ഗ്രാഫീന് ഗവേഷണത്തിന് ഭൗതികശാസ്ത്ര നോബല്‍
സ്വന്തം ലേഖകൻ
Jayakeralam Malayalam News
Wednesday, 06 October 2010
സ്റ്റോക്ക്ഹോം: ഇലക്ട്രോണിക്സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്ന, ഗ്രാഫീനുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് ഇത്തവണ ഭൗതികശാസ്തത്തിനുള്ള നോബല്‍ പുരസ്കാരം. സിലിക്കന്റെ സ്ഥാനം ഭാവിയില്‍ കൈയടക്കുമെന്ന് കരുതുന്ന വസ്തുവാണ് ഗ്രാഫീന്. ഗ്രാഫീന് പാളികള്‍ വേര്‍തിരിച്ചെടുക്കുന്നതില്‍ ആദ്യമായി വിജയിച്ച റഷ്യന്‍ വംശജരായ ആേ്രന്ദ ഗീം, കോണ്സ്റ്റാന്റിന് നോവസെലോവ് എന്നിവരാണ് നോബല്‍ പുരസ്കാരം പങ്കിട്ടത്. ബ്രിട്ടനില്‍ മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇരുവരും.
കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ് രംഗങ്ങളില്‍ അനന്തസാധ്യതകള്‍ക്ക് വഴി തുറക്കുന്ന വസ്തുവായാണ് ഗ്രാഫീന് വിലയിരുത്തപ്പെടുന്നത്. ഭാവിയില്‍ സിലക്കന്റെ സ്ഥാനം ഗ്രാഫീന് കൈയടക്കുമെന്ന് കരുതുന്നു. ഒറ്റ കാര്‍ബണ്‍ ആറ്റത്തിന്റെ മാത്രം കനമുള്ള സൂക്ഷ്മപാളികളാണ് ഗ്രാഫീനുകള്‍. തികച്ചും സുതാര്യമായ ഗ്രാഫീന് പാളികള്‍ അങ്ങേയറ്റം ബലമുള്ള ഒന്നാന്തരം വൈദ്യുതചാലകമാണ്. ഇത്തരം സവിശേഷ ഗുണങ്ങള്‍ മൂലം വന്‍തോതില്‍ അതിന് പ്രായോഗിക ഉപോയോഗമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഗ്രാഫീന് എന്നത് കാര്‍ബണിന്റെ ഒരു വകഭേദമാണ്. തേന്‍ റാട്ടിലേതു മാതിരി കാര്‍ബണ്‍ ആറ്റങ്ങള്‍ ദിമാനതലത്തില് പരസ്പരം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള ഒരു പരന്ന പാളിയാണ് ഗ്രാഫീന്. ചെമ്പിന് തുല്യമായ വൈദ്യുതചാലകത അത് പ്രകടിപ്പിക്കുന്നു. നല്ല താപചാലകവുമാണ്. ഇത്തരം അസാധാരണ സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന ഈ വസ്തു, അതിവേഗ ട്രാന്‍സിസ്റ്ററുകളുടെ നിര്‍മിതിക്ക് സഹായിക്കുമെന്ന് കരുതുന്നു. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും അടിസ്ഥാനം അതിലെ ട്രാന്സ്റ്ററുകളാണ്.
അന്ദ്ര ഗീമും നോവസെലോവും ചേര്‍ന്ന് ഗ്രാഫൈറ്റില്‍ നിന്നാണ് ഗ്രാഫീന് ഷീറ്റുകള്‍ വേര്‍തിരിച്ചെടുത്തത് (പെന്സിലുകളിലെ 'ലെഡ്' ഗ്രാഫൈറ്റ് ആണ്). ഒരു മില്ലിമീറ്റര്‍ കനമുള്ള ഗ്രാഫൈറ്റ് ഷീറ്റ് ഏതാണ്ട് 30 ലക്ഷം ഗ്രാഫീന് പാളികളാലാണ് നിര്‍മിച്ചിരിക്കുന്നത്! അതിസൂക്ഷ്മമായ അത്തരം പാളികള്‍ പക്ഷേ, ദുര്‍ബലമായാണ് അടുക്കി വെച്ചിരിക്കുന്നത്. അതിനാല്‍, ഗ്രാഫീന് പാളികള്‍ ഗ്രാഫൈറ്റ് ഷീറ്റില്‍ നിന്ന് ചീന്തിമാറ്റാന് താരതമ്യേന എളുപ്പമാണ്.
വേഗമേറിയ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ ഗ്രാഫീന് സഹായിച്ചേക്കുമെന്ന് നോബല്‍ പുരസ്കാര ഫൗണ്ടേഷന് വിലയിരുത്തുന്നു. സുതാര്യതായ ടച്ച്സ്ക്രീനുകള്‍, ഭാരംകുറഞ്ഞ പാനലുകള്‍, സൗരോര്‍ജ്ജ സെല്ലുകള്‍ എന്നിവയുടെ വികസനത്തിനും ഗ്രാഫീന് വഴി തുറന്നേക്കും.
ഡച്ച് പൗരനാണ് 51 കാരനായ ആന്ദ്രെ ഗീം. ബ്രിട്ടന്, റഷ്യ എന്നിവിടങ്ങളില്‍ പൗരത്വമുള്ള വ്യക്തിയാണ് 36 കാരനായ നോവസെലോവ്. ബ്രിട്ടനില്‍ എത്തുന്നതിനു മുമ്പ് നെതര്‍ലന്‍ഡിലാണ് ഇരുവരും ഒരുമിച്ച് ഗവേഷണം നടത്തിയത്. ഗ്രാഫീന് സംബന്ധിച്ച പ്രസിദ്ധമായ പ്രബന്ധം ഇരുവരും ചേര്‍ന്ന് 2004 ഒക്ടോബറില്‍ 'സയന്‍സ്' മാഗസിനില്‍ പ്രസിദ്ധീകരിച്ചു. 15 ലക്ഷം ഡോളര്‍ (6.75 കോടി രൂപ) സമ്മാനത്തുക ഇരുവരും ചേര്‍ന്ന് പങ്കിടും.
|