You are here: HOME » KERALA »
ആവേശം വാനോളം; വിമാനത്താവളം നിര്‍മാണോദ്ഘാടനം ഇന്ന്
സ്വന്തം ലേഖകൻ Jayakeralam Malayalam News
Friday, 17 December 2010
malayalam stories

malayalam stories

മട്ടന്നൂര്‍(കണ്ണൂര്‍): ഉത്തര മലബാറിന്റെ സ്വപ്ന പദ്ധതിക്ക് തുടക്കമാവുന്നു. ഉത്സവ ലഹരി നിറഞ്ഞുനില്‍ക്കുന്ന ഈ മണ്ണില്‍ കേരളത്തിലെ നാലാമത്തെ വിമാനത്താവളത്തിന് ശിലാസ്ഥാപനം നടക്കുമ്പോള്‍ കണ്ണൂരിന്റെ വികസന ചരിത്രത്തില്‍ പുതിയ അധ്യായവും എഴുതിച്ചേര്‍ക്കപ്പെടുകയാണ്. രാവിലെ 11 മണിക്കാണ് ചടങ്ങ്.

മട്ടന്നൂരും പരിസരവുമാകെ ഈ ചടങ്ങിനെ വലിയ ആഘോഷമാക്കാന്‍ ഒരുക്കം തുടങ്ങിയിട്ട് ദിവസങ്ങളായി. നഗരമാകെ അലങ്കരിച്ചുകഴിഞ്ഞു. ചടങ്ങിനായി കൂറ്റന്‍ പന്തലും ഒരുങ്ങി. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് 'കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടി'ന് തറക്കല്ലിടുന്നത്. മൂന്ന് വര്‍ഷംകൊണ്ട് യാഥാര്‍ഥ്യമാവുമെന്ന് പ്രതീക്ഷിക്കുന്ന വിമാനത്താവളം സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെയാണ് സ്ഥാപിക്കുന്നത്.

കേന്ദ്ര-സംസ്ഥാന മന്ത്രിമാരും രാഷ്ട്രീയ-സാമൂഹിക നേതാക്കളും ശിലാസ്ഥാപന ചടങ്ങിലെത്തും. 15,000 പേരെങ്കിലും ചടങ്ങിന് സാക്ഷ്യംവഹിക്കാനായി ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.

മൂന്ന് പതിറ്റാണ്ടിലേറെക്കാലമായുള്ള കാത്തിരിപ്പിനും സമ്മര്‍ദങ്ങള്‍ക്കും ശേഷമാണ് വിമാനത്താവളം എന്ന ആശയം യാഥാര്‍ഥ്യമാവുന്നത്. 1996 ജനവരി 19ന് മലയാളിയായ അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി സി.എം.ഇബ്രാഹിമാണ് കണ്ണൂര്‍ വിമാനത്താവളം ആദ്യമായി പ്രഖ്യാപിക്കുന്നത്. ഇതോടെ സംസ്ഥാന സര്‍ക്കാറും നീക്കങ്ങള്‍ ആരംഭിച്ചു. ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പിണറായി വിജയന്‍ ചെയര്‍മാനായി വിമാനത്താവളത്തിനുവേണ്ടി സര്‍വകക്ഷി കര്‍മ സമിതി രൂപംകൊണ്ടു. എങ്കിലും പ്രവര്‍ത്തനം സര്‍ക്കാര്‍തലത്തില്‍ ഏറെ പുരോഗമിച്ചില്ല.

2005 ഏപ്രില്‍ 29നാണ് കേന്ദ്ര മന്ത്രിസഭ വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കുന്നത്. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 192 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. വി.എസ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭൂമി ഏറ്റെടുക്കാനായി കിന്‍ഫ്രയെ ചുമതലപ്പെടുത്തി. ഫാസ്റ്റ് ട്രാക്കില്‍ 2000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. 2008 ജൂലായില്‍ എയര്‍ഇന്ത്യ മുന്‍ ചെയര്‍മാന്‍ വി.തുളസീദാസ് വിമാനത്താവളം സ്‌പെഷല്‍ ഓഫീസറായി നിയമിക്കപ്പെട്ടു. ഇതിനകം 198 കോടി രൂപയോളം നല്‍കിയാണ് ഭൂമി ഏറ്റെടുത്തത്. മുഖ്യമന്ത്രി ചെയര്‍മാനായി 'കിയാല്‍' എന്ന കമ്പനിയും ഇതിനകം രൂപവത്കരിക്കപ്പെട്ടു. സംയുക്ത പങ്കാളിത്ത വ്യവസ്ഥയില്‍ വിമാനത്താവളം പണിയാമെന്ന കരാറിലാണ് 2010 ഫിബ്രവരി 27ന് 'കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്' (കിയാല്‍) എന്ന പേരില്‍ പബ്ലിക് ലിമിറ്റഡ് കമ്പനി നിലവില്‍വന്നത്.

കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേല്‍ വെള്ളിയാഴ്ച രാവിലെ ഹെലികോപ്റ്ററില്‍ മട്ടന്നൂരില്‍ വന്നിറങ്ങും. സൈനിക ബാന്‍ഡ്‌സെറ്റുകള്‍ ചടങ്ങിന് മാറ്റുകൂട്ടും. കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ.അഹമ്മദ്, സംസ്ഥാന മന്ത്രിമാര്‍ എന്നിവരൊക്കെ ചടങ്ങില്‍ സംബന്ധിക്കും.

വ്യാഴാഴ്ച വൈകീട്ട് പെയ്ത മഴ ഒരുക്കങ്ങളെ ചെറുതായി തടസ്സപ്പെടുത്തിയെങ്കിലും മട്ടന്നൂരിന്റെ ആവേശത്തെ അത് ബാധിച്ചിട്ടില്ല. കണ്ണൂരിന്റെ വാണിജ്യ വ്യാവസായിക മേഖല ഒന്നാകെ വിമാനത്താവളം എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതിന്റെ ആവേശത്തിലും ഉത്സാഹത്തിലുമാണ്.


SocialTwist Tell-a-Friend
Related Stories: ആവേശം വാനോളം; വിമാനത്താവളം നിര്‍മാണോദ്ഘാടനം ഇന്ന് - Thursday, December 16, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon