You are here: HOME » LATESTNEWS »
അഴീക്കോട് യാത്രയായി
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 05 February 2012
തൃശ്ശൂര്‍: ആഴമേറിയ വാക്കുകളുടെ അലയൊടുങ്ങാത്ത കടല്‍ നിശ്ചലമായി - സുകുമാര്‍ അഴീക്കോട് അന്തരിച്ചു. കേരളത്തിന്റെ ഹൃദയമിടിപ്പായിരുന്ന മനുഷ്യന്‍ വിടവാങ്ങുമ്പോള്‍ ചൊവ്വാഴ്ച രാവിലെ 6.30. എണ്ണമറ്റ പോരാട്ടങ്ങളില്‍ വിജയിച്ച ഈ 86-കാരന്‍ ഒന്നരമാസം അര്‍ബുദത്തോട് യുദ്ധം ചെയ്തു. മരണത്തിനു മുന്നില്‍ മാത്രം തല കുനിച്ചു. മലയാളം എന്നും കാതോര്‍ത്തിരുന്ന ശബ്ദം ഉറവയിലേക്കു മടങ്ങി. ബുധനാഴ്ച 11ന് സമ്പൂര്‍ണ സംസ്ഥാന ബഹുമതികളോടെ കണ്ണൂര്‍ പയ്യാമ്പലത്ത് ശവസംസ്‌കാരം.

ഇല്ലാതായത് മഹാത്മജിയെ നേരിട്ടുകണ്ട് ഉപദേശം സ്വീകരിക്കുകയും എല്ലാ അധികാരഗോപുരങ്ങളെയും അതിന്റെ ഊര്‍ജത്തില്‍ വെല്ലുവിളിക്കുകയും ചെയ്ത ഉന്നതവ്യക്തിത്വമാണ്. മാസങ്ങള്‍ക്കു മുന്‍പ് പല്ലെടുക്കുമ്പോള്‍ നടത്തിയ പരിശോധനയിലാണ് അര്‍ബുദത്തിന്റെ സാന്നിധ്യം കണ്ടത്. തൊണ്ടയില്‍നിന്നു ശ്വാസകോശത്തിലേക്ക് പടര്‍ന്നുകയറിയ അര്‍ബുദത്താല്‍ പരിക്ഷീണനായ അദ്ദേഹത്തെ കഴിഞ്ഞ ഡിസംബര്‍ 10നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. സാന്ത്വന ചികിത്സ മാത്രമാണ് ചെയ്യാനുണ്ടായിരുന്നത്. അവിടെയും ആ ധിഷണ ഇന്ദ്രജാലം കാട്ടി.

കടുത്ത വേദനയിലും ജീവിതത്തെപ്പറ്റിയും ചെയ്യാമെന്നേറ്റ പ്രഭാഷണങ്ങളെക്കുറിച്ചുമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും വര്‍ത്തമാനവും. എഴുപതു കൊല്ലം നമ്മുടെ സാമൂഹികജീവിതത്തെ വാക്കുകൊണ്ട് അളന്ന മനുഷ്യനു മുന്നില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് കേരളം ഒരു കൂപ്പുകൈയായി.

ആ വാക്ശരങ്ങളേറ്റു പിണങ്ങിയവരൊക്കെ ആസ്പത്രിയില്‍ കാണാനെത്തി. വര്‍ഷങ്ങളുടെ പിണക്കം അലിയിച്ചുകളഞ്ഞ് സാനുമാഷ്, ഒരു സന്ദര്‍ശനത്തിലൂടെ എല്ലാം പറയാതെ പറഞ്ഞ് ടി.പദ്മനാഭന്‍, കണ്ണീരില്‍ പകയെല്ലാം കഴുകി വെള്ളാപ്പള്ളി... സിനിമാലോകത്തുനിന്ന് പരിഭവമെല്ലാം തീര്‍ത്ത് മമ്മൂട്ടിയും മോഹന്‍ലാലുമെത്തിയതോടെ ആ വൃത്തം പൂര്‍ത്തിയായി. ഇവിടെയൊക്കെ വിജയം ചൂടിയത് മലയാളഭാഷതന്നെ. തിരമാലപോലെ ഉയര്‍ന്നുതാഴുന്ന പ്രസംഗത്തിനൊപ്പം ഒരിക്കല്‍ ഒഴുകിയവരോട് അദ്ദേഹം പറഞ്ഞു - ഞാനിനിയും പ്രസംഗിക്കും.

ശനിയാഴ്ച വൈകിട്ടോടെ രോഗനില മൂര്‍ച്ഛിച്ചു. അബോധാവസ്ഥയിലായി. അടുത്ത രണ്ടുദിവസവും ഈ നില ഏറ്റക്കുറച്ചിലോടെ തുടര്‍ന്നു. ചൊവ്വാഴ്ച രാവിലെ മരണം സ്ഥിരീകരിച്ചു. മരുമക്കളായ രാജേഷും മനോജും സന്തതസഹചാരിയായ സുരേഷും അടുത്തുണ്ടായി. ബന്ധുക്കളുടെ ആവശ്യപ്രകാരം ശവസംസ്‌കാരം ജന്മനാടായ കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചു. ആദ്യം മൃതദേഹം എരവിമംഗലത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. 10.45-ഓടെ തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളിലേക്കു കൊണ്ടുവന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ കെ.സി.ജോസഫും, സി.എന്‍.ബാലകൃഷ്ണനും, കെ.പി.സി.സി പ്രസിഡന്റ്‌രമേശ് ചെന്നിത്തലയും ഇവിടെയെത്തിയാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. മാതൃഭൂമിക്കുവേണ്ടി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രനും പുഷ്പചക്രങ്ങള്‍ വെച്ചു.എഡിറ്റര്‍ എം.കേശവമേനോന്‍,ഡയറക്ടര്‍ എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ എന്നിവര്‍ക്കു വേണ്ടിയും റീത്തുകള്‍ സമര്‍പ്പിച്ചു.

ശവസംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ണമായും സര്‍ക്കാറിന്റെ ഉത്തരവാദിത്വത്തില്‍ നടത്തുമെന്ന് മുഖ്യമന്ത്രി അറിയച്ചതിനെത്തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഒരുക്കങ്ങള്‍ നടത്തിയത്. കവി ഒ.എന്‍.വി കുറുപ്പ് തിരുവനന്തപുരത്തു നിന്നെത്തി ആദരാഞ്ജലി അര്‍പ്പിച്ചശേഷം 3.45നാണ് വിലാപയാത്ര സാംസ്‌കാരികമന്ത്രി കെ.സി.ജോസഫിന്റെ നേതൃത്വത്തില്‍ അക്കാദമിക്കു മുന്നില്‍നിന്നു തുടങ്ങിയത്. കുന്നംകുളത്തും കോട്ടയ്ക്കല്‍ മാതൃഭൂമി ഓഫീസിനുമുന്നിലും തേഞ്ഞിപ്പലത്ത് സര്‍വകലാശാലയ്ക്കു മുന്നിലും ആദരാഞ്ജലി അര്‍പ്പിച്ചു. രാത്രി 7.45നാണ് കോഴിക്കോട് ടൗണ്‍ഹാളിലെത്തിച്ചത്. അര്‍ധരാത്രി കഴിഞ്ഞ് കണ്ണൂര്‍ മഹാത്മാമന്ദിരത്തിലെത്തിച്ചു.

ബുധനാഴ്ച രാവിലെ മുതല്‍ ടൗണ്‍സ്‌ക്വയറിലാണ് ജന്മനാടിന്റെ ആദരങ്ങള്‍ അര്‍പ്പിക്കാന്‍ അവസരം. അതിനു ശേഷം വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടുപോകും; അവിടെയാണ് നിത്യനിദ്ര.


SocialTwist Tell-a-Friend
Related Stories: അഴീക്കോട് യാത്രയായി - Thursday, January 26, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon