You are here: HOME » HOME »
ആരും പോസ്റ്റ്മാനെ കാത്തിരിയ്ക്കുന്നില്ല
ജനാര്‍ദ്ദനന്‍ Jayakeralam Malayalam News
Monday, 23 April 2012
ഭാര്യേ,

ഇന്ന്‌ വെള്ളിയാഴ്ചയായതുകൊണ്ട്‌ അവധിയാണ്‌. പുറത്ത്‌ ഭയങ്കര പൊടിക്കാറ്റാണ്‌. കാലാവസ്ഥാപ്രവചനം അനുസരിച്ച്‌ അടുത്ത നാല്‍പതു ദിവസങ്ങളില്‍ കനത്ത പൊടിക്കാറ്റുണ്ടാകുമത്രെ.

ജനലിലൂടെ പുറത്തു നോക്കിയാല്‍ കാറ്റിലാടുന്ന വൃക്ഷത്തലപ്പുകള്‍ കാണാം. ഈ മരങ്ങളുടെ പേരറിഞ്ഞുകൂട. ഇവിടെ സര്‍വവ്യാപകമായി കാണാവുന്ന ഒരു മരമാണ്‌. പെട്ടെന്ന്‌ വളര്‍ന്ന്‌ പിടിക്കും. കമ്പ്‌ മുറിച്ച്‌ നട്ടാല്‍ മതി. അതു കഴിഞ്ഞാല്‍ സ്വന്തം അതിജീവനതന്ത്രം ഉപയോഗിച്ചുകൊള്ളും.

കാറ്റിലാടുന്ന മരത്തലപ്പുകള്‍ കണ്ടപ്പോള്‍ പെട്ടെന്നു മനസ്സ്‌ നാട്ടിലേയ്ക്ക്‌ കുതിച്ചു. ഇപ്പോള്‍ വീട്ടിലിരുന്നാലും ഇതുപോലൊരു കാഴ്ച കാണാം. ഒരു വ്യത്യാസം മാത്രം - അവിടെ കാലവര്‍ഷത്തിലാണ്‌ മരങ്ങള്‍ ആടുന്നത്‌. ഏറെ നാളായി മോഹിയ്ക്കുന്നു, ഇതുപോലൊരു വേനലില്‍ (അല്ല, കാലവര്‍ഷത്തില്‍) നാട്ടിലുണ്ടാകണം. എന്നിട്ട്‌ എന്റെ ഗ്രാമവീഥികളിലൂടെ മഴയത്ത്‌ നടക്കണം. ഓലക്കുടയും ചൂടി സ്കൂളില്‍ പോകുന്ന പഴയ ബാലനാകാന്‍ മോഹം.

കവി പറഞ്ഞ പൊലെ "വെറുതെയീ മോഹങ്ങള്‍" എന്നറിയാം. ആ പഴയ ഗ്രാമവീഥികള്‍ ഇന്നെവിടെ? വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ടാര്‍ ചെയ്ത ഒറ്റ റോഡേ ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ദിവസത്തില്‍ മൂന്നോ നാലോ ബസ്സുകള്‍ ഓടുന്ന ഒരു റോഡ്‌. ബാക്കി എല്ലാം ചെമ്മണ്‍പാതകള്‍ ആയിരുന്നു. ഇന്നിപ്പോള്‍ ചെമ്മണ്‍പാതകള്‍ കാണണമെങ്കില്‍ ഗൂഗിള്‍ എര്‍ത്തില്‍ പോയി സെര്‍ച്ച്‌ ചെയ്യേണ്ടി വരും. പഞ്ചായത്തുകളുടെ വികസനസങ്കല്‍പ്പം റോഡ്‌ ടാര്‍ ചെയ്യലായപ്പോള്‍ നാട്ടില്‍ ഇടവഴികള്‍ ഇല്ലാതായി എന്നു പറയാം.

മനസ്സില്‍ കുളിരു പകരുന്ന ഏറെ മഴക്കാലങ്ങള്‍ ഉണ്ട്‌ ഓര്‍മ്മകളില്‍. വടക്കെപ്പുറത്ത്‌ ഒരു പുളിയന്മാവുണ്ടായിരുന്നു. സ്കൂള്‍ അടയ്ക്കുമ്പോള്‍ ആ മാവിന്റെ കൊമ്പിലാണ്‌ ഊഞ്ഞാലിടാറ്‌. പുളിയന്‍ മാങ്ങയ്ക്ക�� പച്ചയില്‍ കടുത്ത പുളിയാണ്‌. പഴുത്താല്‍ നല്ല മധുരവും. മീന്‍ കറി വെയ്ക്കാന്‍ അന്നൊക്കെ പുളിയന്‍ മാങ്ങയാണ്‌ ഉപയോഗിക്കുക. മാങ്ങയിട്ട്‌ വെച്ച മത്തിക്കറിയുടെ കാര്യം ഓര്‍ക്കുമ്പഴേ നാവില്‍ വെള്ളമൂറുന്നു. ഞങ്ങളുടെ നാട്ടിന്‍പുറത്ത്‌ അന്ന്‌ ധരാളമായി കിട്ടുന്ന മത്സ്യങ്ങള്‍ രണ്ട്‌ തരമാണ്‌. ചാള, ഐല തുടങ്ങിയ കടല്‍മീനുകളും പിന്നെ കായല്‍മീന്‍ എന്ന്‌ അറിയപ്പെടുന്ന പലതരം ശുദ്ധജലമത്സ്യങ്ങളും. മാങ്ങയിട്ട്‌ വെച്ച മത്തിക്കറിയും ഇലിമ്പന്‍പുളിയിട്ട്‌ വെച്ച കായല്‍മീനും എനിയ്ക്കു്‌ ഏറെ ഇഷ്ടമാണെന്നറിയാമല്ലോ?

പുളിയന്‍മാവിലേയ്ക്കു തിരിച്ച്‌ വരാം. എത്ര പറിച്ചാലും വര്‍ഷകാലത്തേയ്ക്കു്‌ കുറെ മാങ്ങകള്‍ കരുതിവെച്ചിരിയ്ക്കും മാവ്‌. മഴക്കാലത്ത്‌ ഉണര്‍ന്നെണീറ്റാല്‍ നേരെ ഓടും മാവിഞ്ചുവട്ടിലേയ്ക്കു്‌. മാങ്ങ വീണുകിടപ്പുണ്ടോ എന്ന്‌ നോക്കാന്‍. മാവില്‍ത്തന്നെ നിന്ന്‌ പഴുക്കുന്ന മാമ്പഴത്തിനാണ്‌ രുചി കൂടുതലെന്നാണ്‌ എന്റെ പക്ഷം. നമ്മുടെ വടക്കേതിലെ ചേടത്തി ഈ പഴമാങ്ങ കൊണ്ട്‌ എളുപ്പത്തില്‍ ഒരു കറി ഉണ്ടാക്കുമായിരുന്നു - കറിയെന്നോ ചമ്മന്തിയെന്നോ എന്തു വിളിക്കണമെന്നറിഞ്ഞുകൂട. കടുകു പൊട്ടിച്ചു്‌ മുളകും മൂപ്പിച്ച്‌ പഴമാങ്ങാക്കഷണങ്ങള്‍ വഴറ്റിയെടുത്ത്‌ അല്‍പ്പം ചാറോടു കൂടിയ കറി. നല്ല രുചിയായിരുന്നു.

പതിനാറോ പതിനെട്ടോ വയസ്സുള്ളപ്പോള്‍ കല്ല്യാണം കഴിഞ്ഞു വന്നതാണ്‌ ചേടത്തി. നല്ല അദ്ധ്വാനശീലയായിരുന്നു. പാടത്തും പറമ്പിലും മറ്റ്‌ പണിക്കരോടൊപ്പം നിന്ന്‌ പണിയെടുക്കുമായിരുന്നു, ആയ കാലത്ത്‌. എത്ര ക്ലാസ്സ്‌ പഠിച്ചെന്നറിയില്ല. പക്ഷെ വായിക്കുന്ന ശീലം ഉണ്ടായിരുന്നു. സരോജിനിയുടെ കടുംകൈയും ചേറ്റുപുഴ ബസ്സപകടവും ചെറിയ ആരോമല്‍ചേകവരും ഒക്കെ രസനിര്‍ഭരമായ ഭാഷയില്‍ ചേടത്തി വായിച്ചു കേട്ട ഓര്‍മ്മയുണ്ട്‌. അക്കാലത്ത്‌ ഉത്സവപ്പറമ്���ുകളിലും ക്ഷേത്രനടകളിലും ഒക്കെ ഇത്തരം പാട്ടുപുസ്തകങ്ങള്‍ കിട്ടുമായിരുന്നു. പത്രങ്ങള്‍ പിന്നെയും എത്രയോ കാലം കഴിഞ്ഞാണ്‌ എന്റെ നാട്ടില്‍ പ്രചാരത്തിലായത്‌.

നാട്ടില്‍ ഒരു യുവജനകലാസമിതി ഉണ്ടായിരുന്നു. ഇന്ന്‌ അതിന്റെ ഗതി എന്തായെന്നറിയില്ല. അവിടെയാണ്‌ ആകെ ഒരു റേഡിയോ ഉണ്ടായിരുന്നത്‌. നാട്ടിലെ ചെറുപ്പക്കാരുടെ കലാവാസനകളെ വെളിച്ചത്തു കൊണ്ടുവരുന്നതില്‍ ഈ കലാസമിതി നല്ല ഒരു പങ്കു വഹിച്ചിട്ടുണ്ട്‌. ജനവരിയിലെ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ചാണ്‌ കലാസമിതിയുടെ വാര്‍ഷികം. സി. എല്‍. ജോസിന്റെയും പറവൂര്‍ ജോര്‍ജിന്റേയും ഒരു പാട്‌ നാടകങ്ങള്‍ യുവജനകലാസമിതിയുടെ ആഭിമുഖ്യത്തില്‍ അവതിരിപ്പിച്ചിട്ടുണ്ട്‌. അന്ന്‌ ആ പള്ളി ഞങ്ങളുടെ മാത്രമല്ല, അടുത്തുള്ള ഗ്രാമങ്ങളുടെയും ഇടവകപ്പള്ളിയായിരുന്നു. ഇന്നത്‌ മൂന്നോനാലോ ഇടവകകള്‍ ആയെന്നു തോന്നുന്നു.

ഞങ്ങളുടെ നാട്ടിലേക്കുള്ള ടൗണ്‍ ബസ്സുകളുടെ അവസാനത്തെ സ്റ്റോപ്പ്‌ തൊട്ടടുത്തുള്ള ഗ്രാമമായിരുന്നു. ആ നാട്ടുകാരെ കളിയാക്കിക്കൊണ്ടു അന്നൊരു കഥയുണ്ടായിരുന്നു. വേലിയ്ക്കു കുമ്മായം അടിച്ചവര്‍ എന്ന്‌. കഥ ഇങ്ങനെയാണ്‌ - നഗരത്തില്‍ ഉത്സവകാലത്ത്‌ വീടിന്റെ മതിലുകള്‍ക്കു കുമ്മായം പൂശിയതു കണ്ട ഗ്രാമവാസികള്‍ അവരുടെ നാട്ടില്‍ ഉത്സവം വന്നപ്പോള്‍ വേലികള്‍ക്കു കുമ്മായം പൂശിയത്രെ, അവര്‍ക്കു മതിലുകള്‍ ഇല്ലല്ലൊ. സത്യമാകാം, വെറും കെട്ടുകഥയുമാകാം.

വേലി എന്നു പറയുമ്പോള്‍ ഇന്നത്തെ കുഞ്ഞുങ്ങള്‍ ഒരു പക്ഷെ ചോദിച്ചേയ്ക്കാം, എന്താണ്‌ വേലിയെന്ന്‌. ഇപ്പോള്‍ വേലികള്‍ പഴഞ്ചൊല്ലില്‍ മാത്രമായി ഒതുങ്ങിപ്പോയില്ലെ? വീടുവെയ്ക്കുന്നതിനു മുന്‍പേ നമ്മളിപ്പോള്‍ മതില്‍ കെട്ടും. മതിലുകള്‍ കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നതോടൊപ്പം കൂടുതല്‍ അകല്‍ച്ചയും സൃഷ്ടിക്കുന്നില്ലെ? ഇന്ന്‌ ഏറെ നമ്മള്‍ ഉപയോഗിക്കുന്ന ഒരു വാക്കാണ്‌ ഇക്കോഫ്രണ്ട്‌ലി എന്ന്‌. പഴയ കാലത്തെ വേലികള്‍ ഇക്കോഫ്രണ്ട്‌ലി ആയിരുന്നു എന്ന്‌ നമ്മള്‍ തിരിച്ചറിയുന്നുണ്ടോ? വേലികളെ ചുറ്റി ഒരു വലിയ ആവാസവ്യവസ്ഥ നിലനിന്നിരുന്നു. അന്ന്‌ നമുക്കു പരിചിതമായിരുന്ന ഒരുപാട്‌ ചെടികളും പൂക്കളും കിളികളും ഇന്ന്‌ നാട്ടിന്‍പുറത്തും കാണാറില്ല. കുട്ടികള്‍ക്കു പ്രകൃതിപഠനത്തിനു തൊടിയും വേലിയും ഒക്കെ മതിയായിരുന്നു. ഇന്നത്തെ മള്‍ട്ടിമീഡിയയേക്കാള്‍ കേമം. ധാത്രി താളിയെക്കുറിച്ച്‌ അന്ന്‌ ആരും കേട്ടിട്ടില്ല. വൈകുന്നേരം എണ്ണ തേച്ച്‌ വേലിയ്ക്കല്‍ നിന്ന്‌ കുറച്ച്‌ നീറോലിത്താളിയും പറിച്ചാണ്‌ കുളിക്കാന്‍ പോവുക. കുളിയോ, മഴക്കാലത്തു തോട്ടിലും വേനല്‍ക്കാലത്ത്‌ കിണറ്റിന്‍കരയിലും. അന്ന്‌ നഗ്നതയെക്കുറിച്ച്‌ നമ്മള്‍ ഇന്നത്തോളം വ്യാകുലരായിരുന്നില്ല. തോട്ടിന്‍കരയിലും കിണറ്റിന്‍കരയിലും മാറ്‌ മറക്കാതെ കുളിക്കുന്ന അമ്മമാരും ചേച്ചിമാരും അന്നൊക്കെ സാധാരണ കാഴ്ചയായിരുന്നു. ഇന്നിപ്പോള്‍ കൊച്ചുകുഞ്ഞുങ്ങളെപ്പോലും ഉടുപ്പിടാതെ കാണാന്‍ കഴിയില്ലല്ലൊ?

അന്ന്‌ ഓണക്കാലത്ത്‌ നമ്മൂടെ പൂക്കളങ്ങള്‍ക്ക്‌ തമിഴ്‌നാട്ടില്‍നിന്നും പൂ വരേണ്ട്തില്ലായിരുന്നു. നമ്മുടെ വേലിയിലും പറമ്പിലും തന്നെ ആവശ്യത്തിനു പൂ കിട്ടുമായിരുന്നു. ഇന്നിപ്പോള്‍ പൂവുണ്ടായാലും നമ്മുടെ കുട്ടികള്‍ക്ക്‌ പൂ പറിക്കാനും പൂമ്പാറ്റയുടെ പുറകെ ഓടാനും സമയമെവിടെ? തന്നെയുമല്ല അന്ന്‌ പൂക്കളം തീര്‍ക്കല്‍ സ്പോണ്‍സേര്‍ഡ്‌ മത്സരങ്ങളുമായിരുന്നില്ല.

നമ്മുടെ തറവാടിനു പുറകിലുള്ള പാടം കണ്ടിട്ടുണ്ടല്ലൊ. ഇന്നത്തെപ്പോലെ ചുള്ളിക്കാട്‌ വളര്‍ന്ന്‌ തരിശായിക്കിടക്കുന്ന പാടമല്ല, അന്ന്‌. രണ്ട്‌ പൂവിലും കൃഷി ചെയ്യുമായിരുന്നു. ഇന്ന്‌ കാണുന്ന റോഡിന്റെ സ്ഥാനത്ത്‌ അന്ന്‌ വീതിയുള്ള ഒരു വരമ്പ്‌ മാത്രമായിര്‍ന്നു. അതു വഴ��യാണ്‌ ഞങ്ങള്‍ സ്കൂളില്‍ പോയിരുന്നത്‌. വര്‍ഷകാലത്ത്‌ പാടം ഒരു കടലാകും. തോടിനു കുറുകെ അന്ന്‌ പാലവും ഇല്ല. രണ്ട്‌ തെങ്ങിന്‍തടി ഇട്ട്‌ അതിലൂടെയാണ്‌ തോട്‌ മുറിച്ചു കടക്കുക. നമ്മുടെ നാട്ടിലെ തന്നെ ഒരു ചെറിയ കരാറുകാരനാണ്‌ ആ പാലം പണിതത്‌. അപ്പോഴും റോഡ്‌ ആയിട്ടില്ല. വര്‍ഷകാലത്ത്‌ ഉടുപ്പഴിച്ച്‌ തലയില്‍ വെച്ചാണ്‌ പാടം മുറിച്ചുകടന്ന്‌ സ്കൂളില്‍ പോവുക. അതല്ലെങ്കില്‍ ഒരുപാട്‌ ചുറ്റിവളയണം.

ഈ പാടവും തോടും ചുറ്റി ഒരു പാട്‌ ഓര്‍മ്മകളുണ്ട്‌ പറയാന്‍. മനസ്സില്‍ കവിതയും പ്രേമവും മുളയ്ക്കാന്‍ തുടങ്ങിയ കാലത്ത്‌ നിലാവുള്ള സന്ധ്യകളില്‍ ഞാനിവിടെ വന്നിരിക്കാറുണ്ടായിരുന്നു.

കോളേജില്‍ പഠിക്കുന്ന കാലത്ത്‌ പാടത്തിനക്കരെ നിന്ന്‌ എനിക്കൊരു കൂട്ടുകാരനെ കിട്ടി. എങ്ങനെ കൂട്ടായി എന്നൊന്നും ഓര്‍ക്കുന്നില്ല. ഇയാള്‍ക്കും ഇയാളുടെ അഛനും കള്ളവാറ്റായിരുന്നു അന്ന്‌ മുഖ്യതൊഴില്‍. തോട്ടുവക്കത്ത്‌ വാഷ്‌ കലക്കിവെയ്ക്കും. വേനല്‍ക്കാലത്ത്‌ തോട്ടിനകത്തും വര്‍ഷകാലത്ത്‌ അക്കരയിലും തീ കൂട്ടി വാറ്റിയെടുക്കും. വാറ്റിയെറ്റുത്ത ചാരായം ചൂടോടെ ഒരു കവിള്‍ കുടിച്ചത്‌ ഞാന്‍ ഓര്‍ക്കുന്നു. കള്ളവാറ്റുകൊണ്ട്‌ കാശുകാരായി മറ്റ്‌ ബിസിനസ്സുകള്‍ തുടങ്ങിയ ചിലരുണ്ട്‌. വാറ്റി നശിച്ചവരും ഉണ്ട്‌.

പാടത്തിനടുത്തുള്ള ആ പറമ്പുണ്ടുല്ലൊ, ഇപ്പോള്‍ അനിയന്‍ വീട്‌ വെച്ച്‌ താമസിക്കുന്നത്‌, അത്‌ എന്റെ ശാന്തിനികേതനം ആയിരുന്നു. സ്റ്റഡിഹോളിഡേയ്സിന്‌ കവുങ്ങിന്‍പട്ടകള്‍കൊണ്ട്‌ വേലിക്കരികില്‍ ഞാനൊരു കുടില്‍ തീര്‍ക്കും. അവിടെ ഇരുന്നായിരുന്നു, എന്റെ പഠിത്തം. അന്നത്തെ പറമ്പ്‌ ഇന്ന്‌ കാണുന്ന പോലെയൊന്നുമല്ല. താഴത്തെ രണ്ടു കണ്ടങ്ങളില്‍ ഞങ്ങള്‍ നെല്ലു പണിയും. മുകളിലെ കണ്ടങ്ങള്‍ ഞാറ്റടിയാണ്‌. ഞാറു പറിച്ചു കഴിഞ്ഞാല്‍ അവിടെ വാഴ, കപ്പ, പച്ചക്കറി ഒക്കെ നടുമായിരുന്നു. ഇതിനൊക്കെ നനയ്ക്കാന്‍ മുകളിലെ കിണറ്റില്‍ നിന്നും ഏത്തം വെച്ച്‌ തേകുമായിരുന്നു. ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന ആ കിണര്‍ ഒരു കാലത്ത്‌ സംഋദ്ധമായി പാല്‍ ചുരത്തിയിരുന്നു എന്ന്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല, അല്ലെ? വേനല്‍ മുറുകുന്നതു വരെയും അന്ന്‌ തോട്ടില്‍ വെള്ളമുണ്ടാകുമയിരുന്നു. അതുകൊണ്ടു തന്നെ പരിസരത്തെ കിണറുകളും പെട്ടെന്ന്‌ വറ്റില്ലായിരുന്നു.

ഇന്നിപ്പോള്‍ കൃഷിയെ സംരക്ഷിക്കാന്‍ ഒരു പാട്‌ പദ്ധതികളുണ്ട്‌. ഇത്രയേറെ പദ്ധതികളൊന്നുമില്ലാതിരുന്ന അക്കാലത്ത്‌ നല്ല രീതിയില്‍ത്തന്നെ കൃഷി കൊണ്ടുനടക്കാന്‍ സാധിക്കുമായിരുന്നു. കഷ്ടിച്ച്‌ രണ്ടേക്കര്‍ കൃഷിയാണ്‌ നമുക്കുണ്ടായിരുന്നത്‌. ഏതാണ്ട്‌ അരയേക്കര്‍ ഞാറ്റടിയും. ഭൂപരിഷ്കരണനിയമം നടപ്പിലാകുന്നതിനു മുമ്പു പാട്ടം കൊടുത്തുകഴിഞ്ഞാല്‍ വലിയ മിച്ചമൊന്നും ഉണ്ടാകില്ല. കൃഷിഭൂമി സ്വന്തമായതിനു ശേഷം വര്‍ഷവും വേനലും കാലാകാലങ്ങളില്‍ അനുഗ്രഹിച്ചാല്‍ മെച്ചപ്പെട്ട വിളവ്‌ കിട്ടുമായിരുന്നു. ഏതായാലും ഒന്നെനിക്കു ഉറപ്പിച്ചു പറയാന്‍ സാധിക്കും, കൃഷിയും കാര്‍ഷികവൃത്തിയും കൊണ്ടാണ്‌ അഛന്‍ കുടുംബം പോറ്റിയതും ഞങ്ങളെ പഠിയ്ക്കാനയച്ചതും. അന്ന്‌ വിദ്യാഭ്യാസം ഇന്നത്തോളം ചെലവേറിയതായിരുന്നില്ല എന്നത്‌ മറ്റൊരു കാര്യം. ഇപ്പോള്‍ കൃഷിയും കുറഞ്ഞു, കൃഷിഭൂമിയും കുറഞ്ഞു. കര്‍ഷകതൊഴിലാളികള്‍ മറ്റ്‌ മേലകളിലേയ്ക്കു ചേക്കേറി. ഒടുവില്‍ അരിയ്ക്കും പച്ചക്കറിക്കും നമ്മള്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയായി.

ഈ പാടത്ത്‌ ഞങ്ങള്‍ പന്ത്‌ കളിച്ചിട്ടുണ്ട്‌. കന്നിനെ മേച്ച്‌ നടന്നിട്ടുണ്ട്‌. കോളേജില്‍ പഠിയ്ക്കുന്ന കാലത്തും പഠിപ്പിനോടൊപ്പം കൃഷിപ്പണികളില്‍ അഛനെ സഹായിക്കാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. ഇവിടെ ഞങ്ങള്‍ മീന്‍ പിടിച്ചിട്ടുണ്ട്‌. മുണ്ടകന്‍ നാടിനു നിലമൊരുക്കുന്ന സമയത്ത്‌ ധാരാളം മീന്‍ കിട്ടും, കണ്ടത്തില്‍നിന്ന്‌. അതുപോലെ ധാരാളം ഞവണിയ്ക്ക കിട്ടുമായിരുന്നു. ഓര്‍മ്മയുണ്ടല്ലൊ, കുറച്ചു വര്‍ഷം മുമ്പു എന്തോ മരുന്നിനു വേണ്ടി ഞവണിയ്ക്ക അന്വേഷിച്ച്‌ അലഞ്ഞത്‌?

മഴക്കാലത്ത്‌ രാത്രി വീട്ടില്‍ കിടന്നാല്‍ പാടത്തുനിന്നും ഒരു സംഗീതം കേള്‍ക്കാം - തവളകളുടെ കരച്ചില്‍. ഇപ്പോള്‍ തവളകളെപ്പൊലും അപൂര്‍വമായേ കാണാറുള്ളൂ. അമേരിക്കന്‍ സായ്പിനു തവളക്കാല്‍ പ്രിയമായപ്പോള്‍ അവയുടെ വംശനാശം തുടങ്ങി.

വരണം, ഒരു മഴക്കാലത്ത്‌ നാട്ടില്‍. പണ്ടൊരിക്കല്‍ പാടത്തു വെച്ച്‌ കൊണ്ട ഒരു മഴയുടെ ഓര്‍മ്മയുണ്ട്‌. വീശിയടിച്ച കാറ്റില്‍ മഴത്തുള്ളികള്‍ ദേഹത്തു വീണപ്പോള്‍ ആരോ ചരല്‍ വാരി എറിഞ്ഞ പോലെയാണ്‌ തോന്നിയത്‌. ധാരാളം വെയിലും മഴയും കൊണ്ടിട്ടുണ്ട്‌, അതൊക്കെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചിട്ടേയുള്ളൂ. ഇന്ന്‌ നമ്മുടെ കുട്ടികളെ മഴയോ വെയിലോ കൊള്ളാന്‍ അനുവദിക്കാറില്ലല്ലൊ. പിന്നൊരു കാര്യമുണ്ട്‌, എലിപ്പനിയേക്കുറിച്ചോ ചിക്കന്‍-ഗുനിയയേക്കുറിച്ചോ അന്നാരും കേട്ടിട്ടുപോലുമില്ല.

പള്ളിക്കുളത്തിനടുത്തുള്ള പാലം കണ്ടിട്ടില്ലേ? അത്‌ രണ്ട്‌ ദേശങ്ങളെ വേര്‍തിരിക്കുന്ന അതിര്‍ത്തിയാണ്‌. അതിനോടു ചേര്‍ന്നുള്ള പുല്‍പ്പരപ്പ്‌ സന്ധ്യകളില്‍ ഞങ്ങള്‍ നാലഞ്ചു പേരുടെ സംഗമസ്ഥാനമായിരുന്നു. സുബ്രമണ്യനും മോഹനനും അന്ന്‌ ജോലിക്കു പോകാന്‍ തുടങ്ങിയിട്ടുണ്ട്‌. അവരെത്തുമ്പോള്‍ ഏഴുമണി കഴിയും. ആന്റണിയും തോമകുട്ടിയും ഞാനും അപ്പോഴേയ്ക്കും അവിടെ എത്തിക്കാണും. ആ പുല്‍പ്പരപ്പില്‍ ഇരുന്നും കിടന്നും ഞങ്ങള്‍ എന്തൊക്കെ ചര്‍ച്ചകളും തര്‍ക്കങ്ങളും നടത്തിയിട്ടില്ല? പിന്നെപ്പിന്നെ ഓരോരുത്തരും അവരവരുടെ ജോലിയും കുടുംബവും പ്രാരബ്ധങ്ങളുമായി അകന്നു പോയി. ഇപ്പോള്‍ എല്ലാവരും ഒത്തുചേരുന്നത്‌ വര്‍ഷത്തില്�� ഒന്നോ രണ്ടോ തവണ മാത്രം.

ധനുമാസരാവുകളില്‍ നിഴലും നിലാവും ഇണചേര്‍ന്നു കിടക്കുന്ന ഇടവഴികളിലൂടെ ഞാനും സുബ്രമണ്യനും നടക്കും. കാഫ്കെയും കമ്യുവും ഡോസ്റ്റൊവ്സ്കിയും എല്ലാം ഞങ്ങളുടെ ചര്‍ച്ചക്ക്‌ വിഷയമാകും. കൂട്ടത്തില്‍ മുകുന്ദനും ആനന്ദും കാക്കനാടനും ഒക്കെ കേറി വരും. അതൊക്കെ ഒരു കാലം. തിരിച്ചു വരാത്ത കാലം. എനിക്ക്‌ തോന്നുന്നു, ഞാന്‍ ഏറ്റവും കൂടുതല്‍ വായിച്ചിട്ടുള്ളത്‌ മുപ്പത്‌ വയസ്സിനും മുന്‍പാണെന്ന്‌. രാത്രി ഏറെ വൈകുവോളം പുസ്തകം വായിച്ചിരിക്കുമായിരുന്നു. അതുകൊണ്ടാകണം, ഇപ്പൊഴും ഉറങ്ങുന്നതിനു മുന്‍പ്‌ കുറച്ചൊന്ന്‌ വായിച്ചേ പറ്റൂ. ഗ്രാമീണവായനശാലയാണ്‌ അക്ഷരലോകത്തേക്ക്‌ എനിക്ക്‌ വഴിതുറന്നത്‌. വായനശാലാപ്രസ്ഥാനത്തിനു വേണ്ടി ജീവന്‍ ഉഴിഞ്ഞു വെച്ച ശ്രീ പി. എന്‍. പണിക്കരെ ഈ അവസരത്തില്‍ സ്മരിക്കാതെ വയ്യ. കൂട്ടത്തില്‍ അല്‍പ്പം അഭിമാനത്തോടെ പറയട്ടെ, ഞങ്ങളൊക്കെക്കൂടി ഫണ്ടു പിരിച്ചും ശ്രമദാനം നടത്തിയും ഉണ്ടാക്കിയെടുത്തതാണ്‌ വായനശാലാക്കെട്ടിടം. മുട്ടത്തു വര്‍ക്കിയിലും കാനം ഇ. ജെ യിലും കൂടെയാണ്‌ വായന തുടങ്ങിയതെന്നു പറയുന്നതില്‍ അഭിമാനക്കുറവൊന്നും തോന്നുന്നില്ല. ഇന്ന്‌ പൗലോ കൊയ്‌ലോയിലും ഒര്‍ഹാന്‍ പാമുക്കിലും വരെ എത്തി എന്നതുകൊണ്ട്‌.

നമ്മുടെ തട്ടകത്തെ ഭഗവതിക്ഷേത്രമുണ്ടല്ലൊ, അതിനപ്പുറത്തെ പാടം മുറിച്ചു കടന്നാണ്‌ അമ്മയുടെ വീട്ടില്‍ പൊയ്ക്കൊണ്ടിരുന്നത്‌. ഒരു ആറേഴു കി. മീ. ദൂരം കാണും. പക്ഷെ അന്നൊന്നും കാല്‍നടയാത്ര ഒരു പ്രശ്നമായിരുന്നില്ല. ആ ഞാന്‍ തന്നെയാണ്‌ ഇപ്പോള്‍ ഇരുനൂറു മീറ്റര്‍ ദൂരമുള്ള കവലയിലേക്ക്‌ ബൈക്കില്‍ പോകുന്നതും, അതു കഴിഞ്ഞ്‌ വ്യായാമത്തിനായി നടക്കാന്‍ വേറെ പോകുന്നതും.

ഒരുപാട്‌ നീണ്ട കത്തായിപ്പോയി അല്ലെ? ദിവസവും യാഹൂ വഴി സംസാരിച്ചാലും ഒരു കത്തെഴുതുന്നതിന്റെയും വായിക്കുന്നതിന്റെയും സുഖം ഒന്ന്‌ വേറെത്തന്നെയാണ്‌. ഇ മെയ്‌ലും ടെക്സ്റ്റ്‌ മെസ്സേജും ശീലിച്ച പുതിയ തലമുറയ്ക്ക്‌ അത്‌ മനസ്സിലാകില്ല. നമ്മുടെ മകന്‍ കത്തെഴുതാറില്ലല്ലൊ. കുറ്റപ്പെടുത്തുകയല്ല. കുളിമുറിയില്‍ കയറി ഷവറിന്റെ കീഴില്‍ നിന്ന്‌ കുളിക്കുന്നതിന്‌ ഒരു സുഖമുണ്ട്‌. പുഴയില്‍ മുങ്ങിക്കുളിക്കുന്നതിന്റെ സുഖം ഒന്നു വേറെയാണ്‌. പക്ഷെ വിശ്വസിച്ച്‌ മുങ്ങിക്കുളിക്കാന്‍ ഇന്ന്‌ പുഴകളെവിടെ? ശബരിമലയാത്രയില്‍ ഭഗവദ്ദര്‍ശനം കഴിഞ്ഞാല്‍ ഏറ്റവും ആനന്ദദായകമായത്‌ പമ്പയിലെ കുളിയായിരുന്നു. പമ്പയിലെ കോളിഫോം ബാക്റ്റീരിയയുടെ അളവ്‌ കേട്ടശേഷം ഞാന്‍ ഭഗവാനോടു പറഞ്ഞു, ഭഗവാനേ ഞാന്‍ അങ്ങയെ മനസ്സില്‍ ധ്യാനിച്ചു കൊള്ളാമേ എന്ന്‌.

കത്തിനും മണിഓര്‍ഡറിനും വേണ്ടി പോസ്റ്റുമാനെ കാത്തിരുന്ന കാലം ഏറെ പുറകിലാണ്‌. ഹംസദൂതനായും യമദൂതന്നയും എത്തിയിരുന്ന പോസ്റ്റ്മാന്മാരുടെ സ്ഥാനം മൊബെയിലും യാഹൂവും വന്നപ്പോല്‍ നഷ്ടമായി. എങ്കിലും നമുക്കവരെ അങ്ങനെയങ്ങ്‌ മറക്കാന്‍ പറ്റുമോ? കണ്ണീരും കിനാവും ഒരു പാട്‌ കൊണ്ടു തന്നിട്ടില്ലെ?

തല്‍ക്കാലം ഇത്ര മാത്രം. പുതിയ കാലത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സൈന്‍ ഓഫ്‌ ചെയ്യട്ടെ.സ്വന്തം

SocialTwist Tell-a-Friend
Related Stories: ആരും പോസ്റ്റ്മാനെ കാത്തിരിയ്ക്കുന്നില്ല - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon