്ന്‌ കരുതിയിരുന്നില്ല. അതിലും ആകസ്മികമാണ്‌ ഒരു സ്പിരിറ്റ്‌ വണ്ടിയ്ക്‌ പെയിലറ്റ്‌ വന്ന ജീവനെ അതേ സ്ഥലത്ത്‌ ഞാന്‍ കണ്ടുമുട്ടുന്നത്‌..

ഒരുകണക്കിന്‌ ഡ്രൈവര്‍ തമ്പിക്ക്‌ ആശ്വസിക്കാം. കോക്കാംതോട്ടില്‍ കോഴിവണ്ടിയെത്തിച്ച്‌ വീട്ടിലേക്ക്‌ നടക്കുന്നതിനിടെ ആലമ്പള്ളം പാലത്തിനടുത്തുവെച്ച്‌ തോട്ടുവാ വക്കനെന്ന കൊട്ടേഷന്‍ കൊലപാതകിയുടെ കുത്തേറ്റുള്ള ദാരുണമായ മരണത്തില്‍ നിന്നും ഞാനവനെ രക്ഷിച്ചിരിക്കുന്നു. വിശക്കുന്ന സിംഹങ്ങളുടെ 24 ാ‍ം അധ്യായത്തില്‍ സെലിന്‌ നാഷണല്‍ വോളിബോള്‍ ടീമില്‍ സെലക്ഷന്‍ ലഭിച്ചതിന്‌ മാത്തച്ചന്‍ മുതലാളി പാതനാലില്‍ ബംഗ്ലാവില്‍ സല്‍ക്കാരമൊരുക്കുന്നതായി വായിക്കാം. ഈ സമയത്താണ്‌ നീലച്ചിത്ര നായകന്‍ കൂടിയായ പീറ്റര്‍ നോര്‍ത്ത്‌ അമ്മാവന്‍ തമ്പിയുടെ മരണമറിഞ്ഞ്‌ ബംഗ്ലാവിലെത്തി മൈക്കിളുമായി ആദ്യമായി കൊമ്പ്‌ കോര്‍ക്കുന്നത്‌. ഈ സമയം കോഴിക്കാല്‍ ചവച്ചുകൊണ്ടിരുന്ന പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഭാര്‍ഗ്ഗവന്‍ നായര്‍ നോര്‍ത്തിനെ സാന്ത്വനിപ്പിച്ച്‌ പുറത്തു കൊണ്ടു വരുമ്പോള്‍ ചാപ്റ്റര്‍ അവസാനിക്കുന്നു.കൂടാതെ ഭാര്‍ഗ്ഗവന്‍ നായര്‍ അപ്പോള്‍ ചവയ്കാനിരിക്കുന്ന കോഴിക്കാല്‍ ഇപ്പോള്‍ കുക്കുടതനുസ്സോടെ ലോറിയിലെ കമ്പിക്കൂടിന്റെ ഒരു മീറ്റര്‍ സ്വാതന്ത്ര്യത്തില്‍ മറ്റ്‌ പതിനാല്‌ ആസന്നമാംസങ്ങള്‍ക്കൊപ്പവും. സൗകര്യാര്‍ത്ഥം ഇനി മേല്‍ നമുക്കതിനെ അനീഷ്കുമാര്‍ എന്നു വിളിക്കാം.ജീവനിപ്പോള്‍ പാഴുതറ ഗവണ്‍മെന്റ്‌ കോളേജില്‍ എം എ ഫിലോസഫി & അനിമേഷന്‍ ഡബിള്‍മെയിന്‍ ആദ്യസമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ്‌. നോവലിന്റെ 179 ാ‍ം അധ്യായത്തില്‍ പീറ്റര്‍ നോര്‍ത്തിന്റെ ചാണക്യബുദ്ധിയാല്‍ പാപ്പരാവുന്ന മാത്തച്ചന്‍ മുതലാളിയുടെ എസ്റ്റേറ്റും ബംഗ്ലാവും ലേലത്തില്‍ പിടിക്കുന്ന ജീവന്‍ നിരാലംബയായ സെലിനെ ജീവിതത്തിലേക്ക്‌ ക്ഷണിക്കുന്നു.അപ്പോള്‍ സ്നാനപ്പെട്ട്‌ ഐസക്ക്‌ എന്ന പേരിലാവും നാം ജീവനെ കാണുക. ഇതൊരു റിയലിസ്റ്റിക്‌ നോവലായതിനാല്‍ ധനികനാവാനുള്ള അദ്ധ്വാനം ഇപ്പോഴേ തുടങ്ങേണ്ടതുണ്ടെന്ന്‌ ജിവന്‍ എന്നോടു പറഞ്ഞു. എഴുത്തിനെ സാധൂകരിക്കാനായി പഠനത്തിനൊപ്പം കുഞ്ഞേട്ടന്‍പാര്‍ട്ടിയുടെ പുന:പ്രസിദ്ധീകരണമാരംഭിച്ച ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനായും റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കറായുംഅവന്‍ പ്രവര്‍ത്തിക്കുന്നു. ഇടയ്ക്‌ കാറ്ററിങ്ങിനുംപോകും.ഒക്കെപ്പുറമെ യാണ്‌ ഈ എസ്കോര്‍ട്ട്പണി.
പെയിലറ്റ്‌ ഡ്യൂട്ടി ഏറ്റവും സെയ്ഫാണ്‌. ബൈക്കും മൊബെയിലുമൊക്കെ അവര്‍ തരും. സ്പിരിറ്റ്‌ വാഹനത്തിന്‌ കുറെ മുമ്പിലായി സഞ്ചരിക്കുക.ചെക്ക്‌ പോസ്റ്റില്‍ പ്രശ്നമില്ല. ഊടുവഴികളിലെവിടെയെങ്കിലും സ്പെഷ്യല്‍ പട്രോളിങ്ങ്‌ കണ്ടാല്‍ വിളിച്ചറിയിച്ചാല്‍ മാത്രം മതിയെന്ന്‌ അവന്‍ പറഞ്ഞു. പക്ഷേ ഹര്‍ത്താലില്‍ കുടുങ്ങിപ്പോകുന്നത്‌ ഇതാദ്യം.
മിനിലോറിയിപ്പോള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്‌ പൊള്ളാച്ചിക്കാരനായ ഒരു വരദരാജതേവരുടെ തെങ്ങിന്‍തോപ്പിലാണ്‌. ഡ്യൂട്ടിയടയ്കാതെയും കള്ളക്കടത്തുസാധനങ്ങളുമായും വരുന്ന വാഹനങ്ങള്‍ക്ക്‌ യൂറേഷ്യയില്‍ നിന്നും പാഴുതറയിലെത്താനുള്ള ഗൂഡരഥ്യയാണിത്‌. വണ്ടിയൊന്നിന്‌ 250 രൂപ തേവര്‍ക്ക്‌ കമ്മീഷന്‍ കൊടുത്താല്‍ സുരക്ഷിതമായി പാഴുതറയിലെത്താം-അതിര്‍ത്തിയില്‍ സംഘര്‍ഷമില്ലാത്ത കാലമാണെങ്കില്‍ മാത്രം.
കഥാകൃത്തിന്‌ ഇത്‌ സ്വപ്നം കാണാനുള്ള ചെറിയൊരു ഇടവേളയാണ്‌. സ്വപ്നത്തില്‍ പാഴുതറയില്‍ അതിര്‍ത്തിയോട്‌ ചേര്‍ന്നു വളര്‍ന്ന ഒരു മാവിന്റെ യൂറേഷ്യയിലേക്കു പടര്‍ന്നുനില്‍ക്കുന്ന ഒരു ചില്ലയിലെ മൂപ്പെത്തിയൊരു മാങ്ങയാണ്‌ ഞാന്‍. പാഴുതറയില്‍ തെരഞ്ഞെടുപ്പടുക്കാറായതിനാല്‍ പ്രദേശം അസ്വസ്ഥഭരിതം. നുഴഞ്ഞുകയറ്റം തടയാനായി താല്‍ക്കാലികമായുണ്ടാക്കിയ പൂളവേലിയുടെ രണ്ടുപുറത്തും സൈനികരെ വിന്യസിച്ചിരുന്നു.മന്ദമാരുതന്റെ സുഖസ്പര്‍ശത്തില്‍ വേലിക്ക്‌ അപ്പുറവുമിപ്പുറവുമായി ചാഞ്ചാടിക്കൊണ്ടിരുന്ന എഴുത്തുകാരന്റെ മാംസളതയും മധുരിമയും നേരം പോകാനായി പരസ്പരം പേന്‍ നോക്കിക്കൊണ്ടിരുന്ന ഇരുപക്ഷത്തെയും ഭടന്‍മാരെ പ്രലോഭിച്ചെങ്കിലും ഒരു എറിയില്‍ മാങ്ങ വീഴ്താന്‍, കല്ല്‌ സ്ഥാനം തെറ്റിയാലുള്ള ഭവിഷ്യത്തോര്‍ത്ത്‌ ആരും മുതിര്‍ന്നുമില്ല. പകരം അടുത്ത ചാഞ്ചാട്ടത്തില്‍ കര്‍തൃത്വം ഞെട്ടറ്റുവീഴുന്നത്‌ വേലിക്കിപ്പുറം തന്റെ ഭാഗത്താവുമെന്ന പ്രതീക്ഷയോടെ ഓരോരുത്തനും അക്ഷമയോടെ കാത്തിരുന്നു.
രചയിതാവിന്റെ ധര്‍മ്മത്തെപ്പറ്റി കിനാവിലും ബോധവാനായ ഞാന്‍ അനുവാചകരിലേക്ക്‌ വെറുതെയങ്ങനെ വീഴാന്‍ ഇച്ഛിക്കില്ല..അതിനു പകരം നിപതിക്കുകയെന്ന ആത്യന്തികവിധിക്ക്‌ വശംവദനാകുന്നതിനു മുമ്പ്‌ യൂറേഷ്യയുടെയും പാഴുതറയുടെയും അതിരുകളെ ഞാന്‍ മാറ്റിവരയ്കും. അതിന്‍പ്രകാരം പൂളവേലികള്‍ ഒന്നിനു പകരം രണ്ട്‌. ഇവയ്കിടയില്‍ ഒരു കൂട്ടരുടെയുമല്ലാത്ത ചെറിയൊരു ഭൂമികയും. മാങ്ങ അവിടെയാകും നിലംപറ്റുകയെന്ന്‌ ഞാന്‍വ്യവഹരിക്കുന്നു.
തേവരുടെ ഏജന്റ്‌ കമ്മീഷന്‍ വാങ്ങാനെത്തിയെന്ന ജീവന്റെ വാക്കുകളാണ്‌ എന്നെ കാലബോധത്തിലേക്ക്‌ ഉണര്‍ത്തിയത്‌. പാര്‍ക്ക്‌ ചെയ്യുന്നതിന്‌ നൂറ്‌ രൂപ കൂടുതല്‍ നല്‍കണമത്രേ. തര്‍ക്കിച്ചിട്ടു കാര്യമില്ല. കാശുമായി ചെല്ലുമ്പോ���്‍ ഏജന്റായി അവിടെ മാസ്റ്റര്‍! ശല്യം സഹിക്കാനാകാതെ ഈ ചെറുകഥയില്‍ മന:പൂര്‍വ്വം ഉള്‍പ്പെടുത്താതിരുന്നതാണ്‌ അദ്ദേഹത്തെ. എന്നിട്ടുമെങ്ങനെ?

എന്താടാ നീ ഒഴിവാക്കിയാല്‍ ഞാന്‍ കഥയില്ലാത്തവനാകുമെന്ന്‌ കരുതിയോ?

അയ്യോ അതല്ല. വാസ്തവത്തിലിത്‌ വേറൊരാളുടെ കൃതിയല്ലേ.കഥാപാത്രത്തെ തെരഞ്ഞെടുക്കാന്‍ എനി ക്കര്‍ഹതയില്ലല്ലോ. എന്നാലും ഇതെങ്ങനെ സാധിച്ചെടുത്തു?

നിന്നെപ്പോലെ തന്നെ. സൂത്രത്തില്‍ കേറിപ്പറ്റി. നീ പേടിക്കണ്ട. ഈ കഥയിലെ കഥാപാത്രമേയല്ല ഞാന്‍
നോവലിലോ?

അല്ലെടാ നാറീ സീരിയലില്‍. വിശക്കുന്ന സിംഹങ്ങള്‍ ജനതാ ടീവി പ്രൈം ടൈമില്‍ ടെലക്കാസ്റ്റ്‌ ചെയ്യുന്നത്‌ നീ അറിഞ്ഞിട്ടില്ലേ. കഷ്ടം. സീരിയലിന്റെ സ്ക്രിപ്റ്റെഴുതുന്നത്‌ നിന്നെപ്പോലെ ചെറ്റയല്ല.,തിരക്കഥയിലും വിജയിച്ച ഒന്നാംതരം യുവകഥാകൃത്താണ്‌.ഞാനിനി അവന്റെ കൂടെ കൂടാന്‍ നിശ്ചയിച്ചു. തല്‍ക്കാലം തിരക്കഥയ്‌ല്‌ ട്രെയിനി.മിമിക്രിയില്‍നിന്ന്‌ അഭിനയത്തിലേക്കെത്തിയൊരു ഹാസ്യതാരമില്ലേ-കലാലയം പ്രേംകുമാര്‍.ഇവിടെയടുത്ത്‌ പുള്ളിയ്കൊരു ഫാം ഹൗസുണ്ട്‌.സബ്‌ യൂണിറ്റിന്റെ പത്ത്‌ എപ്പിസോഡിന്റെ രചന എന്റെ തലയിലാണ്‌.ലൊക്കേഷന്‍ ഐഡന്റിഫൈ ചെയ്യാനായി ഏജന്റിന്റെ പണി ഏറ്റെടുത്തെന്നേയുള്ളു. മാസ്റ്റര്‍ വിശദീകരിച്ചു.

ദേ. ഇത്തരം നമ്പരുകൊണ്ട്‌ ഞങ്ങള്‍ പുതിയ തലമുറയെ വിരട്ടണ്ട. കഥാപാത്രമല്ലാതെയും കൃതിയില്‍ ഭാഗഭാക്കാവാന്‍ ഒരാള്‍ക്ക്‌ ആര്‍ത്തി.വേറൊരാള്‍ക്ക്‌ സ്വപ്നത്തില്‍പ്പോലും കര്‍തൃത്ത്വത്തെക്കുറിച്ച്‌ വേവലാതി.മാറ്റിവരയ്കുന്ന ഭൂപടങ്ങള്‍ പോലും.മനുഷ്യന്‍ മേലെഴുതാത്ത മണ്ണ്‌ സാഹിത്യത്തിലായാലും എങ്ങനെ സാധ്യമാവും? ജീവന്‍ ക്രുദ്ധനായി.

അനിയനൊന്നടങ്ങ്‌.മാസ്റ്റര്‍ പറയുന്നു.അതൊക്കെ സംസാരിക്കാനിനിയും ഇഷ്ടം പോലെസമയമുണ്ട്‌. പാഴുതറയിലെ പണിമുടക്ക്‌ തീരാതെ നിങ്ങള്‍ക്ക്‌ പ���കാന്‍ കഴിയില്ലല്ലോ. അതുവരെ എന്ത്‌ ചെയ്യാനാ പരിപാടി?

പിന്നിലെ ലോറിയില്‍നിന്നും ആവശ്യം പോലെ സ്പിരിറ്റ്‌ എടുത്തുതരാം. പക്ഷേ ഞാന്‍ കുടിക്കില്ല.
പീറ്റര്‍ നോര്‍ത്ത്‌ 74 ാ‍ം അധ്യായത്തില്‍ ഒഴിച്ചുതരുന്ന വിസ്കിയാണ്‌ ഞാനാദ്യം കുടിയ്കുന്ന മദ്യം
നിന്റെ വണ്ടിയില്‍ ചിക്കണില്ലേ. ഫ്രൈ ചെയ്യാന്‍ എന്തെങ്കിലും സെറ്റപ്പുണ്ടാക്ക്‌ മാസ്റ്റര്‍

നമുക്ക്‌ ഫാം ഹൗസിലേക്കു പോയാലോ ഞാന്‍ നിര്‍ദ്ദേശിച്ചു.

അത്‌ നടപ്പില്ല. വേറൊരു കഥാകൃത്തിനെയും കൊണ്ട്‌ ഞാന്‍ ചെല്ലുന്നത്‌ എന്റെ യജമാനന്‍ അറിഞ്ഞാല്‍ ട്രെയിനിങ്ങ്‌ അതോടെ തീരും. നമുക്കിവിടെങ്ങാനും കൂടാം. തിരക്കഥ നോവലും ചെറുകഥയുമായി ഒത്തുപോകില്ല. മീഡിയം വേറെയാണ്‌.

വെറുതെ ഉരുണ്ടുകളിക്കാതെ കാര്യം എന്താണെന്നുവെച്ചാല്‍ നേരെയങ്ങ്‌ പറയ്‌ ഞാന്‍ പറഞ്ഞു.
എന്നു ചോദിച്ചാല്‍- ശരിയാണ്‌. ചെറിയൊരു കുഴപ്പമുണ്ട്‌. ഏയ്ഞ്ചലീന ജോളിയില്ലേ - ആ കവിളില്‍ മറുകുള്ള നടി റുക്സാന.ഇപ്പോഴവിടെയുണ്ട്‌.അല്‍പം എടങ്ങേറാ
കാര്യം.പീറ്റര്‍ നോര്‍ത്തിനൊപ്പം ഒരു ക്ലിപ്പിങ്ങ്‌ നാടായ നാടൊക്കെ മൊബെയിലിലൂടെ പടര്‍ന്നു. അറിയാതാരോ ഒപ്പിച്ച പണിയാ. എന്തായാലും ഇമേജാകെ പോയ അവളെ ഈ അവസ്ഥയില്‍ സിസ്റ്ററായെങ്ങനെ പ്രേക്ഷകര്‍ സ്വീകരിക്കും.യൂണിറ്റും സെറ്റും റെഡിയും.പ്രൊഡ്യൂസര്‍ അമ്പിനും വില്ലിനും അടുക്കുന്നുമില്ല.

ആ ബിറ്റ്‌ ഞാനും കണ്ടിട്ടുണ്ട്‌. ഇത്‌ തിരക്കഥയുടെ സ്കോപ്പ്‌ കൂട്ടുന്ന പരിണതിയാണല്ലോ. ഹോളിവുഡ്‌ സിനിമകള്‍ കഴിഞ്ഞാല്‍ നമുക്കിന്നേറ്റവും ക്രിയേറ്റിവിറ്റി പോര്‍ണോഗ്രഫിയിലാമെന്ന്‌ തിരിച്ചറിയണം.ലൊക്കേഷനുകളുടെ വൈവിദ്ധ്യം,ഫ്രെയിമുകളിലെ സൂക്ഷ്മത,ജാഗ്രത, സര്‍ഗ്ഗാത്മകമായ പ്രസന്റേഷന്‍- സ്പാനിഷ്‌ എറോട്ടിക്ക യുടെയൊക്കെ ഇംപാക്ട്‌ അവിവേചിതകലയില്‍ എഴുതിത്തള്ളേണ്ടതല്ല.പീറ്റര്‍ നോര്‍ത്തിനെപ്പോലെ കൃതഹസ്തനും വിഖ്യാതനുമായൊരു ആര്‍ടിസ്റ്റിന്‍ കിട്ടിയിട്ട്‌ നിങ്ങള്‍ മാക്സിമം അദ്ദേഹതില്‍നിന്നും ഊറ്റിയെടുക്കാതെവിടരുത്‌. മൈക്കിളിന്റെ പീഡനത്താല്‍ അഭിസാരികയാവുന്ന ഏയ്ഞ്ചലീന ജോളിയെ .പീറ്റര്‍ നോര്‍ത്ത്‌ രക്ഷപെടുത്തി ഫാം ഹൗസിലെത്തിച്ചിട്ട്‌ എല്ലപ്പട്ടയുടെചേതോഹാരിതയില്‍കുറെ എപ്പിസോഡ്‌ ആയിക്കൂടേ? ജീവന്‍ അഭിപ്രായപ്പെട്ടുസംഗതി ജോര്‍. പക്ഷേ ഇത്‌ കുടുംബസീരിയലാണ്‌. പ്രേക്ഷകര്‍ പാഴുതറക്കാരും.നിനക്കെന്താ പറയാനുള്ളത്‌? മാസ്റ്റര്‍ എന്റെ നേര്‍ക്ക്‌ തിരിഞ്ഞു.
വായനക്കാരേ,ഒരു നിമിഷം-എനിക്കീ ബ്രോയിലര്‍കോഴികളെ വലപ്പെട്ടികള്‍ തുറന്ന്‌ പുറത്തെടുത്ത്‌ വച്ചേ തീരൂ. ചൂടായാലും തണുപ്പായാലും അധികം താങ്ങാന്‍ അവയ്ക്‌ കഴിവില്ല. നടക്കാനും പറക്കാനും കാരപ്പട്ടി ഫാമിലെ 45 ദിവസത്തെ ജീവിതത്തിനിടെ അഭ്യസിക്കപ്പെടാത്തതിനാല്‍ ഇറച്ചിക്കഷണങ്ങളാകാന്‍ മാത്രമായി ഉണ്ടാക്കപ്പെട്ട അവ എങ്ങും പൊയ്കളയുമെന്ന ആധിയുമില്ല.അനീ,ഷ്‌ കുമാറിനു മാത്രം എന്റെ ഔദാര്യം മുലം ഒന്ന്‌ രണ്ട്‌ ചുവട്‌ വെയ്കാനാകും. പൂളവേലികള്‍ക്കിടയില്‍ രചയിതാവ്‌ ഉരുപ്പെടുത്തിയ പൂര്‍ണ്ണമായും എനിക്ക്‌ സ്വന്തമായ മണ്ണില്‍ അവന്‍ ചില മണിക്കൂറുകള്‍ കിടക്കുമ്പോള്‍്‌ പി,കെ.മറിയാമ്മയെന്നൊരു തുണയെ മറ്റേതെങ്കിലും രചനയില്‍ നിന്ന്‌ കൊണ്ടുവന്നാലും സദാചാരവാദികള്‍ ദേഷ്യപ്പെടരുത്‌. ഒരു കുഴപ്പവുമില്ല. അവനതൊന്നും ആവില്ലെന്നേയ്‌,അറിയില്ലെന്നേയ്‌.
എങ്കില്‍ ഏയ്ഞ്ചലീന ജോളി ചാവട്ടെ.പേരുദോഷം കേള്‍പ്പിച്ച റുക്സാനയെ ഒഴിവാക്കാമല്ലോ കഥയില്‍ തിരിച്ചുവന്ന ഞാന്‍ അഭിപ്രായപ്പെട്ടു.
നീ ഇപ്പൊള്‍ പറഞ്ഞത്‌ ആലോചിക്കാവുന്നതാണ്‌.ഓപ്പോസിറ്റ്‌ ചാനലില്‍ ഒരു മാന്ത്രികന്റെ കഥയാണ്‌.റേറ്റിങ്ങിലും ഒന്നാമത്‌. ഇവിടെയൊരു യക്ഷിയും കത്തനാരും വന്നാല്‍ ഫൈറ്റ്‌ ടൈറ്റാകും .മാത്തച്ചന്‍ മുതലാളി ഒരു സി���ിമയ്ക്‌ അടുത്ത കുറച്ചു ദിവസ്സത്തെ ഡേറ്റ്‌ കോടുത്തുപോയി.എന്റെ പ്രൊബേഷന്‍ എപ്പിസോഡു മുഴുവന്‍ എല്ലപ്പട്ടയില്‍ത്തന്നെ തീര്‍ക്കാം. മെയിന്‍സ്ക്രിപ്റ്റ്‌ റൈറ്റര്‍ ഒരു സാഹിത്യസൃഷ്ടി എഴുതാനായി ലീവെടുത്ത്‌ ആ കഥയുടെ വര്‍ക്ക്സൈറ്റിലേക്ക്‌ നാളെ പോകും.ചൂരുക്കത്തില്‍ഞ്ഞാനും സഹനടി ഏയ്ഞ്ചലീന ജോളിയും തനിച്ച്‌.എന്നും വൈകുന്നേരമായാല്‍ രണ്ട്‌ ബോട്ടില്‍ ബിയറടിക്കണമെന്ന നിര്‍ബ്ബന്ധം ഉണ്ടെന്നേയുള്ളൂ.റുക്സാന ആള്‌ ഏബിള്‍ ആണ്‌. വാസ്തവത്തില്‍ യൂറേഷ്യന്‍ ഉഗ്രവാദികള്‍ പാറേലച്ചനെ റാന്‍സം കിട്ടാനായി തടവില്‍ വെക്കുന്ന സ്ഥലം മാത്രമായിരുന്നു സിനോപ്സിസില്‍ ഫാം ഹൗസ്‌.ഞാനിനിയതൊരു ഭാര്‍ഗ്ഗവീനിലയമാക്കും.

ഇതിനിടെ ഞങ്ങള്‍ ഈരണ്ട്‌ പെഗ്ഗ്‌ തീര്‍ത്തു..ജീവന്‌ ബോറടിച്ചുതുടങ്ങിയിരിക്കുന്നു.ദിനപത്രം പുനരാരംഭിക്കാനാനായി അച്ചടിച്ച സംഭാവനാ രസീത്ബുക്ക്‌ അവന്റെ കൈയില്‍ ഏതാനും ലീഫ്‌ അവശേഷിക്കുന്നു. യൂറേഷ്യന്‍ ചീനിപ്പടക്കമേറില്‍ പരുക്കേറ്റ പാഴുതറയിലെ ധീരയോദ്ധാക്കള്‍ക്കുള്ള ചികിത്സാഫണ്ട്‌ എന്നതില്‍ മേലെഴുതിക്കൊണ്ട്‌ സംഭാവന പിരിക്കുന്നതിനായി ജീവന്‍ ഫാം ഹൗസിലേക്ക്‌ നീങ്ങുന്നു. എന്റെ മറ്റ്‌ പല ചെറുകഥകളിലും സംഭവിച്ചതുപോലെ വീണ്ടും ഞാനും മാസ്റ്ററും തനിച്ച്‌. കഥാപാത്രമല്ലാതിരിക്കുമ്പൊഴും അദ്ദേഹത്തെ കഥയില്‍ പേറുകയെന്ന ദുര്യോഗത്തില്‍നിന്ന്‌ കഥാകൃത്തിന്‌ ഇനിയെന്നാണാവോ മോചനം
വിശക്കുന്ന സിംഹങ്ങള്‍ 91 ാ‍ം അദ്ധ്യായം വരെ പാറേലച്ചന്റെ കിഡ്നാപ്പിങ്ങിന്റെ സസ്പെന്‍സ്‌ നിലനിര്‍ത്തുന്നത്‌ സീരിയലില്‍ സാധ്യമല്ലെന്ന്‌ മാസ്റ്റര്‍ പറയുന്നു. വെണ്ടയ്ക മുറിക്കാനുള്ള കത്തിയെടുക്കാന്‍ പ്രേക്ഷക നീങ്ങുന്ന പരസ്യവേളയുടെ ക്ഷണികനേരം കൊണ്ട്‌, തിരിച്ചെത്തുമ്പോള്‍ അവള്‍ റിമോട്ട്‌ കൈയിലെടുക്കുന്നതില്‍ നിന്നും തടയാന്‍ കഴിവുള്ളവനേ സ്ക്രിപ്റ്റ്‌ റൈറ്ററായി ശോഭിക്കാനാകൂ. ഏതാനും ദിവസത്തെ കാള്‍ഷീറ്റ്‌ ഈ സെഷനില്‍ ഇനിയും ബാക്കി കിടക്കുന്ന ആമ്പല്ലൂര്‍ ആന്റപ്പനെ പാറേലച്ചനായി എല്ലപ്പട്ടയില്‍ തുടര്‍ന്നുകൊണ്ടുപോകാനാകാം;അതല്ലെങ്കില്‍ ഞാന്‍ സംരചന ചെയ്തെടുത്ത മണ്ണിന്റെ ഉടമസ്ഥതയ്ക്‌ അവകാശം ചോദിക്കാനുമാകാം മാസ്റ്റര്‍ ഒരു കഥ മെനയുമ്പോള്‍ ഈ പ്രദേശത്ത്‌ പണ്ടൊരു ദേവാലയമുണ്ടായിരുന്നു. നാലു നൂറ്റാണ്ട്‌ മുമ്പ്‌ സുല്‍ത്താന്‍ മുബാറക്‌ അലി പാഴുതറയാക്രമിച്ച വേളയില്‍ പലായനം ചെയ്ത സേതുവര്‍മ്മരാജാവ്‌ ദേവാലയത്തിലഭയം തേടി. രാജാവിന്റെ ആകാരസുഷമയില്‍ ഭ്രമിച്ച്‌ മോഹിനിയെന്ന ഒരു ദേവദാസ്സി കാമപൂരണത്തിനായി രാജാവിനെ സമീപിച്ചെങ്കിലും ധര്‍മ്മിഷ്ഠനായ അദ്ദേഹം വഴങ്ങിയില്ല. തിരസ്കൃതയായ മോഹിനി ഗോപ്യമായി മുബാറക്‌ അലിയെ വിവരം അറിയിക്കുന്നു. ദൈവം മെന്‍സസായിരുന്ന വേളയില്‍ അവിടെ കടന്നുകയറിയ മുബാറക്‌ അലിയുടെ സൈന്യം രാജാവിനെ വധിച്ചു.തിരിച്ചെത്തുന്ന ദൈവം കുപിതയായി മോഹിനിയെ വധിക്കാന്‍ പുറപ്പെട്ടെങ്കിലും മോഹിനി ദളിത്‌ കോളനിയിയില്‍ ഓടിക്കയറിയതുമൂലം പരാജിതയായി മടങ്ങേണ്ടിവന്നു.
കാലങ്ങള്‍ക്കു ശേഷം ഫാം ഹൗസില്‍ യൂറേഷ്യന്‍ തീവ്രവാദികളില്‍ നിന്നും രക്ഷപെടുന്ന പാറേലച്ചന്‍ കോളനിയില്‍ സദ്‌വാര്‍ത്ത പ്രസംഗിക്കാനെത്തുമ്പോഴാണ്‌ ദളിത്‌ നായികയായ മോഹിനി മാനസാന്തരപ്പെട്ട്‌ എയ്ഞ്ചലീന ജോളിയായത്‌. സേതുവര്‍മ്മന്റെ പുനര്‍ജന്മമാണ്‌ ഹാസ്യ നടന്‍. മതപരിവര്‍ത്തനം നടത്തുന്ന അച്ചനെ കൊല്ലാനുറച്ച്‌ ദൈവത്തിന്റെ ( തമ്പിയുടെ സഹോദരി മേരി ജയശീലയായി നടിച്ച ആര്‍ട്ടിസ്റ്റിന്റെ പ്രകടനം സംവിധായകന്‌ ഇഷ്ടപ്പട്ടതിനാല്‍ അവള്‍ പുതിയ മെയ്കപ്പില്‍ ചെയ്യുന്ന അധികവേഷം) കിങ്കരപരിഷത്‌ ഫാം ഹൗസില്‍ വന്ന വേളയില്‍ പാറേലച്ചന്‍ സ്ഥലത്തുണ്ടായിരുന്നില്ല. അച്ചനു പതരം അവര്‍ ബിയറടിച്ചുക��ണ്ടിരുന്ന എയ്ഞ്ചലീന ജോളിയെ വധിച്ച്‌ മടങ്ങുന്നു. ഇനി എയ്ഞ്ചലീന ജോളി യക്ഷിയായി മാറും. യക്ഷി സന്നിവേശിച്ച്‌ സെലിന്‍ ഫാംഹൗസിലേക്ക്‌ . അപ്പോഴവിടെ വലംകയ്യിന്‌ നീളക്കുറവുള്ളവാച്ച്മാന്‍ വിക്രമന്‍ മാത്രം.( മാസ്റ്റര്‍ക്ക്‌ മാത്രം ചെയ്യാനാവുന്ന ഒരു ക്യാരക്ടര്‍) യക്ഷിയെ സെലിനില്‍ നിന്നും ഒഴിപ്പിക്കുന്ന പാറേലച്ചന്‍ നീ എഴുതിനേടിയതെന്ന്‌ വീമ്പിളക്കിയ ഈ മണ്ണിലെ പാറപ്പുറത്ത്‌ ദളിതുകള്‍ക്കായി ഒരു പള്ളി പണിയും. ഇങ്ങനെയൊരു പത്ത്‌ എപ്പിസോഡ്‌ കഴിയും.മാത്തച്ചന്‍മുതലാളി സിനിമാഷൂട്ടിങ്ങ്‌ കഴിഞ്ഞ്‌ തിരിച്ച്‌ വരുന്നതോടെ ലൊക്കേഷന്‍ എല്ലപ്പട്ടയില്‍നിന്നും കൊക്കാംതോട്ടിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യാം. വാച്ച്മാന്റെ ഡ്യൂട്ടി അവസാനിപ്പിച്ച്‌ പ്രൊബേഷന്‍ പൂര്‍ത്തിയാക്കി ഞാന്‍ ചെറുകഥയിലേക്കും.

പഴയ മിസ്സ്‌ പാഴുതറ, മഞ്ഞുമ്മലുകാരി വിദ്യാ മുകുന്ദനല്ലേ ഇതില്‍സെലിന്റെവേഷംചെയ്യുന്നത്‌? എന്നുവെച്ചാല്‍ സീരിയലാര്‍ട്ടിസ്റ്റുകളിലെ സൂപ്പര്‍സ്റ്റാര്‍. അവളും വിക്രമനും മൂന്ന്‌ എപ്പിസോഡ്‌ തനിച്ച്‌ ഫാം ഹൗസില്‍. മാസ്റ്ററെത്ര മൂത്തിട്ടും മരംകേറ്റം മറക്കുന്നില്ലല്ലോ. മുമ്പ്‌ എന്റെ ഒരു ചെറുകഥയില്‍ കഥാപാത്രമായിരിക്കെ ഞാനില്ലാത്ത തക്കത്തിന്‌ കഥയിലെ കുറെ പെണ്‍പിള്ളേരെ പീഢിപ്പിച്ചതും അതിന്റെ പഴി സമര്‍ത്ഥമായി കഥാകൃത്തിന്റെ തലയിലിട്ടതും ഞാന്‍ മറന്നെന്നു കരുതണ്ട. യുവകഥാകൃത്തിനൊരു മുന്നറിയിപ്പ്‌ കൊടുത്താല്‍ മാസ്റ്ററുടെ കാര്യം തീരും. ഞാനതിനു മുതിരാത്തത്‌ അങ്ങയോടുള്ള സ്നേഹം കൊണ്ടല്ല;അയാളൊടുള്ള അസൂയ കൊണ്ടാണ്‌.കുറച്ചുകാലം എന്റെ പഴയ കഥാപാത്രത്തെക്കൊണ്ടുള്ള തൊന്തരവ്‌ അവനും അനുഭവിക്കട്ടെ.

അമിതലഹരിയില്‍ മയങ്ങിപ്പോയ ഞങ്ങളെ കുറെക്കഴിഞ്ഞ്‌ തിരിച്ചെത്തുന്ന ജീവനാണ്‌ ഉണര്‍ത്തിയത്‌.കിട്ടിയ നേരംകൊണ്ട്‌ അവന്‍ കാര്യങ്ങളാകെ കുഴച്ചുമറിച്ചിരിക്കുന്നു. പ്രസ്‌ കാര്‍ഡിന്റെ അധികാരത്തില്‍ ഫാം ഹൗസില്‍ കടന്ന ജീവന്‍ ഹാസ്യനടനായ കലാലയം പ്രേംകുമാറിന്‌ , നല്‍കിയ കനത്ത സംഭാവനയുടെ കൃതജ്ഞതയില്‍, ചില വാഗ്ദാനങ്ങള്‍ നല്‍കിക്കഴിഞ്ഞു.ഹാസ്യതാരത്തിന്റെ ഭാഗധേയങ്ങളില്‍ ഒതുങ്ങേണ്ടവനല്ല സേതുവര്‍മ്മന്റെ പുനര്‍ജന്‍മം. മതത്തിന്റെ ജഡഭൂതത്തിലല്ല;ധീരനൂതനമായൊരു ഭാവിയുടെ സുന്ദരസാധ്യതകളില്‍ വേണം ഇതിവൃത്തത്തെ എത്തിക്കേണ്ടത്‌. സേതുവര്‍മ്മന്‍ പുനരവതരിക്കുന്ന മിമിക്രി താരം ഒരു ജനകീയനേതാവാണ്‌. ദളിതയായ മോഹിനി അഥവാ എയ്ഞ്ചലീന ജോളി പ്രേംകുമാറിന്റെ സഹപ്രവര്‍ത്തകയും. മണ്ണിന്റെ അവകാശികള്‍ ദളിതരാണ്‌.എല്ലപ്പട്ടയില്‍ നടക്കുന്ന ഒരു പട്ടയമേളയില്‍ വെച്ച്‌ ഞാന്‍ ആഗ്രഹിച്ചുപോയ സ്ഥലം കൊല്ലപ്പെടുന്നതിനു മുമ്പ്‌ എയ്ഞ്ചലീന ജോളി കലാലയം പ്രേംകുമാറിന്‌ കൈമാറും.ഈ അവസരം കലാലയം പ്രേംകുമാറിന്റെ മിമിക്രി പ്രദര്‍ശനത്തിനും കൂടി ഉപയോഗിച്ചാല്‍ പ്രൊഡക്ഷന്‍ കോസ്റ്റ്‌ കുറയ്കാം.പ്രതിരോധങ്ങള്‍ അര്‍ത്ഥശൂന്യമായ ഒരു കാലഘട്ടമാണ്‌ നമ്മുടേതെന്ന്‌ അറിയുമ്പോള്‍ പൊന്നച്ചന്റെ മരണത്തില്‍ അന്വേഷണത്തിനായി പ്രക്ഷോഭമുണ്ടാക്കിയ അതേ ആള്‍ക്കൂട്ടത്തെ മിമിക്രിക്ക്‌ ഓഡിയന്‍സാക്കുന്നതും ലാഭകരമാണ്‌. ഈ സ്ഥലത്തൊരു പാര്‍ട്ടിയോഫീസ്‌ കെട്ടുകയാണെങ്കില്‍ അത്‌ പൊളിച്ച്‌ ഭൂമി നേടിയെടുക്കാന്‍ പാഴുതറയ്കും യൂറേഷ്യയ്കും കഴിയുകയുമില്ല.
ഇങ്ങനെ സ്രഷ്ടാവിന്റെ ഏകാധിപത്യം തകര്‍ത്ത്‌ സ്വച്ഛന്ദമായി കടന്നെഴുതുന്നതിനെ മേലെഴുത്ത്‌ എന്നാണ്‌ ജീവന്‍ വിശേഷിപ്പിച്ചത്‌. മേലെഴുത്ത്‌ എന്തെന്ന്‌ മനസ്സിലാക്കാനായി വിക്കിപീഡിയ സെര്‍ച്ച്‌ ചെയ്്തപ്പോള്‍ അതിലും ജീവന്‍ ഉപരിരചന നടത്തിയിരിക്കുന്നു.ഹൈപ്പര്‍ റൈറ്റിങ്‌ എന്ന പദം ആദ്യമുപയോഗിച്ചത്‌ റൊളാങ്ങ്‌ ബാര്‍ത്താണെന്ന്‌ അവനെഴുതിയതും മറ്റൊരാള്‍ക്ക���‌ മായ്ച്ചെഴുതാനാവും. രോദനം-സംഗീതം-വചനം എന്ന ശൃംഖലയില്‍ ഒടുവിലത്തേതാണത്രേ എഴുത്ത്‌. ഇത്‌ വചനത്തിന്റെ സമഗ്രതയെ തകര്‍ക്കും പോലും. വെള്ളക്കടലാസ്സില്‍ ഇടതുവശത്ത്‌ നോവല്‍ സാന്നിധ്യമാണെങ്കില്‍ ചെറുകഥയും തിരക്കഥയുമൊക്കെ അസാന്നിധ്യമാകുമെന്ന വാദമൊന്നും എനിക്ക്‌ കൂടി മനസ്സിലായില്ല. പിന്നെയല്ലേ മാസ്റ്റര്‍ക്ക്‌! തൊട്ട്ചേര്‍ന്ന്‌ കൊടുത്തിട്ടുള്ള ലിങ്കില്‍ക്ലിക്ക്‌ ചെയ്ത്‌ ജീവന്റെ മഹാചിത്ത നെന്ന ബ്ലോഗില്‍ കയറിയപ്പോള്‍ അതില്‍ ഒരു സച്ചിദാനന്ദന്‍കവിതയുടെ പാരഡി ഞാന്‍ വായിക്കുന്നു. ഇങ്ങനെ-

എഴുത്തച്ഛനെയെഴുതുമ്പോള്‍

എഴുത്തച്ഛനെയെഴുതുമ്പോള്‍
സംഭവിക്കുന്നതെന്തെന്ന്‌
ഞാനെഴുതാം
പിറക്കുന്നു പുതുമൊഴി-
എഴുത്തിനെയെഴുതുമ്പോള്‍
തകര്‍ക്കുന്നൂ താലിയോല
വായ്മൊഴിപ്പെരുമകള്‍.
വരമൊഴിക്കുള്ളില്‍ പദ-
ക്രീഡകളാലുയിര്‍കൊണ്ട
നവാര്‍ത്ഥങ്ങള്‍ തെളിയുന്നു
അക്ഷരങ്ങളെരിയുമ്പോ-
ളെഴുത്തച്ഛന്‍ വിറയ്കുന്നു
കടലാസ്സില്‍നിന്നും വാക്ക്‌
കമ്പ്യൂട്ടറില്‍ കയറുന്നു
കടലാസ്സിന്‍ ചാമ്പലിേ‍-
ലൊരുതുള്ളി കണ്ണുനീരാ-
യെഴുത്തച്ഛനൊടുങ്ങുന്നു
എഴുത്തച്ഛന്‍ പിണത്തില്‍നി-
ന്നെഴുതിയതഴിക്കുവാന്‍
എഴുത്തിന്‍മേലെഴുതുമ്പൊള്‍
എഴുതിയതൊക്കെ മായ്കാ-
നെഴുത്തെന്നിന്നറിയുന്നു ഞാ-
നെഴുത്തച്ഛനെയെഴുതുന്നു.
***************************
പാഴുതറയില്‍ ഹര്‍ത്താല്‍ തീരണമെങ്കില്‍ ഇനിയും ആറേഴ്‌ മണിക്കൂറുകള്‍ കഴിയണം. ഈ നേരം കൊണ്ട്‌ മറ്റൊരു കീഴെഴുത്തിനു തുനിഞ്ഞാല്‍ സംഗ്രഹം ഇതാകും-

കര്‍ത്താവ്‌ ഇച്ഛിച്ചു-കൃതിയുണ്ടാവട്ടെ, കൃതിയുണ്ടായി കൃതി നല്ലത്‌ എന്ന്‌ കര്‍ത്താവ്‌ കണ്ടു, ഒന്നാം മണിക്കൂര്‍.
അനന്തരം പാഴുതറയും യൂറേഷ്യയും സൃഷ്ടിക്കപ്പെട്ടു.പൂളവേലികൊണ്ട്‌ ഇവ രണ്ടും വേര്‍തിരിക്കപ്പെട്ടു,രണ്ടാം പെഗ്ഗ്‌.
മൂന്നാം പെഗ്ഗില്‍ കര്‍ത്താവ്‌ വാളുവെച്ച��. അതിനുമുമ്പ്‌ ഇടയ്കുള്ള സ്ഥലത്തുനിന്ന്‌ പലജാതി സസ്യങ്ങളെയും ഇഴജന്തുക്കളെയും പുറന്തള്ളി. കാറ്റ്‌ അകത്തുകടക്കാന്‍ അനുവാദം കാത്തു നിന്നു. വെള്ളം വേലിക്ക്പുറത്ത്‌ മാറിയൊഴുകി.
കര്‍ത്താവ്‌ ലഹരിയിലാഴ്‌ന്നപ്പോള്‍ ഇല്ലാത്ത്‌ കഥാപാത്രം തിരക്കഥയും ഉള്ള കഥാപാത്രംഅതികഥയും സൃഷ്ടിച്ച്‌ മണ്ണിനു വേണ്ടി അവകാശവും കലഹവും ചെയ്തു-നാലാം മണിക്കൂര്‍
അഞ്ചാമത്തെ പാനത്തിലും മത്തനാകാതിരുന്ന മാസ്റ്റര്‍ ഫാം ഹൗസും യക്ഷിയെയും ഉണ്ടാക്കി.കാഴ്ചയ്കനുസരിച്ച്‌ വായനയും, മീന്‍ പിടിച്ചുകൊണ്ടിരുന്ന പാറേലച്ചനെക്കൊണ്ട്‌ പള്ളിയും സൃഷ്ടിച്ചു.
മണ്ണ്‌ കൈവശപ്പെടുത്താന്‍ ജീവന്‍ മിമിക്രി തൂടങ്ങിയപ്പോള്‍ പാര്‍ട്ടിയോഫീസ്‌ ഉരുവം കൊണ്ടു.വാക്ക്‌ ദൈവപുത്രനാണെന്ന വിശ്വാസം അസ്തമിച്ചു.പറയപ്പെട്ടതിനുമേല്‍ കഥ എഴുതപ്പെട്ടു-സന്ധ്യ കഴിഞ്ഞു,ഉഷസ്സാവാറായി-ആറാം മണിക്കൂര്‍
കഥാകൃത്തിന്റെ ഫിറ്റഴിഞ്ഞു.എല്ലപ്പട്ടയില്‍ അവനൊരു കാര്‍ണിവല്‍ എഴുതിച്ചേര്‍ത്തു. മിമിക്രി കാണാന്‍ ആള്‍ക്കാര്‍ പോയതുകൊണ്ട്‌ ചെറുകഥ വായിക്കാന്‍ ആളില്ലാതെയായി. ആ തക്കത്തിന്‌ കഥാകൃത്ത്‌ തര്‍ക്കത്തില്‍പ്പെട്ട മണ്ണ്‌ അങ്കത്തറയാക്കി കോഴിപ്പോര്‌ തുടങ്ങി.അനുവാചകര്‍ തിരിച്ചെത്തി. അവരെ സാക്ഷിയാക്കി ബ്രോയിലര്‍കോഴിയെ ഇറക്കി അങ്കം ജയിച്ചുവരാന്‍ മാസ്റ്ററോടും ജീവനോടും നിര്‍ദ്ദേശിച്ചു.വിജയിക്കാകട്ടെ ആ ഇടം.
ഭൂമിയുടെ അവകാശം ആര്‍ക്കെന്ന ചോദ്യത്തെ ഇങ്ങനെയൊരു കോമാളിത്തത്തിലൂടെ പ്രശ്നവല്‍ക്കരിക്കുന്നതാണ്‍നല്ലത്‌.എന്തായാലും അത്‌ മനുഷ്യനു തന്നെയായിരിക്കണം..മാസ്റ്ററുടെ കഥാകൃത്തിനെപ്പോലെ ജീവനെയും അദ്ദേഹത്തെയും മറൈന്‍ഡ്രൈവില്‍ കയ്യിലോരോ പിടി മണ്ണും കൊടുത്ത്‌ ഒരൂ ചോദ്യചിഹ്നം കണക്ക്‌ നഗ്നരാക്കി കൊന്നുകിടത്തി അവസാനിപ്പിക്കാനുമാകും. എന്നാല്‍ പുതിയ മേലെഴുത്തുകളുമായി ജീവന്‍ ഇതിനെയും ഉല്ലംഖിക്കും. അതുകൊണ്ട്‌ ആര്‍ക്കും സ്വന്തമല്ലാത്ത, അഥവാ എല്ലാവര്‍ക്കും ഒരേപോലെ അര്‍ഹതപ്പെട്ട ചെറുകഥയില്‍നിന്നും ഞാന്‍ സ്വമേധയാ ഇറങ്ങിപ്പോകുന്നതല്ലേ ബുദ്ധി?
ഇത്രയൊക്കെ കഴിഞ്ഞിട്ടും ഇനിയും കഥയില്‍ഭ്രമിച്ചുപോയ ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ ജിമ്മി പാഴൂക്കാരന്റെ വിശക്കുന്ന സിംഹങ്ങള്‍ ഇരുപത്തിമൂന്നാമദ്ധ്യായം മുതല്‍ തുടര്‍ന്ന്‌ വായിക്കുക.SocialTwist Tell-a-Friend
Related Stories: മേലെഴുത്ത്‌ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon