You are here: HOME » CINEMA »
കൂട്ടുകെട്ടിന്റെ സ്‌പിരിറ്റ്‌
സ്വന്തം ലേഖകൻ Jayakeralam Malayalam News
Thursday, 19 April 2012
വെള്ളിത്തിരയില്‍ പുതുമയുടെ ആകാശം തേടുന്ന രഞ്ജിത്തും മോഹന്‍ലാലും കൈകോര്‍ക്കുന്ന സ്പിരിറ്റിന്റെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. നീണ്ട അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഈ കൂട്ടുകെട്ട് ആവര്‍ത്തിക്കുന്നത്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച്, പക്വമായ സിനിമാസമീപനവുമായി മുന്നോട്ട് പോകുന്ന രഞ്ജിത്തിന്റെ ഈ ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. എന്നും പ്രേക്ഷകരെ രസിപ്പിക്കാറുള്ള ടീം വര്‍ക്കിന്റെ സ്പിരിറ്റ് ഈ ചിത്രത്തില്‍ കാണാം. കൊച്ചിയിലെ കാക്കനാട് മേത്തര്‍വില്ലയില്‍ നടന്ന ചടങ്ങില്‍ പൃഥ്വിരാജ് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു.

മാതൃഭൂമി സീനിയര്‍ പബ്ലിക് റിലേഷന്‍ മാനേജര്‍ കെ.ആര്‍. പ്രമോദ് ആദ്യ ക്ലാപ്പടിച്ചു. സംവിധായകരായ പത്മകുമാര്‍, ബിപിന്‍പ്രഭാകര്‍, ദീപന്‍, വിനോദ്‌വിജയന്‍, നടന്മാരായ നന്ദു, അനില്‍മുരളി, ഹെഡ്ജ് ഇക്വിറ്റീസ് എം.ഡി. അലക്‌സ്, കെ.ബാബു, ബേബിമറൈന്‍ സി.ഇ.ഒ. ജേക്കബ് കെ. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. വില്ലകളില്‍ ഒന്നില്‍ സന്തോഷ് രാമന്‍ ഒരുക്കിയ വീട്ടിലാണ് ചിത്രീകരണം. വില കൂടിയതും വിദേശനിര്‍മിതവുമായ മദ്യക്കുപ്പികള്‍ അലങ്കാരമായി ഇടം നേടിയ ഷോക്കേസുകള്‍...മുറിയില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ക്ലാസിക് പുസ്തകങ്ങള്‍. അതിനിടയിലെ മേശയ്ക്കരികില്‍ നിന്ന് ഏതോ ലഹരിയില്‍ സ്‌ക്രിപ്ട് കമ്പോസ് ചെയ്യുന്ന രഘുനന്ദന്‍. ചിത്രത്തില്‍ രഘുനന്ദന്‍ എന്ന ശക്തനായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബി. ഉണ്ണികൃഷ്ണന്റെ ഗ്രാന്റ് മാസ്റ്റര്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മോഹന്‍ലാല്‍ സ്പിരിറ്റിലേക്ക് കടന്നത്.

ബ്ലാക്ക് ലോങ്ങ് കുര്‍ത്തയും പാന്റ്‌സും കഴുത്തില്‍ തുളസി മാലയും, ഐ ഗ്ലാസും ധരിച്ച രഘുനന്ദനന്‍...ചുണ്ടില്‍ എരിയുന്ന സിഗരറ്റ്. അതിനിടയില്‍ ഗ്ലാസിലേക്ക് പകരുന്ന മദ്യം. എഴുത്തിന്റെയും മദ്യത്തിന്റെയും ലഹരിയിലൂടെയുള്ള രഘുനന്ദന്റെ ഒരു യാത്രയാണ് ഫസ്റ്റ് ഷോട്ടിലൂടെ രഞ്ജിത് ചിത്രീകരിച്ചത്. വ്യത്യസ്തമായ ജീവിതചര്യയാല്‍ നാഗരികലോകത്ത് ഒറ്റപ്പെട്ടുപോകുന്ന രഘുനന്ദന്റെ കഥയാണ് സ്പിരിറ്റ് പറയുന്നത്. വേണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കനിഹയാണ് ചിത്രത്തിലെ നായിക. കനിഹ, മോഹന്‍ലാലിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. കോബ്രയ്ക്കു ശേഷം കനിഹ നായികയാകുന്ന ചിത്രമാണ് സ്പിരിറ്റ്. ചിത്രത്തില്‍ രഘുനന്ദന്റെ മുന്‍ ഭാര്യയായിരുന്ന മീര എന്ന കഥാപാത്രമായാണ് കനിഹ വേഷമിടുന്നത്.

തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തില്‍ കനിഹയുടെ ഭര്‍ത്താവായ അലക്‌സി എന്ന കഥാപാത്രമായി എത്തുന്നു. ഈ കഥാപാത്രമായി നേരത്തെ തീരുമാനിച്ചത് തമിഴ് നടന്‍ പ്രകാശ്‌രാജിനെയായിരുന്നു. രഞ്ജിത്തിന്റെ അടുത്ത ചിത്രമായ ലീലയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശങ്കര്‍രാമകൃഷ്ണനാണ്.


SocialTwist Tell-a-Friend
Related Stories: കൂട്ടുകെട്ടിന്റെ സ്‌പിരിറ്റ്‌ - Wednesday, April 18, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon