You are here: HOME » ENVIRONMENT » ENVIRONMENT
അറബിക്കടലില്‍ എണ്ണ പടരുമ്പോള്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Thursday, 10 November 2011
മുരളി തുമ്മാരുകുടി
ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് കേരളതീരത്ത് ഒ.എന്‍.ജി.സി എണ്ണ പര്യവേഷണം തുടങ്ങിയല്ലോ. അക്കാലത്ത് ഇവിടെ എണ്ണ കണ്ടുപിടിച്ചാല്‍

മലയാളികള്‍ അറബിനാട്ടിലെപ്പോലെ സമ്പന്നരാകുന്നത് പലരും സങ്കല്പിച്ചു. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന ഒരാള്‍ അവിടത്തെ സ്‌പോണ്‍സര്‍റോട്

കിലുക്കത്തിലെ ഇന്നസെന്റ ിനെപ്പോലെ ''മ...മ....മത്തങ്ങത്തലയാ'' എന്നു പറഞ്ഞു ജോലി വലിച്ചെറിഞ്ഞു വരുന്ന ഒരു കാര്‍ട്ടൂണ്‍ ഞങ്ങള്‍

പ്രവാസികളുടെ ഇടയില്‍ ജനപ്രിയം ആയിരുന്നു. തല്‍ക്കാലത്തേക്കെങ്കിലും ആത് ''എത്ര നല്ല നടക്കാത്ത ശ്രീനിവാസന്‍ സ്വപ്‌നമായി''

അവശേഷിക്കുകയാണ്.

ഞങ്ങള്‍ ദുരന്തനിവാരണക്കാരുടെ ഒരു കുഴപ്പം പൊതുവെ ആളുകള്‍ ഇതുപോലുള്ള നടക്കുന്നതോ നടക്കാത്തതോ ആയ മനോഹര സ്വപ്നങ്ങള്‍

കാണുന്ന സമയത്ത് ഞങ്ങള്‍ അതിന്റെ ദുരന്ത സാധ്യതകള്‍ ആണ് കാണുന്നത്. ''ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതികിന്നു

കൗതുകം'' എന്നു പറഞ്ഞപോലെയാണ് ഞങ്ങളുടെ സ്ഥിതി. അതുകൊണ്ടാണ് കേരളത്തിലെ പുഴകളുടെ തീരത്ത് ആളുകള്‍ സ്വപ്‌നഗൃഹങ്ങള്‍

പണിയുമ്പോള്‍ ഒരു വെള്ളപ്പൊക്കത്തില്‍ അതില്‍ താമസിക്കുന്നവര്‍ ഒലിച്ചു പോകുന്നത് ഞാന്‍ സ്വപ്‌നം കാണുന്നത്. അതുകൊണ്ടാണ് മലയുടെ

ചെരിവില്‍ ആളുകള്‍ കൊട്ടരങ്ങള്‍ പണിയുമ്പോള്‍ ഒരു മണ്ണൊലിപ്പില്‍ അത് ഊര്‍ന്നുപോരുന്നത് എന്റെ ഓര്‍മ്മയില്‍ വരുന്നത്. അതുകൊണ്ടാണ്

പത്തും അതിലധികം നിലകളും ഉള്ള ഫ്ലാറ്റ് സമുച്ചയങ്ങള്‍ കേരളത്തിലെ രണ്ടാം കിട നഗരങ്ങളില്‍ പോലും സാധാരണമാകുമ്പോള്‍ അവയിലുണ്ടാകുന്ന

തീപിടത്തങ്ങളില്‍ നിന്നും അവരെ രക്ഷിക്കാന്‍ ഒരു സംവിധാനവും ഇല്ലല്ലോ എന്ന അറിവ് എന്റെ ഉറക്കം കെടുത്തുന്നത്.

അങ്ങനെ ഗ്ലാസ് എപ്പോഴും പകുതി കാലിയാണെന്നു കാണുന്ന പെസിമിസ്റ്റ് ആയതുകൊണ്ട് കൊച്ചിക്കടലില്‍ എണ്ണ കണ്ടുപിടിക്കുമ്പോള്‍ മലയാളികള്‍

ഷേക്കുമാര്‍ ആകുന്നതും, വലിയ വീടുപണിയുന്നതും പെട്രോള്‍ പത്തുരൂപക്കുകിട്ടുന്നതും ഒക്കെ പൊതുവെ ആളുകള്‍ സ്വപ്‌നം കാണുമ്പോള്‍ അങ്ങനെ ഉള്ള

ഒരു എണ്ണക്കിണര്‍ തകര്‍ന്ന് നമ്മുടെ കടലിലും തീരത്തും എണ്ണ പടുരുന്നതാണ് ഞാന്‍ ഭാവനയില്‍ കണ്ടത്. അങ്ങനെ വരുമോ? വന്നാല്‍

അതിനെതിരെ എന്തുപ്രതിരോധ സംവിധാനങ്ങള്‍ ആണ് നമുക്കുള്ളത്? അവ ഫലപ്രദം ആകുമോ? ആയില്ലെങ്കില്‍ അത് നമ്മളെ എങ്ങനെ ബാധിക്കും?

ഇതെല്ലാം എന്റെ ചിന്തയില്‍ വന്നു.

സത്യം പറഞ്ഞാല്‍ കേരളതീരത്ത് ഒരു ഓയില്‍ സ്പില്‍ ഉണ്ടായാലുള്ള ഭവിഷ്യത്തുകളെപ്പറ്റി ഞാന്‍ ആദ്യം ചിന്തിക്കുന്നത് രണ്ട് വര്‍ഷം മുന്‍പ് അല്ല.

1995-ല്‍ സിംഗപ്പൂരിലെ 'ഓയില്‍ സ്പില്‍ റെസ്‌പോണ്‍സ് സെന്ററില്‍'' നിന്നും കടലിലെ എണ്ണ ചോര്‍ച്ചയെ കടലിലും കരയിലും എങ്ങനെ നേരിടാം

എന്നു പരിശീലനം ലഭിച്ച അന്നു മുതല്‍ ഞാന്‍ ഇത് ചിന്തിക്കുന്നതാണ്. കാരണം കേരളതീരത്ത് എണ്ണ വരാനായിട്ട് നമ്മുടെ എണ്ണക്കിണര്‍ തന്നെ

വേണമെന്നില്ല. ഓരോവര്‍ഷവും ഇന്ത്യയിലേക്ക് 160 മില്യണ്‍ ടണ്‍ ക്രൂഡ് ഓയില്‍ ആണ് ഇറക്കുമതി ചെയ്യുന്നത്. അതിന്റെ പകുതിയോളം പെട്രോളും

ഡീസലും മറ്റു സംസ്‌കൃത എണ്ണകളും ഇന്ത്യന്‍ തുറമുഖത്തിലൂടെ കയറ്റുമതിയോ ഇറക്കുമതിയോ ചെയ്യപ്പെടുന്നു. കേരളത്തിന് തൊട്ടുള്ള മംഗലാപുരത്തും

കേരളത്തില്‍ കൊച്ചിയിലും വലിയ എണ്ണ ഇറക്കുമതി സംവിധാനങ്ങള്‍ ഉണ്ട്. അനവധി എണ്ണ ടാങ്കറുകള്‍ ഇവിടെ വന്നു പോകുന്നു. അവയില്‍

ഏതെങ്കിലും ഒന്നില്‍ നിന്നും ലക്ഷക്കണക്കിന് ലിറ്റര്‍ എണ്ണ കടലില്‍ പടരാനുള്ള സാധ്യതയുണ്ട്. പക്ഷെ അതുമാത്രമല്ല, കടലിന് അതിര്‍ത്തികളോ,

വരമ്പുകളോ ഇല്ലാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജപ്പാനിലേക്കോ സിംഗപൂരിലേക്കോ യൂറോപ്പിലേക്കോ ഒക്കെ എണ്ണയും ആയി പോകുന്ന

ആയിരക്കണക്കിന് കപ്പലുകള്‍ നമ്മുടെ തീരത്തിനടുത്തു കൂടെയാണ് പോകുന്നത്. അവയില്‍ ഏതെങ്കിലും ഒന്നില്‍ നിന്നും ഒരു ചോര്‍ച്ചയുണ്ടായാല്‍

അതുകേരളത്തിന്റെ തീരത്തെത്താന്‍ വെറും ദിവസങ്ങള്‍ മതി. നമ്മുടെ ദുരന്ത നിവാരണസംവിധാനം ഇത് മുന്‍പില്‍ കണ്ടിട്ടുണ്ടോ? അവര്‍ക്കതിനെപ്പറ്റി

അറിവുണ്ടോ? അതിനുള്ള സംവിധാനങ്ങള്‍ ഉണ്ടോ?

1995 മുതല്‍ ഞാന്‍ ഈ രംഗത്ത് ജോലി ചെയ്യുകയാണെങ്കിലും ഇന്ത്യയിലെ ഒരു സംവിധാനവും ആയി ബന്ധപ്പെടാനോ ഇന്ത്യയിലെ

സംവിധാനങ്ങളെപറ്റി അറിയാനോ ഉള്ള അവസരം ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഈ മാസം ആദ്യം ഗോവയില്‍ നടന്ന ''ഓയില്‍ സ്പില്‍ ഇന്ത്യ''

കോണ്‍ഫറന്‍സില്‍ ഞാന്‍ സ്വയം വിളിച്ചുകേറി. ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു കോണ്‍ഫറന്‍സ് നടക്കുന്നത്. ഒ.എന്‍.ജിസിയും റിലയന്‍സും

പോലുള്ള എണ്ണപര്യവേഷണ കമ്പനികള്‍, അനവധി റിഫൈനറികള്‍, കോസ്റ്റ്ഗാര്‍ഡ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയില്‍

നിന്നുള്ള ഉദ്യോഗസ്ഥരും വിദഗ്ദ്ധന്മാരും എല്ലാം അവിടെ ഉണ്ടായിരുന്നു. വിദേശത്ത് നിന്ന് അനവധി വിദഗ്ദ്ധന്മാര്‍ വേറെയും. എന്നെക്കൂടാതെ കോസ്റ്റ്

ഗാര്‍ഡില്‍ നിന്നും റിഫൈനറികളില്‍ നിന്നും എണ്ണ കമ്പനികളില്‍ നിന്നും ഒക്കെ വന്ന പല മലയാളികളും അവിടെ ഉണ്ടായിരുന്നെങ്കിലും കേരള

ഗവര്‍മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരോ വിദഗ്ദ്ധന്‍മാരോ അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ അവിടെ ചര്‍ച്ചചെയ്യപ്പെട്ട കാര്യങ്ങള്‍ കേരളത്തെ

സംബന്ധിച്ചിടത്തോളം സുപ്രാധാനമായതിനാല്‍ ചിലത് ഇവിടെ കുറിക്കാം.

ഇന്ത്യയിലും വിദേശത്തുനിന്നും ഉള്ള വിദഗ്ദ്ധന്‍മാര്‍ എല്ലാം സമ്മതിച്ച ഒന്നാമത്തെ കാര്യം എകേ്‌സാണ്‍ വാല്‍ഡേസ് പോലെയോ ബി.പിയിലെ

പോലെയോ അതിവലുപ്പമുള്ളമുള്ള ഒരു എണ്ണ ചോര്‍ച്ച ഇന്ത്യന്‍ തീരത്തുണ്ടാകാത്തത് ഭാഗ്യം കൊണ്ട് മാത്രം ആണ് എന്നതാണ്. വലിയ അപകടങ്ങള്‍

എപ്പോഴും എവിടെയും ഉണ്ടാകാം. അതിനു നാം തയ്യാറായിരിക്കുകയും വേണം. അത് മുന്‍പ് ഉണ്ടായിട്ടില്ല എന്നത് ഇനി ഉണ്ടാകില്ല എന്നതിന് ഒരു

ഗാരന്റി അല്ല എന്നതാണ്. സര്‍വ്വ സമ്മതമായിരുന്ന രണ്ടാമത്തെ കാര്യം അങ്ങനെ വളരെ വലിയ ഒരു എണ്ണ ചോര്‍ച്ചക്ക് ഇന്ത്യ പൂര്‍ണ്ണമായും

തയ്യാറല്ല എന്നതാണ്. അന്താരാഷ്ട്രമായ ഒരു മാനദണ്ഡം വെച്ച് 10000 ടണ്ണിനു മുകളില്‍ ഉള്ള എണ്ണ ചോര്‍ച്ചയാണ് ടിയര്‍ -3, അല്ലെങ്കില്‍ വളരെ

വലുത് എന്ന് അറിയപ്പെടുന്നത്. ഇതിനെ നേരിടാന്‍ പ്രത്യേക ഉപകരണങ്ങള്‍, അവ ഉപയോഗിക്കാനുള്ള കപ്പലുകള്‍, വിമാനങ്ങള്‍, ഉപകരണങ്ങള്‍

ഉപയോഗിക്കാന്‍ കഴിവുള്ള ആളുകള്‍ ഇവ എല്ലാം വേണം. ഇപ്പോള്‍ നമ്മള്‍ക്ക് അതിനുള്ള സംവിധാനം ഇല്ല. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍

സിംഗപ്പൂര്‍ നിന്നോ ലണ്ടനില്‍ നിന്നോ ഉപകരണങ്ങളും വിദഗ്ദ്ധരേയും കൊണ്ടുവരേണ്ടിവരും

ഉപകരണങ്ങളെപ്പോലെ തന്നെ പ്രധാനമാണ് ദുരന്തം നേരിടുന്നതില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനം, ഇന്ത്യയിലെ

ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് കോസ്റ്റ് ഗാര്‍ഡ് ആണ് കടലിലെ എണ്ണ ചോര്‍ച്ചയെ നേരിടുന്നതിന് ഉത്തരവാദിത്തമുള്ള ഏജന്‍സി. അതിന്

അവര്‍ക്ക് സംവിധാനങ്ങളും പരിശീലനവും ഒക്കെ ഉണ്ട്. എന്നാല്‍ തീരത്ത് എത്തുന്ന എണ്ണ ആരു വൃത്തിയാക്കുമെന്നോ കടലില്‍ നിന്നും കരയില്‍ നിന്നും

കോരിയെടുക്കുന്ന എണ്ണയും മണ്ണും മാലിന്യങ്ങളും എന്തു ചെയ്യുമെന്നോ ഇപ്പോഴും കൃത്യതയില്ല. 2010-ല്‍ മഹാരാഷ്ട്രയില്‍ കടലില്‍ എണ്ണ

ചോര്‍ച്ചയുണ്ടായപ്പോള്‍ കരയില്‍ എത്തിയ എണ്ണ ആര് വൃത്തിയാക്കണം എന്നതിനെപ്പറ്റി ജില്ലാ ഭരണകൂടവും സംസ്ഥാനവും തമ്മില്‍ തര്‍ക്കമായിരുന്നു.

അവസാനം അത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതലയില്‍ വിട്ടു. പക്ഷെ അതിന് അവര്‍ക്ക് വിഭവങ്ങളോ, പരിശീലനമോ ഉണ്ടായിരുന്നില്ല.

കേരളതീരത്ത് എണ്ണ വന്നാല്‍ ആരായിരിക്കും അതു വൃത്തിയാക്കുന്നത്? അതിനുള്ള സംവിധാവും പരിശീലനവും ആര്‍ക്ക് ഉണ്ട്?ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് എണ്ണ ചോര്‍ച്ചമൂലം കടലില്‍ പോകാന്‍ പറ്റാത്ത മീന്‍പിടുത്തക്കാര്‍ക്ക് ആര് നഷ്ടപരിഹാരം കൊടുക്കും എന്നതാണ്. ഇതിന്

അന്താരാഷ്ട്രമായി പല നിയമങ്ങളും മാനദണ്ഡങ്ങും ഉണ്ടെങ്കിലും ഓരോ രാജ്യവും നിയമപരമായി വേണ്ട തയ്യാറെടുപ്പുകള്‍ ചെയ്തില്ലെങ്കില്‍ അതിന്റെ

പൂര്‍ണഫലം കിട്ടുകയില്ല. കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം ഇന്ത്യന്‍തീരത്തുണ്ടായ രണ്ട് കപ്പല്‍ അപകടങ്ങളുടേയും അവയില്‍ നിന്നും നാശനഷ്ടം പറ്റിയ

മഹാരാഷ്ട്രയിലേയും ഗുജറാത്തിലേയും മീന്‍പിടുത്തക്കാരുടേയും കാര്യം ഗോവയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. 2010 ആഗസ്റ്റില്‍ ഉണ്ടായ എം.വി.ചിത്ര എന്ന കപ്പല്‍

അപകടത്തിലെ എണ്ണ ചോര്‍ച്ചയില്‍ നിന്നും നാശനഷ്ടം ഉണ്ടായ മീന്‍പിടുത്തക്കാര്‍ക്ക് ഇന്നുവരെ ഒരു പൈസപോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല

എന്നതാണ് വസ്തുത. ഇവരുടെ നഷ്ടമാകട്ടെ കേവലം 10 കോടി രൂപമാത്രമായിരുന്നു. എന്നാല്‍ 2010-ല്‍ തന്നെ അമേരിക്കയില്‍ ഉണ്ടായ ബി.പി.

എണ്ണചോര്‍ച്ചയില്‍ നഷ്ടം പറ്റിയ മീന്‍പിടുത്തക്കാര്‍ക്ക് ദിവസങ്ങള്‍ക്കകം നഷ്ടപരിഹാരം കിട്ടിത്തുടങ്ങി. ഇതുവരെ 25000 കോടി രൂപ നഷ്ടപരിഹാരമായി

കൊടുത്തുകഴിഞ്ഞു. ഇനി ഒരു ലക്ഷം കോടി നഷ്ടപരിഹാരത്തിനായി അമേരിക്കന്‍ ഗവണ്‍മെന്റിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. പല

കാര്യങ്ങള്‍ക്കും അമേരിക്കയെ കുറ്റം പറയാനാണ് നമുക്ക് ഇഷ്ടമെങ്കിലും മീന്‍പിടുത്തക്കാരുടെ കേസിലെങ്കിലും ഈ അമേരിക്കന്‍ മോഡല്‍ നാം

കണ്ടുപഠിക്കണം.

രണ്ടാമത്തെ കപ്പലപകടത്തിന്റെ കാര്യം ഇതിലും കഷ്ടമാണ്. കപ്പലപകടം ഉണ്ടായാല്‍ കോസ്റ്റ് ഗാര്‍ഡ് പോലുള്ള എജന്‍സികള്‍ സ്വന്തം പണം മുടക്കി

കപ്പലിനെ രക്ഷിക്കാന്‍ ശ്രമിക്കണമെന്നും എണ്ണചോര്‍ച്ചയുണ്ടാകാന്‍ അതുതടയണമെന്നുമാണ് അന്താരാഷ്ട്ര നിയമം. അതിനു ചിലവാകുന്ന ഏത്

ന്യായമായ തുകയും കപ്പലിന്റെ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും പിന്നെ സമാധാനമായി ഈടാക്കാം. ഇതിന്റെ ഒരു കാരണം കപ്പല്‍ ബിസിനസിലെ

ഒരു പ്രത്യേകത കപ്പലുകള്‍ ചില പ്രത്യേക രാജ്യങ്ങളില്‍ (ലൈബീരിയ, പനാമ, സെസ്റ്റ് കിറ്റ്‌സ് എന്നിങ്ങനെ) രജിസ്റ്റര്‍ ചെയ്യുകയും കപ്പലിന്

എന്തെങ്കിലും സംഭവിച്ചാല്‍ ഉടമകള്‍ മുങ്ങുകയും ഈ രാജ്യങ്ങള്‍ കയ്യൊഴിയുകയും ചെയ്യും എന്നതാണ്. സൗകര്യത്തിനുള്ള കൊടി (Flag of

concenience) എന്നാണ് ഈ അഗേഞ്ച്‌മെന്റിന്റെ പേര്. എന്നാല്‍ അടുത്ത് ഗുജറാത്തിലുണ്ടായ കപ്പലപകടത്തിന്റെ ഇന്‍ഷൂറന്‍സ് രേഖപോലും

വ്യാജമായിരുന്നു എന്നാണ് ഗോവന്‍ കോണ്‍ഫറന്‍സില്‍ വിശദീകരിച്ചത്. അതായത് കപ്പലപകടത്തില്‍ നാശനഷ്ടം ഉണ്ടാവുകയോ അതിനെ

രക്ഷിക്കാന്‍ ശ്രിമിക്കുകയോ ഒക്കെ ചെയ്തവരുടെ കാര്യം ഗോപി!.

കേരളതീരത്തിനടുത്ത് എവിടെയെങ്കിലും ഒരു വലിയ കപ്പല്‍ഛേദം ഉണ്ടായാല്‍ കേരളത്തിന്റെ 700 കിലോമീറ്റര്‍ കടല്‍തീരത്തും കടലിനോടും ചേര്‍ന്നു

കിടുക്കുന്ന കായലുകളിലും ഓരു കേറുന്ന പുഴകളിലും മലിനമായ എണ്ണ എത്തിച്ചേരാന്‍ ഒരാഴ്ചമതി. ഇത് നമ്മുടെ തീരദേശ ജീവിത്തെ മാസങ്ങളോളം

ബാധിക്കും. ആദ്യം കടലില്‍ പോകാതാകാന്‍ പറ്റാതിരിക്കും, പിന്നീട് അവിടെ മത്സ്യമില്ലാതിരിക്കും. അവസാനം മത്സ്യം വന്നാല്‍ അത് ആഭ്യന്തരവും

പ്രത്യേകിച്ച് വിദേശ വിപണികളും സ്വീകരിക്കാതിരിക്കുകയും ചെയ്യും. ബീച്ച്, കായല്‍ ടൂറിസത്തെ പൂര്‍ണമായും ഇത് തകര്‍ത്ത് കളയും. വഞ്ചിയും ബോട്ടും

വലയും ഉള്‍പ്പെടെ അനവധി ജീവിതോപാധികളെ ഇത് മോശമായി ബാധിക്കും. കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടെയുള്ള പരിസരപ്രാധാന്യമുള്ള

ആവാസവ്യവസ്ഥയുടെ പൂര്‍ണമോ ഭാഗികമോ ആയ നാശം വേറെയും. ലോകത്ത് ഇപ്പോള്‍ ലഭ്യമായ എല്ലാ സംവിധാനവും സമയോജിതമായി

ഉപയോഗിച്ചാല്‍ തന്നെ വര്‍ഷങ്ങളോളം കഴിഞ്ഞേ സ്ഥിതി ഭാഗികമായെങ്കിലും പഴയതുപോലെ ആകു. ഇതിന് ഒരുലക്ഷം കോടി യോ അതിലേറെയോ

നാശം ഉണ്ടാകാം, തൊഴിലില്ലാതെയാകുന്ന മുക്കുവരുടേയും മറ്റുള്ളവരുടേയും സാമൂഹ്യ പ്രശ്‌നങ്ങള്‍ വേറെയും. നാം തയ്യാറാണോ?.

എണ്ണചോര്‍ച്ചയെ നേരിടുക എന്നത് ലോകത്ത് എല്ലായിടത്തും ഒരു ചാലഞ്ച് ആണെങ്കിലും ഇന്ത്യയിലെ ചില പ്രത്യേകതകളും ഗോവയില്‍

ചര്‍ച്ചചെയ്യപ്പെട്ടു. ഒന്നാമത് എണ്ണ ചോര്‍ച്ച തടയാന്‍ വിദേശത്തു നിന്നും താലക്കാലികമായി കൊണ്ടുവരുന്ന വസ്തുക്കള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി അടക്കണം.

എന്ന ഡിപ്പാര്‍ട്ട്‌മെന്റിന്റെ വ്യവസ്ഥയാണ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ ഡ്യൂട്ടി ഇളവുചെയ്യാന്‍ വ്യവസ്ഥയുണ്ടെങ്കിലും ആ തീരുമാനങ്ങള്‍

സമയബന്ധിതമായി എടുക്കാത്തിനാല്‍ അപകടത്തിന്റെ ആദ്യവും നിര്‍ണ്ണായകവും ആയ ദിവസങ്ങളില്‍ അത് ശുദ്ധീകരണ പ്രവൃത്തികളെ ബാധിക്കും.

രാജ്യത്തിന് നൂറിരട്ടി നഷ്ടം ഉണ്ടാവുകയും ചെയ്യും.

രണ്ടാമത്തെ കാര്യമാണ് ഇതിലും കഷ്ടം. കടലില്‍ നിന്നും കോരിയെടുക്കുന്ന കടല്‍വെള്ളവും മറ്റു മാലിന്യങ്ങളും ചേര്‍ന്ന എണ്ണ ''ഇറക്കുമതി'' ആയി

കണക്കാക്കി ഡ്യൂട്ടി അടക്കണം എന്ന നിര്‍ബന്ധം കാരണം ഇന്ത്യയിലെ ചില തുറമുഖങ്ങളില്‍ ടാങ്കുകളില്‍ കെട്ടിക്കിടക്കുകയാണത്രെ. ഇതിന്റെ ഫലമായി

ഇത് ശുദ്ധീകരിക്കോനോ ഇനി ഒരു ചോര്‍ച്ച ഉണ്ടായാല്‍ ഉണ്ടാകാവുന്ന മലിനമായ എണ്ണ ശേഖരിക്കാനോ പറ്റാത്ത ഒരു ത്രിശങ്കുസിറ്റുവേഷന്‍ ഉണ്ടത്രേ.

ഗോവയില്‍ കേരളഗവര്‍മെന്റില്‍ നിന്നും ആരും ഉണ്ടായിരുന്നില്ലെങ്കിലും ഗോവയിലെ പാഠങ്ങള്‍ ആരെങ്കിലും പഠിക്കുന്നുണ്ടെന്ന് കരുതാം.


SocialTwist Tell-a-Friend
Related Stories: അറബിക്കടലില്‍ എണ്ണ പടരുമ്പോള്‍ - Saturday, October 22, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon