You are here: HOME » AGRICULTURE »
പശുതരുന്നു, പാലും ജീവിതവും
test data Jayakeralam Malayalam News
Saturday, 03 December 2011
malayalam stories

malayalam stories

കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി കാലിവളര്‍ത്തലില്‍ വിജയം നേടുകയാണ് ബാലരാമപുരം തലയല്‍ കിഴക്കേപ്പിള്ളവീട്ടിലെ അരുണ്‍ദേവ്.

ദിനംപ്രതി ഉത്പാദിപ്പിക്കുന്ന 250 ലിറ്ററോളം പാല്‍ 25 രൂപയ്ക്കും മിച്ചംവരുന്നത് ക്ഷീരസഹകരണ സംഘത്തിനുമാണ് നല്കുന്നത്. ഒരു ലിറ്റര്‍ പാലിന്റെ ഉത്പാദനച്ചെലവ് ഇതിലും കൂടുതലാണെങ്കിലും പശുക്കുട്ടി, ചാണകം, അതില്‍നിന്നുള്ള ബയോഗ്യാസ് ഇതിന്റെയൊക്കെ മൂല്യംകൂടി കണക്കാക്കിയാലേ പശുപരിപാലനത്തിന്റെ യഥാര്‍ഥസ്ഥിതി അറിയാന്‍ കഴിയൂ-അരുണ്‍ദേവ് പറയുന്നു. പുറമേ വീട്ടുവളപ്പിലെ തെങ്ങില്‍നിന്നും മറ്റു വിളവുകളില്‍നിന്നുമുള്ള ആദായവും പരിഗണിക്കണം. ചുരുങ്ങിയത് പത്ത് പശുക്കളെങ്കിലുമുണ്ടെങ്കിലേ ഇത് ലാഭകരമാവൂ-അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

അര്‍ധസൈനികനായി വിരമിച്ചശേഷമാണ് പശുവളര്‍ത്തലിലേക്ക് തിരിഞ്ഞത്. രണ്ട് പശുവില്‍നിന്ന് ഇപ്പോള്‍ അറുപതില്‍ച്ചെന്നെത്തിനില്‍ക്കുന്നു.

ഹോള്‍സെയില്‍ ഫ്രീഷ്യന്‍, സ്വിസ് ബ്രൗണ്‍, ജഴ്‌സി എന്നിവയുടെ സങ്കരയിനമാണുള്ളത്. മൂന്നുവര്‍ഷം മുമ്പ് ക്ഷീരവികസന വകുപ്പിന്റെ പദ്ധതിപ്രകാരമുള്ള മില്‍ക്ക്‌ഷെഡ് പദ്ധതിയില്‍ ചേര്‍ന്നു. അതനുസരിച്ച് 35,000 ത്തോളം വിലയുള്ള 10 പശുക്കളെയാണ് തമിഴ്‌നാട്ടില്‍നിന്ന് വാങ്ങിയത്.

തെങ്ങിന്‍തോപ്പിലാണ് തൊഴുത്തുകള്‍ നിര്‍മിച്ചത്. ഒരു പശുവിന് ആവശ്യമായ ആറടി നീളം, നാലടിവീതിയുള്ള തൊഴുത്താണ്, ചാണകവും മൂത്രവും കഴുകുന്ന വെള്ളവും ഒലിച്ചുപോകാന്‍ ഒന്നരയടി അളവ് നല്കി തറ പരുക്കന്‍ സിമന്റിടണം. ജി.ഐ.പൈപ്പും ഷീറ്റും ഉപയോഗിച്ചുള്ള ഷെഡില്‍, നല്ല വായുസഞ്ചാരവും വെളിച്ചവും ലഭ്യമാണ്.

പശുക്കള്‍ക്കും കന്നുകുട്ടികള്‍ക്കും കുടിക്കാന്‍ വെള്ളം യഥേഷ്ടം ലഭിക്കാന്‍ മുന്നില്‍ സജ്ജീകരിച്ചിരിക്കുന്നു. കൃത്യസമയത്ത് ഭക്ഷണവും നല്കുന്നുണ്ട്. തൊഴുത്തിന് അകലെയായി നാല് ബയോഗ്യാസ് പ്ലാന്റും പ്രവര്‍ത്തിക്കുന്നു. ഇതുകൊണ്ട് പാചകവാതകത്തിനുള്ള പ്രശ്‌നം ഒഴിവാക്കാം. ഇതില്‍നിന്ന് ലഭിക്കുന്ന സ്ലറിപമ്പുകൊണ്ട് പുല്‍കൃഷിക്ക് ഉപയോഗപ്പെടുത്തുന്നതിനാല്‍ പുല്ലിന് പ്രത്യേക വളം നലേ്കണ്ടതില്ല. ഒപ്പം തെങ്ങില്‍നിന്നുള്ള വരുമാനവും വര്‍ധിക്കുന്നുണ്ടെന്ന് അരുണ്‍ദേവ് പറയുന്നു.

രാവിലെ നാലിന് തുടങ്ങുന്ന പണികള്‍ എട്ടുവരെയും വൈകുന്നേരം മൂന്നുമുതല്‍ ഏഴുവരെയും നീളും. കറവയന്ത്രംകൊണ്ടാണ് പാല്‍ കറക്കുന്നത്. ഒരു പശുവിന് പാലിന്റെ അളവ് അനുസരിച്ച് ലിറ്ററിന് 400 ഗ്രാം തീറ്റയും 25 കിലോ പച്ചപ്പുല്ലുമാണ് നല്കുന്നത്. പത്തുലിറ്റര്‍വരെ പാല് തരുന്ന ശരീരവലുപ്പള്ളവയ്ക്ക് ആറ് കിലോവരെയും തീറ്റനല്കും.

സങ്കരയിനം പശുക്കളെക്കൂടാതെ നമുക്ക് അന്യമാവുന്ന വെച്ചൂര്‍, കാസര്‍കോട് ഡാര്‍ഫ്, കപില എന്നീ അപൂര്‍വ നാടന്‍ പശുക്കളെ പ്രത്യേകമായി പരിചരിക്കുന്നുണ്ട്.

മലബാറി, ബോയര്‍, ജീനാപാരി, സിരോഗി എന്നീ ആടിനങ്ങളും വ്യത്യസ്ത ജനുസ്സില്‍പ്പെട്ട അലങ്കാരക്കോഴികള്‍, മുട്ടക്കോഴികള്‍, വാത്ത്, താറാവ്, ടര്‍ക്കി എന്നിവയും മുന്തിയയിനം നായ്ക്കളായ പഗ്, അള്‍സേഷ്യന്‍, ലാബ്, ഡാഷ് എന്നിവയും ഒരു ഡസനിലേറെയുണ്ട്. ക്ഷീരവകുപ്പില്‍നിന്ന് ലഭ്യമായ 30 കിടാരികളെ വളര്‍ത്തുന്ന കന്നുകുട്ടിപരിപാലന പദ്ധതിയും വിജയകരമായി മുന്നോട്ടുപോകുന്നുണ്ട്.

തനിക്ക് സ്വന്തമായ ആറേക്കര്‍ പുരയിടത്തില്‍ വെള്ളായണി കാര്‍ഷികകോളേജ് പുറത്തിറക്കിയ സുഗുണ, സിദ ഒന്നു മുതല്‍ നാലുവരെ ഇനങ്ങളും ഗിനി, സൗദിഅറേബ്യയില്‍നിന്ന് സുഹൃത്ത് നല്കിയ പുതിയ ഇനം പുല്ലും ഈ പുരയിടത്തിലും തൊട്ടടുത്തുള്ള റെയില്‍വേയുടെ ചെരിവുള്ള ഭൂമിയിലും വ്യാപിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ചെരിവുകളിലെ മണ്ണൊലിപ്പ് തടയുവാനും സാധിക്കുന്നു. ഏത് വേനലിലും 20 ദിവസം ഇടവിട്ട് പുല്ലരിയും. മുറിച്ചുകഴിഞ്ഞാല്‍ സ്ലറിയും സ്പ്രഗ്‌ളര്‍ നനയും കൊടുക്കും. അതുകൊണ്ട് പച്ചപ്പുല്ലിന്റെ ക്ഷാമം അനുഭവപ്പെടാറില്ല.

ക്ഷീരവികസന വകുപ്പും മൃഗസംരക്ഷണ വകുപ്പും പലതവണ ജില്ലയിലെ മികച്ച പുല്‍കൃഷിക്കാരനായും ഡെയറിഫാം ഉടമയായും തിരഞ്ഞെടുത്തിട്ടുണ്ട്.അരുണ്‍ദേവിനെ രണ്ടു തൊഴിലാളികളും അധ്യാപികായ ഭാര്യ ഉഷാകുമാരിയും 90 കഴിഞ്ഞ അച്ഛന്‍ ഗംഗാധരന്‍നായരും തങ്ങളാലാവുംവിധം സഹായിക്കുന്നുണ്ട്.


വിവരങ്ങള്‍ക്ക്: 9446408331.


SocialTwist Tell-a-Friend
Related Stories: പശുതരുന്നു, പാലും ജീവിതവും - Saturday, December 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon