You are here: HOME » KERALA »
ആലപ്പുഴ ബൈപ്പാസ് നിര്‍മാണത്തിന് 157 കോടി അനുവദിച്ചു
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 12 December 2010
ആലപ്പുഴ: വര്‍ഷങ്ങളായി സ്തംഭനാവസ്ഥയിലായിരുന്ന ആലപ്പുഴ ബൈപ്പാസ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ഏറ്റെടുത്ത് നാലുവരിയാക്കി നിര്‍മിക്കുന്നതിന് ഉത്തരവായി. ബീച്ചിന് സമാന്തരമായി 1.4 കി.മീ. നീളത്തില്‍ മേല്‍പ്പാത നിര്‍മിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഇതിന് 157 കോടി രൂപ അനുവദിച്ചതായി കെ.സി. വേണുഗോപാല്‍ എം.പി. പത്രസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞദിവസം പ്രതിരോധമന്ത്രി എ.കെ. ആന്റണി, ഉപരിതല ഗതാഗതമന്ത്രി കമല്‍നാഥ്, കേന്ദ്രമന്ത്രി വയലാര്‍ രവി, കെ.സി. വേണുഗോപാല്‍ എം.പി. എന്നിവരുടെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തിലാണ് തടസ്സങ്ങള്‍ നീക്കി പദ്ധതി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെതന്നെ ഏറ്റവും വലിയ ഫൈ്‌ളഓവര്‍ റോഡായി ആലപ്പുഴ ബൈപ്പാസ് മാറും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ആലപ്പുഴ ബൈപ്പാസ് ഏറ്റെടുത്തുകൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞദിവസം എം.പി.ക്ക് ലഭിച്ചു.

പദ്ധതിപ്രകാരം 30 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ബീച്ചിന്റെ സൗന്ദര്യവത്കരണത്തെ ബാധിക്കാതെയിരിക്കാനാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. ബൈപ്പാസിനിടയില്‍ രണ്ട് റെയില്‍വേ ഓവര്‍ ബ്രിഡ്ജും ഉണ്ടാകും. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം നേരിട്ട് നിര്‍മാണം നിര്‍വഹിക്കുന്ന ബൈപ്പാസുകളിലൊന്നായി ആലപ്പുഴ ബൈപ്പാസ് മാറിയിരിക്കുകയാണ്. മൂന്നുമാസത്തിനുള്ളില്‍ നിര്‍മാണത്തിന്റെ പ്രാഥമിക നടപടിക്രമങ്ങള്‍ തുടങ്ങുമെന്നും എം.പി. പറഞ്ഞു.

ആലപ്പുഴയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബൈപ്പാസ് 26 വര്‍ഷമായി അനിശ്ചിതാവസ്ഥയിലായിരുന്നു. കൊമ്മാടി മുതല്‍ കളര്‍കോട് വരെയുള്ള ഏഴു കി.മീ. ബൈപ്പാസിന്റെ പകുതിമാത്രമാണ് ഇതുവരെ തീര്‍ക്കാനായത്. ചേര്‍ത്തല-ഓച്ചിറ ദേശീയപാത നാലുവരിയാക്കുമ്പോള്‍ ബൈപ്പാസും പൂര്‍ത്തീകരിക്കാമെന്ന നിലപാടിലായിരുന്നു നാഷണല്‍ ഹൈവേ അതോറിറ്റി. എന്നാല്‍ ബൈപ്പാസ് പ്രത്യേകമായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കണമെന്നായിരുന്നു കെ.സി. വേണുഗോപാല്‍ എം.പി. അടക്കമുള്ള ജനപ്രതിനിധികളും ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റിയും ആവശ്യപ്പെട്ടത്. തുടര്‍ന്ന് ബൈപ്പാസ് പൂര്‍ത്തിയാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിക്ക് നിവേദനം നല്കി. സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരം കേന്ദ്രമന്ത്രി കമല്‍നാഥ് വിളിച്ച യോഗം രണ്ടുവരി മേല്‍പ്പാത നിര്‍മിച്ച് പദ്ധതി പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തി. എന്നാല്‍ പദ്ധതിക്ക് വന്‍തുക വരുമെന്നതിനാല്‍ നിര്‍ദേശം പ്രായോഗികമല്ലെന്നായിരുന്നു കണ്‍സള്‍ട്ടന്‍സിയുടെ കണ്ടെത്തല്‍. ഇതോടെ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായി. ഈ സാഹചര്യത്തില്‍ ഒന്നരവര്‍ഷമായി നടന്ന ശ്രമങ്ങളുടെ ഫലമായാണ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ വഴി തുറന്നതെന്ന് എം.പി. വ്യക്തമാക്കി. പദ്ധതി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായം ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.


SocialTwist Tell-a-Friend
Related Stories: ആലപ്പുഴ ബൈപ്പാസ് നിര്‍മാണത്തിന് 157 കോടി അനുവദിച്ചു - Saturday, December 11, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon