You are here: HOME » INDIA »
സ്വപ്നം പൂവണിയുന്നു; തേജസ്സ് 10ന് വ്യോമസേനയ്ക്ക് കൈമാറും
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 03 January 2011
malayalam stories

malayalam stories

ബാംഗ്ലൂര്‍: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ലഘു പോര്‍വിമാനമായ തേജസ്സ് ജനവരി 10ന് വ്യോമസേനയുടെ ഉപയോഗത്തിന് കൈമാറും. ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി തേജസ്സിന്റെ പ്രാഥമിക ഉപയോഗ അനുമതി (ഇനീഷ്യല്‍ ഓപ്പറേഷണല്‍ ക്ലിയറന്‍സ്) ഒപ്പിട്ട് വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ പി.കെ. ബാര്‍ബറയ്ക്ക് നല്‍കും. ഇതോടെ പോര്‍വിമാന രൂപകല്പനയിലും നിര്‍മാണത്തിലും രാജ്യത്തിന്റെ വിജയക്കൊടി പാറിച്ചുകൊണ്ട് തേജസ്സ് എന്ന ശബ്ദാതിവേഗ (സൂപ്പര്‍സോണിക്) ജെറ്റ് വിമാനം സേവനത്തിന്റെ പുതിയ ചരിത്രമെഴുതാനായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും.

ഇക്കഴിഞ്ഞ ഡിസംബര്‍ 27ന് തേജസ്സിന്റെ ഐ.ഒ.സി. കൈമാറാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കെ. കരുണാകരന്റെ മരണമുള്‍പ്പെടെ അവിചാരിതമായ സംഭവങ്ങളെത്തുടര്‍ന്ന് ആന്റണിയുടെ അസൗകര്യംമൂലം ജനവരി 10-ലേക്ക് മാറ്റിവെക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടുമാസമായി തേജസ്സ് കൈമാറുന്നതിന് മുമ്പുള്ള അവസാനവട്ട പരീക്ഷണങ്ങള്‍ നടന്നുവരികയായിരുന്നു. മിസൈല്‍, ഗൈഡഡ് ബോംബുകള്‍ എന്നിവയുടെ വിക്ഷേപണം, ശത്രുവിന്റെ കണ്ണില്‍പ്പെടാതിരിക്കാനുള്ള വിദ്യകള്‍, അടിയന്തരഘട്ടത്തില്‍ പൈലറ്റിന് രക്ഷപ്പെടാനുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇതില്‍ വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു. തേജസ്സിന്റെ മികവില്‍ വ്യോമസേനാമേധാവി പി.കെ. ബാര്‍ബറയും സന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്.

റഷ്യന്‍ നിര്‍മിത മിഗ്-21 പോര്‍വിമാനങ്ങള്‍ക്കു പകരമായിരിക്കും 'തേജസ്' ഉപയോഗിക്കുക. ഒരു കാലത്ത് ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്-21 വിമാനങ്ങള്‍ കാലപ്പഴക്കത്തെ നേരിടാന്‍ തുടങ്ങിയതോടെയാണ് 1983-ല്‍ സ്വന്തമായി ലഘു പോര്‍വിമാനം വികസിപ്പിച്ചെടുക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. ഇതിനായി ഡി.ആര്‍.ഡി.ഒ.യുടെ കീഴില്‍ 1984-ല്‍ ബാംഗ്ലൂരില്‍ എയ്‌റോ നോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സിക്ക് (എ.ഡി.എ.) തുടക്കമിടുകയും പോര്‍വിമാന ഗവേഷണച്ചുമതല ഏല്പിക്കുകയുമായിരുന്നു. 2001-ലായിരുന്നു നാലാം തലമുറയില്‍പ്പെട്ട ഈ ലഘു പോര്‍വിമാനത്തിന്റെ ആദ്യ രൂപം (ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍) പരീക്ഷണപ്പറക്കല്‍ നടത്തിയത്. തുടര്‍ന്ന് പത്തു വര്‍ഷങ്ങള്‍കൊണ്ട് ഇതിനെ യുദ്ധരംഗത്ത് മികവ് കാണിക്കാന്‍ ശേഷിയുള്ള കരുത്തുറ്റ പോര്‍വിമാനമായി മാറ്റിയെടുക്കുകയായിരുന്നു.

വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹമാണ് ഇതിനു തേജസ് എന്നു പേരിട്ടത്. പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ബാംഗ്ലൂരിലെ എച്ച്.എ.എല്ലിനാണ് വിമാനത്തിന്റെ നിര്‍മാണച്ചുമതല. തേജസ്സിന്റെ എന്‍ജിനൊഴികെയെല്ലാം തദ്ദേശീയമായി വികസിപ്പിച്ചതാണ്. സ്വന്തമായി നിര്‍മിച്ച കാവേരി എന്‍ജിന്‍ ഇനിയും പ്രയോഗക്ഷമമാകാത്തതിനാല്‍ തത്കാലം അമേരിക്കന്‍ നിര്‍മിത ജി.ഇ.എഫ്. 414 എന്‍ജിനായിരിക്കും ഉപയോഗിക്കുക. 1998-ലെ ആണവ പരീക്ഷണത്തിന്റെ രാഷ്ട്രീയ പ്രത്യഘാതമായി ഇന്ത്യയ്ക്കു നേരിടേണ്ടിവന്ന സാങ്കേതികവിദ്യാ ഉപരോധത്തെത്തുടര്‍ന്ന് നേരത്തേ ഇറക്കുമതി ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്ന പല നിര്‍ണായക ഘടകങ്ങളും തദ്ദേശീയമായി വികസിപ്പിച്ചെടുക്കുകയായിരുന്നു. തേജസ്സിന്റെ പൂര്‍ത്തീകരണം ഇത്തിരി വൈകാന്‍ ഈ ഉപരോധം ഇടയാക്കിയെങ്കിലും വിമാനവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ പൂര്‍ണമായും സ്വയം വികസിപ്പിക്കാനും സ്വന്തമാക്കാനും അതു വഴിവെക്കുകയും ചെയ്തു.

പത്തു വര്‍ഷംകൊണ്ട് 200 തേജസ് വിമാനങ്ങള്‍ വായുസേന വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുപതെണ്ണത്തിനുള്ള കരാര്‍ എച്ച്.എല്ലുമായി ഒപ്പിട്ടിട്ടുണ്ട്. ഇതിനുപുറമെ മറ്റൊരു ഇരുപതെണ്ണത്തിനുകൂടിയുള്ള ഓര്‍ഡര്‍ വൈകാതെ വ്യോമസേന നല്കും.
ഏപ്രില്‍-മെയ് മാസത്തോടെ തേജസ്സിന്റെ ആദ്യ സ്‌ക്വാഡ്രന്‍ രൂപവത്കരിക്കാനാണ് വ്യോമസേനയുടെ തീരുമാനം. ദക്ഷിണേന്ത്യയിലായിരിക്കും തുടക്കത്തില്‍ ഇത് താവളമടിക്കുക. കോയമ്പത്തൂരിനടുത്തുള്ള സുളൂര്‍ വ്യോമസേനാതാവളം കേന്ദ്രീകരിച്ചായിരിക്കും ഈ സ്‌ക്വാഡ്രനെന്ന് അറിയുന്നു. തൂത്തുക്കുടിയിലെ കയാത്താറിലായിരിക്കും രണ്ടാമത്തേത്. ഇതിനായി രണ്ടാം ലോകമഹായുദ്ധകാലത്ത് നിര്‍മിച്ച കയാത്താറിലെ എയര്‍ഫീല്‍ഡ് വികസിപ്പിക്കുന്ന പണികള്‍ തുടങ്ങിയിട്ടുണ്ട്.

നാവികസേനയ്ക്കുള്ള തേജസ്സിന്റെ പ്രത്യേക മോ ഡലിന്റെ നിര്‍മാണവും എച്ച്.എ.എല്ലില്‍ പുരോഗമിക്കുകയാണ്. വിമാനവാഹിനിക്കപ്പലുകളില്‍ താവളമടിക്കാനുള്ളവയാണിവ. ഇപ്പോഴുള്ള ബ്രിട്ടീഷ് നിര്‍മിത സീഹാരിയര്‍ വിമാനങ്ങള്‍ക്കു പകരമായിരിക്കുമിത്. 2013-ല്‍ ഇവ നാവികസേനയ്ക്കു കൈമാറാനാകുമെന്നാണ് കരുതുന്നത്. 50 തേജസ് വിമാനങ്ങള്‍ നാവികസേനയ്ക്ക് ആവശ്യമുണ്ടെന്നാണ് എച്ച്.എ.എല്ലിനെ അനൗപചാരികമായി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അവസാനതീരുമാനമായിട്ടില്ല. കൂടുതല്‍ ശേഷിയുള്ള തേജസ് മാര്‍ക്ക്-2 ഗവേഷണ ഘട്ടത്തിലാണ്.


SocialTwist Tell-a-Friend
Related Stories: സ്വപ്നം പൂവണിയുന്നു; തേജസ്സ് 10ന് വ്യോമസേനയ്ക്ക് കൈമാറും - Sunday, January 2, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon