You are here: HOME » ENVIRONMENT » ENVIRONMENT
ആന വരുന്നേ...
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 07 August 2011
കൊക്കലഹണ്ടിയില്‍ നിന്ന് ശ്രീരംഗഹള്ളിയിലേക്കുള്ള പാതയില്‍ വഴിയിലെമ്പാടും കണ്ടു, ആനകളെ ഷോക്കടിപ്പിക്കുന്ന വൈദ്യുത വേലികള്‍... പകല്‍ പോലും ആനകള്‍ സഞ്ചരിക്കും, മാരിഗുഡി കാടിന്റെ ഈ അതിര്‍ത്തി ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍. ഇതിലൂടെ പശ്ചിമഘട്ടത്തിലെ പ്രധാനപ്പെട്ട ഒരു ആനത്താരയില്‍ പ്രവേശിക്കാം. ബെന്നാര്‍ഘട്ടില്‍ നിന്ന് നിലമ്പൂര്‍ വരെ നീളുന്ന കാട്ടാനകളുടെ ഒരു രാജപാത. ബെര്‍ഗിയിലെ കരിമ്പു തോട്ടങ്ങളും ഇടക്കുള്ള എര്‍ത്ത്ഡാമും കടന്ന് കുമുകുമാ പൊങ്ങുന്ന പൊടിയിലാറാടി ജീപ്പ് മുന്നോട്ട്. ഓരോ വളവിലും ഫോറസ്റ്റ് ഗാര്‍ഡ് പൊന്നപ്പനും തോക്കുമായി നടക്കുന്ന വാച്ചര്‍ വീരപ്പയും പറയും: ഇതാ, ഇപ്പോള്‍ പോയതേയുള്ളൂ. കണ്ടോ കാലടികള്‍, മറിച്ചിട്ട ചെടികള്‍, ഒടിച്ച മുളന്തണ്ടുകള്‍, ചൂടാറാത്ത പിണ്ടം..
അകലെയോ അരികിലോ എന്നറിയാത്ത മുഴക്കം കുറഞ്ഞ ചിന്നം വിളികളുണ്ട് ചുറ്റും. പകല്‍ ചാഞ്ഞു തുടങ്ങി. ഇരുട്ട് ആനയെപ്പോലെ ശബ്ദം കേള്‍പ്പിക്കാതെ പുറകെ വന്നു തുടങ്ങി. നാസര്‍ മച്ചാന്റെ ബെര്‍ഗിയിലെ കരിമ്പു തോട്ടത്തില്‍ ഒരു ഏറുമാടമുണ്ട്. അതില്‍ കയറി ഉറക്കമിളച്ചിരുന്നാല്‍ താഴെ നിലാവില്‍ ആനകളുടെ ഘോഷയാത്ര തന്നെ കാണാമത്രെ, ചിലപ്പോള്‍. അത്ഭുതം, ഇന്ന് അതുമില്ല. നിങ്ങള്‍ അവനെ തേടുന്നു എന്ന് എങ്ങിനെയാണ് അവനറിയുന്നത്?

ഗോപാല്‍സ്വമി ബെട്ട വഴി ബന്ദിപ്പൂരിലേക്കു നീങ്ങിയിരിക്കുന്നു ആനകള്‍ -വീരപ്പ പറഞ്ഞു. യാത്രാമാര്‍ഗം കണ്ടാലറിയാം. രാത്രിയായി. ഇനി ഒന്നും നടക്കില്ല. നാളെ കൊക്കലഹണ്ടിയില്‍ നിന്ന് എതിര്‍ദിശയിലേക്കു പോകാം. പുലരും മുമ്പാണെങ്കില്‍ വഴിയില്‍ ഉറപ്പായും ഉണ്ടാവും. വെള്ളമോ കരിമ്പോ തേടി അവന്‍ എത്താതിരിക്കില്ല.


നിരാശയുടെ ഒന്നാം പകല്‍ മറന്ന് രണ്ടാം ദിവസം ഞങ്ങള്‍ വീണ്ടും ഇറങ്ങി. ഹൊന്‍ഗള്ളി വഴിക്കാണ് യാത്ര. ഗോപാല്‍സ്വാമി ബെട്ടയിലേക്കുള്ള ചുരത്തിനു മുകളില്‍ നിന്ന് നോക്കുമ്പോള്‍ കണ്ടു, താഴെ ആകാശത്തോളം പരന്നു കിടക്കുന്ന താഴ്‌വരയിലൂടെ വരിയായി നീങ്ങുന്ന ആനക്കൂട്ടങ്ങള്‍. വീരപ്പ പറഞ്ഞത് സത്യം.

നേരെ ബന്ദിപ്പൂരിലേക്ക്. വനം വകുപ്പിന്റെ ഗൈഡുകളെ കൂട്ടി മുമ്പേ പറഞ്ഞുറപ്പിച്ച ഒരു ജംഗിള്‍ സഫാരി. ചോലകളും മേടുകളും താണ്ടി ഉള്‍ക്കാട്ടിലേക്ക്. ആനത്താരകള്‍ പക്ഷെ, വിജനം. പല പല മൃഗങ്ങള്‍ കടന്നു പോയി. കൊമ്പന്‍ രാജാവ് മാത്രം ഇല്ല. മടങ്ങാന്‍ തുടങ്ങുമ്പോഴാണ് റോഡിനു കുറുകെ മിന്നായം പോലെ മൂന്നു പേരുള്ള ഒരു കൂട്ടം പാഞ്ഞു പോയത്. ഒരു നോക്കേ കണ്ടുള്ളൂ, അവര്‍ മറഞ്ഞു കളഞ്ഞു. സഞ്ചാരദിശ നോക്കിയാവണം, ഗൈഡ്് പറഞ്ഞു: ആനകള്‍ മുതുമല ഭാഗത്തേക്കു നീങ്ങുകയാണ്.
എന്നാല്‍ മുതുമലയില്‍ പോകാം. അവിടെ ജംഗിള്‍ പാര്‍ക്കില്‍ ആനപ്പുറത്തൊരു യാത്രയാവാം. വഴി കുറച്ചേയുള്ളൂ. തമിഴ്‌നാട് അതിര്‍ത്തി കടന്നാല്‍ മുതുമലയുടെ കവാടമായി. പ്രത്യേകാനുമതിയോടെയാണ് അവിടെയും സഞ്ചാരം. കൂടെ ഫോറസ്റ്റുകാരുണ്ട്. ആനകളെ കാണും വരെ യാത്രയാണ്. വഴിയില്‍ മുളംകാടുകള്‍ക്കിടയില്‍ ഒരാനയും കുഞ്ഞും. ആകാശത്തു നിന്ന് വെളിച്ചം മുളംകൂട്ടങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്നു. മുത്തങ്ങയിലേക്കുള്ള വഴിയിലാണ് അവ. മുതുമല ഒഴിവാക്കിയാണ് ഈ വര്‍ഷത്തെ ആനകളുടെ സഞ്ചാരമെന്ന് ഒരു വാച്ചര്‍ പറഞ്ഞു. മുപ്പതെണ്ണമുള്ള ഒരു കൂട്ടത്തെ മുത്തങ്ങയിലേക്കുള്ള വഴിയില്‍ കഴിഞ്ഞ ദിവസം കണ്ടുവത്രെ.
SocialTwist Tell-a-Friend
Related Stories: ആന വരുന്നേ... - Saturday, August 6, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon