You are here: HOME » LATESTNEWS »
കാസര്‍കോട്ടെ രണ്ട് ജലസാമ്പിളുകളില്‍ എന്‍ഡോസള്‍ഫാനെന്ന് സൂചന
സ്വന്തം ലേഖകൻ Jayakeralam Malayalam News
Tuesday, 31 July 2012
കാസര്‍കോട്:കാസര്‍കോട്ടെ ദുരിതബാധിതഗ്രാമങ്ങളില്‍നിന്ന് ശേഖരിച്ച ജല സാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ എന്‍ഡോസള്‍ഫാന്‍ സാന്നിധ്യമുണ്ടെന്ന് സൂചന! കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിന്റെ (സി.ഡബ്ല്യു.ആര്‍.ഡി.എം.) തുടര്‍ പഠനത്തിലാണ് ഈ സുപ്രധാന നിരീക്ഷണം.

ഒരു മൈക്രോ ഗ്രാമില്‍ കുറവായ എന്‍ഡോസള്‍ഫാന്‍ അംശം 'സാന്നിധ്യ'മായി കണക്കാക്കേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. എന്നാല്‍ നിഷ്‌കര്‍ഷിച്ച ഒരു മൈക്രോഗ്രാമില്‍ കൂടുതല്‍ അളവ് അംശമാണ് സി.ഡബ്ല്യു.ആര്‍.ഡി.എം. ലാബിലെ പ്രാഥമിക പരിശോധനയിലൂടെ രണ്ട് സാമ്പിളുകളില്‍ നിരീക്ഷിച്ചത്. ഇതിന്റെ അളവോ മറ്റ് വിവരങ്ങളോ സി.ഡബ്ല്യു.ആര്‍.ഡി.എം. അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം 2010 ല്‍ നടത്തിയ പഠനത്തില്‍ പെരിയ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലെ 33 ജലസാമ്പിളുകളില്‍ എന്‍ഡോസള്‍ഫാന്‍ അംശം കണ്ടെത്തിയിരുന്നില്ല. ഇതില്‍നിന്ന് വിഭിന്നമായി ഈ പ്രാവശ്യം രണ്ട് സാമ്പിളുകളില്‍ അംശം കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വസ്തുതയായിട്ടാണ് ശാസ്ത്രജ്ഞര്‍ കാണുന്നത്. അതിനാല്‍ വീണ്ടും പഠന വിധേയമാക്കാനാണ് തീരുമാനം. അതിനുശേഷമേ റിപ്പോര്‍ട്ട് തയ്യാറാക്കൂ എന്നാണ് അറിയുന്നത്. ഗൗരവമായ വിഷയമായതിനാല്‍ രണ്ട് സാമ്പിളുകള്‍ ശേഖരിച്ച സ്ഥലത്തുനിന്ന് വീണ്ടും ശേഖരിക്കാനും നീക്കമുണ്ട്.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ(കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ്-കെ.എസ്.സി.എസ്.ടി.ഇ.) നേതൃത്വത്തില്‍ കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് ലാബിലാണ് (സി.ഡബ്ല്യു.ആര്‍.ഡി.എം.) 2010ല്‍ സാമ്പിളുകള്‍ പരിശോധിച്ചത്. കോയമ്പത്തൂരിലെ സാലിം അലി സെന്റര്‍ ഫോര്‍ ഒര്‍ണിത്തോളജി ആന്‍ഡ് നാച്ചുറല്‍ ഹിസ്റ്ററി ലാബില്‍ (സാകോണ്‍) നടത്തിയ പരിശോധനയിലും ഇതേ റിപ്പോര്‍ട്ടായിരുന്നു.

ഔദ്യോഗികമായി എന്‍ഡോസള്‍ഫാന്‍ തളി നിര്‍ത്തിയെങ്കിലും വെള്ളത്തില്‍ അംശം കണ്ടെത്തിയത് രഹസ്യമായി ഇത് കാസര്‍കോട്ട് തളിക്കുന്നുണ്ടോ എന്ന സംശയം ഉയര്‍ത്തുന്നുണ്ട്. മണ്ണ്, ജലം, അവക്ഷിപ്തങ്ങള്‍ (ചളി) എന്നിവയുടെ സാമ്പിളുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 10 ദിവസത്തിനകം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 2011 ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ ജലമൊഴികെ രക്തം, മണ്ണ്, അവക്ഷിപ്തങ്ങള്‍ എന്നിവയില്‍ എന്‍ഡോസള്‍ഫാന്റെ അംശം പഠനസംഘം കണ്ടെത്തിയിരുന്നു. രണ്ട് പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ സള്‍ഫേറ്റ് കണ്ടെത്തി.


SocialTwist Tell-a-Friend
Related Stories: കാസര്‍കോട്ടെ രണ്ട് ജലസാമ്പിളുകളില്‍ എന്‍ഡോസള്‍ഫാനെന്ന് സൂചന - Wednesday, April 18, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon