You are here: HOME » LATESTNEWS »
തെറ്റിദ്ധാരണകള്‍ മാറിയെന്ന് നേതാക്കള്‍; കോണ്‍ഗ്രസ്സില്‍ വെടിനിര്‍ത്തല്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Tuesday, 31 July 2012
തിരുവനന്തപുരം: തെറ്റിദ്ധാരണകള്‍ മാറിയെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുമാറ്റത്തെക്കുറിച്ച് തങ്ങള്‍ക്കിടയില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായെന്ന് നേതാക്കള്‍ സമ്മതിച്ചു. എന്നാല്‍ ചര്‍ച്ചയിലൂടെ ഇത് പരിഹരിച്ചെന്നും പൂര്‍ണയോജിപ്പോടെ ഇനി മുന്നോട്ടുപോകുമെന്നും പറഞ്ഞു.

കെ.പി.സി.സി. ആസ്ഥാനത്ത് മുക്കാല്‍ മണിക്കൂറോളം ഇരുവരും യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ഇരുനേതാക്കളുടെയും ഇടയിലുള്ള പ്രശ്‌നങ്ങള്‍ കേരളത്തില്‍തന്നെ പരിഹരിക്കപ്പെടണമെന്ന ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച.

മെയ് രണ്ടിന് കെ.പി.സി.സി. എക്‌സിക്യൂട്ടീവ് ചേരാനും ചര്‍ച്ചയില്‍ ധാരണയായി. ചര്‍ച്ചയ്ക്കുശേഷം സംയുക്ത പത്രസമ്മേളനത്തിലാണ് നേതാക്കള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് പ്രഖ്യാപിച്ചത്.

''അര്‍ഹിക്കുന്നതിലേറെ പരിഗണന തനിക്ക് കെ.പി.സി.സിയില്‍ നിന്നും പ്രസിഡന്റില്‍ നിന്നും ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായി. അത് പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായതാണ്. ചര്‍ച്ചയില്‍ തെറ്റിദ്ധാരണകള്‍ മാറി. പിറവത്തെ ജയം അവിടത്തെ ജനങ്ങള്‍ വോട്ടുചെയ്തതുകൊണ്ടാണെങ്കിലും കോണ്‍ഗ്രസ്സിലെ ഐക്യമാണ് അതിന് അടിസ്ഥാനം. ആ വികാരം തിരിച്ചറിയുന്നു'' - ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഏഴുവര്‍ഷമായി ഒറ്റക്കെട്ടായാണ് താനും ഉമ്മന്‍ചാണ്ടിയും പ്രവര്‍ത്തിച്ചതെന്ന് രമേശ് പറഞ്ഞു. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കിടയില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടായി. ഉമ്മന്‍ചാണ്ടിയില്‍ നിന്ന് നിര്‍ലോഭമായ സഹകരണമാണ് തനിക്ക് ലഭിച്ചത്. തെറ്റിദ്ധാരണ ചര്‍ച്ചയിലൂടെ മാറി. കെ.പി.സി.സി. എക്‌സിക്യൂട്ടീവ് ചേരാന്‍ നിശ്ചയിച്ച സാഹചര്യത്തില്‍ നേതാക്കള്‍ പരസ്യപ്രസ്താവനകളില്‍ നിന്നും പിന്മാറണമെന്നും രമേശ് അഭ്യര്‍ത്ഥിച്ചു.

ചര്‍ച്ചയില്‍ ഇരുനേതാക്കളും തങ്ങളുടെ ഭാഗം വിശദീകരിച്ചതായി അറിയുന്നു. രാത്രി വൈകിയാണ് വകുപ്പുമാറ്റം സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്തിയതെന്നും അനുമതി ലഭിച്ചയുടന്‍ രമേശിനെ വിവരം അറിയിച്ചെന്നുമുള്ള നിലപാട് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.

എന്നാല്‍ വകുപ്പുമാറ്റക്കാര്യം ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിക്കുന്നതുവരെ തന്നോട് മറച്ചുവെച്ചതിലുള്ള വിഷമം രമേശ് ചൂണ്ടിക്കാട്ടി. ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയ നിര്‍ദേശത്തെ താന്‍ എതിര്‍ക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുമാറ്റം കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റിനിര്‍ത്തി തീരുമാനിക്കുന്ന രീതി ശരിയല്ല.

ഇത് വ്യക്തിപരമെന്നതിനെക്കാളുപരി കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തോടുള്ള അവഹേളനമാണ് - അദ്ദേഹം പറഞ്ഞു.
രാത്രി മുഴുവന്‍ ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്തുകയും സോണിയാഗാന്ധിക്ക് ഫാക്‌സ് അയക്കുകയും ചെയ്ത മുഖ്യമന്ത്രി തന്നോട് അവസാന നിമിഷം വരെ ഇത് പറയാതിരുന്നത് ശരിയായില്ലെന്നും രമേശ് പറഞ്ഞു.


SocialTwist Tell-a-Friend
Related Stories: തെറ്റിദ്ധാരണകള്‍ മാറിയെന്ന് നേതാക്കള്‍; കോണ്‍ഗ്രസ്സില്‍ വെടിനിര്‍ത്തല്‍ - Wednesday, April 18, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon