You are here: HOME » HOME »
മാജിക് റൂംസ്‌
സ്വന്തം ലേഖകൻ Jayakeralam Malayalam News
Saturday, 22 October 2011
ഒരാള്‍ വീടിന്റെ ഇന്റീരിയര്‍ ഡിസൈനിങ്ങിനായി ചെലവഴിക്കുന്ന തുകയുടെ 13 മുതല്‍ 20 ശതമാനം വരെ കുട്ടികളുടെ മുറിയുടെ ഇന്റീരിയറിനായി മാറ്റിവെയ്ക്കുന്നതായി ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു...
ഒരു ചെറിയ കട്ടില്‍. ചുവരുകള്‍ക്ക് പിങ്ക് നിറം. കുഞ്ഞുമേശയും കസേരയും-കഴിഞ്ഞു. ഇത്രയൊക്കെയായിരുന്നു മുമ്പ് കുട്ടികളുടെ മുറിയൊരുക്കുമ്പോഴുള്ള കാഴ്ചപ്പാട്. സങ്കല്പങ്ങളില്‍ വൈവിധ്യങ്ങളുടെ മേളമാണ് ഇന്ന് ഈ രംഗത്ത് വന്നിട്ടുള്ളത്. ഫണ്‍ ഫര്‍ണിച്ചറും ഫോക്‌സ് വാളും വിന്‍ഡോ ട്രീറ്റ്‌മെന്റും മുതല്‍ തീംറൂം സങ്കല്പത്തില്‍ വരെ എത്തി നില്‍ക്കുന്നു ഇന്ന് കുട്ടികളുടെ മുറിയിലെ ഫാഷന്‍.ശരാശരി 2000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് പുതുതായി വെക്കുന്നയാള്‍ ഏതാണ്ട് എട്ടുലക്ഷം രൂപയോളം അതിന്റെ ഇന്റീരിയര്‍ ഡിസൈനിങ്ങിനായി ചെലവഴിക്കുന്നുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ തുകയുടെ 13 മുതല്‍ 20 ശതമാനം വരെ ഓരോരുത്തരുടെയും
താത്പര്യമനുസരിച്ച് കുട്ടികളുടെ മുറിയൊരുക്കാനായി ചെലവിടുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കിഡ്‌സ്‌റൂം എന്ന ആശയത്തിനു കൈവന്നിട്ടുള്ള പ്രാധാന്യം ഇതില്‍ നിന്ന് മനസ്സിലാക്കാം. പഴയ വീടുകള്‍ പരിഷ്‌കരിക്കുമ്പോഴും മനസ്സില്‍ വെക്കുന്ന പ്രധാന കാര്യം കുഞ്ഞിനൊരു മുറിയൊരുക്കുക എന്നതായിരിക്കുന്നു.കുഞ്ഞുമുറികളുടെ പ്രധാനഘടകങ്ങളിലൊന്ന് ഫര്‍ണിച്ചര്‍ തന്നെ. മുമ്പ് കൂടുതല്‍ കുട്ടികളുള്ള വീട്ടിലും ബോര്‍ഡിങ്‌സ്‌കൂള്‍ ഹോസ്റ്റലിലുമൊക്കെയുള്ള പ്രധാനിയായിരുന്നു ബങ്ക് ബെഡ്ഡുകള്‍. ഇന്നാകട്ടെ ബങ്ക് ബെഡ് തന്നെ മള്‍ട്ടിപര്‍പ്പസ് ഫര്‍ണിച്ചറായി രൂപമാറ്റം കൈവരിച്ച് എത്തിയിരിക്കുന്നു.
മുകളില്‍ സിംഗിള്‍ ബെഡ്, താഴെ ബെഡ്ഡില്ല. പകരം ഒരു ഭാഗത്ത് ബുക്ക് ഷെല്‍ഫും ടോയ് കബോര്‍ഡുമായി രൂപകല്പന ചെയ്തിരിക്കുന്നു. മറുവശം ഫോള്‍ഡബിള്‍ സ്റ്റഡി ടേബിളും സ്റ്റോറേജ് സ്‌പേസും. കുഞ്ഞുകസേരയും കൂടിയായാല്‍ അത്രയും സ്ഥലം തന്നെ കുഞ്ഞിന്റെ ലോകമായി.
പ്രമുഖ ഗ്രൂപ്പായ 'ഫാബ് ഇന്ത്യ' അവതരിപ്പിച്ചിട്ടുള്ള, തടികൊണ്ടുള്ള ഈ ഫര്‍ണിച്ചറിനു വില 38,800 രൂപയോളമാവും. സംശയിക്കേണ്ട, ഇത്തരം വിലനിലവാരമുള്ളവയ്ക്കുമുണ്ട് ആവശ്യക്കാര്‍. ഇതുകൊണ്ടായില്ല. ബെഡ്, ബെഡ്ഷീറ്റ്, ടേബിള്‍ കവര്‍, കര്‍ട്ടന്‍, ടവ്വല്‍, ബാത്ത്‌റോബ്, ബാത്‌റൂം ഷൂസ്

തുടങ്ങിയ ഇനങ്ങളുടെ വന്‍ശേഖരവും കുട്ടികളുടെ ആവശ്യങ്ങള്‍ക്കായുള്ള സ്‌പെഷലൈസ്ഡ് ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ സങ്കല്പങ്ങള്‍ അറിഞ്ഞ് പ്രത്യേകം ഡിസൈന്‍ ചെയ്ത ഫോട്ടോഫ്രെയിമുകള്‍, അവര്‍ വരച്ച ചിത്രങ്ങളും മറ്റും ഒട്ടിക്കാനുള്ള ബോര്‍ഡ്, ലാമ്പ്‌ഷേഡ്,

റൈറ്റിങ് ബോര്‍ഡ്, ടേബിള്‍ ബുക്ക്, പെന്‍ സ്റ്റാന്‍ഡ് തുടങ്ങി കുഞ്ഞുമുറിയെ 'വലുതാ'ക്കാന്‍ വേണ്ട സര്‍വതും ഇന്നു വിപണിയിലുണ്ട്. ഇവയിലെ ഏറ്റവും പുതിയ ഘടകം പരിസ്ഥിതിക്കനുയോജ്യമായ ഉത്പന്നങ്ങള്‍ ഒരുക്കാന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിക്കുന്നുവെന്നതാണ്. വില കൂടിയവയെങ്കിലും ഓര്‍ഗാനിക് കളറുകള്‍ ഉപയോഗിച്ചുള്ള തുണിത്തരങ്ങളാകും ഭാവിയില്‍ കുട്ടികളുടെ മുറിയെ അലങ്കരിക്കാനെത്തുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വൈവിധ്യമാര്‍ന്നതും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങള്‍ക്ക് വില പരിഗണിക്കാതെതന്നെ ആവശ്യക്കാരെത്തുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു.ബ്രാന്‍ഡഡ് വസ്ത്രങ്ങളോടുള്ള താത്പര്യം, മുന്തിയ കാറുകളോടുള്ള ഭ്രമം, ആഭരണപ്രിയം എന്നിവയൊക്കെ സ്വന്തമായ മലയാളിക്ക് വീട് തന്റെ ആഡംബരപ്രിയത വെളിവാക്കുന്നതിനുള്ള പ്രധാന ഉപാധിയായിരിക്കുകയാണെന്നൊരു പക്ഷമുണ്ട്. ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും പ്രാപ്യമായതും പ്രവാസി
മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറ്റവും പുതിയ സങ്കേതങ്ങളെക്കുറിച്ച് അറിവുണ്ടായതും മറ്റും വഴി ഈ രംഗത്തെ എല്ലാ ആധുനിക ട്രെന്‍ഡുകളെക്കുറിച്ചും മലയാളിക്ക് ഇന്നറിയാം. തനിക്കുവേണ്ടതെന്തെന്ന് പറഞ്ഞുകൊടുത്ത് ഡിസൈനറെ അദ്ദേഹത്തിന്റെ ഇഷ്ടത്തിനുവിടുകയാണ്
സാധാരണ ചെയ്യുന്നത്. എന്നാല്‍ അല്പം ഭാവനാപൂര്‍ണമായ സമീപനവും സ്വന്തം കുഞ്ഞിന്റെ താത്പര്യങ്ങളെക്കുറിച്ചുള്ള ധാരണയുമുണ്ടെങ്കില്‍ കുറഞ്ഞ ചെലവില്‍ തന്നെ വീടൊരുക്കാനാവും. ചെലവുകുറച്ച് വീടൊരുക്കുന്നതില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കുട്ടി എന്നും കുട്ടിയായിരിക്കില്ലെന്ന അവബോധമാണ്-വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഇന്റീരിയര്‍ ഡിസൈനര്‍ പി.ആര്‍.ജഡ്‌സണ്‍ ചൂണ്ടിക്കാട്ടുന്നു. ലാമിനേഷന്‍ ചെയ്ത തടി, മറൈന്‍ പ്ലൈവുഡ് തുടങ്ങി ചെലവുകുറഞ്ഞ

നിര്‍മാണവസ്തുക്കള്‍ കൊണ്ടുതന്നെ വ്യത്യസ്തമായ ഫര്‍ണിച്ചറുകള്‍ തീര്‍ക്കാം. കുട്ടികളുടെ മുറിയെക്കുറിച്ചുള്ള അന്തിമധാരണയിലെത്തും മുമ്പ് , മുറി ഡിസൈന്‍ ചെയ്തുകഴിഞ്ഞാല്‍ എങ്ങനെയിരിക്കുമെന്നതിന്റെ മികച്ച നിലവാരമുള്ള ത്രീഡി പ്രസന്റേഷന്‍ വേണമെന്നാവശ്യപ്പെടാം. കുട്ടികളോടുതന്നെ ചോദിച്ച് അവരുടെ കൊച്ചുകൊച്ചു കൗതുകങ്ങള്‍ക്ക് കാതോര്‍ത്താല്‍ ചെലവേറെയില്ലാതെ നിറവേറ്റാവുന്നതാവും അവരുടെ താത്പര്യമെന്നും ബോധ്യമാവും.


SocialTwist Tell-a-Friend
Related Stories: മാജിക് റൂംസ്‌ - Saturday, October 22, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon