You are here: HOME » SPORTS »
സംസ്ഥാന ഫുട്‌ബോള്‍ ലീഗ് പുനരാംരംഭിക്കുന്നു
സ്വന്തം ലേഖകൻ Jayakeralam Malayalam News
Wednesday, 12 October 2011
കൊച്ചി: 2005-ല്‍ മുടങ്ങിപ്പോയ സംസ്ഥാന ഫുട്‌ബോള്‍ ലീഗ് താമസിയാതെ പുനരാരംഭിക്കുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ പുതിയ ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ അറിയിച്ചു. അസോസിയേഷന്റെ വെബ്‌സൈറ്റ് ഈ മാസാവസാനത്തോടെ പൂര്‍ണസജ്ജമാകുമെന്നും അനില്‍കുമാര്‍ വ്യക്തമാക്കി.

സംസ്ഥാനലീഗ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി ക്ലബ്ബുകളുടെ ശില്പശാല സംഘടിപ്പിക്കും. കൊച്ചി, തിരുവനന്തപുരം എന്നിങ്ങനെ രണ്ട് മേഖലകളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തുക. രണ്ട് മേഖലകളിലും മുന്നിലെത്തുന്ന ടീമുകളെ പങ്കെടുപ്പിച്ച് സൂപ്പര്‍സോണ്‍ മത്സരവും നടത്തും. ഇതിനായി സ്‌പോണ്‍സര്‍മാരെ തേടുകയാണ്.

സാങ്കേതികത ഇത്രകണ്ട് വളര്‍ന്നിട്ടും അസോസിയേഷന് കാര്യക്ഷമമായ ഒരു വെബ്‌സൈറ്റില്ലാത്തത് പോരായ്മയാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. കേരള ഫുട്‌ബോളിന്റെ ചരിത്രം, ജില്ലാ അസോസിയേഷനുകളുടെ വിവരങ്ങള്‍, ഫിക്‌സ്ചര്‍, മത്സരഫലങ്ങള്‍ തുടങ്ങി എല്ലാം സൈറ്റിലുണ്ടാവും. കളിക്കാരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വെബ്‌സൈറ്റ്‌വഴി നടത്തും. കേരളത്തിലെ 450- ഓളം ക്ലബ്ബുകളും പതിനായിരത്തോളം കളിക്കാരും ഇങ്ങനെ രജിസ്റ്റര്‍ ചെയ്യപ്പെടും.

ഇപ്പോള്‍ കളിക്കാര്‍ നേരിട്ടെത്തിയാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ആ ബുദ്ധിമുട്ട് പുതിയ സമ്പ്രദായത്തോടെ ഒഴിവാകും. കളിക്കാരുടെ ട്രാന്‍സ്ഫര്‍, ലോണ്‍ സമ്പ്രദായം തുടങ്ങിയവയൊക്കെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോടെ സുതാര്യമാകും. കളിക്കാര്‍ പല ക്ലബ്ബുകളില്‍ ഒരേസമയം രജിസ്റ്റര്‍ ചെയ്യുന്നത് ഒഴിവാക്കാനുമാകും.

ഫിഫയുടെ ഗോള്‍പ്രോജക്ട് പ്രകാരം കേരളത്തിന് ലഭിച്ച ആര്‍ട്ടിഫിഷ്യല്‍ ടര്‍ഫ് അംബേദ്കര്‍ സ്റ്റേഡിയത്തില്‍ സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട്. രാജ്യത്ത് പത്ത് സംസ്ഥാനങ്ങള്‍ക്കാണ് ടര്‍ഫ് അനുവദിച്ചിട്ടുള്ളത്. അതില്‍ ബാംഗ്ലൂരിലും കൊല്‍ക്കത്തയിലും സ്ഥാപിച്ചുകഴിഞ്ഞു. മുംബൈയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ടര്‍ഫ് സ്ഥാപിക്കാന്‍ ഇവിടെ നിലവില്‍ തടസ്സങ്ങളൊന്നുമില്ല. സ്റ്റേഡിയം പത്ത് വര്‍ഷത്തേക്ക് ലീസിന് കെ.എഫ്.എ. ഏറ്റെടുക്കേണ്ടതുണ്ട്. 5000 പേര്‍ക്കിരുന്ന് കളി കാണാന്‍ കഴിയണമെന്നാണ് നിബന്ധനകളിലൊന്ന്.

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വഴിയാണ് ഫിഫയ്ക്ക് അപേക്ഷ നല്‍കേണ്ടത്. ഫിഫയുടെ മേല്‍നോട്ടത്തിലായിരിക്കും എല്ലാ ജോലികളും. ഫിഫ നിയോഗിക്കുന്ന കമ്പനിയായിരിക്കും ടര്‍ഫ് സ്ഥാപിക്കുക. 10 വര്‍ഷത്തെ പരിപാലനവും ഫിഫയ്ക്ക് തന്നെ. പല നിലവാരത്തിലുള്ള ടര്‍ഫുകളുണ്ട്. കൊല്‍ക്കത്തയില്‍ ലയണല്‍ മെസ്സി കളിച്ച സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലെ ടര്‍ഫായിരിക്കും ഇവിടെയും ഉപയോഗിക്കുകയെന്നും അനില്‍കുമാര്‍ വ്യക്തമാക്കി.


SocialTwist Tell-a-Friend
Related Stories: സംസ്ഥാന ഫുട്‌ബോള്‍ ലീഗ് പുനരാംരംഭിക്കുന്നു - Tuesday, October 11, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon