You are here: HOME » WORLD »
സ്വീഡന്റെ അപ്പീല്‍ തള്ളി; അസാഞ്ജിനു മോചനം
സ്വന്തം ലേഖകൻ Jayakeralam Malayalam News
Friday, 17 December 2010
ലണ്ടന്‍: ഇന്‍റര്‍പോള്‍ അറസ്റ്റു വാറന്‍റിനെത്തുടര്‍ന്ന് ലണ്ടനില്‍ കീഴടങ്ങിയ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ കോടതി ജാമ്യത്തില്‍ വിട്ടു. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തേ ജാമ്യമനുവദിച്ചിരുന്നെങ്കിലും അപ്പീല്‍ നല്‍കാന്‍ സ്വീഡന്‍ തീരുമാനിച്ചതോടെ അസാഞ്ജ് ജയിലില്‍ തുടരുകയായിരുന്നു. സ്വീഡന്റെ വാദം തള്ളിക്കൊണ്ടാണ് ലണ്ടനിലെ കോടതി വ്യാഴാഴ്ച അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം നല്‍കിയത്.

രണ്ട് ലക്ഷം പൗണ്ടും(1.4 കോടി രൂപ) രണ്ടുപേരുടെ ആള്‍ജാമ്യവും ഈടായിവെച്ചാണ് കോടതി അസാഞ്ജിനെ മോചിപ്പിച്ചത്. ജാമ്യത്തുക അസാഞ്ജിനെ പിന്തുണയ്ക്കുന്നവരില്‍ നിന്ന് സ്വരൂപിച്ചാണ് ബാങ്കില്‍ നിക്ഷേപിച്ചത്. മനുഷ്യാവകാശപ്രവര്‍ത്തക ജമീമ ഖാന്‍, സിനിമാ സംവിധായകന്‍ ബിയാന്‍കാ ജാഗര്‍ തുടങ്ങിയ ഉന്നതവ്യക്തികള്‍ അസാഞ്ജിന് പിന്‍തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വിക്കിലീക്‌സ് പ്രവര്‍ത്തരായ രണ്ട് സ്ത്രീകള്‍ നല്‍കിയ പീഡനക്കേസിലാണ് അസാഞ്ജിനെ അറസ്റ്റു ചെയ്തത്. ഈ കേസില്‍ സ്വീഡനു കൈമാറുന്നതു സംബന്ധിച്ച് കേസ് പരിഗണിക്കുന്നതിനിടെയാണ് ജാമ്യം.

അതിനിടെ അമേരിക്കയുടെ സൈനിക രേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ പിടിയിലായ മുന്‍ ആര്‍മി ഇന്‍റലിജന്‍സ് അനലിസ്റ്റ് ബ്രാഡ്‌ലി മാനിങ്ങുമായി അസാഞ്ജ് ഗൂഢാലോചന നടത്തിയതിന് തെളിവു കണ്ടെത്താന്‍അമേരിക്ക നീക്കം തുടങ്ങി. സര്‍ക്കാര്‍ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നിന്നും രഹസ്യരേഖകള്‍ ചോര്‍ത്താന്‍ മാനിങ്ങിന് പ്രേരണയോ സഹായമോ നല്‍കിയിട്ടുണ്ടോ എന്നാണ് അമേരിക്ക അന്വേഷിക്കുന്നത്. രേഖകള്‍ ചോര്‍ത്തുന്ന സമയത്ത് അസാഞ്ജുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് മാനിങ് സമ്മതിച്ചതിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ ചാറ്റ് രേഖകള്‍ പരിശോധിച്ചിരുന്നു.

2008 സപ്തംബറില്‍ അസര്‍ബൈജാനിലെ ബ്രിട്ടീഷ് പെട്രോളിയത്തിന്റെ വാതകപ്ലാന്‍റില്‍ പൊട്ടിത്തെറിയുണ്ടായതായി വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ തൊഴിലാളികളെയെല്ലാം സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. തങ്ങള്‍ക്കവകാശപ്പെട്ട എണ്ണ ബ്രിട്ടീഷ് പെട്രോളിയം തട്ടിയെടുക്കുന്നതായി അസര്‍ബൈജാന്‍ പ്രസിഡന്‍റ് കുറ്റപ്പെടുത്തിയതായും രേഖകളിലുണ്ട്.


SocialTwist Tell-a-Friend
Related Stories: സ്വീഡന്റെ അപ്പീല്‍ തള്ളി; അസാഞ്ജിനു മോചനം - Thursday, December 16, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon