You are here: HOME » ENVIRONMENT » ENVIRONMENT
വെള്ളിമുടിയുള്ള സുന്ദരി
test data Jayakeralam Malayalam News
Sunday, 04 December 2011
കുളിരുന്ന കാഴ്ച്ചയും ഓര്‍മ്മയുമാണ് അതിരപ്പിള്ളി. മഴ പെയ്യുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ഈ വെള്ളച്ചാട്ടം കൂടുതല്‍ സുന്ദരിയാകും...

കണ്ണുകളിലേക്ക് ഒരു കള്ളച്ചിരിയെറിഞ്ഞ്, കാറ്റ് സ്ഥാനം തെറ്റിക്കുന്ന സാരിത്തലപ്പ് നേരെയിടാതെ, മുടിയഴിച്ചിട്ട് മാടിവിളിക്കുന്ന അലസമദാലസയെ പോലെയാണ് ഇവള്‍. സദാ ഇളകിയാടുന്ന തൂവെള്ളമുടിയിഴികള്‍ ഇരുവശങ്ങളിലേക്കും മെടഞ്ഞിട്ട,് പെണ്ണുകാണാന്‍ വരുന്നവര്‍ക്ക് മുന്നില്‍ തലയുയര്‍ത്താതെ നാണം കുണുങ്ങി നില്‍ക്കുന്ന നാടന്‍ പെണ്ണാകും ചിലപ്പോഴൊക്കെ... എത്ര കണ്ടാലും കണ്ണുകള്‍ക്ക് മതിവരാത്ത ചാലക്കുടി പുഴയിലെ സുന്ദരി, അതിരപ്പിള്ളി വെള്ളച്ചാട്ടം.

അവളെ കാണാന്‍ ചെല്ലുമ്പോള്‍, മഴമേഘങ്ങള്‍ക്ക് കനം വെച്ച് വരികയായിരുന്നു. രാവിലെ ആയതിനാല്‍ തിക്കിതിരക്കാനാളില്ല. കുട്ടികളുമായി എത്തിയ കുടുംബങ്ങള്‍, മധുവിധു ജോഡികള്‍, ചെറുപ്പക്കാരുടെ സംഘങ്ങള്‍, പിന്നെ വെള്ളച്ചാട്ടത്തില്‍ നിന്ന് തെറിച്ചു വീണ തുള്ളികള്‍ പോലെ അവിടവിടെ പ്രണയജോഡികളും.

ഒരു സംഘം കുരങ്ങന്‍മാരാണ് സ്വാഗതം പറഞ്ഞത്. സന്ദര്‍ശകരുടെ എണ്ണം കൂടുന്നതില്‍ വനംവകുപ്പിനേക്കാള്‍ സന്തോഷിക്കുന്നത് ഇവരാണെന്ന് തോന്നുന്നു. വെറൈറ്റി ഐറ്റംസ് കിട്ടുമല്ലോ! അവര്‍ പരക്കം പായുകയാണ്, ആരില്‍ നിന്നാണ് തിന്നാന്‍ കിട്ടുകയെന്നറിയാതെ. കപ്പലണ്ടിയും പഴവും കിട്ടിയതോടെ സംഘം ഹാപ്പി. ഒരുത്തന്റെ 'കഞ്ഞി'യില്‍ മറ്റൊരുത്തന്‍ കയ്യിട്ടു. അതോടെ ബഹളമായി. അരെടാ എന്തെടാ വിളികളും ഓട്ടവും, കുറച്ചു നേരം സന്ദര്‍ശകരെയും പേടിപ്പിച്ചു കുരങ്ങിന്‍ കൂട്ടം.

വെള്ളച്ചാട്ടത്തിന്റെ വിദൂരദൃശ്യം കണ്ടതോടെ കുരങ്ങിന്‍ കൂട്ടത്തെ ആരും മൈന്‍ഡ് ചെയ്യാതായി. ആനമുടിയില്‍ നിന്ന് ഷോളയാര്‍ വനത്തിലൂടെ കിലോമീറ്ററുകളോളം യാത്ര ചെയ്താണ് ഇവളെത്തുന്നത്. നേരത്തെ ഇവിടെ വരുമ്പോള്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ പുഴയില്‍ കുളിക്കാനും ഉല്ലസിക്കാനുമെല്ലാം യാതൊരു തടസ്സവുമില്ലായിരുന്നു. ഇപ്പോള്‍ ഇവിടെ കുളി നിരോധിച്ചിരിക്കുകയാണ്. വനംവകുപ്പ് വടം കെട്ടിയിട്ടിട്ടുണ്ട് അതിനപ്പുറത്തേക്ക് പ്രവേശനമില്ല. സിനിമാ സ്റ്റില്ലു പോലെ വെള്ളച്ചാട്ടത്തിനരികിലായി ഒരു ഓലക്കുടിലുണ്ട്. ഫോറസ്റ്റ് വാച്ചര്‍മാര്‍ക്ക് സന്ദര്‍ശകരെ നിരീക്ഷിക്കാനുള്ള ഇടം. വെള്ളച്ചാട്ടം അടുത്തു കാണാന്‍ നിരോധിത മേഖലയിലേക്ക് കാല്‍ വെച്ചതും വിസില്‍ മുഴങ്ങി. 'അങ്ങോട്ട് പോകരുത്' - വാച്ചറുടെ മുന്നറിയിപ്പ്. എണ്‍പതടി താഴ്ച്ചയിലേക്ക് പതിക്കുന്ന അതിരപ്പിള്ളി മനസ്സില്‍ ഒരു നുള്ള് പേടി തൂവും.

അതിരപ്പിള്ളിയിലെത്തുന്നവര്‍ മുകളില്‍ നിന്നുള്ള കാഴ്ച്ച കണ്ട് തിരിച്ചു പോവുകയാണ് പതിവ്. ഈ ജലപാതത്തിന്റെ സൗന്ദര്യം ഒരിക്കലും മായാതെ മനസ്സില്‍ നിറയണമെങ്കില്‍ പതനസ്ഥാനത്തേക്ക് പോകണം. കാട്ടിന് നടുവിലൂടെ കുത്തനെയുള്ള ഇറക്കമാണ്. കരിങ്കല്ലു പാകിയ വഴിയിലൂടെ താഴെയെത്തുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരത്തിന് അഹങ്കാരം കൂടി. പരസ്പരം പറയുന്നതെന്താണെന്ന് കൂടി മനസ്സിലാക്കാന്‍ സാധിക്കാത്തത്ര ശബ്ദത്തിലാണ് വെള്ളം പതിക്കുന്നത്. ഇവിടെ ശരിക്കും അപകടമേഖലയാണ്. വെള്ളം പതിക്കുന്നതിന് കുറച്ചിപ്പുറത്ത് വടം കെട്ടിയിട്ടുണ്ട്. വനവകുപ്പിന്റെ വാച്ചര്‍മാരുമുണ്ടിവിടെ. മറ്റൊരു പാറക്കെട്ടില്‍, തോര്‍ത്തുമുണ്ട് മാത്രം ഉടുത്ത രണ്ടു പേര്‍ വെള്ളച്ചാട്ടത്തില്‍ മീന്‍പിടിക്കുന്നു. 'കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നോ,' എന്നാല്‍ നോക്കിയിട്ടു തന്നെ കാര്യം. പാറപ്പുറത്തേക്ക് വലിഞ്ഞു കയറി അവരുടെ അടുത്തെത്തി. ചൂണ്ടയിട്ടാണ് പിടുത്തം. മുകളില്‍ നിന്നുള്ള വെള്ളത്തോടൊപ്പം പതിക്കുന്ന മീനുകള്‍ കുറേ നേരം മറ്റെങ്ങും പോകാതെ പതനസ്ഥാനത്ത് ചുറ്റിക്കറങ്ങുമെത്ര! സംസാരിച്ച് നില്‍േക്ക നല്ല തടിയനൊരു മീന്‍ ചുണ്ടയില്‍ കുരുങ്ങി. വറുത്തടിക്കാന്‍ പറ്റിയ ഉരുപ്പിടി.

തിരിച്ച് കയറാന്‍ തുടങ്ങുമ്പോള്‍ ഒരു പ്രണയജോഡി വെള്ളച്ചാട്ടത്തിന് മുന്നില്‍ നിന്ന് 'ടൈറ്റാനിക്ക്' കളിക്കുന്നു. വെള്ളം പതിക്കുന്നിടത്തേക്ക് പോകാന്‍ തുടങ്ങിയ അവരെ ഫോറസ്റ്റ് ഗാര്‍ഡുകള്‍ തടഞ്ഞു. കുറെ നേരം പതനസ്ഥാനത്ത് നിന്നപ്പോള്‍, പാറക്കൂട്ടങ്ങളില്‍ തട്ടിചിതറിയ ജലകണങ്ങള്‍ വീണ്. നല്ലൊരു മഴ നനഞ്ഞത് പോലെയായി. വെള്ളിമുടികളുള്ള സുന്ദരിയെ ആവോളം മനസ്സില്‍ നിറച്ചു, ഇനി മടങ്ങാം. ഇറക്കം രസമായിരുന്നെങ്കിലും തിരകെയുള്ള കയറ്റം അല്‍പ്പം കഠിനം തന്നെ.


SocialTwist Tell-a-Friend
Related Stories: വെള്ളിമുടിയുള്ള സുന്ദരി - Saturday, December 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon