You are here: HOME » HOME »
വല്ല്യാപ്പന്റെ വിശേഷങ്ങള്‍
ഷാജി മൂലേപ്പാട്ട്‌ Jayakeralam Malayalam News
Monday, 23 April 2012
അന്ന്‌ അമാവാസി ആയിരുന്നു. കുരാകൂരിരുട്ട്‌. പുറത്തേക്ക്‌ നോക്കിയാല്‍ വെളിച്ചമില്ലാത്ത ഒരു തുരങ്കത്തില്‍ അകപ്പെട്ട പോലെ !. ചീവീടുകള്‍ മത്സരിച്ച്‌ രാകി കൊണ്ടിരിക്കുന്നു. കുറ്റിചൂലാന്‍ ഇടക്ക്‌ കൂകുന്നുണ്ട്‌. ആകെ ഒരു ഭയപ്പെടുത്തുന്ന അന്തരീക്ഷം. കുറച്ചകലെയുള്ള ചായി കുഞ്ഞപ്പന്‍ മാപ്ലാരുടെ വീട്ടില്‍ മാത്രമേ ഇലട്രിക്ക്‌ ലൈറ്റുള്ളൂ. പെങ്ങാമുക്കില്‍ ഇവര്‍ക്ക്‌ രണ്ട്‌ വെളിച്ചെണ്ണ മില്ലുകള്‍ ഉണ്ട്‌. മില്ല്‌ അടച്ച്‌ രാത്രി പത്തു മണിക്കാണ്‌ അപ്പനും മകനും കൂടി വീട്ടില്‍ എത്തുക. ഇവര്‍ക്ക്‌ നോക്കെത്താ ദൂരത്തോളം പുഞ്ച ക്യഷിയുണ്ട്‌. പുഞ്ചപ്പാടത്ത്‌ വെള്ളം പമ്പു ചെയ്യാന്‍ ഉപയോഗിക്കുന്ന രണ്ടോ നാലോ എഞ്ചിനുകളും, നെല്ലിന്‌ കീടനാശിനി അടിക്കാന്‍ ഉപയോഗിക്കുന്ന രണ്ട്‌ മോട്ടോര്‍ സ്‌പ്രേയറുകളും ഉണ്ട്‌. രാത്രി മില്ലില്‍ നിന്ന്‌ വന്നാല്‍ കീടനാശിനി സ്‌പ്രേയര്‍ ഓണ്‍ ചെയ്‌തും ഓഫാക്കിയും ആ നാടിനെ പ്രകമ്പന്മ്‌ കൊള്ളിക്കും. ഈ ടെസ്‌റ്റിങ്ങ്‌ കഴിയുന്നതു വരെ അടുത്തുള്ള ഞങ്ങള്‍ക്കൊന്നും ഉറങ്ങാന്‍ കഴിയാറില്ല. അവരുടെ വീട്ടിലെ ഇലട്രിക്ക്‌ ബള്‍ബിന്റെ മഞ്ഞ വെളിച്ചം മിന്നാമിനുങ്ങു വെട്ടം പോലെ തിളങ്ങുന്നുണ്ട്‌.


മേട ചൂടില്‍ ഞങ്ങളുടെ ദേശം തളര്‍ന്നു നില്‍ക്കുകയാണ്‌. ഇവിടെ അധികവും ക്യസ്‌ത്യാനി കുടുമ്പങ്ങളാണ്‌. ഞങ്ങള്‍ ഒരു പത്തു കുടുമ്പങ്ങള്‍ മാത്രമേ ഈഴവരായിട്ടുള്ളൂ. ഞങ്ങളുടെ കുടുമ്പങ്ങള്‍ കൂലി പണിക്ക്‌ പോയും, സ്വന്തം കവിങ്ങു പറമ്പിലും, പാടത്തും പണിയെടുത്തും, വെറ്റില ക്യഷി നടത്തിയുമാണ്‌ ഉപജീവനം നടത്തുന്നത്‌. വല്ല്യാപ്പന്‌ ഈയിടെയായി ശരീര സുഖം കുറവായതിനാല്‍ പുറത്ത്‌ പണിക്ക്‌ പോകാറില്ല. വെറ്റില നുള്ളി വില്‍ക്കലാണ്‌ പ്രധാന വരുമാന മാര്‍ഗ്ഗം. കവുങ്ങില്‍ പടര്‍ന്നു കയറിയിട്ടുള്ള വെറ്റില നുള്ളുവാന്‍ പുറത്ത്‌ ഓല വല്ലം കെട്ടി ഞാത്തി, മുള ഏണി കവുങ്ങില്‍ വെച്ച്‌ കെട്ടിയാണ്‌ കയറുക. രണ്ടു മൂന്നു വല്ലം വെറ്റിലയെങ്കിലും ഒരു ദിവസം നുള്ളും. രാത്രിയിലാണ്‌ നുള്ളിയ വെറ്റിലകള്‍ ചെറിയ കെട്ടുകളായി അടുക്കുക. അടുക്കി വച്ച വെറ്റില കെട്ടുകള്‍ വാഴയിലയില്‍ പൊതിഞ്ഞ്‌ പിറ്റേ ദിവസം രാവിലെ പഴഞ്ഞിയിലെ അടക്കാ മാര്‍ക്കറ്റിലുള്ള വെറ്റില കച്ചവടക്കരുടെ അടുത്തെത്തിക്കും.


രാത്രി വെറ്റില അടുക്കി കഴിയുമ്പോള്‍ പന്ത്രണ്ട്‌ മണിയെങ്കിലും ആകും. റാന്തലിന്റെ തിരി നീട്ടി വെച്ച്‌ വല്ലത്തിലെ വെറ്റിലകളെല്ലാം ഉമ്മറത്തെ സിമന്റു തറയില്‍ ചൊരിഞ്ഞ്‌ , ഓട്ടു കിണ്ടിയിലെ തണുത്ത വെള്ളം വെറ്റിലകള്‍ക്ക്‌ മുകളില്‍ തളിക്കും. പിന്നെ മുക്കാലിയില്‍ കാലു മടക്കി ഇരുന്ന്‌ വല്ല്യാപ്പന്‍ വെറ്റില അടുക്കാന്‍ തുടങ്ങും. അന്ന്‌ വല്ല്യാപ്പനുമായി സംസാരിക്കാന്‍ തൊണ്ടി പറമ്പിലെ ബാലേട്ടനും, രാജപാപ്പനും എത്തിയിരുന്നു. പലപ്പോഴും സംസാര വിഷയം വല്ല്യാപ്പന്റെ ചെറുപ്പ കാലത്തെ വീരസാഹസീക കഥകളായിരിക്കും. നാലാം ക്ലാസില്‍ പഠിക്കുന്ന ഞാനും വല്ല്യാപ്പന്റെ ഒരു ആരാധകനായിരുന്നു. അന്നും കഥ കേള്‍ക്കാനായി ഞാന്‍ ഉമ്മറത്തെ അര തിണ്ണയില്‍ കയറിയിരുന്നു.


വല്ല്യാപ്പനും, കുഞ്ഞാപ്പനും എന്റെ മുത്തശ്ശന്‍മാരാണ്‌. എന്റെ അച്ഛന്റെ പാപ്പന്‍മാര്‍. പണ്ട്‌ കുഞ്ഞാപ്പന്‍ ബിലായിലേക്ക്‌ പോകുന്നതിനു മുമ്പ്‌ , വല്ല്യാപ്പന്‍ പെങ്ങാമുക്കിലെ മൊടത്തലായിക്കാരുടെ കവുങ്ങു പറമ്പ്‌ വെള്ളം തേവാന്‍ കരാറെടുത്തിരുരുന്നു. അന്ന്‌ വല്ല്യാപ്പന്‌ പെരുമ്പിലാവ്‌ ചന്തയില്‍ നിന്നു വാങ്ങിയ രണ്ട്‌ കേമന്‍ പോത്തുകളുണ്ടായിരുന്നു. തേക്കു കൊട്ടയും, തുമ്പിയും തുടിക്കുള്ളിലൂടെ കമ്പ കയറു കൊണ്ട്‌ നുകത്തില്‍ കെട്ടി, രണ്ടു പോത്തുകളുടെയും കഴുത്തില്‍ നുകം വച്ച്‌ മുന്നോട്ടും പിന്നോട്ടും നടന്ന്‌ കിണറില്‍ നിന്ന്‌ വെള്ളം വലിച്ച്��� കയറ്റും. നേരം പുലരുമ്പോളേക്കും ആ വലിയ കവുങ്ങു പറമ്പ്‌ തിരിച്ച്‌ കഴിഞ്ഞിട്ടുണ്ടാവും.
ഒരു ചൊവ്വാഴ്‌ച്ച പുലര്‍ച്ചക്ക്‌ വല്ല്യാപ്പനും, കുഞ്ഞാപ്പനും കൂടി വെള്ളം തേവാന്‍ വേണ്ടി പോയി. കുഞ്ഞാപ്പന്‍ ഒരു ചെറിയ നാസ്‌തികനാണ്‌. ചാത്തനേയും, മറുതയേയും പേടിയില്ലാത്ത ആള്‍. മൊടത്തലായിക്കാരുടെ പറമ്പില്‍ പണ്ടെന്നോ ഒരു ചാത്തന്‍ തറ ഉണ്ടായിരുന്നു. കാലക്രമത്ത്ല് അതെല്ലാം മണ്ണടിഞ്ഞു പോയി. എങ്കിലും ആ ശക്‌തി അവിടെ ഉണ്ടെന്നാണ്‌ കേള്‍വി. ചാത്തനെ വിമര്‍ശിക്കുന്നത്‌ അദ്ധേഹത്തിന്‌ ഇഷ്ടമുള്ള കാര്യമല്ല. രണ്ടുപേരും കൂടി അന്ന്‌ തിരിക്കാന്‍ ചെന്നപ്പോള്‍ സംസാരം ചാത്തനിലെത്തി. കുഞ്ഞാപ്പന്‍ ചാത്തനെ പരിഹസിച്ചെന്തോ പറഞ്ഞു. പറയേണ്ട താമസം ചരല്‍ മഴ പെയ്യാന്‍ തുടങ്ങി. വലിയ ഉരുളന്‍ കല്ലുകള്‍ അവര്‍ നില്‍ക്കുന്നതിനടുത്ത്‌ വീഴാന്‍ തുടങ്ങി. പക്ഷേ അവരുടെ ദേഹത്ത്‌ പതിക്കുന്നില്ല. പോത്തുകള്‍ വിരണ്ടോടാന്‍ തുടങ്ങിയിരുന്നു. കുഞ്ഞാപ്പന്‍ പേടിച്ച്‌ വിറച്ച്‌ ഇനി എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്‌.. വല്ല്യാപ്പന്‍ പറഞ്ഞു " കുഞ്ഞു മോനെ, വേഗം മാപ്പ്‌ പറയ്‌, ഇല്ലെങ്കില്‍ ചാത്തന്‍ നമ്മളേയും കൊണ്ടേ പോകൂ..." . കുഞ്ഞാപ്പന്‍ മാപ്പു പറഞ്ഞ ഉടനെ കല്ലേറു നിന്നു. വെറ്റില അടുക്കല്‍ നിര്‍ത്തി വല്ല്യാപ്പന്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു. കുറച്ച്‌ നേരം ഒന്നും പറയാതിരുന്നു. ബാലേട്ടനും, രാജപാപ്പനും ശ്വാസം അടക്കിപിടിച്ചാണ്‌ ഇരിക്കുന്നത്‌. ബാലേട്ടന്‍ പതിയെ ഇരുട്ടിലേക്ക്‌ നോക്കി. ആ മുഖത്ത്‌ ഭയത്തിന്റെ നിഴലാട്ടം ഞാന്‍ കണ്ടു. ആരും ഒന്നും മിണ്ടുന്നില്ലായിരുന്നു. ഞാന്‍ പേടിച്ച്‌ വിറച്ചാണ്‌ തിണ്ണയിലിരുന്നത്‌.. പെട്ടന്നാണ്‌ മുറ്റത്ത്‌ നിന്ന്‌ രണ്ട്‌ പൂച്ചകള്‍ കടിപിടി കൂടാന്‍ തുടങ്ങിയത്‌. പൂച്ചകള്‍ അലറി വിളിക്കുകയായിരുന്നു. പേടിച്ചരണ്ട ഞാന്‍ ഒറ്റ ചാട്ടത്ത��ന്‌ വല്ല്യാപ്പന്റെ അടുത്തെത്തി. അന്നു രാത്രി മുഴുവന്‍ ഞാന്‍ ഉറക്കത്തില്‍ പേടിച്ച്‌ കരഞ്ഞുവെന്ന്‌ പിറ്റേ ദിവസം അമ്മ പറഞ്ഞു. അതിനു ശേഷം വല്ല്യാപ്പന്റെ ഹൊറര്‍ കഥകള്‍ കേള്‍ക്കാന്‍ ഞാനിരിക്കാറില്ല.


വല്ല്യാപ്പന്‌ നാല്‌ മലബാറി ആടുകള്‍ ഉണ്ട്‌. വെളുത്ത സുന്ദരി കുട്ടികള്‍. സുറുമ എഴുതിയ പോലുള്ള വലിയ കണ്ണുകള്‍ കണ്ടാല്‍ ആരും അവരെ ഒന്നു നോക്കി പോകും. വലിയ ചെവികള്‍ ആട്ടി കാടി വെള്ളം കുടിക്കുന്നത്‌ കാണാന്‍ നല്ല ചേലാണ്‌. ഇതിലെ ഒരു സുന്ദരിക്ക്‌ ഒരു കുഴപ്പമുണ്ട്‌, വേണ്ടുന്നതിനും വേണ്ടാത്തതിനും അലറി കരയല്‍ !!!. കരഞ്ഞു തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ വലിയ വിഷമമാണ്‌. ആടിന്റെ ഈ സ്വഭാവം കാരണം വല്ല്യാപ്പനും, അടുത്തുള്ളവര്‍ക്കും വലിയ ശല്ല്യമായി. ഒരു ദിവസം വല്ല്യാപ്പന്‍ വെറ്റില നുള്ളി ക്ഷീണിച്ചു വന്നിരിക്കുന്ന സമയത്ത്‌ കുഴപ്പക്കാരി കലാപരുപാടി തുടങ്ങി. സഹികെട്ട വല്ല്യാപ്പന്‍ തിരികെ കവുങ്ങു പറമ്പിലേക്ക്‌ ഓടി. തിരികെ വന്നത്‌ ഒരു പിടി ചീന മുളകുമായാണ്‌. ഒരെണ്ണം കടിച്ചാല്‍ ചെവിയില്‍ നിന്ന്‌ തീവണ്ടിയുടെ ചൂളം വിളി ഉയരും. അത്രക്കും എരുവാണതിന്‌. അത്‌ അമ്മിയില്‍ ഇട്ട്‌ ചതച്ച്‌ കുഴമ്പ്‌ പരുവത്തിലാക്കി. കഥാ നായിക കലാപരുപാടി തുടര്‍ന്നു കൊണ്ടേയിരിക്കുകയായിരുന്നു. വല്ല്യാപ്പന്‍ ആടിനെ ബലമായി പിടിച്ച്‌, ആടിന്റെ ചുണ്ടിലും വായിലും ചീനമുളകു കുഴമ്പ്‌ തേച്ചു. പിന്നെ ആട്‌ വായ തുറന്നില്ല. എരുവെടുത്ത്‌ കൂടിന്റെ പട്ടികയില്‍ ചുണ്ട്‌ ഉരച്ചും, വെപ്രാളമെടുത്തും അന്നു മുഴുവന്‍ നിന്നു. അതിനു ശേഷം ആട്‌ ഈ സ്വഭാവം കാട്ടിയിട്ടില്ല. അധവാ അറിയാതെ ഒന്നു കരഞ്ഞു പോയാല്‍ , വല്ല്യാപ്പനെ ഒന്നു കണ്ടാല്‍ മതി, ആട്‌ വായ പൂട്ടി മൂത്രമൊഴിക്കും.


ചിലപ്പോള്‍ ഞാന്‍ ആലോചിക്കറുണ്ട്‌ വല്ല്യാപ്പന്‍ കാണിക്കുന്നത്‌ ക്രൂരതയല്ലേ എന്ന്‌. വല്ല്യാപ്പന്‍ ഓരോ വര��‍ഷവും പോത്തുകളെ മാറ്റി വാങ്ങും. ഒരു വര്‍ഷം വാങ്ങിയ പോത്തുകളിലൊന്നിന്‌ കുട നിവര്‍ത്തി കണ്ടാല്‍ പേടിയായിരുന്നു. റോഡിലൂടെയോ, പാട വരമ്പിലൂടെയോ ആരെങ്കിലും കുട നിവര്‍ത്തി പിടിച്ച്‌ വരുന്നതു കണ്ടാല്‍ പോത്ത്‌ ജീവനും കൊണ്ടോടും. ചെറുപ്പത്തില്‍ പോത്തിനെ ആരെങ്കിലും കുട കാട്ടി പേടിപ്പിച്ചിട്ടുണ്ടായിരിക്കാം !!!. പോത്തിന്റെ ഈ പേടികാരണം, വല്ല്യാപ്പന്‍ കുറേ ഓടിയിട്ടുണ്ട്‌ പോത്തിനെ തിരികെ പിടിച്ചു കൊണ്ടു വരാന്‍. ഒരു ദിവസം വെറ്റില വിറ്റ്‌ പഴഞ്ഞി മാര്‍ക്കറ്റില്‍ നിന്ന്‌ വരുമ്പോള്‍ നല്ല ഒരു കമ്പ കയര്‍ വാങ്ങി കൊണ്ടു വന്നു. കുട പേടിയുള്ള പോത്തിനെ തൊഴുത്തിനു പിറകിലുള്ള പുളി മരത്തില്‍ ഓടാന്‍ പറ്റാത്ത വിധത്തില്‍ മുറുകെ കെട്ടി. പിന്നെ ഒരു കുട കൊണ്ടു വന്ന്‌ ഇളയമ്മയോട്‌ പോത്തിന്റെ മുന്നില്‍ നിവര്‍ത്തി പിടിക്കന്‍ പറഞ്ഞു. കുട നിവര്‍ത്തിയതും പോത്ത്‌ അലമുറയിട്ട്‌ ഓടാന്‍ ശ്രമിച്ചു. നല്ല ഒരു മുടിയാങ്കോലു കൊണ്ട്‌ വല്ല്യാപ്പന്‍ പോത്തിനെ അടി തുടങ്ങി. ഇടക്ക്‌ കുട നിവര്‍ത്തിയും മടക്കിയും പോത്തിന്റെ പേടി ടെസ്‌റ്റ്‌ ചെയ്‌തു കൊണ്ടേയിരുന്നു. അടി കൊണ്ട്‌ അവശനായ പോത്ത്‌ അവസാനം കുട നിവര്‍ത്തിയാലും , മടക്കിയാലും ഇളകാതായി. പിന്നിട്‌ കുട കണ്ടാല്‍ പോത്ത്‌ അറിഞ്ഞ ഭാവം പോലും കാണിക്കറില്ലായിരുന്നു. പോത്തിനെ അടിച്ച്‌ വല്ല്യാപ്പന്റെ കൈ ഇളക്കാന്‍ പറ്റാതായി. ഒരു ആഴ്‌ച്ച മര്‍മ്മാണി തൈലം ഇട്ട്‌ ഉഴിഞ്ഞും, ചൂടു വെള്ളം പിടിച്ചുമാണ്‌ കൈ നേരെ ആയത്‌. ഒന്നാലോചിച്ചു നോക്കൂ, എന്ത്‌ അടി അടിച്ചു കാണും എന്ന്‌ !!!. പണ്ടത്തെ കാര്യമായത്‌ വല്ല്യാപ്പന്റെ ഭാഗ്യം !!!. ഇന്നൊക്കെ ആയിരുന്നെങ്കില്‍ മേനക ഗാന്ധിയുടെ ആളുകള്‍ മൃഗ പീഠനത്തിന്‌ വല്ല്യാപ്പന്റെ പേരില്‍ കേസെടുത്ത്‌, അഴി എണ്ണിച്ചേനെ....


ഋതുക്കള്‍ പലതും ഒഴുകിയകന്നു. കഴിഞ്ഞ മാസത്തില്‍ ഞാന്‍ ലീവിന്‌ നാട്ട���ല്‍ ചെന്നപ്പോള്‍ വല്ല്യാപ്പനെ കണ്ടിരുന്നു. കാലം ഒരു കുന്നോളം മാറ്റങ്ങള്‍ വല്ല്യാപ്പനിലും, എന്നിലും, ഞങ്ങളുടെ ഗ്രാമത്തിലും വരുത്തിയിരുന്നു. പഴയ കാര്യങ്ങള്‍ പലതും ഓര്‍മ്മ ചെപ്പില്‍ നിന്നും പരതിയെടുത്ത്‌ ചിരിയുടെ മാല പടക്കത്തിന്‌ തീ കൊളുത്തി. ഒടുവില്‍ യാത്ര പറഞ്ഞ്‌ മടങ്ങുന്നതിനു മുന്നേ ആ കാലില്‍ തൊട്ട്‌ വണങ്ങിയപ്പോള്‍ എന്റെ നെറുകയില്‍ കൈ വച്ച്‌ " നന്നായി വരും " എന്നനുഗ്രഹിച്ചു. ഒരു തല മുറയുടെ മുഴുവന്‍ അനുഗ്രഹങ്ങളും വല്ല്യാപ്പന്‍ എന്നിലേക്ക്‌ പകര്‍ന്നു തന്നു.SocialTwist Tell-a-Friend
Related Stories: വല്ല്യാപ്പന്റെ വിശേഷങ്ങള്‍ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon