You are here: HOME » MAINNEWS »
മതവും ശാസ്ത്രവും കൈകോര്‍ക്കണം- ഡോ. എ.പി.ജെ. അബ്ദുള്‍കലാം
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 24 June 2012
എടത്വ:ബുദ്ധിപരമായി ഔന്നത്യമുള്ള പൗരസമൂഹത്തെ സൃഷ്ടിക്കാന്‍ ആത്മീയതയ്ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം പറഞ്ഞു.

എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി രണ്ടാംശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു ബൗദ്ധിക സമൂഹത്തെ സൃഷ്ടിക്കാന്‍ മൂന്നു കാര്യങ്ങള്‍ വേണം. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, സാര്‍വലോക സാഹോദര്യത്വം വളര്‍ത്തുന്ന മതത്തിന്റെ ആത്മീയത, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവയാണത്.

മതവും ശാസ്ത്രവും കൈകോര്‍ത്താല്‍ വലിയ ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാനാകും. തുമ്പയിലെ ബഹാരാകാശ ഗവേഷണകേന്ദ്രം ഇതിനുദാഹരണമാണ്. തീരദേശത്തെ ജനങ്ങളെയും പള്ളിയും മാറ്റി അവിടെ ഗവേഷണകേന്ദ്രം ഒരുക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതികളുടെ ശില്പി പ്രൊഫ. വിക്രംസാരാഭായിയും ബിഷപ്പ് പീറ്റര്‍ ബെര്‍ണാട് പെരേരയും ഒരുമിച്ചു. 400 ഏക്കര്‍ സ്ഥലം ഒഴിപ്പിച്ചെടുത്തു. മനുഷ്യന്റെ ഭൗതികവളര്‍ച്ചയ്ക്ക് ശാസ്ത്രം വളരണമെന്ന ബിഷപ്പിന്റെ ബോധവും അതിനുവേണ്ടി അദ്ദേഹം നടത്തിയ പ്രബോധനവുമാണ് അതിനു തുണയായത്.

ഭഗവദ്ഗീതയില്‍ പറഞ്ഞതുപോലെ ഒരു പൂവിന്റെ ദൗത്യമാണ് വിക്രംസാരാഭായിയും ബിഷപ്പും നിര്‍വഹിച്ചത്. പൂവ് എല്ലാവര്‍ക്കും സുഗന്ധവും തേനും നല്കി നിശബ്ദമായി കൊഴിഞ്ഞുവീഴുകയാണ് ചെയ്യുന്നത്. അതുപോലെ മഹാത്മാക്കള്‍ സുഗന്ധവും മധുരവും അവശേഷിപ്പിച്ച് കടന്നുപോകുന്നു. ശാസ്ത്രം ജീവിതത്തിന് സുരക്ഷിതത്വവും ഗുണമേന്മയും നല്കുന്നു. മതം സമാധാനം നല്കുന്നു. രണ്ടും കൈകോര്‍ത്താല്‍ ഭൗതികമായും ആത്മീയമായും ഉന്നതിയിലെത്താന്‍ നമുക്ക് കഴിയും- കലാം പറഞ്ഞു.

200 വര്‍ഷം സൂര്യനെ പ്രദക്ഷിണം ചെയ്ത എടത്വ പള്ളി ലക്ഷക്കണക്കിന് തലമുറയ്ക്കാണ് ആത്മീയമൂല്യം പകര്‍ന്നു നല്കിയതെന്നും അദ്ദേഹം സ്മരിച്ചു.

ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പൗവ്വത്തില്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, എം.പി.മാരായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, പി.ജെ. കുര്യന്‍, കൊടിക്കുന്നില്‍ സുരേഷ്, പള്ളിവികാരി ഫാ. കുര്യന്‍ പുത്തന്‍പുര, ഡോ. കെ.സി. ജോസഫ്, ഡോ. പി.സി. അനിയന്‍കുഞ്ഞ്, ജെ.ടി. റാംസെ, ഡോ. ജോച്ചന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.


SocialTwist Tell-a-Friend
Related Stories: മതവും ശാസ്ത്രവും കൈകോര്‍ക്കണം- ഡോ. എ.പി.ജെ. അബ്ദുള്‍കലാം - Saturday, October 16, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon