You are here: HOME » AGRICULTURE »
കാട വളര്‍ത്തല്‍: പരിചരണം പ്രധാനം
test data Jayakeralam Malayalam News
Saturday, 03 December 2011
ഈയിടെയായി വളരെയധികം പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള ഒരു ഉപതൊഴില്‍ മേഖലയാണ് കാടവളര്‍ത്തല്‍. കുറഞ്ഞ തീറ്റച്ചെലവ്, ചുരുങ്ങിയ ദിവസംകൊണ്ട് മുട്ടവിരിയല്‍ (16-18 ദിവസം), ചെറിയ സ്ഥലത്ത് വളര്‍ത്താന്‍ സാധിക്കുക, ധാരാളം മുട്ടയിടാനുള്ള ശേഷി, സ്വാദിഷ്ഠവും ഔഷധമേന്മയും ഒത്തിണങ്ങിയ മുട്ട, മാംസം എന്നിവ കാടകളുടെ പ്രത്യേകതകളാണ്.

ശരിയായ പരിചരണം നല്കിയില്ലെങ്കില്‍ കാടക്കുഞ്ഞുങ്ങള്‍ ചെറുപ്രായത്തില്‍ ചത്തുപോകാനുള്ള സാധ്യത കൂടുതലാണ്. മൂന്നാഴ്ച പ്രായമാകുന്നതുവരെ കുഞ്ഞുങ്ങള്‍ക്ക് കൃത്രിമചൂട് നല്കണം. തുടക്കത്തില്‍ 37.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് ആവശ്യമാണ്. മൂന്നാഴ്ചയ്ക്കുശേഷം അന്തരീക്ഷത്തിലെ ചൂട് വളരെ കുറവാണെങ്കില്‍ മാത്രം കൃത്രിമച്ചൂട് നല്കിയാല്‍ മതി. ഡീപ്പ് ലിറ്റര്‍ രീതിയില്‍ 100 കുഞ്ഞുങ്ങള്‍ക്ക് നാല്പതോ അറുപതോ വോള്‍ട്ടുള്ള ഒരു ബള്‍ബ് മതിയാകും. നിലത്ത് വിരിച്ച ലിറ്ററില്‍ (അറക്കപ്പൊടിയില്‍) ഒരേ പ്രായത്തിലുള്ള പക്ഷികളെ വളര്‍ത്തുന്ന രീതിയെയാണ് ഡീപ്പ് ലിറ്റര്‍ സംവിധാനം എന്നു പറയുന്നത്. തീറ്റ കൊടുക്കാനായി നീളമുള്ള തീറ്റപ്പാത്രങ്ങള്‍ അഥവാ 'ലീനിയര്‍ ഫീഡര്‍' ഉപയോഗിക്കാം. വെള്ളപ്പാത്രം ചെലവ് കുറഞ്ഞതും വൃത്തിയാക്കാന്‍ എളുപ്പമുള്ളതും കാടകള്‍ക്ക് അകത്തുകയറി ചീത്തയാക്കാന്‍ പറ്റാത്തതുമായിരിക്കണം. ഈ പാത്രങ്ങള്‍ എല്ലാ ദിവസവും കഴുകി വൃത്തിയാക്കണം. വെള്ളം പുറത്തു വീണ് ലിറ്റര്‍ നനയാനും പാടില്ല.

ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ കാടകളെ വളര്‍ത്തുമ്പോള്‍ 5 സെന്റീമീറ്റര്‍ ഘനത്തില്‍ ലിറ്റര്‍ ഇടണം. ആദ്യത്തെയാഴ്ച ബ്രൂഡറിന് ചുറ്റും 30 സെന്റീമീറ്റര്‍ പൊക്കത്തില്‍ കാര്‍ഡ്‌ബോര്‍ഡ്, പനമ്പ് തകിട് ഇവയിലേതെങ്കിലും കൊണ്ടുള്ള ഒരു വലയം സ്ഥാപിക്കാം. ഇതിനെ ചിക്ക്ഗാര്‍ഡ് എന്നു പറയുന്നു. കുഞ്ഞുങ്ങള്‍ വളരുന്നതനുസരിച്ച് ബ്രൂഡറിന് ചുറ്റുമുള്ള വലയത്തിന്റെ വിസ്തീര്‍ണം വലുതാക്കേണ്ടി വരും. ഒരാഴ്ച കഴിഞ്ഞാല്‍ വലയം എടുത്തുമാറ്റാം.

ആദ്യത്തെ രണ്ടാഴ്ച പ്രായംവരെ 24 മണിക്കൂര്‍ വെളിച്ചവും മൂന്നാമത്തെ ആഴ്ചയില്‍ 12 മണിക്കൂര്‍ വെളിച്ചവും വേണം.

മൂന്നാഴ്ച മുതല്‍ ആറാഴ്ച പ്രായംവരെയാണ് വളരുന്ന പ്രായം എന്നു പറയുന്നത്. ഏകദേശം മൂന്നാഴ്ച പ്രായമാകുമ്പോള്‍ കഴുത്തിലെയും നെഞ്ചുഭാഗത്തെയും തൂവലുകളുടെ നിറവ്യത്യാസത്തില്‍നിന്ന് ആണ്‍പെണ്‍കാടകളെ വേര്‍തിരിക്കാം. ആണ്‍കാടകള്‍ക്ക് ഈ ഭാഗങ്ങളില്‍ ചുവപ്പും തവിട്ടും കലര്‍ന്ന നിറത്തിലുള്ള തൂവലുകളുണ്ടായിരിക്കുമ്പോള്‍ പെണ്‍കാടകള്‍ക്ക് കറുപ്പ് പുള്ളികളടങ്ങിയ 'ടാന്‍' അല്ലെങ്കില്‍ 'ഗ്രേ' നിറത്തിലുള്ള തൂവലുകളുണ്ടായിരിക്കും.

മറ്റു പക്ഷികളില്‍നിന്നു വിഭിന്നമായി ആണ്‍കാടകള്‍ പെണ്‍കാടകളേക്കാള്‍ ചെറുതായിരിക്കും. ആണ്‍കാടകളില്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ അവയുടെ വിസര്‍ജനാവയവത്തിനടുത്ത് വിരല്‍കൊണ്ടമര്‍ത്തുകയാണെങ്കില്‍ വെളുത്ത നിറത്തില്‍ പതരൂപത്തിലുള്ള ഒരു ദ്രാവകം ഊറിവരുന്നതായിക്കാണാം. ഇത് ആണ്‍കാടയെ തിരിച്ചറിയാന്‍ സഹായിക്കുന്നു.

ആറാഴ്ച പ്രായമാകുമ്പോള്‍ പെണ്‍കാടകള്‍ക്ക് 150 ഗ്രാം തൂക്കം കാണും. ഈ പ്രായത്തില്‍ ഇവ മുട്ടയിട്ടുതുടങ്ങുന്നു. ഇറച്ചിക്കുള്ള കാടകളെ ഈ പ്രായത്തില്‍ വില്ക്കാം. മുട്ടയിടുന്ന കാടകള്‍ക്ക് അഞ്ച് കാടകള്‍ക്ക് ഒരു പെട്ടി എന്ന തോതില്‍ മുട്ടയിടാനുള്ള പെട്ടികള്‍ വെക്കണം.

മുട്ടയിടുന്ന കാടകള്‍ക്ക് 16 മണിക്കൂര്‍ വെളിച്ചം നല്കണം. അനാവശ്യമായി പെണ്‍കാടകളെ കൈകാര്യം ചെയ്യരുത്.

കാടവളര്‍ത്തലിന്റെ 70 ശതമാനം ചെലവും തീറ്റയ്ക്കാണ്. ആദ്യത്തെ മൂന്നാഴ്ച കൊടുക്കുന്ന 'സ്റ്റാര്‍ട്ടര്‍ തീറ്റ'യില്‍ 27 ശതമാനം മാംസ്യവും 2800 കിലോ കലോറി ഊര്‍ജവും അടങ്ങിയിരിക്കണം. മുട്ടയിടുന്നവയ്ക്ക് കൊടുക്കുന്നതിലാകട്ടെ 22 ശതമാനം പ്രോട്ടീനും (മാംസ്യം) 2900 കിലോ കലോറി ഊര്‍ജവും വേണം. മുട്ടയിടുന്ന കാടപ്പക്ഷികള്‍ക്കും തീറ്റയില്‍ കക്കപ്പൊടി ചേര്‍ത്തുകൊടുക്കണം. ഒരു കാട അഞ്ചാഴ്ച പ്രായം വരെ ഏകദേശം 400 ഗ്രാം തീറ്റ എടുക്കുന്നു. അതിനുശേഷം പ്രതിദിനം 25 ഗ്രാമോളം തീറ്റ വേണം. ഒരു കാടയ്ക്ക് ഒരുവര്‍ഷത്തേക്ക് എട്ടു കിലോഗ്രാം തീറ്റ മതിയാകും.കാടകള്‍ക്കായി സമീകൃതാഹാരം ഉണ്ടാക്കുമ്പോള്‍ മഞ്ഞച്ചോളം, അരിത്തവിട്, കടലപ്പിണ്ണാക്ക്, എള്ളിന്‍പിണ്ണാക്ക്, മീന്‍പൊടി, ഉപ്പ്, എല്ലുപൊടി, കക്കപ്പൊടി, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവ വേണം.കോഴികളുടെ തീറ്റതന്നെ ചില വ്യത്യാസങ്ങളോടെ കാടകള്‍ക്കും കൊടുക്കാവുന്നതാണ്. ഇറച്ചിക്കോഴിക്ക് ഉപയോഗിക്കുന്ന തീറ്റയില്‍ ഓരോ നൂറ് കിലോഗ്രാമിനും20 കിലോഗ്രാം മീന്‍പൊടി, അഞ്ചു കിലോഗ്രാം കപ്പലണ്ടിപ്പിണ്ണാക്ക്, ആറ് ഗ്രാം ജീവകം 'ഇ' എന്നിവ ചേര്‍ത്ത് കാടത്തീറ്റയായി മാറ്റാം


SocialTwist Tell-a-Friend
Related Stories: കാട വളര്‍ത്തല്‍: പരിചരണം പ്രധാനം - Saturday, December 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon