You are here: HOME » MAINNEWS »
കടുത്ത നിയന്ത്രണത്തിലേക്ക്‌
സ്വന്തം ലേഖകൻ Jayakeralam Malayalam News
Thursday, 19 April 2012
തിരുവനന്തപുരം: വീടുകളിലെ വൈദ്യുതി ഉപഭോഗം മാസം 150 യൂണിറ്റായി പരമിതപ്പെടുത്തണമെന്ന് റഗുലേറ്ററി കമ്മീഷനോട് വൈദ്യുതിബോര്‍ഡ് ആവശ്യപ്പെട്ടു. ഇതില്‍ക്കൂടുതല്‍ ഉപയോഗിക്കുന്ന യൂണിറ്റിന് പത്തുരൂപ നിരക്കില്‍ ഈടാക്കണം.

തെരുവുവിളക്കുകള്‍,കാര്‍ഷിക കണക്ഷനുകള്‍ എന്നിവ ഒഴിച്ച് കടകളും ചെറുകിട വ്യവസായങ്ങളും ഉള്‍പ്പെടെ എല്ലാ ലോടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കും പത്തുശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്തണമെന്നും കമ്മീഷന് നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെടുന്നു. ഇപ്പോള്‍ ഉപയോഗിക്കുന്നതിന്റെ 90 ശതമാനത്തിലധികം വൈദ്യുതി ഉപയോഗിച്ചാല്‍ ഇവരും യൂണിറ്റിന് പത്തുരൂപ നിരക്കില്‍ നല്‍കണം.

റഗുലേറ്ററി കമ്മീഷന്‍ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് ബോര്‍ഡ് ഈ അപേക്ഷ നല്‍കിയത്. ചോദിച്ചുവാങ്ങിയ നിര്‍ദേശം കമ്മീഷന്‍ അംഗീകരിച്ചാല്‍ രണ്ടുമാസത്തിലൊരിക്കല്‍ 300 യൂണിറ്റിലധികം ഉപയോഗിക്കുന്നവര്‍ വന്‍ തുക അധികം നല്‍കേണ്ടിവരും. ബോര്‍ഡിന്റെ കണക്കനുസരിച്ച് 95,1279 ഉപഭോക്താക്കളെ ഈ നിയന്ത്രണം ബാധിക്കും. 25 ന് ഉച്ചയ്ക്ക് കമ്മീഷന്‍ ഓഫീസില്‍ പൊതുജനങ്ങളില്‍ നിന്ന് തെളിവെടുത്തശേഷം കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

നേരത്തേ വീടുകള്‍ക്ക് അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ്ങും വ്യവസായങ്ങള്‍ക്ക് പത്തുശതമാനം പവര്‍കട്ടുമാണ് കമ്മീഷന്‍ അനുവദിച്ചത്. എന്നാല്‍ പവര്‍കട്ട് മൂവായിരത്തോളം മാത്രം വരുന്ന വ്യവസായ ഉപഭോക്താക്കള്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയതിന് കമ്മീഷന്‍ ബോര്‍ഡിനെ നിശിതമായി വിമര്‍ശിച്ചു.

ഒരുവിഭാഗത്തിനുമാത്രമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ന്യായമല്ലെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. വീടുകള്‍ക്ക് പവര്‍കട്ട് ബാധകമാക്കുന്നതിനുള്ള നിര്‍ദേശം ഉടന്‍ സമര്‍പ്പിക്കാനും ബോര്‍ഡിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായാണ് വ്യവസായങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഏതാണ്ട് അതേതോതില്‍ വീടുകള്‍ക്കും ബാധകമാക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
അധിക വൈദ്യുതിക്ക് വ്യവസായങ്ങളില്‍ നിന്ന് യൂണിറ്റിന് പത്തുരൂപ ഈടാക്കാനാണ് കമ്മീഷന്‍ അനുവാദം നല്‍കിയത്. ഇതേ തുക തന്നെ വീട്ടുകണക്ഷനും ഈടാക്കാനുള്ള അനുമതിയാണ് ബോര്‍ഡ് തേടുന്നത്.

പവര്‍കട്ട് വെറും ഒരു ശതമാനം വരുന്ന വ്യവസായ ഉപഭോക്താക്കള്‍ക്ക് മാത്രം മതിയെന്നായിരുന്നു ബോര്‍ഡിന്റെ സമീപനം. എന്നാല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടതിനാലാണ് എല്ലാവര്‍ക്കും ബാധകമാക്കുന്നതിനുള്ള നിര്‍ദേശം സമര്‍പ്പിക്കുന്നതെന്ന് ബോര്‍ഡ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണം എല്ലാ വിഭാഗങ്ങള്‍ക്കും ബാധമാക്കുന്നതിന്റെ ഉത്തരവാദിത്വം കമ്മീഷനാണെന്ന് ഓര്‍മിപ്പിക്കുന്ന അപേക്ഷയാണ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

ഇപ്പോള്‍ വീടുകള്‍ ദിവസേന 2.25 കോടി യൂണിറ്റാണ് ഉപയോഗിക്കുന്നത്. പ്രതിമാസ ഉപയോഗം 150 യൂണിറ്റായി രിമിതപ്പെടുത്തിയാല്‍ ദിവസേന സാധാരണ വിലയ്ക്ക് നല്‍കേണ്ട വൈദ്യുതി 20.6 ലക്ഷം യൂണിറ്റായി കുറയും. വീടുകളല്ലാത്ത മറ്റ് ലോടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് പത്തുശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്തിയാല്‍ പ്രതീക്ഷിക്കുന്ന ലാഭം 98,000 യൂണിറ്റാണ്. രണ്ടുവിഭാഗങ്ങളിലുമായി ദിവസം 35.9 ലക്ഷം യൂണിറ്റ് കുറയ്ക്കാനാവുമെന്നാണ് ബോര്‍ഡിന്റെ കണക്ക്.


SocialTwist Tell-a-Friend
Related Stories: കടുത്ത നിയന്ത്രണത്തിലേക്ക്‌ - Wednesday, April 18, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon