You are here: HOME » ENVIRONMENT » ENVIRONMENT
ഭരത്പൂരിലെ പക്ഷിപ്പാതകളില്‍
test data Jayakeralam Malayalam News
Sunday, 04 December 2011
മൂന്നാമത്തെ തവണ ഭരത്പൂര്‍ കേവല്‍ദേവ ഖാന പാര്‍ക്കിലെത്തുമ്പോള്‍ എന്നെ സ്വാഗതം ചെയ്തത് ഒരു കാക്കയാണ്- കറുത്ത് തടിച്ച ഒരു ബലിക്കാക്ക. അതു ശാന്തനായിരുന്നു. തല ചെരിച്ചു നോക്കിയ ശേഷം, അതു തിടുക്കമൊന്നുമില്ലാതെ പറന്നു പോയി. മനസ് പിന്നിലേക്ക് പറന്നു. ഏതെങ്കിലും പിതൃക്കളുടെ പ്രതിനിധിയായിരിക്കുമോ? കാടുകള്‍ ഇഷ്ടപ്പെട്ടിരുന്ന ചന്ദ്രമാമന്‍?

പക്ഷികളുടെ വീട്ടിലെത്തുമ്പോള്‍ കാക്ക ശുഭ ലക്ഷണമല്ല. അത് തകര്‍ച്ചയുടെ സൂചനകള്‍ നല്‍കും. കാക്കകള്‍ കാക്കത്തൊള്ളായിരമാവുമ്പോള്‍ മറ്റു പക്ഷികള്‍ തിരിച്ചു വരാത്തവിധം കൂടു വിട്ടു പോകും.

ഇരുപതു കൊല്ലം മുമ്പ് ഇവിടെയെത്തുമ്പോള്‍ കദംകുഞ്ജിലെ മരങ്ങളുടെ താഴെ ഇത്രയധികം പ്രണയാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. ഇത്രയധികം സഞ്ചാരികള്‍ മുമ്പവിടെ കണ്ടിട്ടേയില്ല.

പുറമേ കേവല്‍ദേവ് പാര്‍ക്ക് അതിന്റെ പ്രശാന്തമായ മേലങ്കികള്‍ ഊരിയെറിഞ്ഞ പോലെ തോന്നും. പക്ഷികളുടെ പ്രണായാര്‍ഥികള്‍ മാത്രമല്ല ഇപ്പോള്‍ അവിടെ വരുന്നത്. വലിയ കുടുംബങ്ങളും പാക്കേജ് ടൂറിലെത്തുന്ന വിനോദസഞ്ചാരികളുടെ വലിയ കൂട്ടങ്ങളും. എങ്കിലും നാം ഏതെങ്കിലും ചെറിയ നടപ്പാതയിലൂടെ ഒന്നോ രണ്ടോ ഫര്‍ലോങ് നടന്നു കഴിയുമ്പോള്‍ കേള്‍ക്കുന്നത് പക്ഷികളുടെ സംഗീതം മാത്രം. പിന്നെയും നീങ്ങുമ്പോള്‍ മരക്കൂട്ടങ്ങളില്‍ ധ്യാനത്തിലമര്‍ന്നിരിക്കുന്ന പക്ഷിക്കൂട്ടങ്ങളെയോ ചെറുതടാകങ്ങളില്‍ പൂക്കള്‍ വിതറിയപോലെ പരന്നു കാണുന്ന പക്ഷികളുടെ ലോകമോ കാണാതിരിക്കില്ല. അതു സാന്ത്വനവും നഷ്ടപ്പെടാത്ത നൈസര്‍ഗികതയും നാട്ടു നന്‍മകളും പകരുന്നു. തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും ഭരത്പൂരിന് നീക്കി വെച്ച ഡോക്ടര്‍ സാലിം അലി പറഞ്ഞ വാക്കുകള്‍ ഓര്‍മ്മ വന്നു. 'യമുനാനദിയുടെ തീരത്ത് താജ്മഹല്‍ വീണ്ടും പണിതുയര്‍ത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഭരത്പൂര്‍ വീണ്ടും സൃഷ്ടിക്കാനാവില്ല'. 2008 ല്‍ ജര്‍മ്മന്‍ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഹംഫ്രികോണ്‍മാനൊപ്പം ഒരേയൊരു പകലിനായി ദില്ലിയില്‍ നിന്നെത്തുമ്പോള്‍ ഭരത്പൂര്‍ എന്തുകൊണ്ടാണ് ലോകം മുഴുവന്‍ കൊണ്ടാടുന്നതെന്ന് വ്യക്തമായി. 160 തരം ദേശാടനക്കിളികള്‍ വന്നു പോകുന്ന 220 നാട്ടുപക്ഷികുലങ്ങള്‍ വാഴുന്ന ഈ ചതുപ്പില്‍ നമുക്ക് എത്രയോ പാഠങ്ങള്‍ പഠിക്കാനുണ്ട്.

പൂതക്കൊക്കുകള്‍ കൂട്ടം കൂടിയിരിക്കുന്ന ബാബൂല്‍ മരങ്ങളുടെ മുമ്പില്‍ മാവിന്‍ ചുവടിനു താഴെയിരിക്കുന്ന, സായിപ്പ് വായിക്കുന്ന പുസ്തകം ഒരു കൗതുകത്തിന് ഒളിഞ്ഞ് നോക്കി, ഇടയ്ക്കിടെ പക്ഷികളെ നോക്കി കൊണ്ടായിരുന്നു വായന. പി യെപോലെ കവിയായിരിക്കുമോ? നിളയുടെ മഹാകവി എഴുതിയത് ഓര്‍മ്മ വന്നു-അമുറ്റത്തെ പൂമരത്തില്‍ മഞ്ഞക്കിളി പറന്നിരുന്നു. സ്വന്തം ഭാഷയില്‍ എന്തോ പറഞ്ഞു. നീ കവിയാവും വലിയ കവിയാവും. ലോകം പുതിയ വെളിച്ചത്തില്‍ മുങ്ങി.

ഇരുപതു കൊല്ലം മുമ്പ് സുഹൃത്തുക്കളോടൊപ്പം പക്ഷിപ്പാര്‍ക്കിലെത്തുമ്പോള്‍ സൈക്കിളുകളിലും ടോങ്കയിലും വന്നവര്‍ ആരേയും ശ്രദ്ധിച്ചിരുന്നില്ല. അവര്‍ അവരുടെ ലോകങ്ങളിലായിരുന്നു. അവര്‍ ബൈനോക്കുലറുകളിലും ക്യാമറകളിലും കണ്ടത് പ്രകൃതിയുടെ അനേകം പേജുകള്‍, ദൃശ്യങ്ങള്‍, സൂക്ഷ്മ യാഥാര്‍ഥ്യങ്ങള്‍...

ഭരത്പൂരിലെ പക്ഷിപാതകളിലൂടെ യാത്രകള്‍ ശാന്തികൂടീരത്തില്‍ നിന്നാണ് തുടങ്ങുന്നത്. ശാന്തികുടീരില്‍ നിന്ന് ബോട്ടുകളില്‍ കയറി നിങ്ങള്‍ക്ക് പക്ഷിക്കൂട്ടങ്ങളെ കാണാം. വേണമെങ്കില്‍ സൈക്കിളും റിക്ഷകളും വാടകയ്ക്ക് കിട്ടും. യാത്രയ്ക്കിടയില്‍ മരങ്ങളുടെ തണലിലിരിക്കാം. ബാബൂല്‍ മരങ്ങളില്‍ പറവക്കൂട്ടങ്ങളുണ്ടാവും.

ബാബുല്‍ ഒരു വിസ്മയ വൃക്ഷമാണ്. അത്രയധികം വളരാത്ത ചെറു വൃക്ഷങ്ങളാണവ. പൂതക്കൊക്കുകള്‍ ഒരിക്കല്‍ ജീവിച്ച ബാബുലിനെ ഉപേക്ഷിക്കുകയില്ല. ദേഹത്തെ ദേഹിയെന്ന പോലെ അവര്‍ സ്വന്തം ബാബുലിനെ പിരിയാതിരിക്കുന്നു. വീണ്ടും വീണ്ടും തിരിച്ചു വരുന്ന വീടുകളെ പോലെയാണ് ബാബുല്‍ മരങ്ങള്‍. മലയാളികളും തമിഴരും അതിനെ കരുവേലം എന്ന് വിളിക്കും. അക്ക്വേഷ്യ അറബിക എന്നാണ് ശാസ്ത്രനാമം. ശിഖരങ്ങള്‍ ഒടിയില്ല. ചെറുപുളിയും മധുരവും കലര്‍ന്ന പഴങ്ങള്‍ പക്ഷികള്‍ക്ക് പ്രിയംകരമാണ്. മാര്‍ച്ച് മാസമാകുമ്പോള്‍ ബാബുലിന്റെ തൊലി വിണ്ടുകീറും പശ ഒലിക്കാന്‍ തുടങ്ങും ഉത്തരേന്ത്യയിലെ നാട്ടു വൈദ്യന്‍മാര്‍ ആ പശ പാത്രത്തില്‍ സൂക്ഷിക്കും. മുറിവ് ഉണങ്ങാന്‍ ഉത്തമമാണത്രെ.


SocialTwist Tell-a-Friend
Related Stories: ഭരത്പൂരിലെ പക്ഷിപ്പാതകളില്‍ - Saturday, December 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon