You are here: HOME » CINEMA »
കടപ്പാട്: ചിത്രഭൂമി
സ്വന്തം ലേഖകൻ Jayakeralam Malayalam News
Friday, 20 April 2012
ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം
തമിഴില്‍നിന്ന് മലയാളസിനിമയിലേക്കുള്ള നടിമാരുടെ ദേശാന്തരഗമനം ഒരു പതിവ് കാഴ്ചയാകുന്നു. എന്നാല്‍ നടന്മാരുടെ കാര്യം അതല്ല. മലയാള സിനിമയിലെ നിയന്ത്രിതമായ അഭിനയരീതി,താരതമ്യേന

കുറഞ്ഞ പ്രതിഫലം, മാരത്തോണ്‍ നിര്‍മാണരീതി, പൊതുവിലുള്ള സെറ്റപ് എന്നിവയെല്ലാം തമിഴിലെ ഒരു മുന്‍നിര താരത്തിന്റെ മലയാള സിനിമാപ്രവേശത്തിന് തടസ്സങ്ങളാണ്.തമിഴില്‍ നടന്‍,നിര്‍മാതാവ്,

സംവിധായകന്‍ എന്നീനിലകളിലെല്ലാം സജീവമായിട്ടുള്ള ഒരാളുടെ കാര്യത്തില്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തുക ഏറ്റവും വിഷമകരവും.

എന്നാല്‍ മലയാള സിനിമയെ സ്‌നേഹിക്കുന്ന ശശികുമാറിനെപ്പോലുള്ള ഒരാള്‍ക്ക് അതൊന്നും ഒരു പ്രശനമാവില്ലെന്നാണ് 'മാസ്റ്റേഴ്‌സ്' എന്നമലയാളസിനിമയിലെ പ്രധാനവേഷങ്ങളിലൊന്നില്‍ അഭിനയിക്കാന്‍

അദ്ദേഹം തയാറായതില്‍നിന്നും വ്യക്തമാകുന്നത്. തമിഴ് സിനിമയില്‍ ഒരു ട്രെന്‍റ് സെറ്റര്‍ ആയ 'സുബ്രഹ്മണ്യപുരം' എന്ന ശശികുമാറിന്റെ കന്നിച്ചിത്രം തമിഴ് പ്രേക്ഷകരെപ്പോലെ മലയാളി പ്രേക്ഷകരും നെഞ്ചിലേറ്റി.

ശശികുമാര്‍ നായകവേഷമിട്ട 'നാടോടികള്‍', 'പോരാളി' എന്നീചിത്രങ്ങളും മലയാളികളെ ഏറെ ആകര്‍ഷിച്ചവയാണ്. അദ്ദേഹം നിര്‍മിച്ച 'പസങ്ക' എന്ന ചിത്രവും കേരളത്തില്‍ സ്വീകരിക്കപ്പെട്ടു. ഇതൊക്കെ

ശശികുമാറിനെ മലയാളത്തോട് അടുപ്പിച്ചു. ചെന്നൈയില്‍ പല മലയാള ചിത്രങ്ങളുടേയും പ്രീവ്യൂവിന് ശശികുമാര്‍ പങ്കെടുക്കാറുണ്ട്. മലയാള സിനിമയിലെ നൂതന പ്രവണതകളെ അഭിനന്ദിക്കാനും

പ്രോത്സാഹിപ്പിക്കാനും അദ്ദേഹം മടികാണിക്കാറില്ല.

മലയാളസിനിമയിലെ ആദ്യത്തെ അഭിനയാനുഭവത്തെക്കുറിച്ച് ചോദിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ ശശികുമാര്‍ 'മാസ്റ്റേഴ്‌സി'ന്റെ പ്രീവ്യൂകാണുകയായിരുന്നു. ഷോ തീര്‍ന്നതും അദ്ദേഹം തിരിച്ചുവിളിച്ചു.

ചിത്രഭൂമിയുമായി സംസാരിക്കാന്‍ മറ്റുതിരക്കുകളൊന്നും പ്രശ്‌നമല്ലെന്നപോലെ അദ്ദേഹം തന്റെ മലയാള സിനിമാപ്രവേശത്തെക്കുറിച്ച് വാചാലനായി. ശശികുമാറുമായുള്ള അഭിമുഖത്തില്‍നിന്നും:

തമിഴ് സിനിമയിലെ തിരക്കുകള്‍ക്കിടയിലും അത്രയൊന്നും 'ലാഭകര'മല്ലാത്ത മലയാള ചിത്രത്തിലേക്ക് വരാന്‍ കാരണം?
എന്റെ ആദ്യ ചിത്രമായ സുബ്രഹ്മണ്യപുരവും പിന്നീട് വന്ന നാടോടികളും കേരളത്തില്‍ 100 ദിവസം ഓടി-അതും മൊഴിമാറ്റം ഒന്നും ചെയ്യാതെ തന്നെ. അതെന്നെ ഏറ്റവും അത്ഭുതപ്പെടുത്തി. എന്നേയും എന്റെ

സിനിമകളേയും ഇത്രയേറെ സ്‌നേഹിക്കുന്ന മലയാളികളായ പ്രേക്ഷകര്‍ക്കായി അവരുടെ ഭാഷയില്‍ ഒരു ചിത്രം ചെയ്യണമെന്ന് അന്നേ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്റെ സിനിമകള്‍ സഹര്‍ഷം സ്വീകരിച്ച

മലയാളി പ്രേക്ഷകരോടുള്ള കടമയായിട്ടാണ് ഞാന്‍ ഈ സിനിമ സ്വീകരിച്ചത്. പിന്നെ ഞാന്‍ സാമ്പത്തിക ലാഭം മാത്രം നോക്കി സിനിമ ചെയ്യുന്ന ആളല്ല. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ വളരെ ഇഷ്ടമായി. എന്റെ

കഥാപാത്രത്തേയും ഇഷ്ടപ്പെട്ടു. അങ്ങിനെയാണ് 'മാസ്റ്റേഴ്‌സി'ല്‍ അഭിനയിക്കാന്‍ തയാറായത്.

സ്‌ക്രിപ്റ്റ് നേരത്തെ വായിച്ചുവോ?
വായിച്ചിരുന്നു. നവാഗതനായ ജിനു എബ്രഹാം ആണ്ഇതിന്റെ തിരക്കഥ ചെയ്തിരിക്കുന്നത്. ഒരു നല്ല കൊമേഴ്‌സ്യല്‍ പടത്തിനുപറ്റിയ വളരെ നല്ല, വെല്‍നിറ്റഡ് ആയ ഒരു സ്‌ക്രിപ്റ്റ് എന്നുപറയാം.

മലയാളത്തിലാണ് സ്‌ക്രിപ്റ്റ് എന്നെ വായിച്ച് കേള്‍പ്പിച്ചത്. ഓരോ കഥാപാത്രത്തിന്‍േറയും ശക്തി എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.

തിരക്കഥയില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുവോ?
നോക്കൂ, സ്‌ക്രിപ്റ്റ് എന്ന് പറയുന്നത് ഒരാള്‍ മാത്രം ചെയ്യുന്നതല്ല. സിനിമയില്‍ പരിപൂര്‍ണമായ സ്‌ക്രിപ്റ്റ് എന്നൊന്നില്ല. എത്ര വലിയ തിരക്കഥാകൃത്തിന്റെ തിരക്കഥയായാലും സന്ദര്‍ഭത്തിനനുസരിച്ച് ചില

മാറ്റങ്ങള്‍ എപ്പോഴും സംഭവിക്കുന്നതാണ്. ഇവിടെ സ്‌ക്രിപ്റ്റ് നല്ലതായിരുന്നു.പിന്നെ എന്റെ കഥാപാത്രത്തെക്കുറിച്ച് ചില നിര്‍ദ്ദേശങ്ങള്‍, സംശയങ്ങള്‍ അത്രമാത്രം. കഴിവുള്ള ആളുകള്‍

തിരക്കഥാരചനാരംഗത്തേക്ക് കടന്നുവരണം. അപ്പോഴേ മാറ്റങ്ങള്‍ സംഭവിക്കുകയുള്ളു. മാസ്റ്റേഴ്‌സിന്റെ തിരക്കഥ ജിനുവിന്റെ കൈയില്‍ ഭദ്രമാണ്.

താങ്കളുടെ കഥാപാത്രത്തെക്കുറിച്ച്?
കോട്ടയത്തുനിന്നിറങ്ങുന്ന ഒരു പത്രത്തിന്റെ റിപ്പോര്‍ട്ടറുടെ വേഷമാണ് എനിക്ക്. ഇത്തരത്തില്‍ ഒരു വൈറ്റ്‌കോളര്‍ കഥാപാത്രത്തെ ഞാന്‍ ആദ്യമായാണ് അവതരിപ്പിക്കുന്നത്. തമിഴില്‍ ഞാന്‍ ചെയ്തതില്‍നിന്നും

വളരെ വ്യത്യസ്തമാണ് ഈ കഥാപാത്രം.

വ്യത്യസ്തമായ ഈ കഥാപാത്രം ചെയ്യുന്നതിലെ പ്രശ്‌നങ്ങള്‍?
ഇല്ല. ഈ കഥാപാത്രം എന്റെ സ്വഭാവവുമായി ഒത്തുപോകുന്ന ഒന്നാണ്. അതുകൊണ്ട് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അത്ര വിഷമിക്കേണ്ടി വന്നില്ല.

മലയാളം സംഭാഷണം?
പൃഥ്വിരാജൊക്കെ ഉള്ള ചിത്രമായതുകൊണ്ട് എനിക്ക് അധികം ഡയലോഗുകള്‍ ഉണ്ടായിരിക്കുകയില്ലെന്നാണ് കരുതിയത്. പക്ഷെ, ഒറ്റയടിക്ക് പറഞ്ഞുതീര്‍ക്കേണ്ട ദീര്‍ഘ സംഭാഷണങ്ങള്‍ ധാരാളമായിരുന്നു ഇതില്‍.

അതും കോട്ടയം സ്ലാങ്ങില്‍. സ്‌ക്രിപ്റ്റ് എനിക്ക് മൂന്നുമാസം മുമ്പുതന്നെ തന്നിരുന്നതിനാല്‍ ഞാന്‍ സംഭാഷണങ്ങള്‍ നല്ലപോലെ പഠിച്ചിരുന്നു.എന്റെ സംഭാഷണങ്ങള്‍ മധുപാല്‍ പറഞ്ഞ് റെക്കാര്‍ഡ് ചെയ്തത്

കേട്ട് വിശദമായി മനസിലാക്കി. അഭിനയിക്കുമ്പോള്‍ പ്രോംപ്റ്റ് ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല.
ദീര്‍ഘ സംഭാഷണങ്ങള്‍പോലും കട്ട് പറയാതെ ചിത്രീകരിക്കുമ്പോള്‍ പോലും ഞാന്‍ അത് തൃപ്തികരമായി കൈകാര്യം ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്.

അഭിനയത്തില്‍ മലയാളവും തമിഴും തമ്മില്‍ എന്തെങ്കിലും വ്യത്യസ്തത?
ഒരു വ്യത്യാസവും എനിക്ക് തോന്നുന്നില്ല. ഭാഷയിലെ വ്യത്യാസമല്ലാതെ. അഭിനയത്തിന്റെ രീതിയില്‍ ഒരു വ്യത്യാസവും എനിക്ക് അനുഭവപ്പെട്ടില്ല.

മലയാളത്തിലെ വര്‍ക്കിങ്ങ് സ്റ്റൈല്‍ ?
അതിലും എനിക്ക് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. വളരെ കൂള്‍ ആയിരുന്നു ഞാന്‍. വളരെ ടെന്‍ഷന്‍ ഫ്രീ ആയിരുന്നു ഞാന്‍. ഇങ്ങിനെയാണെങ്കില്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കാമെന്ന് തോന്നുന്നു.

സംവിധായകന്‍ ജോണി ആന്‍റണിയുടെ സമീപനവും എന്നെ ആകര്‍ഷിച്ചു. തമിഴില്‍ കോമഡിപോലും ചിത്രീകരിക്കുന്നത് വളരെ സീരിയസ് ആയിട്ടാണ്. ജോണി ആന്‍റണി നമ്മെ കഠിനമായി ജോലി ചെയ്യിക്കും.

എന്നാല്‍ നമുക്ക് അത് തോന്നാത്ത വിധം അനായാസമായി അദ്ദേഹം നമ്മെ കൈകാര്യം ചെയ്യും.അതുകൊണ്ട് അഭിനേതാവിന് ഒട്ടും ടെന്‍ഷന്‍ ആകേണ്ട കാര്യമില്ല.ഞാനൊക്കെ വളരെ ടെന്‍ഷനായാണ് തമിഴില്‍

ചിത്രീകരണം നിര്‍വഹിക്കുക. ജോണി ആന്‍റണിയുടെ സമീപനം വളരെ അനുകരണീയമായി എനിക്ക് തോന്നി.
പൃഥ്വിരാജിനോടൊപ്പമുള്ള അഭിനയം?
ഞങ്ങളുടെ കഥാപാത്രങ്ങള്‍ സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ ഒന്നിച്ചുള്ള അഭിനയമുഹൂര്‍ത്തങ്ങള്‍ വളരെ ഉണ്ടായിരുന്നു. പൃഥ്വിരാജ് വളരെ ഈഗോ ഉള്ള ഒരാളാണെന്ന് പലരും പ റഞ്ഞ് കേട്ടിരുന്നു. ആ

ഒരു മുന്‍വിധിയോടെയാണ് ഞാന്‍ ഈ ചിത്രത്തിന്റെ സെറ്റിലെത്തുന്നത്. ഞാന്‍ എല്ലാവരോടും വളരെ സൗഹൃദത്തോടെ ഇടപഴകുന്ന ഒരാളാണ്. ഈ ചിത്രത്തിന്റെ സെറ്റിലും അങ്ങനെ തന്നെ ആയിരുന്നു.

അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാതെ തന്റെ അഭിനയത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന ഒരാളായിട്ടാണ് അദ്ദേഹത്തെ ഞാന്‍ കണ്ടത്.ഒന്നിച്ചുള്ള സീനുകളെക്കുറിച്ച് ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച

നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ആ ഇന്‍വോള്‍വ്‌മെന്‍റ് എന്നെ വളരെ ആകര്‍ഷിച്ചു. ഇനിയും പൃഥ്വിരാജിനോടൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചാല്‍ ഞാനത് ഒഴിവാക്കില്ല.

ഈ ചിത്രത്തിലെ കഥാപാത്രങ്ങളെപറ്റി പൊതുവില്‍?
ഇതിന്റെ തിരക്കഥ പൂര്‍ണമായി തയാറാക്കിയശേഷമാണ് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത്. പൃഥ്വി രാജ് ആയാലും ജഗതി ആയാലും സലി ം കുമാര്‍ ആയാലും

എല്ലാവരും അതാത് കഥാപാത്രത്തിന് അനുയോജ്യരായവര്‍. അതുപോലെ തന്നെ നടികളും പിയ ബാജ്‌പേയ്, സുരേഖ തുടങ്ങിയ നടികളുടെ കാര്യത്തിലും ഇത് ശരിയാണ്. കുറേ നായകന്മാര്‍, അവര്‍ക്കെല്ലാം

ഓരോ നായികമാര്‍ എന്ന രീതി ഈ ചിത്രത്തിലില്ല. ഒന്നരവര്‍ഷം മുമ്പാണ് ഈ ചിത്രത്തിലെ കഥാപാത്രമാകാന്‍ വേണ്ടി സംവിധായകന്‍ എന്നെ സമീപിക്കുന്നത്. അപ്പോള്‍ എനിക്ക് തമിഴില്‍ തിരക്കായിരുന്നു.

ഒന്നരവര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അവര്‍ക്ക് വേണമെങ്കില്‍ മറ്റൊരാളെ അഭിനയിപ്പിക്കാമായിരുന്നു. പക്ഷേ, അവര്‍ എനിക്കുവേണ്ടി കാത്തിരുന്നു.

മലയാള സിനിമയിലെ പുതിയ പ്രവണതയെപറ്റി?
മലയാള സിനിമയിലെ പുതിയ ചലനങ്ങള്‍ വളരെ നല്ലതാണെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ മലയാള സിനിമകള്‍ സ്ഥിരമായി കാണുന്ന ഒരാളാണ്. അടുത്ത കാലത്ത് പ്രണയം, സാള്‍ട്ട് ആന്‍റ് പെപ്പര്‍ തുടങ്ങി പല

സിനിമകളും എന്നെ വളരെ ആകര്‍ഷിച്ചവയാണ്.

ജഗതിയും ഈ ചിത്രത്തില്‍ താങ്കളോടൊപ്പം അഭിനയിച്ചിരുന്നുവല്ലോ?
ഒറ്റ സീനിലേ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിരുന്നുള്ളു. എങ്കിലും അദ്ദേഹത്തിന്റെ 'മാജിക്ക്' എനിക്ക് ബോധ്യപ്പെട്ടു. അതുല്യമായ ഒരു അഭിനയ പ്രതിഭതന്നെയാണ് അദ്ദേഹം. അദ്ദേഹത്തെ ആശുപത്രിയില്‍ പോയി

കാണാന്‍ ഇതുവരെ സാധിച്ചില്ല. മലയാള സിനിമയിലെ ആ അതുല്യനടന്‍ അതിവേഗം പൂര്‍ണാരോഗ്യവാനായി തിരിച്ചെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു; അതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.

എന്റെ ആദ്യ തിരക്കഥ
ജിനു എബ്രഹാം എന്ന തിരക്കഥാകൃത്തിന്റെ കന്നിച്ചിത്രമാണ് മാസ്റ്റേഴ്‌സ്. ഒരു വന്‍ താരനിര പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ സംഭവബഹുലമായ കഥാപരിണാമം ഒരു തിരക്കഥാകൃത്തെന്ന നിലയില്‍

അദ്ദേഹത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് ആണ്. തന്റെ ആദ്യ ദൗത്യത്തെപറ്റി ജിനു സംസാരിക്കുന്നു:

ആദ്യ തിരക്കഥയെപറ്റി?
മാസ്റ്റേഴ്‌സ് എന്റെ ആദ്യ തിരക്കഥയാണ്. ഇതിനുമുമ്പ് മധുമുട്ടത്തിന്റെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരക്കഥാരചനയില്‍ അദ്ദേഹമാണ് എന്റെ ഗുരുനാഥന്‍. ഈ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയ ശേഷമാണ്

ഞാന്‍ സംവിധായകനെ സമീപിക്കുന്നത്. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടതോടെ ബാക്കി കാര്യങ്ങള്‍ മുന്നോട്ടുനീങ്ങി. സിനിമയുടെ എല്ലാഘട്ടത്തിലും തിരക്കഥാകൃത്തിന്റെ സാന്നിദ്ധ്യം ആവശ്യമുള്ളപ്പോഴെല്ലാം ഞാന്‍

ഉണ്ടായിരുന്നു. തുടക്കക്കാരന്‍ എന്ന ഒരു അവഗണനയും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല.
എങ്ങനെ ഈ കഥയിലെത്തി?
ഒരുപാട് കഥാപാത്രങ്ങള്‍ എന്റെ മനസ്സില്‍ അവ്യക്താമായി ഉണ്ടായിരുന്നു. ക്രമേണ ഒരോ കഥാപാത്രങ്ങളും വ്യക്തമായ രൂപം പ്രാപിച്ചു. അപ്പോള്‍ ആ കഥാപാത്രങ്ങള്‍ തമ്മില്‍ ഒരു ബന്ധമുള്ളതായി തോന്നി.
ആ ബന്ധത്തിലൂടെ ഒരു കഥ രൂപപ്പെടുകയായിരുന്നു.

ഏത് വിഭാഗത്തില്‍ പെടുത്താം ഈ സിനിമയെ?
ഇതില്‍ കുറ്റാന്വേഷണമുണ്ട്. എന്നാല്‍ ഒരു ത്രില്ലര്‍ എന്നൊന്നും പറയാന്‍ പറ്റില്ല. അതുപോലെ കുടുംബബന്ധങ്ങളുണ്ട്. സമകാലിക പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ ഒരു പ്രത്യേക വിഭാഗത്തില്‍ പെടുത്തേണ്ടതില്ല.

പ്രേക്ഷകര്‍ക്കിഷപ്പെടുന്ന ഒരു കൊമേഴ്‌സ്യല്‍ എന്‍റര്‍ടൈനര്‍ എന്ന് പറയാം.

കഥാപാത്രങ്ങളെപറ്റി?
ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. നായികാപ്രാധാന്യമുള്ള അഞ്ച് കഥാപാത്രങ്ങള്‍. ശശികുമാറിനും പൃഥ്വിരാജിനും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളാണ്. മിലന്‍ പോള്‍ എന്ന പത്രപ്രവര്‍ത്തകനെ അവതരിപ്പിക്കാന്‍

ശശികുമാര്‍ തന്നെ വേണമെന്നുണ്ടായിരുന്നു എനിക്കും സംവിധായകനും.പൃഥ്വിരാജ് ഒരു പൊലീസ് ഓഫീസര്‍. രണ്ടുപേരും സഹപാഠികള്‍. പൊതുവേ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മടിക്കുന്ന മിലന്‍ പോള്‍ തന്റെ

സുഹൃത്തിനുവേണ്ടി ചില കാര്യങ്ങളില്‍ ഇടപെടുന്നു. സൗഹൃദത്തിന് വളരെ പ്രാധാന്യം ഈ കഥയിലുണ്ട്.

മറ്റ് കഥാപാത്രങ്ങള്‍?
സുരേഖയുടെ കഥാപാത്രം സലിംകുമാര്‍ അവതരിപ്പിക്കുന്ന മോനച്ചന്റെ ഭാര്യയാണ്. വളരെ വേരിയേഷന്‍സ് ഉള്ള കഥാപാത്രം. 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് സുരേഖ വീണ്ടും അഭിനയരംഗത്തെത്തുന്നത്.

യാദൃശ്ചികമായാണ് അവരെ കണ്ടെത്തുന്നത്. ഒരു ദിവസം ചെന്നൈയിലെ ഒരു ഹോട്ടലിന്റെ ലോബിയില്‍ വെച്ച് ഞാനും സംവിധായകനും അവരെ കണ്ടു; പരിചയപ്പെട്ടു. പിന്നീട് വളരെ കഴിഞ്ഞാണ് ഈ

കഥാപാത്രത്തിന് പറ്റിയ നടിയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ അവര്‍ മനസിലെത്തുന്നത്. ഒരു തിരിച്ചുവരവിന് പറ്റിയ കഥാപാത്രം തന്നെയാണ് അവര്‍ക്ക് ഈ സിനിമയിലുള്ളത്.

ഒട്ടേറെ കഥാപാത്രങ്ങളുണ്ടെങ്കിലും എല്ലാകഥാപാത്രങ്ങള്‍ക്കും വേറിട്ട വ്യക്തിത്വം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. എനിക്ക് വളരെ പ്രതീക്ഷയാണ് ഈ ചിത്രത്തിലുള്ളത്. പ്രേക്ഷകര്‍ ഈ ചിത്രം ഹൃദയപൂര്‍വം

സ്വീകരിക്കുമെന്നു കരുതുന്നു.



SocialTwist Tell-a-Friend
Related Stories: കടപ്പാട്: ചിത്രഭൂമി - Thursday, April 19, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon