You are here: HOME » SPORTS »
പാര്‍ട്ടി കോണ്‍ഗ്രസിന് സി.പി.എം. കായികോത്സവം
സ്വന്തം ലേഖകൻ Jayakeralam Malayalam News
Wednesday, 12 October 2011
കോഴിക്കോട്: ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കോഴിക്കോട്ട് ദേശീയനിലവാരത്തില്‍ ഫുട്‌ബോള്‍, വോളിബോള്‍, അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടത്താന്‍ സി.പി.എം ഒരുങ്ങുന്നു. മികച്ച ടീമുകളെയും അന്താരാഷ്ട്ര അത്‌ലറ്റുകളെയും പങ്കെടുപ്പിച്ച് മാര്‍ച്ച് മാസത്തില്‍ വിപുലമായ രീതിയില്‍ മത്സരങ്ങള്‍ നടത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ഇതിന്റെ ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായി. ഫുട്‌ബോളും അത്‌ലറ്റിക്‌സും കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും വോളിബോള്‍ ജില്ലയുടെ ഗ്രാമീണമേഖലയില്‍ നടത്താനുമാണ് തീരുമാനിച്ചിട്ടുള്ളത്. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് ഇത്തവണ കോഴിക്കോട്ടാണ് നടക്കുന്നത്.

മുടങ്ങിക്കിടക്കുന്ന ഇ.കെ. നായനാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പുനരുജ്ജീവിപ്പിച്ച് നടത്താനാണ് ആലോചന നടക്കുന്നത്. ഐ ലീഗ് ടീമുകളടക്കം രാജ്യത്തെ മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളെ പങ്കെടുപ്പിക്കാനാണ് ശ്രമം. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അനുമതി പാര്‍ട്ടിതലത്തില്‍ നേടിയെടുക്കാമെന്നാണ് ചര്‍ച്ചയില്‍ നേതാക്കള്‍ വ്യക്തമാക്കിയത്. ഐ ലീഗിന്റെ ഇടയില്‍ മാര്‍ച്ച് മാസത്തില്‍ രണ്ടാഴ്ചയായി ടൂര്‍ണമെന്റ് നടത്താനാണ് പദ്ധതി. ടൂര്‍ണമെന്റിന്റെ ഘടന വരും ദിവസങ്ങളില്‍ വ്യക്തമാകും. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സി.പി.എം എം.എല്‍. എയായ എ. പ്രദീപ്കുമാറായതിനാല്‍ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടുപോകാനാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്.

കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഫ്ലഡ്‌ലൈറ്റില്‍ ഫുട്‌ബോളും അത്‌ലറ്റിക്‌സും നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. രാജ്യത്തെ മികച്ച അത്‌ലറ്റുകള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുംവിധം സമ്മാനത്തുക കണ്ടെത്തണമെന്നും വാദം ഉയര്‍ന്നിട്ടുണ്ട്. ദേശീയഗെയിംസിനായി കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്റെ ഗ്രാന്‍ഡ് സ്റ്റാന്‍ഡ് പുതുക്കിപ്പണിയുന്ന പ്രവൃത്തി ആരംഭിച്ചാലും മത്സരങ്ങള്‍ നടത്തുന്നതില്‍ തടസ്സമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മത്സരങ്ങള്‍ നടത്തുന്നതിനായി കോര്‍പ്പറേഷന്‍ സ്റ്റേഡിയം സജ്ജമാക്കേണ്ടി വരും.

വോളിബോള്‍ മത്സരങ്ങള്‍ ഗ്രാമീണമേഖലയില്‍ നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. വോളിബോളിന് പ്രചാരമുണ്ടെങ്കിലും വടകര, കുറ്റിയാടി, നാദാപുരം മേഖലകളില്‍ ടൂര്‍ണമെന്റ് നടത്തേണ്ടെന്നാണ് തീരുമാനം. നടുവണ്ണൂര്‍, ബാലുശ്ശേരി ഭാഗങ്ങളിലെവിടെയെങ്കിലുമായിരിക്കും നടത്തുക. രാജ്യത്തെ മികച്ച ടീമുകളെ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കും.

മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ ഈയാഴ്ച നടക്കും. 12-ന് ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായും 16-ന് അത്‌ലറ്റിക്, വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായും ചര്‍ച്ച നടക്കും. രണ്ടാംഘട്ട ചര്‍ച്ച പൂര്‍ത്തിയാകുന്നതോടെ മത്സരങ്ങളെക്കുറിച്ച് വ്യക്തത കൈവരും. ആദ്യഘട്ട ചര്‍ച്ചകളില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ സംസ്ഥാനപ്രസിഡന്റ് ടി.പി. ദാസന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ മത്തായി മൂന്ന് അസോസിയേഷനുകളുടെ പ്രധാന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.


SocialTwist Tell-a-Friend
Related Stories: പാര്‍ട്ടി കോണ്‍ഗ്രസിന് സി.പി.എം. കായികോത്സവം - Tuesday, October 11, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon