You are here: HOME » HOME »
കുളിരേകുന്ന അകത്തളങ്ങള്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Saturday, 22 October 2011
ആഗോളതാപനത്തിന്റെ ഇക്കാലത്ത് എയര്‍ കണ്ടീഷണര്‍ ആഡംബരവസ്തുവില്‍ നിന്ന് അവശ്യ ഉപകരണമായി മാറിക്കഴിഞ്ഞു. സമ്പന്നര്‍ക്കൊപ്പം ഇടത്തരക്കാരും വീട്ടിലെ ഒരു മുറിയെങ്കിലും എ.സി. ആക്കണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ, ഒരു ടി.വി.യോ വാഷിങ് മെഷീനോ വാങ്ങുമ്പോള്‍
കാണിക്കുന്ന ജാഗ്രതപോലും ആരും എ.സി. വാങ്ങുമ്പോള്‍ കാണിക്കാറില്ല. എയര്‍ കണ്ടീഷണറുകളെക്കുറിച്ച് കൃത്യമായ അറിവില്ലാത്തവര്‍ എ.സി. തിരഞ്ഞെടുക്കുന്നത് ചതിക്കപ്പെടാന്‍ ഇടയാക്കും. എ.സി. വെക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന വിവരങ്ങളാണ് ഈ ലേഖനത്തില്‍ വിശദീകരിക്കുന്നത്.

എയര്‍ കണ്ടീഷണര്‍ രണ്ടുതരത്തിലുണ്ട്. വിന്‍ഡോ ടൈപ്പും സ്പ്ലിറ്റ് ടൈപ്പും. വിന്‍ഡോ മോഡല്‍ എ.സി. പേര് സൂചിപ്പിക്കുംപോലെ ജനല്‍ വെക്കുംപോലെ ഭിത്തി തുരന്ന് സ്ഥാപിക്കുന്നതാണ്. കണ്ടന്‍സിങ് കോയല്‍, കൂളിങ് കോയല്‍, എയര്‍ സര്‍ക്കുലേറ്റിങ് ഫാന്‍, മോട്ടോര്‍ എന്നിവയെല്ലാം ഒരു
ബേസ്‌പ്ലേറ്റില്‍ ഘടിപ്പിച്ചിരിക്കുന്നതാണ് ഇത്. ഇത്തരം എ.സി.കള്‍ ഇപ്പോള്‍ ട്രെന്‍ഡല്ല. മാത്രമല്ല സ്പ്ലിറ്റ് എ.സി.കള്‍ക്ക് വിന്‍ഡോ ടൈപ്പിനെ അപേക്ഷിച്ച് ഒരുപാട് മെച്ചങ്ങളുണ്ട്. വിന്‍ഡോ ടൈപ്പിനെ രണ്ടാക്കി ഭാഗിച്ചതാണ് സ്പ്ലിറ്റ് എ.സി. ഇതില്‍ കൂളിങ് യൂണിറ്റ്, കണ്ടന്‍സിങ് യൂണിറ്റ് എന്നിങ്ങനെ രണ്ടു ഭാഗങ്ങള്‍ ഉണ്ടായിരിക്കും. കൂളിങ് കോയല്‍, ഫാന്‍, മോട്ടോര്‍ എന്നിവയാണ് കൂളിങ് യൂണിറ്റില്‍ (ഇന്‍ഡോര്‍ യൂണിറ്റ്) വരുന്നത്.

കംപ്രസ്സര്‍, കണ്ടന്‍സിങ് കോയല്‍, ഫാന്‍, മോട്ടോര്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് കണ്ടന്‍സിങ് യൂണിറ്റ് (ഔട്ട്‌ഡോര്‍ യൂണിറ്റ്). ഇങ്ങനെ രണ്ടു ഭാഗങ്ങള്‍ ആകുന്നതിന്റെ പ്രധാന മെച്ചം എ.സി. സ്ഥാപിക്കാനായി ചുമര്‍ തുരക്കേണ്ടതില്ല എന്നതാണ്. ഇന്‍ഡോര്‍ യൂണിറ്റും ഔട്ട്‌ഡോര്‍ യൂണിറ്റും രണ്ടു
ഭാഗത്താണ് സ്ഥാപിക്കുക. ഔട്ട്‌ഡോര്‍ യൂണിറ്റ് വീടിന് പുറത്ത് സ്ഥാപിച്ചശേഷം പൈപ്പ് ഉപയോഗിച്ച് വീട്ടിനകത്ത് സ്ഥാപിച്ചിരിക്കുന്ന ഇന്‍ഡോര്‍ യൂണിറ്റുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ശബ്ദം കുറയും, അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ എളുപ്പം എന്നിവയും സ്പ്ലിറ്റ് എ.സി.യുടെ ഗുണങ്ങളാണ്.

എ.സി വാങ്ങുമ്പോള്‍

എയര്‍ കണ്ടീഷണര്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കണം. കപ്പാസിറ്റി, ഊര്‍ജക്ഷമത. എ.സി.യുടെ കപ്പാസിറ്റി ടണ്ണിലാണ് പറയുക. ഇതുപ്രകാരം വീടുകളില്‍ സാധാരണയായി 3/4 ടണ്‍ മുതല്‍ മൂന്ന് ടണ്‍ വരെ കപ്പാസിറ്റിയുള്ള വിന്‍ഡോ അല്ലെങ്കില്‍ സ്പ്ലിറ്റ് എയര്‍
കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നുണ്ട്. 5ാ ഃ 3.5ാ ഃ 3ാ അളവില്‍ താഴെനിലയിലുള്ള ഒരു മുറിയിലേക്ക് 1.5 ടണ്‍ കപ്പാസിറ്റിയുള്ള എയര്‍ കണ്ടീഷണര്‍ മതിയാകും. വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ ടണ്ണിനനുസരിച്ച് വ്യത്യാസം വരാം. വിന്‍ഡോ ടൈപ്പ് ആണെങ്കില്‍ തറനിരപ്പില്‍
നിന്ന് ഏകദേശം 75 - 100 രാ ഉയരത്തില്‍ സൂര്യപ്രകാശം നേരിട്ട് തട്ടാത്തിടത്ത് വെക്കാം. സ്പ്ലിറ്റ് എ.സി. തറനിരപ്പില്‍ നിന്ന് ഏകദേശം രണ്ട് മീറ്റര്‍ ഉയരത്തില്‍ ഇന്‍ഡോര്‍ യൂണിറ്റും 5-6 മീറ്റര്‍ അകലത്തില്‍ കഴിയുന്നതും ഒരേ നിരപ്പില്‍ വെയില്‍ കൊള്ളാത്ത സ്ഥലത്ത് ഔട്ട്‌ഡോര്‍ യൂണിറ്റും വെക്കണം.

കപ്പാസിറ്റിക്കനുസരിച്ച് എ.സി.യുടെ വിലയും കൂടും. ഒന്നര ടണ്ണിന്റെ അഞ്ച് സ്റ്റാറുള്ള വിന്‍ഡോ ടൈപ്പ് എ.സി.ക്ക് ഏകദേശം 24,500 രൂപ വിലവരും. മൂന്നു സ്റ്റാറുള്ളതിന് 21,500ഉം സ്പ്ലിറ്റ് ടൈപ്പിന് ഇത് യഥാക്രമം ഏകദേശം 29,000, 23,500 എന്നിങ്ങനെയാണ്.

ബി.ഇ.ഇ ലേബല്‍

ആദ്യകാലങ്ങളില്‍ പരസ്യത്തില്‍ ആകൃഷ്ടരായും ഐ.എസ്.ഐ. ചിഹ്നം നോക്കിയുമാണ് എയര്‍ കണ്ടീഷണറുകള്‍ വാങ്ങിയിരുന്നത്. ഇന്ന് ഓരോ എയര്‍ കണ്ടീഷണറിലും BEE (ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി) ലേബല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ ഊര്‍ജമന്ത്രാലയ വിഭാഗമാണ് വൈദ്യുതി ലാഭിക്കാനുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഉപകരണത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ തോതനുസരിച്ച് സ്റ്റാര്‍ റേറ്റിങ് സൂചിപ്പിക്കുന്ന ആഋഋ ലോഗോ സഹിതമുള്ള സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടാവും. അംഗീകൃത ലാബുകളില്‍ ഗുണനിലവാരം പരിശോധിച്ച് EER (എനര്‍ജി എഫിഷ്യന്‍സി റേഷ്യോ) അടിസ്ഥാനമാക്കിയാണ് സ്റ്റാര്‍ റേറ്റിങ് നല്‍കുന്നത്.

EER എന്താണെന്ന് വിശദമാക്കാം.

എയര്‍ കണ്ടീഷണറിന്റെ കൂളിങ് കപ്പാസിറ്റി(വാട്ട്‌സ്)യെ യഥാര്‍ഥ വൈദ്യുതി ഉപഭോഗം (ഇന്‍പുട്ട് വാട്ട്‌സ്) കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സംഖ്യയാണ് എനര്‍ജി എഫിഷ്യന്‍സി റേഷ്യോ. നിശ്ചിത കൂളിങ് കപ്പാസിറ്റി, ഏറ്റവും കുറഞ്ഞ വൈദ്യുതി ഉപഭോഗത്തില്‍ നല്‍കുന്ന ഉപകരണത്തിന്റെ EER സ്വഭാവികമായും ഉയര്‍ന്നതായിരിക്കും. ഈ മാനദണ്ഡം വെച്ചാണ് സ്റ്റാര്‍ റേറ്റിങ് നിശ്ചയിക്കുന്നത്.
BEE ലേബലില്‍ സ്റ്റാര്‍ എണ്ണം കൂടാതെ ഉപകരണത്തിന്റെ ബ്രാന്‍ഡ്, മോഡല്‍, ടൈപ്പ്, കൂളിങ് കപ്പാസിറ്റി, ഇന്‍പുട്ട് കറന്റ്, EER എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ടാവും. ഈ ലേബല്‍ പരിശോധിച്ച് നല്ല എ.സി. നിഷ്പ്രയാസം തിരഞ്ഞെടുക്കാം. സ്റ്റാര്‍ എണ്ണം കൂടുംതോറും ഉപകരണത്തിന്റെ വില കൂടുമെങ്കിലും ആ തുക വൈദ്യുതി ബില്ലില്‍ നിന്ന് ലാഭിക്കാന്‍ കഴിയും.

പ്രേംകുമാര്‍ സി.കെ., എ.സി. എക്യുപ്‌മെന്റ്‌സ് കണ്‍സള്‍ട്ടന്റ്, കാലിക്കറ്റ് റഫ്രിജറേഷന്‍ കമ്പനി


SocialTwist Tell-a-Friend
Related Stories: കുളിരേകുന്ന അകത്തളങ്ങള്‍ - Saturday, October 22, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon