You are here: HOME » AGRICULTURE »
പാച്ച് ബഡ്ഡിങ് പഴച്ചെടികളിലും
demo data Jayakeralam Malayalam News
Tuesday, 03 January 2012
malayalam stories

malayalam stories

റബ്ബറില്‍ മാത്രം പ്രയോഗിച്ച് വിജയിപ്പിക്കുന്ന പാച്ച് ബഡ്ഡിങ് ഫലവര്‍ഗത്തൈകളിലും ഒട്ടിച്ച് വിജയം കൈവരിക്കാം. മാവ്, പ്ലാവ്, ജാതി, റംബുട്ടാന്‍, ഫിലോസാന്‍, മാങ്കോസ്റ്റിന്‍, നാരകം, സീതപ്പഴം തുടങ്ങിയവയില്‍ ഈ രീതി നല്ല പ്രായോഗികഫലം തരുന്നു. പല നഴ്‌സറിക്കാരും ഇപ്പോഴിത് പ്രാവര്‍ത്തികമാക്കുന്നുണ്ട്.

റോസ് ചെടികള്‍ക്ക് സര്‍വസാധാരണയായി ഉപയോഗിക്കുന്ന ' T ' മുകുളനം അഥവാ, ഷീല്‍ഡ് മുകുളനം, പാളീ മുകുളനം എന്നീ രണ്ട് രീതികളിലാണ് ഒട്ടിച്ചെടുക്കുന്നത്. സാധാരണഗതിയില്‍ എപ്പികോട്ടൈല്‍ ഗ്രാഫ്റ്റിങ്, അപ്രോച്ച് ഗ്രാഫ്റ്റിങ് എന്നീ രീതികളില്‍ ഒട്ടിച്ചെടുക്കുന്ന തൈകള്‍ വളര്‍ന്നുവരുവാന്‍ വേണ്ട സമയത്തെക്കാള്‍ എളുപ്പം മേല്‍പ്പറഞ്ഞ രീതി നടത്താമെന്നതിനുപുറമെ ബഡ്ഡില്‍ നിന്നും വളരുന്ന തൈകള്‍ക്ക് കരുത്തും ശേഷിയും കൂടുതലുമാണ്.

സ്റ്റോക്കില്‍ ഉണ്ടാക്കുന്ന മുറിവിന് ഇംഗ്ലീഷിലെ ' T 'യുടെ ആകൃതിയായതുകൊണ്ട് ഇതിനെ ' T ' മുകുളനം എന്നും മുകുളനത്തിന് പരിചയുടെ ആകൃതി ഉള്ളതുകൊണ്ട് ഷീല്‍ഡ് മുകുളനം എന്നും പറയുന്നു. സാധാരണ റോസ്, ചെമ്പരത്തി ഇവയിലാണ് കൂടുതല്‍ അഭികാമ്യമെങ്കിലും മുന്‍പറഞ്ഞ ഇനങ്ങളില്‍ ഈ രീതി വിജയിപ്പിക്കാം. വിത്തിട്ട് കിളര്‍പ്പിച്ചോ, കമ്പുമുറിച്ചുനട്ടോ സ്റ്റോക്ക് ഉണ്ടാക്കാം. 6 ന്ദ 8 ഇഞ്ച് വലിപ്പത്തിലുള്ള പ്ലാസ്റ്റിക് കൂടുകളില്‍ മേല്‍മണ്ണും മണലും ചാണകപ്പൊടിയും തുല്യഅളവില്‍ നിറച്ച മിശ്രിതമാണ് നല്ലത്. തൈ വളര്‍ന്ന് നാലുമാസം കഴിഞ്ഞ് പെന്‍സില്‍ വണ്ണമാകുമ്പോള്‍ ബഡ്ഡ് ഒട്ടിക്കാം.സ്റ്റോക്കിന്റെ മണ്‍നിരപ്പില്‍ നിന്നും 5 മുതല്‍ 10 സെ. മീറ്റര്‍ വരെയുള്ള ഇലകള്‍ നീക്കംചെയ്ത ഭാഗത്ത് അര സെന്റിമീറ്റര്‍ നീളത്തില്‍ സമാന്തരമായി പുറംതൊലി മാത്രം മൂര്‍ച്ചയുള്ള കത്തികൊണ്ട് ഒരു മുറിവുണ്ടാക്കുക. ഇതിന്റെ മധ്യഭാഗത്തുനിന്ന് താഴോട്ട് 2-3 സെ.മീ. നീളത്തില്‍ ലംബമായി പുറംതൊലിയുടെ താഴ്ചയില്‍ മുറിക്കുക. രണ്ട് മുറിവുകളും മുട്ടുന്നഭാഗത്ത് കത്തികൊണ്ട് പുറംതൊലി വേര്‍പെട്ടുപോകാതെ അടര്‍ത്തിനിര്‍ത്തിയശേഷം ഏത് ഇനമാണോ ഒട്ടിക്കാന്‍ ഉദ്ദേശിക്കുന്നത് അതിന്റെ ഇളംതണ്ടുകള്‍ തിരഞ്ഞെടുത്ത് ഇലഞെട്ട് നിലനിര്‍ത്തി ഇല നീക്കണം. മുകുളം തണ്ടിന്റെ വലിപ്പവും മുറികളുടെ നീളവുമനുസരിച്ച് 2,3 സെ.മീ. നീളത്തില്‍ തൊലിയും തടിയും അടക്കം ചെത്തിയെടുത്ത് പുറംതൊലിക്ക് ക്ഷതമേല്‍ക്കാതെ തടിഭാഗം അടര്‍ത്തിക്കളഞ്ഞ് സ്റ്റോക്കിലുള്ള മുറിവിനനുസൃതമായി മുകുളത്തിന്റെ നീളം ക്രമപ്പെടുത്തുക. ഇത് സ്റ്റോക്കിലെ വിടര്‍ത്തിയ തൊലിക്കുള്ളില്‍ കടത്തി മുകുളം കഴിവതും താഴേക്ക് അമര്‍ത്തി ഉറപ്പിച്ച് പ്ലാസ്റ്റിക് നാടയോ മെഴുകുതുണിയോ കൊണ്ട് മുകുളം പുറത്തേക്ക് കാണത്തക്കവിധം വെള്ളവും കാറ്റും തട്ടാതെ ചുറ്റിക്കെട്ടണം. എന്നാല്‍ സമചതുരത്തിലോ ദീര്‍ഘചതുരാകൃതിയിലോ മുറിവുണ്ടാക്കി അതിനനുസരണമായി ഒരു മുകുളം ഒട്ടിച്ചെടുക്കുന്നതാണ് പാച്ച് ബഡ്ഡിങ്. ഒട്ടിച്ചുകഴിഞ്ഞാല്‍ കാലതാമസം വരുന്നവയ്ക്കാണ് ഈ രീതി നല്ലത്. ഇപ്പോള്‍ ഈ രീതിയാണ് നല്ലതെന്ന് അനുഭവസ്ഥര്‍ പറയുന്നു.

പ്രത്യേകിച്ച്, അന്യമായിക്കൊണ്ടിരിക്കുന്നതും അപൂര്‍വമായി കാണപ്പെടുന്നതുമായ പ്ലാവിനങ്ങള്‍, മാവ് ഇവയുടെ ഒന്നോ രണ്ടോ ചെറുകൊമ്പുകള്‍ ഇവ യാത്രാവേളയില്‍ ശേഖരിച്ചുകൊണ്ട് വന്നും ഒട്ടിക്കാം. ഇലകൊഴിഞ്ഞ തണ്ടുകളിലെ മൂപ്പുകൂടിയ മുകുളത്തിനും തൊലിക്കും കനക്കൂടുതല്‍ ഉണ്ടാവാം. സ്റ്റോക്ക് ഒട്ടാന്‍ പരുവമായാല്‍ ചുവട്ടില്‍ നിന്നും 10-15 സെ.മീ. ഉയരത്തില്‍ സമചതുരാകൃതിയില്‍ 1-2 സെ.മീ. വിസ്താരത്തില്‍ തൊലിമാത്രം ഇളക്കിമാറ്റുക. അതിനുശേഷം തിരഞ്ഞെടുത്ത മുകുളം ഒട്ടുതടിയില്‍ നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കാത്തതും നിരപ്പുള്ളതുമായവയെ സൂക്ഷ്മതയോടെ സ്റ്റോക്കിലെ തൊലി ഇളക്കിയതുമാതിരി ഒട്ടുതടിയിലെ ഒരു മുകുളം അടയാളപ്പെടുത്തി ഇളക്കിമാറ്റി നാലരികും സ്റ്റോക്കിലെ മുറിവുമായി ചേര്‍ന്നിരിക്കത്തക്കവിധം പാടില്‍ കടത്തി അമര്‍ത്തിവെച്ച് മുകുളം ഒഴികെയുള്ള സ്ഥലം പ്ലാസ്റ്റിക് നാടകൊണ്ട് ചുറ്റിക്കെട്ടി നീരാവി അറകളിലോ അതല്ലെങ്കില്‍ ഓരോ ചെടിയെയും പോളികവറുകൊണ്ട് മൂടി ഒട്ടിന്റെ അടിഭാഗത്തിന് താഴെയായോ കെട്ടിവെക്കണം. മൂന്നാഴ്ച പിന്നിടുമ്പോള്‍ മുകുളം പച്ചയായിരുന്നാല്‍ ഒട്ട് വിജയിച്ചു എന്നു കരുതാം. വീണ്ടും രണ്ടാഴ്ച കഴിയുമ്പോള്‍ മുകുളം സജീവമായി പുതിയ ഇലകള്‍ വന്നുതുടങ്ങും. ആ സമയം നീരാവി അറയില്‍ നിന്നും മാറ്റി പുതപ്പിച്ച കവറും മാറ്റി ഒട്ടിന് അഞ്ച് സെ.മീ. ഉയരത്തില്‍വെച്ച് സ്റ്റോക്ക്കമ്പിന്റെ തലപ്പ് വെട്ടിക്കളയണം. രണ്ടാഴ്ചയിലൊരിക്കല്‍ ചാണകപ്പൊടിയും വേപ്പിന്‍പിണ്ണാക്കും ഒരുനുള്ള് എല്ലുപൊടിയും ചേര്‍ത്ത് നല്‍കി മുടങ്ങാതെ നനയ്ക്കുകയും വേണം. ബഡ്ഡ് വളര്‍ന്ന് ഒരടിയാകുമ്പോള്‍ നടാറാകും. ആ സമയം പ്ലാസ്റ്റിക് നാട അഴിച്ചുമാറ്റി മറ്റ് കിളിര്‍പ്പുകളെയും നീക്കം ചെയ്യണം. ശരാശരി 75 മുതല്‍ 80 ശതമാനം ഇങ്ങനെ ഒട്ടിച്ചെടുക്കാം.

മുന്‍കാലങ്ങളില്‍ സ്റ്റോക്ക് മാതൃവൃക്ഷത്തിന്റെ അടുത്ത് കൊണ്ടുവന്നുള്ള പാര്‍ശ്വഒട്ടിക്കലാണ് ഉണ്ടായിരുന്നത്. ഇന്നത് പാച്ച്ബഡ്ഡിങ്ങിന് വഴിമാറി. പലരും ഇപ്പോള്‍ രഹസ്യമായിട്ടാണ് ഈ രീതി നടത്തുന്നത്. നഴ്‌സറി ഉടമ റസാലം ജയകുമാര്‍ പറഞ്ഞു. അദ്ദേഹം കോട്ടൂര്‍ക്കോണം മാവ്, അരക്കില്ല പ്ലാവ്, മുട്ടംവരിക്ക എന്നിവയാണ് കൂടുതല്‍ ചെയ്യുന്നത്. ഒരു വിദഗ്ധ തൊഴിലാളി 200-250 വരെ ഒട്ടുതൈ ഒരുദിവസംകൊണ്ട് ഉണ്ടാക്കും. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന തൈകള്‍ പെട്ടെന്നുവളരും. എന്നാല്‍ അഞ്ചടി പൊക്കം വരുമ്പോള്‍ തലപ്പ് നുള്ളി വിടുകയും പാര്‍ശ്വശാഖകളില്‍ ഭാരംകെട്ടി തറയ്ക്ക് സമാന്തരമായി വളരാന്‍ സൗകര്യമൊരുക്കുകയും ചെയ്താല്‍ വിളവെടുപ്പ് വീട്ടുകാര്‍ക്ക് തന്നെ നടത്താം. വിവരങ്ങള്‍ക്ക്: 04651 245976.


SocialTwist Tell-a-Friend
Related Stories: പാച്ച് ബഡ്ഡിങ് പഴച്ചെടികളിലും - Saturday, November 26, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon