You are here: HOME » HOME »
ഗുജറാത്തിലെ കാഴ്ചകള്‍
ജനാര്‍ദ്ദനന്‍ Jayakeralam Malayalam News
Monday, 23 April 2012
സഞ്ചരിക്കാനുള്ള ത്വര മനുഷ്യരില്‍ അടിസ്ഥാനപരമായി കുടികൊള്ളുന്നതാണ്‌. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ആത്യന്തികമായി മനുഷ്യര്‍ "തെണ്ടികളും നായാടികളു"മാണ്‌. കൃഷി കണ്ടുപിടിച്ചതോടെയാണ്‌ മനുഷ്യര്‍ സ്ഥിരം താവളങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്‌. അന്നം തേടിയുള്ള യാത്രയില്‍ നിന്നുതുടങ്ങി പ്രപഞ്ചരഹസ്യങ്ങളുടെ ഉള്ളറകളിലേക്കും ആത്മഞ്ജാനം തേടിയുള്ള അന്വേഷണങ്ങളിലേക്കും നീളുന്നു മനുഷ്യരുടെ യാത്ര.

അന്നം തേടിയുള്ള എന്റെ യാത്രയില്‍ കുറച്ചുകാലം ഗുജറാത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ തങ്ങുകയുണ്ടായി.

അഹമ്മദാബാദില്‍ നിന്നും ഏകദേശം 60 കി. മീ. അകലെയുള്ള വിരംഗം എന്ന സ്ഥലത്താണ്‌ ആദ്യം എത്തിയത്‌. അഹമ്മദാബാദില്‍ നിന്നും കാറില്‍ സഞ്ചരിക്കുമ്പോള്‍ ഒട്ടകത്തെ പൂട്ടിയ വണ്ടി ആദ്യമായി കാണുകയുണ്ടായി. കൂടെയുണ്ടായിരുന്ന സുഹൃത്തിനു ഗാന്ധിനഗറില്‍ പോകണമായിരുന്നു. അവിടെ ഒരു ഹൌസിംഗ്‌ കോളനിയില്‍ വണ്ടി പാര്‍ക്കു ചെയ്തു നില്‍ക്കുമ്പോള്‍ വഴിയരികില്‍ കായ്ചു നില്‍ക്കുന്ന ഒരു നെല്ലിമരം. റോഡില്‍ വീണു കിടക്കുന്ന മുഴുത്ത നെല്ലിക്കായ്കള്‍. ചിലതെല്ലാം ചതഞ്ഞിട്ടുണ്ട്‌. ഇവിടാര്‍ക്കും നെല്ലിക്ക വേണ്ടെന്നു തോന്നുന്നു. ഏറെ കേടില്ലാത്ത ഒന്നു ഞാനെടുത്തു കഴുകി തിന്നു. നല്ല രുചി.

നാലുവരിപ്പാതയ്ക്കു സമീപം കുഞ്ഞുങ്ങളെ വെളിക്കിരുത്തി അവര്‍ക്കു കാവല്‍ നില്‍ക്കുന്ന അമ്മമാരേയും, കൈയിലൊരു കൊച്ചു ടിന്നില്‍ വെള്ളവും കൊണ്ട്‌ റോഡരിലെ കുറ്റിക്കാട്ടിലേയ്ക്ക്‌ പോകുന്ന മുതിര്‍ന്നവരേയും കണ്ടു. പ്രകൃതി കനിഞ്ഞ്‌ ഇവര്‍ക്കു ഇത്തരം ശൌചാലയങ്ങള്‍ ധാരാളം നല്‍കിയിട്ടുണ്ട്‌. മിക്കവാറും എല്ലാ റോഡുകള്‍ക്കരികിലും ഗ്രാമമെന്നൊ നഗരമെന്നോ ഭേദമില്ലാതെ പച്ചയുടെ ഇടനാഴികള്‍ ഉണ്ട്‌. സത്യത്തില്‍ കേരളത്തിലെ റോഡുകളേക്കാല്‍ പച്ചപ്പ്‌ ഇവിടത്തെ റോഡുകള്‍ക്കുണ്ട്‌. ���ാലുവരിപ്പാതയുടെ നടുവിലും അരികിലും പച്ചപ്പിന്റെ നീണ്ട ഇടനാഴികള്‍ കാണാം. ഈ ഇടനാഴികള്‍ ഇവര്‍ക്കു പലതുമാണ്‌. വഴിയാത്രക്കാര്‍ക്കു വിയര്‍പ്പാറ്റാനുള്ള പന്തല്‍, ആണുങ്ങള്‍ക്ക്‌ ചീട്ട്‌ കളിച്ചിരിക്കാനുള്ള ക്ലബ്ബ്‌, ഗ്രാമീണസ്ത്രീകള്‍ക്ക്‌ വിറകു ശേഖരിക്കാനുള്ള വനം, പിന്നെ പ്രകൃതിയുടെ വിളിക്ക്‌ ചെവി കൊടുക്കാനുള്ള സ്ഥലവും. ഗ്രാമങ്ങള്‍ക്കുള്ളിലേക്ക്‌ ചെന്നാല്‍ നീണ്ട, ഭാരം കുറഞ്ഞ ഒരു കോടാലിയും കൊണ്ടു വഴിയരികിലെ കുറ്റിക്കാട്ടില്‍ നിന്നു വിറകു ശേഖരിക്കുന്ന സ്ത്രീകളെ കാണാം. പണ്ടേ നിലവിലുള്ള തൊഴില്‍ വിഭജനപ്രകാരം വെള്ളവും വിറകും ശേഖരിക്കേണ്ടതു സ്ത്രീകളാണല്ലൊ. ജമദഗ്നിമഹര്‍ഷിയുടെ ഭാര്യ രേണുക വെള്ളം ശേഖരിക്കാന്‍ പോയത്‌, കേരളോല്‍പത്തിയുമായി ബന്ധപ്പെട്ട കഥയാണല്ലൊ.
മോട്ടോര്‍സൈക്കിളിന്റെ തലയും പെട്ടിവണ്ടിയുടെ ഉടലും ഉള്ള വാഹനം ആദ്യമായി കണ്ടപ്പോള്‍ ഏതോ ഭാവനാശാലിയുടെ അപൂര്‍വസൃഷ്ടി എന്നാണ്‌ കരുതിയത്‌". ഗ്രാമപ്രദേശത്തെത്തിയപ്പൊഴാണ്‌ മനസ്സിലായത്‌, ഇയാള്‍ ഇവിടത്തെ ഒരു പൌരമുഖ്യന്‍ തന്നെയാണെന്ന്‌. രാവിലെ പരുത്തി പറിക്കാന്‍ വേണ്ടി സ്ത്രീകളെ കുത്തി നിറച്ചു പോകുന്ന അതേ വണ്ടിയില്‍ വൈകുന്നേരം പറിച്ചെടുത്ത പരുത്തിയും അവയ്ക്കു മുകളില്‍ തൊഴിലാളികളുമായി മടങ്ങുന്നതു കാണാം. എന്റെ ഡ്രൈവര്‍ പറഞ്ഞത്‌, ഈ വണ്ടികള്‍ക്ക്‌ 40 കി. മീ. മെയിലേജ്‌ കിട്ടുമെന്നാണ്‌. എന്റെ നാട്ടില്‍ കാണാത്ത്‌ ഒരു ദൃശ്യമാണ്‌ ഇതെന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍, ഗുജറാത്തിന്റെ തന്നെ മറ്റൊരു ഭാഗത്തു നിന്നു വരുന്ന അയാള്‍ പറഞ്ഞത്‌, അയാളുടെ നാട്ടിലും ഇത്തരം വാഹനങ്ങള്‍ ഇല്ല എന്നാണ്‌. "ലവന്‍ ആളൊരു പുലിയാണ്‌". നിങ്ങള്‍ ഈ ഭൂഗോളം പറിച്ചുകൊടുത്താല്‍ അതും കൊണ്ടു പോകാന്‍ തയ്യാറാണെന്നാണ്‌ ലവന്റെ ഭാവം. ആളുകള്‍, ആടുമാടുകള്‍, ജലസംഭരണി, ഗ്യാസ്‌ സിലിണ്ടര്‍, അതില്‍ കൊണ്ടുപോകാത്ത ഒന്നും എനിക്കു സങ്കല്‍പിക്കാന്‍ കഴിയുന്നില്ല.

ഇവിടെ യാത്രക്കാര്‍ ഏറ്റവും കുറവ്‌ ഉപയോഗിക്കുന്ന വാഹനം ബസ്സുകളാണെന്നു തോന്നി. മറ്റെല്ലാ വാഹനങ്ങളിലും ആളുകള്‍ പോകുന്നത്‌ കാണാം. എന്നല്ല, അവയുടെ പുരപ്പുറത്തു വരെ ആളുകളുണ്ടാകും. ഓട്ടോറിക്ഷ, ജീപ്പ്പ്പ്‌, എന്തിന്‌, ട്രാക്റ്റര്‍ ട്രെയിലെറില്‍ വരെ ആളുകള്‍ യാത്ര ചെയ്യും.

മൃഗസൌഹൃദസംസ്ഥാനങ്ങളില്‍ ഒരു പക്ഷെ ഒന്നാം സ്ഥാനം ഗുജറാത്തിനായിരിക്കാം എന്നു തോന്നുന്നു. രാജപാതയുടെ മദ്ധ്യത്തിലൂടെ ഒരു രാജാവിന്റെ ഗമയിലൂടെ ആരേയും കൂസാതെ പോകുന്ന മഹിഷിയേയും, നാഷണല്‍ ഹൈവെയുടെ മീഡിയനു കീഴെ ഒരു മുനീന്ദ്രന്റെ ശാന്തതയോടെ ഉറങ്ങുന്ന ശുനകനേയും, തിരക്കേറിയ ചന്തയിലെ തെരുവില്‍ കഥ പറഞ്ഞിരിക്കുന്ന കുഞ്ഞാടിന്‍കൂട്ടത്തേയും മേറ്റ്വിടെ കാണാന്‍ കഴിയും? ഇതിനു വിപരീതമായി പിന്നൊരിക്കല്‍ ഒരു കാഴ്ച്‌ കണ്ടു: റോഡരികില്‍ ദിവസങ്ങളോളം പഴക്കമുള്ള ഒട്ടകത്തിന്റെ ശവശരീരം, അതിനെ പങ്കു വയ്ക്കുന്ന പക്ഷികളും മൃഗങ്ങളും.
അഹമ്മദാബാദിലെ വീരംഗം എന്ന സ്ഥലത്തു നിന്ന്‌ ജാംനഗറിലേക്കു വന്നു. ഇടക്കുള്ള പ്രധാന സ്ഥലങ്ങള്‍ സുരേന്ദ്രനഗര്‍, രാജ്കോട്‌ മുതലായവയാണ്‌. വരുന്ന വഴിയില്‍ ചോടാലി എന്ന ഗ്രാമത്തിലൂടെ കടന്നുപോന്നു. അവിടെ കുന്നിന്മുകളില്‍ ഒരു മാതാജി ക്ഷേത്രമുണ്ട്‌. ധാരാളം ഭക്തര്‍ പോകുന്ന സ്ഥലമാണ്‌. അതുകൊണ്ടു തന്നെ അവിടം തിരക്കുള്ള ഒരു ബസാര്‍ ആയിരിക്കുന്നു.

ഏതൊരു നഗരത്തിന്റെയും മണം ഒന്നു തന്നെയാണെന്നു വേണം പറയാന്‍ - കാനകളില്‍ നിന്നു വരുന്ന ദുര്‍ഗ്ഗന്ധം. ജാംനഗറും അക്കാര്യത്തില്‍ വ്യതസ്തമൊന്നുമല്ല.

ഇവിടെ കിട്ടുന്ന ഇഞ്ചിയിട്ടു കാച്ചിയ ചായയ്ക്ക്‌ ഒരു പ്രത്യേക രുചിയുണ്ട്‌. പക്ഷെ വില താരതമ്യേന കൂടുതലാണെന്നു വേണം പറയാന്‍. ഏകദേശം ഒരൌണ്‍സ്‌ കൊള്ളുന്നൊരു പ്ലാസ്റ്റിക്‌ കാപ്പില്‍ കിട്���ുന്ന ചായയ്ക്ക്‌ വില രണ്ടര രൂപ. അത്‌ ഹാഫ്‌ ചായയാണ്‌. നമ്മുടെ നാട്ടിലും പണ്ട്‌ "ആപ്പ്‌" ചായ ഉണ്ടായിരുന്നു. ദേവിന്റെയോ, തകഴിയുടെയൊ കഥകളില്‍ ആപ്പ്‌ ചായ മേടിച്ച്‌ ഫുള്‍ ചായയാക്കുന്ന വിരുതന്മാരെക്കുറിച്ച്‌ വായിച്ചിട്ടുണ്ട്‌.

ഇന്നലെ ഗ്രാമീണ കര്‍ഷകരുടെ ആഥിത്യം സ്വീകരിച്ചു ചായ കുടിക്കുകയുണ്ടായി. ഒരു കൊച്ചു സ്റ്റീല്‍ സോസറിലാണ്‌ ചായ പകര്‍ന്നു തന്നത്‌. ഭൂമി, നഗരത്തില്‍ താമസിക്കുന്ന ജമീന്ദാര്‍മാരുടെയാണ്‌. ഓരോരുത്തര്‍ക്കും നൂറുകണക്കിന്‍^ ഏക്കര്‍ ഭൂമി ഉണ്ടായിരിക്കും. അതു നോക്കിനടത്താനായി വയലുകളുടെ നടുവിലായി കര്‍ഷകരെ കുടിയിരുത്തിയിരിക്കയാണ്‌. ആദായത്തിന്റെ മുക്കാല്‍ പങ്കും ജമീന്ദാര്‍മാര്‍ക്കാണ്‌. എന്തായാലും അവിടെ കൃഷിയിടങ്ങള്‍ കൃഷിക്കായി തന്നെ ഉപയോഗിക്കുന്നു. മണ്ണിനു പറ്റിയ വിളകള്‍ കൃഷി ചെയ്യുന്നു. ഈര്‍പ്പം കുറഞ്ഞ മണ്ണില്‍ പരുത്തി, ജലസേചനസൌകര്യമുള്ളയിടത്ത്‌ ധാന്യവിളകള്‍. ഇവിടെ നെല്‍ക്കൃഷി കണ്ടില്ല, പക്ഷെ ഗോതമ്പു പാടങ്ങള്‍ ഉണ്ട്‌.

ഒരു തരം വൃക്ഷങ്ങള്‍ എന്റെ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. പേരെനിക്കറിയില്ല. ഞാന്‍ അതിനു പേരിട്ടിരിക്കുന്നത്‌ ഫിനിക്സ്‌ മരം എന്നാണ്‌. ഞാന്‍ ആദ്യം കാണുമ്പോള്‍ ഉണങ്ങി നില്‍ക്കുന്നുണ്ട്‌. പിന്നീട്‌ എകദേശം ഒരു മാസം കഴിഞ്ഞു നോക്കുമ്പോള്‍ മരത്തില്‍ പുതിയ തളിരുകള്‍.

ഇന്നു ഇവിടത്തെ നാഗ്മതി നദിയുടെ അരികെ പോയിരുന്നു. ഇതിനരികെയുള്ള ഭൂമി വളരെ ഫലഭൂയിഷ്ടമാണ്‌. മണ്ണ്‌ കണ്ടാലറിയാം. പല തരം വിളകള്‍ ഈ ഗ്രാമത്തില്‍ കാണാന്‍ കഴിഞ്ഞു. ഗോതമ്പ്‌, കടല, കരിമ്പ്‌, ചോളം ഇതൊക്കെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്‌. നമ്മുടെ നാട്ടില്‍ ഒരു കാട്ടുചെടിയായി വളരുന്ന നല്ലാവണുക്ക്‌ ഇവിടെ പലയിടത്തും കൃഷി ചെയ്തു കണ്ടു. അതിന്റെ കുരുവില്‍ നിന്നും എണ്ണ എടുക്കാന്‍ വേണ്ടിയാണത്രെ. വാഴയും തെങ്ങും അപൂര്‍വമായെ ���ാണാറുള്ളു. ഈഗ്രാമത്തില്‍ ഒരു വാഴത്തോട്ടവും ഏതാനം തെങ്ങുകളും കാണുകയുണ്ടായി. ഒരു തോട്ടത്തില്‍ നിറയെ പപ്പായ കൃഷി ചെയ്തിരിക്കുന്നു. മറ്റൊന്നില്‍ ജമന്തിപൂക്കളും. കേരളത്തില്‍ അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന ഒരു ദൃശ്യം കാണുകയുണ്ടായി - കാള പൂട്ടുന്ന കര്‍ഷകന്‍. ഇവിടത്തെ കാളകളുടെ കൊമ്പുകള്‍ സുന്ദരവും ബലിഷ്ഠവുമാണ്‌. ഈ അടുത്തകാലത്ത്‌ ഞാന്‍ തിരുവില്വാമലയില്‍ പോയപ്പോള്‍ ഒരു കാളവണ്ടി കാണുകയുണ്ടായി. ഞാന്‍ ഒരു ഫൊട്ടൊ എടുത്തു. ഇതൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണദൃശ്യങ്ങളാണല്ലൊ.

ഗ്രാമത്തില്‍ ഇടയ്ക്കിടെ കോവിലുകള്‍ (മന്ദിര്‍) കാണാം. അതോ തറകള്‍ എന്നു വിളിക്കണോ? എല്ലാത്തിനു മുകളിലും ഉയരത്തില്‍ പറക്കുന്ന കൊടികള്‍ ഉണ്ടാകും, വെള്ള, ചുവപ്പ്‌ ഇങ്ങനെ. ഈ കൊടികളുടെ നിറഭേദത്തെക്കുറിച്ച്‌ ഞാന്‍ അന്വേഷിച്ചു. വെള്ള കൊടികള്‍ കാണുന്നത്‌ പിതൃസ്മാരകങ്ങള്‍ക്കു മുകളിലാണ്‌. ചുവന്ന കൊടി മാതാജിയുടെ മന്ദിര്‍ ആണ്‌. ഈ മന്ദിറുകളുടെ ബാഹുല്യം കണ്ടപ്പോള്‍ ഗള്‍ഫ്‌ നാടുകളിലെ മോസ്‌കുകളുടെ കാര്യം ഓര്‍ത്തു പോയി. ചെരുതും വലുതുമായി ഇടവിട്ടിടവിട്ട്‌ മോസ്‌ക്കുകള്‍ അവിടെ കാണാമല്ലൊ. ശ്രദ്ധേയമായ ഒരു കാര്യം ഈ മന്ദിറുകളില്‍ പ്രവേശിക്കുന്നതിന്‌ നിബന്ധനകള്‍ ഒന്നുമില്ല എന്നതാണ്‌. സന്ദര്‍ശകരുടെ മതം, വസ്ത്രം ഒന്നും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നില്ല. ഫോട്ടൊ എടുക്കുന്നതിനും വിലക്കുകളില്ല. ഗുജറാത്തികളില്‍ നല്ലൊരു ശതമാനം ജൈനമതകാര്‍ ഉണ്ട്‌. ധാരാളം ജൈനക്ഷേത്രങ്ങള്‍ ഉണ്ട്‌ ഇവിടെ. വീരംഗത്തിനടുത്ത്‌ ഒരു സൂര്യക്ഷേതം ഉണ്ട്‌. പോകാന്‍ തരപ്പെട്ടില്ല. ജാംനഗറില്‍ നിന്ന്‌ ഏകദേശം 150 കി. മി. ദൂരെയാണ്‌ ദ്വാരക.

ഇവിടത്തെ ഇടയന്മാരുടെ ഒരു ഫോട്ടൊ എടുക്കണമെന്ന്‌ ആഗ്രഹമുണ്ട്‌. അവരുടെ പ്രത്യേക വേഷവും, കാതിലെ കുണ്ടലങ്ങളും കൈയിലെ ഇടയക്കോലും വെള്ളപ്പാത്രവും ചേര്‍ന്നുള്ള ഒരു ഫോട്ടൊ. എങ്കിലും ആളുകളുടെ ഫോട്ടൊ എടുക്കാന്‍ അവരുടെ സമ്മതം വേണമല്ലൊ. പറ്റിയ ഒരു ദ്വിഭാഷിയെ കിട്ടിയാല്‍ എടുക്കണം.

ഗ്രാമങ്ങളിലെ ചില സ്ത്രീകളുടെ മേല്‍ക്കുപ്പായം പ്രത്യേക തരമാണ്‌. ഏതെങ്കിലും പ്രത്യേക വിഭാഗക്കാരുടെ ആണോ എന്ന്‌ അറിഞ്ഞു കൂട. പുറംഭാഗം തുറന്ന ഈ ബ്ലൌസുകള്‍ പുറകില്‍ അടിയിലുള്ള ഒരു ചരടുകൊണ്ട്‌ ബന്ധിച്ചിരിക്കും. ശിരോവസ്ത്രം കൂടെ ധരിക്കുന്നതു കൊണ്ട്‌ പുറകിലെ നഗ്നത പെട്ടെന്ന്‌ ദൃശ്യമാകില്ലെങ്കിലും, എന്തെങ്കിലും ജോലി എടുക്കുമ്പോളും ശരീരം ഇളകുമ്പോളും പ്രായോഗികമായി ഈ ഭാഗം അനാവൃതമാകും. അതുകൊണ്ടു തന്നെ തുറന്നു കിടക്കുന്ന ശരീരഭാഗത്തിന്റെ നിറമാണ്‌ ഇവരുടെ പുറംഭാഗത്തിനും. ഈ ബ്ലൌസ്‌ ഒരെണ്ണം കിട്ടിയാല്‍ വീട്ടിലേക്കു കൊണ്ടു പോകാം എന്നുണ്ടായിരുന്നു. അതുപോലെ ഇവരുടെ ഒരു പടം എടുക്കണമെന്നും. പക്ഷെ, തല്ലു കിട്ടാന്‍ സാദ്ധ്യതയുള്ള വിഷയമായതു കൊണ്ട്‌ ശ്രമിച്ചില്ല.ഞങ്ങളുടെ പദ്ധതി പ്രദേശത്ത്‌ വെള്ളം ഉള്ളതും ഇല്ലാത്തതുമായ കുറെ പുഴകളുണ്ട്‌. കൃഷി ആവശ്യത്തിനായി തീര്‍ത്ത ഏകദേശം നൂറു വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ടും. പുഴകളിലും അണക്കെട്ടിലും ധാരാളം മീനുണ്ടെന്നു പറയുന്നു. പക്ഷെ പ്രാദേശികര്‍ മത്സ്യം ഭക്ഷിക്കാത്തവരാണത്രെ. നാഗ്മതിയിലെ അണക്കെട്ടിനോടു ചേര്‍ന്ന്‌ നല്ലൊരു പൂന്തോട്ടവും പാര്‍ക്കും ഉണ്ട്‌. പക്ഷെ നഗരത്തില്‍ നിന്നും ദൂരെയായതുകൊണ്ടാകാം സന്ദര്‍ശകര്‍ കുറവാണ്‌. അതിനടുത്തു വച്ച്‌ ഒരു നേച്ചര്‍ ഫോടോഗ്രാഫറെ കണ്ടു. ചില അപൂര്‍വ ഇനം പക്ഷികളെ കാണാറുണ്ടത്രെ അവിടെ. അണ കെട്ടി നിര്‍ത്തിയ തടാകത്തില്‍ ദേശാടനപ്പക്ഷികളെ കണുകയുണ്ടായി.

തീവ്രഹിന്ദുത്വനിലപാടുകളുള്ള നരേന്ദ്രമോഡിയെ ജനങ്ങള്‍ വീണ്ടും അധികാരത്തിലേറ്റിയതിന്റെ കാരണം സംസ്ഥാനത്തിന്റെ വികസനകാര്യത്തില്‍ അദ്ദേഹം ക���കൊണ്ട നിലപാടുകള്‍ ആകണം. (കുവൈറ്റില്‍ വെച്ചും ഗുജറാത്തില്‍ വച്ചും മോഡി എന്നു പേരുള്ള രണ്ടു പേര്‍ സഹപ്രവര്‍ത്ത്കരായിട്ടുണ്ടായിരുന്നു. ഇവരൊക്കെ പ്രത്യേകം പറഞ്ഞ ഒരു കാര്യം, അവരുടെ പേരു്‌ Mody ആണ്‌, Modi അല്ല എന്നായിരുന്നു. കാരണം അന്വേഷിച്ചപ്പോള്‍ കേട്ടത്‌, Modi എന്ന പേരുള്ളവരുടെ പൂര്‍വികര്‍ മുസ്ലിംകളില്‍ നിന്ന്‌ മതപരിവര്‍ത്തനം ചെയ്ത ഹിന്ദുക്കളാണത്രെ. ഇതു പറഞ്ഞവര്‍ തന്നെ കൂട്ടിച്ചേര്‍ത്തു, എന്നാല്‍ നരേന്ദ്രമോഡിയുടെ പൂര്‍വികര്‍ യഥാര്‍ത്ഥ ഹിന്ദുക്കള്‍ തന്നെയാണ്‌). രാജസ്ഥാനില്‍ നിന്ന്‌ ഗുജറാത്തിലെ എണ്ണശുദ്ധീകരണശാലകളിലേക്ക്‌ ക്രൂഡ്‌ ഓയില്‍ കൊണ്ടുവരുന്നതിനുള്ള പൈപ്പ്ലൈന്‍ ഇടുന്നതായിരുന്നു ഞങ്ങളുടെ പ്രോജക്റ്റ്‌. നല്ലൊരു ദൂരവും ഈ പൈപ്പ്ലൈന്‍ കടന്നുപോകുന്നത്‌ കൃഷിയിടങ്ങളിലൂടെയാണ്‌. കേരളത്തില്‍ ഇത്തരമൊരു പദ്ധതിയെക്കുറിച്ച്‌ സ്വപ്നം കാണാന്‍ പോലും കഴിയില്ല. ഭൂമി എറ്റെടുക്കല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു അതതു പ്രദേശങ്ങളിലെ താലുക്‌ അധികാരികളും പൈപ്ലൈന്‍ കമ്പനിയുമായി ലെയിസണ്‍ ചെയ്യുന്നു. നഷ്ടപരിഹാരത്തിന്റെ ഒരു പങ്ക്‌ ഈ ലെയിസണ്‍ ഓഫീസര്‍മാരുടെ പോക്കറ്റില്‍ എത്തുന്നുണ്ടത്രെ. എന്നിരുന്നാലും ദ്രുതഗതിയില്‍ നടപടികള്‍ പൂര്‍ത്തിയാകുന്നു. ഭൂമിയുടെ നഷ്ടപരിഹാരം ഭൂവുടമയ്ക്കും, വിളകളുടേത്‌ കൃഷിക്കാരനുമാണ്‌. ചിലയിടങ്ങളില്‍ കര്‍ഷകരും ഭൂവുടമകളും ചില്ലറ അലോസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും അതെല്ലാം പരിഹരിച്ച്‌ പദ്ധതി മുന്നോട്ടു പോകുന്നു. നസ്ടപരിഹാരം കൂട്ടന്‍ വേണ്ടി കൃഷിക്കാര്‍ കാണിക്കുന്ന ഒരു തന്ത്രം ഏറ്റെടുക്കുന്ന ഭൂമിയില്‍ പുതിയതായി കുഴല്‍ക്കിണറുകള്‍ കുഴിക്കുക എന്നതാണ്‌. സര്‍വ്വെ നടത്തുമ്പോള്‍ ഇല്ലാതിരുന്ന കിണറുകള്‍ (വെള്ളം ഒന്നും കാണില്ല, കുഴല്‍ക്കിണറിന്റെ ഒരു പ്രേതം) ഭൂമി ഒരുക്കാന്‍ വരുമ്പോള്‍ പ്രത്യക്ഷപ്പെടും. കമ്പനി ഭൂമി വിലക്കെടുക്കുന്നില്ല, അതിലെ പൈപ്പ്ലൈന്‍ ഇടാനുള്ള അവകാശം മാത്രമേ വാങ്ങുന്നുള്ളു. പൈപ്പ്ലൈന്‍ ഇട്ടതിനുശേഷം ഭൂമി പൂര്‍വസ്ഥിതിയിലാക്കി കര്‍ഷകനു തിരിച്ച്‌ നല്‍കും. ആയതിനാല്‍ അവിടെ ഭൂമി ഒരുക്കുമ്പോള്‍ മേല്‍മണ്ണ്‌ പ്രത്യേകമായി മാറ്റി വയ്ക്കുന്നു.

അപ്പോള്‍ ഇവിടെ വിവാഹങ്ങളുടെ സീസണ്‍ ആയിരുന്നു. വിവാഹഘോഷയാത്രകള്‍ ഏറെയും രാത്രികളിലാണ്‌. അണിയിച്ചൊരുക്കിയ കുതിരവണ്ടിയും ബാന്റ്‌ മേളവും അതിനൊപ്പിച്ചു നൃത്തച്ചുവടു വയ്ക്കുന്ന ആണും പെണ്ണുമൊക്കെയായി ഘോഷയാത്രകള്‍ രസകരമാണ്‌. ഒരു വിവാഹത്തില്‍ പങ്കു കൊള്ളണമെന്നും ഒരു ഗ്രാമീണ കര്‍ഷകന്റെ വീട്ടില്‍ നിന്നു ഭക്ഷണം കഴിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. അതിനു പറ്റിയ ഇടനിലക്കാരെയൊന്നും കിട്ടാത്തതുകൊണ്ട്‌ ആ ആഗ്രഹം നടന്നില്ല.

ഗ്രാമത്തിലെ മേള കാണാന്‍ പോയിരുന്നു. മാതാജിയുടെ ക്ഷേത്രത്തിലെ മേളയായിരുന്നു. ജനങ്ങളും കച്ചവടക്കരും ചേര്‍ന്ന്‌ ഒരു മേള തന്നെ. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നമ്മുടെ നാട്ടിലെ ഉത്സവങ്ങള്‍ക്കും ഇതേ ഛായയായിരുന്നു. ആനമയില്‍ ഒട്ടകക്കാരാനും പൊരി വില്‍ക്കുന്ന ചെട്ടിച്ചിയും പോലീസിന്റെ കണ്ണുവെട്ടിച്ച്‌ മുച്ചീട്ട്‌ കളിക്കുന്നവരെയും കുട്ടികളെ പറ്റിക്കുന്ന റബ്ബര്‍മിട്ടായിക്കാരനേയും ഓര്‍മ്മ വന്നു. സന്ധ്യക്ക്‌ ആരതി നേരത്ത്‌ മാതാജി ശരീരത്തില്‍ പ്രവേശിച്ച്‌ ചിലരൊക്കെ ഉറഞ്ഞു തുള്ളാറുണ്ടത്രെ. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന മേളക്ക്‌ ഒട്ടകവണ്ടികളില്‍ വന്ന്‌ തമ്പടിച്ചിരിക്കയാണ്‌ ചില കുടുംബങ്ങള്‍.

നമ്മുടെ നാട്ടില്‍ മലയാറ്റൂര്‍ക്കും ്വ‍അബരിമലയ്ക്കും മറ്റും കാല്‍നടയായി തീര്‍ട്‌ഠ്ഹാടകര്‍ പോകാറില്ലെ? അതുപോലൊന്ന്‌ ഒരിക്കല്‍ ഇവിടെയും കാണുകയുന്‍ടായി. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘങ്ങള്‍ കാല്‍നടയായി പോകുന്നതു കന്‍ടപ്പോള്‍ അന്‍ംഏഷിച്ചു. കുറച്ചു ദൂരെ മാതാജിയുടെ പ്രസിദ്ധമായ ഒരു മന്ദിര്‍ ഉന്‍ടത്രെ. അവിടത്തെ മേളയ്ക്ക്‌ പോകുന്നവരാണ്‌. മേളയോടടുത്ത ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും ഒരുപാട്‌ ജനങ്ങള്‍ പോകുന്നത്‌ കാണാമായിരുന്നു. വഴിയരികില്‍ തീര്‍ത്ഥാടകര്‍ക്ക്‌ വിശ്രരമിക്കുന്നതിനായി വലിയ പന്തലുകളും അവിടെ ഭക്ഷണം ഒരുക്കി കാത്തിരിക്കുന്ന വാളന്‍ടിയര്‍മാരും ഉന്‍ടായിരുന്നു.

വിധിവശാല്‍ ഗുജറാത്തിലെ താമസം മൂന്നു മാസം കഴിഞ്ഞപ്പോള്‍ അവസാനിപ്പിച്ച്‌ സൌദിയിലെ മണലാരണ്യത്തിലേക്ക്‌ യാത്രയായി.


SocialTwist Tell-a-Friend
Related Stories: ഗുജറാത്തിലെ കാഴ്ചകള്‍ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon