You are here: HOME » ENVIRONMENT » ENVIRONMENT
നെഞ്ചിലൊരു ബല്ലേ ബല്ലേ..
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 13 March 2011
മിഴിമുനയാല്‍ അവള്‍ ക്ഷണം തുടങ്ങിയിട്ട് നാളൊരുപാടായി. ആ ചിരി മഴയില്‍ നനയാന്‍ ഞാനും കൊതിച്ചിരുന്നു. ഗോവ....! അവളെന്നും എന്നെ മോഹിപ്പിച്ചു നിന്നു. പാട്ടുമായി ലോകം മുഴുവന്‍ ചുറ്റിയപ്പോഴും അവളുടെ സംഗീതം വഴിയുന്ന ചുണ്ടുകള്‍ എനിക്ക് അന്യമായിരുന്നു. 'മാതൃഭൂമി യാത്ര' ഗോവയിലേക്കെന്നെ ക്ഷണിക്കുമ്പോള്‍ ഞാന്‍ ബാംഗ്ലൂരില്‍ റിക്കാഡിങ് തിരക്കിലായിരുന്നു. ഒടുവിലിതാ ആദ്യ സമാഗമത്തിന്റെ സമയമായിരിക്കുന്നു! എന്റെ കരള്‍ തുടിച്ചു.

ഗോവന്‍ സംഗീതം വൈവിധ്യ സമൃദ്ധമാണെന്ന് കാമ്പസില്‍ വെച്ചേ അറിഞ്ഞിരുന്നു. ഹൃദ്യമായ താളവും ഈണവും ഇമ്പമേറ്റുന്ന കൊങ്കണി നടോടിഗാനങ്ങള്‍, പോര്‍ച്ചുഗീസ് രുചിയുളള പ്രൗഢമായ ലാറ്റിന്‍ സംഗീതം, ഹിപ്പികള്‍ പടര്‍ത്തിയ അതീന്ദ്രിയ സംഗീതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഗോവന്‍ ട്രാന്‍സ് (ം്്വമൃ റിമൃരവ)... ഫ്യൂഷന്‍ സംഗീതത്തെ പ്രണയിക്കുന്ന എന്റെ അഭിരുചിക്ക് ഏറെ ഇണങ്ങുന്ന ശൈലീവൈവിധ്യം.

പുതിയ രുചികളും പുതിയ ഗന്ധങ്ങളും. തൃഷ്ണകളെ ത്രസിപ്പിക്കുന്ന തീരഭൂമി. കേട്ടറിവുകളില്‍ ഒപ്പിയെടുത്ത വര്‍ണ്ണ ചിത്രം. ചുരുക്കി പറഞ്ഞാല്‍ 'നെഞ്ചിലൊരു ബല്ലേ ബല്ലേ..'

ബാംഗ്ലൂരിലെ ജോലിതീര്‍ത്ത് ചെന്നൈയിലെ റിക്കാഡിങ് സ്റ്റുഡിയോവിലേക്ക്, മനസ്സ് അക്ഷമ കാണിച്ചു തുടങ്ങി. ചെന്നൈയില്‍ നിന്ന് ഗോവയ്ക്ക് നേരിട്ടുളള ഫ്‌ളൈറ്റ് കിട്ടിയില്ല... 'അടങ്ങൂ' മനസ്സിനെ ഞാന്‍ ശാസിച്ചു. വിനോദും അഭിറാമും എനിക്കൊപ്പം വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വിനോദ് ഗിറ്റാറിസ്റ്റാണ്. എന്റെ താളത്തിന്റെ മിടിപ്പറിയുന്നവര്‍. അഭിറാം കൃഷണന്‍ എന്റെ ബാല്യകാല സഖാവാണ്. കലാലയവഴികളിലൂടെയും കാലവഴികളിലൂടെയും ഒന്നിച്ചു നടന്ന സുഹൃത്ത്. എന്റെ എല്ലാകാര്യങ്ങളും നോക്കിനടത്തുന്നത് അഭിറാമാണ്.

ചെന്നൈയില്‍ നിന്ന് ഒടുവില്‍ മുംബൈയിലേക്ക് ഫ്‌ളൈറ്റ്. മുംബൈയില്‍ നിന്ന് ഗോവ. കഷ്ടിച്ച് ഒരുമണിക്കൂര്‍ യാത്ര. ഗോവയിലെ ഡാബോളിം വിമാനത്താവളം ചെറുതും ആകര്‍ഷകവുമാണ്. ഒരു കൊച്ചു കൂട് പോലെ. മഴ പെയ്തു തീര്‍ന്ന് സ്വഛമായ ഗോവന്‍ മണ്ണില്‍, പ്രഭാതത്തിന്റെ തണുപ്പില്‍ ഞങ്ങള്‍ വിമാനമിങ്ങി.

നേരെ ടാക്‌സിയില്‍ പനാജിയിലേക്ക്. തലസ്ഥാനഗരിയെ 'പഞ്ചിം' എന്ന ചെല്ലപ്പേരില്‍ വിളിക്കാനാണ് ഗോവക്കാര്‍ക്കിഷ്ടം. മഴ ഗോവന്‍ പ്രകൃതിയെ ശാദ്വലമാക്കിയിരിക്കുന്നു. വൃത്തിയും വെടിപ്പുമുള്ള റോഡുകള്‍. കേരളത്തെ ഓര്‍മിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങള്‍. പാടങ്ങളും തെങ്ങുകളും പച്ചമരങ്ങളും. ഇടക്കിടക്ക് വെള്ള പൂശിയ പള്ളികള്‍. അകലെ കടലിന്റെ ഇരമ്പം. കഷ്ടിച്ച് ഒരു മണിക്കുര്‍ ഓടിയപ്പോഴേക്കും പനാജിയായി.

ഗോവയിലെ ആദ്യത്തെ ഹെറിറ്റേജ് ഹോട്ടലാണ് ഞങ്ങള്‍ക്കായി 'മാതൃഭൂമി' തിരഞ്ഞെടുത്തത്. 'പഞ്ചിം ഇന്‍'. പോര്‍ച്ചുഗീസ് ശൈലിയില്‍ പണിത പഴയൊരു ബംഗ്ലാവ്. വിശാലമായ മുറിയില്‍ ചിത്രാലംകൃതമായ കട്ടിലുകള്‍. ഓക്കിലും ഈട്ടിയിലും തീര്‍ത്ത മേശകളും അലമാരകളും കസേരകളും. മുറിയോടു ചേര്‍ന്ന് ചെറിയൊരു വരാന്തയും അപ്പുറത്ത് മറ്റൊരു മുറിയും. ആകപ്പാടെ ഒരു വിക്ടോറിയന്‍ കാല്‍പ്പനികത.


SocialTwist Tell-a-Friend
Related Stories: നെഞ്ചിലൊരു ബല്ലേ ബല്ലേ.. - Saturday, March 12, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon