You are here: HOME » ENVIRONMENT » ENVIRONMENT
കാട്ടിലെ പാളങ്ങള്‍
test data Jayakeralam Malayalam News
Sunday, 04 December 2011
ഇന്ത്യന്‍ റെയില്‍വെ ചരിത്രത്തിലെ അത്ഭുതമായ പറമ്പിക്കുളത്തെ കൊച്ചിന്‍ സ്‌റ്റേറ്റ് ഫോറസ്റ്റ് ട്രാംവേയുടെ നഷ്ട പാതയിലൂടെ, കൊടും കാട്ടിലൂടെ, രണ്ടു ദിനം നീളുന്ന ഒരു ട്രെക്കിങ്ങ്

കാട് നീണ്ടു നീണ്ടു കിടന്നു. പച്ചപ്പുകള്‍ നിറഞ്ഞ്, പകുതി മൂടിയ പാതയും. പതഞ്ഞൊഴുകുന്ന പുഴയ്ക്കും കനത്ത കാടിനും ഇടയില്‍ വന്യതയെ പകുത്ത് മുന്നോട്ടു പോകുന്ന കാട്ടുപാതയിലൂടെ ഞങ്ങള്‍ നടത്തം തുടര്‍ന്നു. പണ്ട് പണ്ട് ഇതിലൂടെ റെയില്‍ പാളങ്ങള്‍ നീണ്ടു പോയിരുന്നു എന്നു പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നും. കൊടും കാട്ടിലൂടെ, കാടിനെ പിണഞ്ഞോടുന്ന പുഴകള്‍ക്കു മുകളിലൂടെ കയറിയും ഇറങ്ങിയും പോയ ഒരു നരോഗേജ് റെയില്‍. പാളങ്ങള്‍ പണ്ടേ പോയെങ്കിലും അതിനായി പാകിയ പാത ഇന്നുമുണ്ട്്. ഇന്ത്യന്‍ റെയില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ച കൊച്ചിന്‍ സ്‌റ്റേറ്റ് ഫോറസ്റ്റ് ട്രാംവെയുടെ ബാക്കിപത്രങ്ങള്‍. പറമ്പിക്കുളം കാട്ടില്‍ നിന്ന് കൊച്ചിയിലേക്ക് തേക്കും തടികളും കൊണ്ടു പോകാന്‍ 1905 ല്‍ ബ്രിട്ടിഷുകാര്‍ ചേര്‍ന്ന നിര്‍മ്മിച്ച, ചാലക്കുടി വരെ നീളുന്ന 49.5 മൈല്‍ ദൈര്‍ഘ്യമാര്‍ന്ന കാട്ടു റെയില്‍ പാത. 'ഇതുപോലൊന്ന് ഇന്ത്യയില്‍ എവിടേയുമില്ല, ഒരു എഞ്ചിനിയറിങ്ങ് അത്ഭുതം!' ബ്രിട്ടിഷ് ഇംപീരിയല്‍ സില്‍വികള്‍ച്ചറിസ്റ്റായ എച്ച്. ചാമ്പ്യന്‍ അന്ന് അത്ഭുതപ്പെട്ടു.


പറമ്പിക്കുളത്തിന്റെ ഹരിതനിബിഢതയിലൂടെ
പറമ്പിക്കുളം ഡാം പരിസരം മുതല്‍ ചാലക്കുടിക്ക് 21 കി.മീ ഇപ്പുറത്തുള്ള ആനപ്പാന്തം കോളനി വരെയാണ് ട്രെക്കിങ്ങ്. പറമ്പിക്കുളം, ചാലക്കുടി ഫോറസ്റ്റ് ഡിവിഷനുകളിലൂടെ രണ്ടു ദിവസം നീളുന്ന സാഹസികമായ കാല്‍നട യാത്ര. ട്രാം വേയുടെ പറമ്പിക്കുളത്തുള്ള അവസാന സ്റ്റേഷനായ ചിന്നാര്‍ ടെര്‍മിനല്‍ ഇപ്പോള്‍ പറമ്പിക്കുളം റിസര്‍വോയറിനടിയില്‍ ജലസമാധിയിലാണ്. ട്രെക്കിങ്ങിന് കൂടെവരാമെന്ന് ആവേശപൂര്‍വം സമ്മതിച്ച പറമ്പിക്കുളത്തിന്റെ ജീവനാഡിയായ ഡി.എഫ്.ഒ. സഞ്ജയന്‍ കുമാറിന് പക്ഷെ അതിനായില്ല. ട്രാന്‍സ്ഫറാണ്, തേക്കടിയിലേക്ക്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ മനോഹരന്‍ ആകാംക്ഷയോടെ വിളിച്ച്, യാത്രക്ക് ആശംസകള്‍ നേര്‍ന്നു.

ഡാമാണ് സ്റ്റാര്‍ട്ടിങ്ങ് പോയന്റെ്. ഡാം കഴിഞ്ഞാല്‍ തന്നെ കാടായി. പാലങ്ങള്‍ പോയ താരക്കിരുപുറവും മഴയില്‍ ഉല്‍സാഹിച്ചുവളര്‍ന്ന ഇടതൂര്‍ന്ന സസ്യജാലങ്ങള്‍. അപ്പുറത്ത് അനുഗമിച്ചൊഴുകുന്ന പറമ്പിയാറിന്റെ കളകളം. തേക്കു കാടുകള്‍ കഴിഞ്ഞ് അര്‍ദ്ധ നിത്യഹരിതമായി മാറുന്ന വനപ്രകൃതി. തേക്കുമരങ്ങള്‍ സത്യത്തില്‍ കാടിന് ഒരു ഭീഷണിയാണത്രെ. പൊഴിയുന്ന തേക്കിലകള്‍ക്കടിയില്‍ ഒരു വിത്തും കിളിര്‍ക്കില്ല. ചുറ്റും ഒരു മരവും വളരില്ല. സസ്യവൈവിധ്യത്തെ അത് നിരാകരിക്കും. പറമ്പിക്കുളത്തുള്ള വനഗവേഷണകേന്ദ്രത്തിലെ ഒരു സുഹൃത്തു പറഞ്ഞതോര്‍ത്തു. മരം മുറിയെ സംബന്ധിച്ചുളള വന നിയമം കാരണം തേക്കുകള്‍ മുറിച്ച് സ്വാഭാവിക വനം വളരാനുള്ള സാഹചര്യവും ഇപ്പോഴില്ല.


ഒരുക്കൊമ്പനിലേക്കുള്ള കാട്ടുപാതയില്‍ കണ്ട കടുവയുടെ കാല്‍പ്പാടുകള്‍
മൗനം പാലിച്ചു കൊണ്ടു നടന്നാലെ കാടിന്റെ സംഗീതം കേള്‍ക്കൂ എന്നാണ് മൊഴി. വഴി നിറയെ പല തരം കിളിനാദങ്ങളാണ്. കാട്ടില്‍ എവിടെയോ ഒരു യുവാവ് ഈണത്തോടെ ചൂളം വിളിച്ചു പോകുന്ന ശബ്ദം. 'ചൂളക്കാക്കയാണ്', വഴികാട്ടിയും പക്ഷിപ്രേമിയുമായ സാജു പറഞ്ഞു. ഒട്ടിട നടന്ന് ഒരു മരത്തിനടിയില്‍ സാജു നിന്നു. മുകളില്‍ നിന്നും വ്യത്യസ്ത ശബ്ദങ്ങളിലുള്ള കിളിപ്പേച്ചുകള്‍. 'ഈ ശബ്ദങ്ങളുണ്ടാക്കുന്നവനാണ് കാട്ടിലെ മിമിക്രി താരം'. 'റാക്കറ്റ് ടെയില്‍ഡ് ഡ്രോംഗൊ'. 'കുയിലിനേയും മാനിനേയും മയിലിനേയും അത് സുന്ദരമായി അനുകരിക്കും. സ്വന്തം ശബ്ദം എന്താണെന്ന്് അതിനു പോലും അറിയില്ല'. സാജു വിശദീകരിച്ചു. മലയാളിക്ക് ഈ പക്ഷി കാവ്യബിംബങ്ങളിലൂടെ പരിചിതമാണ്. കാക്കത്തമ്പുരാട്ടി. പറമ്പിക്കുളത്തു നിന്നും കുരിയാര്‍ക്കുറ്റി വരെയുള്ള ട്രെക്കിങ്ങ് പാത പക്ഷിനീരീക്ഷകരുടെ സ്വര്‍ഗ്ഗമാണ്. സാലിം അലിയുടെ ഇഷ്ടപര്യവേഷണ പാതയായിരുന്നു ഇത്. കുരിയാര്‍കുറ്റിയില്‍ വെച്ചാണ് തന്റെ ഇഷ്ടപക്ഷിയായി മാറിയ കാട്ടുപനങ്കാക്കയെ (broad -billed roller) അദ്ദേഹം ആദ്യമായി കാണുന്നത്. 1933 ല്‍ ആദ്യമായി എത്തുമ്പോള്‍ മുപ്പത്തിയേഴുകാരനായ സാലിം അലിക്കൊപ്പം നവവധുവായ തെഹ്മീനയുമുണ്ടായിരുന്നു. വേഴാമ്പലുകള്‍ (Great pied hornbill, Malabar Pied Hornbill), നരത്തലയന്‍ പരുന്ത് (Grey headed fishing eagle), കുഞ്ഞിക്കൂമന്‍ (Peninsular bay Owl) തുടങ്ങിയ അപൂര്‍വം പക്ഷികളുടെ സാമ്രാജ്യമാണിവിടം.


SocialTwist Tell-a-Friend
Related Stories: കാട്ടിലെ പാളങ്ങള്‍ - Saturday, December 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon