You are here: HOME » ENVIRONMENT » ENVIRONMENT
നീലഗിരിയുടെ സഖികളെ
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 04 December 2011
തരംഗജാലങ്ങള്‍ പോലെ പൊങ്ങി നിവരുന്ന പച്ചക്കുന്നുകള്‍. തണുപ്പിന്റെ പുതപ്പണിയുന്ന അന്തരീക്ഷം. അറ്റം കൂര്‍ത്തു പോകുന്ന മരങ്ങള്‍ക്കു മീതെ രംഗപടം വിരിച്ച പോലെ നീലാകാശം. എത്ര കണ്ടാലും മതി വരാത്ത സുന്ദരിയാണ് ഊട്ടി. ബ്രീട്ടീഷുകാര്‍ കണ്ടെത്തിയ നീലരാശി പടര്‍ത്തുന്ന നീലഗിരിയുടെ റാണി. കാല്‍പ്പനികമായ ഒരു വലയം ഊട്ടിയെ സദാ ചൂഴ്ന്നുനില്‍പ്പുണ്ട്. യുവദമ്പതികള്‍ മധുവിധുവിനായി ഊട്ടിയിലേക്ക് ഓടിയെത്തുന്നതും അതുകൊണ്ടു തന്നെ. എല്ലാം തികഞ്ഞ കാഴ്ച്ചകളുടെ പാക്കേജാണ് ഊട്ടി. കുന്നുകള്‍, തടാകങ്ങള്‍, കാടുകള്‍, പുല്‍മേടുകള്‍, ചായത്തോട്ടങ്ങള്‍.

22 ഏക്കറില്‍ പരന്നു കിടക്കുന്ന ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ജോണ്‍ സള്ളിവന്‍ നിര്‍മ്മിച്ച തടാകം എന്നിവയാണ് ഊട്ടിയുടെ മുഖമുദ്രകള്‍. സീസണായാല്‍ ഇവ രണ്ടും ജനസാന്ദ്രമാവും. മെയ്മാസത്തിലെ ഫ്ലാവര്‍ഷോ കാണാന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തും.

ഊട്ടിയുടെ പട്ടണപ്രാന്തങ്ങള്‍ കാണാത്ത ഒരുപാടു കാഴ്ച്ചകള്‍ തരും. ഫേണ്‍ഹില്ലിലെ ശ്രീനാരായണ ഗുരുകുലം അത്തരത്തിലൊന്നാണ്. നടരാജഗുരു സ്ഥാപിച്ച, നിത്യചൈതന്യയതിയിലൂടെ പ്രശസ്തമായ, ഗുരുകുലത്തില്‍ പ്രകൃതിയും തപോധനരും സന്ദര്‍ശകരെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

തടാകത്തിലൊരു ബോട്ടിങ്ങ്, പുല്‍ക്കുന്നുകളിലേക്കൊരു ട്രെക്കിങ്ങ്, പൈന്‍മരക്കാട്ടിലൂടെ സൈക്ലിങ്ങ്, കുന്നിന്‍ചെരുവുകളിലൂടെ എല്ലാം മറന്നൊരു നടത്തം. ശരീരവും മനസ്സും കുളിരില്‍ ചാലിച്ചു മടങ്ങുമ്പോള്‍ നീലഗിരി ചായയും, ഹോംമെയ്ഡ് ചോക്‌ളെയ്റ്റും, കാരറ്റും മറക്കാതെ വാങ്ങുക.

കൂനൂരിലേക്കോ, മേട്ടുപ്പാളയത്തേക്കോ പ്രകൃതിയുടെ മുഗ്ദ്ധത നുകര്‍ന്ന് ഒരു ടോയ് ട്രെയിന്‍ യാത്രയുമാവാം. ഊട്ടി യാത്രയില്‍ ഒഴിവാക്കാന്‍ പാടില്ലാത്തത്. കൂനൂര്‍ വരെ മാത്രമേ ഇപ്പോള്‍ സര്‍വീസുള്ളൂ. മേട്ടുപ്പാളയം ട്രിപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും വെക്കേഷനോടെ പുനരാരംഭിച്ചേക്കും. ഊട്ടി റെയില്‍ എന്‍ക്വയറി: ഫോണ്‍: 0423- 2442246.


SocialTwist Tell-a-Friend
Related Stories: നീലഗിരിയുടെ സഖികളെ - Saturday, December 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon