You are here: HOME » SPORTS »
120 കോടി ജനങ്ങളുടെ 'കോമണ്‍വെല്‍ത്ത്' മെഡലുകള്‍!
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 17 October 2010
ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ മെഡല്‍ കൊയ്ത്തുമായി 'ഡല്‍ഹി-2010' ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായി മാറുമെന്നുറപ്പായി. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റിലുമെല്ലാം ഇന്ത്യ സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടുമ്പോള്‍'കോമണ്‍വെല്‍ത്ത് അത്‌ലറ്റിക്‌സി'ല്‍ ഒരു സ്വര്‍ണം ദശാബ്ദങ്ങളുടെ സ്വപ്നമായിരുന്നു.

1958 കാര്‍ഡിഫ് ഗെയിംസില്‍ 'പറക്കും സിങ്' മില്‍ഖാ സിങ്ങിന്റെ 400 മീറ്റര്‍ സ്വര്‍ണമെഡലിന് ശേഷം ലോക അത്‌ലറ്റിക്‌സ് പഴയ ദൂരങ്ങളും വേഗങ്ങളും ഉയരങ്ങളും അതിവേഗം പിന്നിട്ടപ്പോള്‍ ഇന്ത്യ ഏറെ താഴോട്ട് പോയി. അതുകൊണ്ടുതന്നെയാണ് 19-ാമത് 'കോമണ്‍വെല്‍ത്തി'ന് ഡല്‍ഹി ആതിഥേയത്വം വഹിക്കുമ്പോഴും ഇന്ത്യന്‍ പ്രതീക്ഷകള്‍ നാലോ അഞ്ചോ മെഡലുകളില്‍ ചെന്ന് നിന്നത്- ഒരു സ്വര്‍ണം ഏറ്റവും വലിയ ശുഭാപ്തിവിശ്വാസികളുടെയും പ്രതീക്ഷകള്‍ക്കപ്പുറത്തായിരുന്നു. എന്നാല്‍, കഴിഞ്ഞ മുപ്പത് മാസങ്ങള്‍ക്കുള്ളില്‍ ട്രാക്കിലും ഫീല്‍ഡിലും മുന്നോട്ടുവരാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി വിദേശത്തേക്കയച്ചും വിദഗ്ധ വിദേശ കോച്ചുകളെ വിളിച്ചുവരുത്തിയും സമയബന്ധിതമായി രൂപംനല്‍കിയ പരിശീലന പദ്ധതി ഒടുവില്‍ ലക്ഷ്യം കണ്ടെത്തുകയാണുണ്ടായത്- വിശ്വസിക്കുക, രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ഏഴ് ഓടുമായി ഒരു ഡസന്‍ അത്‌ലറ്റിക് മെഡലുകള്‍. ഈ മെഡലുകളത്രയും നൈജീരിയയും ജമൈക്കയും ഘാനയും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമൊക്കെ മത്സരിക്കുന്ന ഒരു ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റില്‍ നിന്നാണെന്നു വരുമ്പോഴാണ് ഈ വിജയങ്ങളുടെ തിളക്കം കൂടുന്നത്. ഷൂട്ടിങ്ങിലും ഗുസ്തിയിലും ബോക്‌സിങ്ങിലും വെയ്റ്റ് ലിഫ്റ്റിങ്ങിനുമപ്പുറത്ത് അത്‌ലറ്റിക്‌സിലും ആര്‍ച്ചറിയിലും ടെന്നീസിലുമൊക്കെ നേടിയ മെഡലുകളാണ് അന്തര്‍ദേശീയ കായികരംഗത്ത് 21-ാം നൂറ്റാണ്ടില്‍ ഇന്ത്യ ലോക സ്‌പോര്‍ട്‌സ് രാഷ്ട്രങ്ങളുടെ മുന്‍നിരയിലുണ്ടാവുമെന്ന പ്രതീക്ഷകള്‍ വളര്‍ത്തുന്നത്. വിരലിലെണ്ണാവുന്ന രാഷ്ട്രങ്ങള്‍ മാത്രം കളിക്കുന്ന ക്രിക്കറ്റിന്റെ 'വ്യാപാര വിജയ'ങ്ങള്‍ക്കും ഹോക്കിയിലേയും ബാഡ്മിന്റണിലേയും ബില്യാര്‍ഡ്‌സിലേയും ഗോള്‍ഫിലേയും വല്ലപ്പോഴും വീണുകിട്ടുന്ന ഒറ്റപ്പെട്ട വിജയങ്ങള്‍ക്കുമപ്പുറത്ത് ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ സ്ഥിരം മേല്‍വിലാസം ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് മാത്രമാണെന്ന് ഇവിടെ ഓര്‍ക്കുക. അതിനിടയിലാണ് 120 കോടി ജനങ്ങളുടെ 'കോമണ്‍വെല്‍ത്താ'യി പന്ത്രണ്ട് മെഡലും അത്‌ലറ്റിക്‌സില്‍ പുതുയുഗപ്പിറവിക്ക് തുടക്കമാവുന്നത്.

2000-ത്തില്‍ തുടങ്ങുന്ന ഈ ദശകത്തില്‍ ഒന്ന് മങ്ങിപ്പോയ കേരള കായികരംഗത്തിനും പുനരുജ്ജീവനം നല്‍കാന്‍ ഡല്‍ഹി ഗെയിംസിന് കഴിഞ്ഞുവെന്നതും വലിയ കാര്യമാണ്. യോഹന്നാന്റെയും സുരേഷ്ബാബുവിന്റേയും അഞ്ജു ജോര്‍ജിന്റേയും പിന്‍ഗാമിയായി ലോങ്ജംപ് വെള്ളിയോടെ പ്രജുഷ തുടങ്ങിവെച്ചത് ട്രിപ്പിള്‍ജംപ് ഓട്ടുമെഡലോടെ രഞ്ജിത് മഹേശ്വരി പൂര്‍ത്തിയാക്കുമ്പോള്‍ വനിതകളുടെ 1600 മീറ്റര്‍ റിലേയിലെ പങ്കാളിത്തത്തോടെ മൂവാറ്റുപുഴയിലെ സിനി ജോസ് കോമണ്‍വെല്‍ത്തിലെ സ്വര്‍ണം ചൂടുന്ന ആദ്യത്തെ മലയാളി താരമായി ഉയര്‍ന്നു. 400 മീറ്റര്‍ റിലേകളില്‍ കൊല്ലത്തെ പി.കെ. പ്രിയയും കോട്ടയത്തെ ഷമീര്‍മോനും ഓട്ടുമെഡലുകളോടെ ചരിത്രത്തിന്റെ ഭാഗമായി. ബാഡ്മിന്റണ്‍ മിക്‌സഡ് ടീം വെള്ളിമെഡല്‍ വിജയത്തില്‍ പങ്കാളികളായ അപര്‍ണ ബാലനും വി. ഡിജുവും രൂപേഷ്‌കുമാറും സനേവ് തോമസുമെല്ലാം മലയാളത്തിന്റെ മാനംകാത്ത താരങ്ങളായിരുന്നു- ആകെ ഓരോ സ്വര്‍ണവും വെള്ളിയും ഏഴ് ഓടുമായി ഒമ്പത് മെഡലുകള്‍!

ഗെയിംസ് പകരുന്ന പുതിയ ആവേശം നിലനിര്‍ത്താനും കൂടുതല്‍ കേന്ദ്രസഹായം ഉറപ്പുവരുത്തി കൂടുതല്‍ വലിയ നേട്ടങ്ങള്‍ക്കായി, വളരുന്ന താരങ്ങളെ സജ്ജമാക്കാനും കേരള സ്‌പോര്‍ട്‌സ് മന്ത്രാലയത്തിനും സ്‌പോര്‍ട്‌സ് കൗണ്‍സിലിനും എത്രത്തോളം കഴിയുമെന്നാണ് കായികകേരളം ഇനി ഉറ്റുനോക്കുക.


SocialTwist Tell-a-Friend
Related Stories: 120 കോടി ജനങ്ങളുടെ 'കോമണ്‍വെല്‍ത്ത്' മെഡലുകള്‍! - Saturday, October 16, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon