You are here: HOME » LATESTNEWS »
പരിസ്ഥിതി പ്രവര്‍ത്തനത്തിന് ഗ്രേസ് മാര്‍ക്ക് പരിഗണിക്കും - മന്ത്രി കെ.പി. മോഹനന്‍
മാതൃഭൂമി Jayakeralam Malayalam News
Sunday, 20 November 2011
ലക്കിടി (കല്പറ്റ): സംസ്ഥാനത്തെ സ്‌കൂളുകളില്‍ കാര്‍ഷിക, പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ മികവ് കാട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിന് ശുപാര്‍ശ ചെയ്യുമെന്ന് കൃഷി മന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു. 2010-'11 വര്‍ഷത്തെ 'മാതൃഭൂമി സീഡ്' -(സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയേണ്‍മെന്റല്‍ ഡെവലപ്പ്‌മെന്റ്) പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് ചടങ്ങ് നടന്നത്.

സ്‌കൂളുകളില്‍ എന്‍.സി.സി. കേഡറ്റുകള്‍ക്കും എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കും യുവജനോത്സവ വിജയികള്‍ക്കും നല്‍കുന്നതുപോലെ കാര്‍ഷിക പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കാനാണ് ശുപാര്‍ശചെയ്യുക. പ്രത്യേക പുരസ്‌കാരം ഉള്‍പ്പെടെ, സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാറിന്റെയും കൃഷിവകുപ്പിന്റെയും പിന്തുണ ചടങ്ങില്‍ അദ്ദേഹം പ്രഖ്യാപിച്ചു. ''മികച്ച കാര്‍ഷിക പ്രവര്‍ത്തനം നടത്തുന്ന സംസ്ഥാനത്തെ മൂന്ന് സീഡ് സ്‌കൂളുകള്‍ക്ക് 50,000 രൂപവീതം നല്‍കും. കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ മികവ് കാട്ടുന്ന സീഡ് പ്രവര്‍ത്തകരായ പത്ത് വിദ്യാര്‍ഥികള്‍ക്ക് 5,000 രൂപവീതവും നല്‍കും''.

''പരിസ്ഥിതി സംരക്ഷണത്തിന് കുട്ടികളെ സജ്ജരാക്കുന്ന സീഡ് പദ്ധതി വലിയൊരു സാമൂഹിക പ്രവര്‍ത്തനമാണ് നടത്തുന്നത്. വിദ്യാര്‍ഥികള്‍ നേരായ മാര്‍ഗത്തിലൂടെ വളര്‍ന്നുവരാന്‍ അത് സഹായിക്കുന്നു. കുട്ടികളുടെ ഇടപെടലുകള്‍ മുതിര്‍ന്നവര്‍ക്ക് പോലും മാതൃകയാവുകയാണ്''- മന്ത്രി അഭിപ്രായപ്പെട്ടു.

മാതൃഭൂമി ഡയറക്ടര്‍- മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക് മീഡിയ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ''സീഡ് എന്ന കര്‍മ പദ്ധതി വിദ്യാര്‍ഥികള്‍ ഏറ്റെടുത്തിരിക്കുകയാണ്. സീഡ് പ്രവര്‍ത്തനത്തില്‍, അവരുടെ ഊര്‍ജം നേരായ തരത്തില്‍ പ്രയോജനപ്പെടുത്തുകയാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. നമ്മുടെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലമാണിത്. മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി കാരണം പ്രകൃതിയുടെ നന്മകള്‍ പലതും നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടുന്ന സീഡ് കൂട്ടായ്മ ഈ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കുകയും അതിനെതിരെയുള്ള പോരാട്ടം അനിവാര്യമാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു'' - അദ്ദേഹം പറഞ്ഞു.

സീഡ് സ്‌കൂളുകളില്‍, വിശിഷ്ട ഹരിതവിദ്യാലയം അവാര്‍ഡ് നേടി ഒന്നാമതെത്തിയ വയനാട് ജവഹര്‍ നവോദയ വിദ്യാലയത്തിന് ഒരുലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ശില്പവും മന്ത്രി കെ. പി. മോഹനന്‍ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ സി.വി. ശാന്തിയും മറ്റ് സീഡ് പ്രവര്‍ത്തകരും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള 'ജെംസ് ഓഫ് സീഡ്' അവാര്‍ഡും അദ്ദേഹം വിതരണം ചെയ്തു.

വയനാട് വിദ്യാഭ്യാസജില്ലയിലെ ഹരിതവിദ്യാലയം അവാര്‍ഡുകള്‍ മാതൃഭൂമി ഡയറക്ടര്‍ എം.ജെ. വിജയപദ്മന്‍ സമ്മാനിച്ചു. മികച്ച അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ മാതൃഭൂമി എഡിറ്റര്‍ എം. കേശവമേനോന്‍, വിന്‍ടെക് പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ - ഫിനാന്‍സ് ഡി.ജെ. പ്രഭു, വയനാട് കളക്ടര്‍ ഗോപാലകൃഷ്ണ ഭട്ട്, ആലുവ പരിസ്ഥിതി സംരക്ഷണ സംഘം സെക്രട്ടറി പ്രൊഫ. എസ്. സീതാരാമന്‍ എന്നിവരാണ് നല്കിയത്. സ്‌പെഷല്‍ അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ. സമ്മാനിച്ചു. മാതൃഭൂമി സീനിയര്‍ ജനറല്‍ മാനേജര്‍- ഫിനാന്‍സ് ആന്‍ഡ് പ്രോജക്ട്‌സ് കെ. നാരായണന്‍ നമ്പീശന്‍ സ്വാഗതവും ജവഹര്‍ നവോദയ വിദ്യാലയം പ്രിന്‍സിപ്പല്‍ സി.വി. ശാന്തി നന്ദിയും പറഞ്ഞു.


SocialTwist Tell-a-Friend
Related Stories: പരിസ്ഥിതി പ്രവര്‍ത്തനത്തിന് ഗ്രേസ് മാര്‍ക്ക് പരിഗണിക്കും - മന്ത്രി കെ.പി. മോഹനന്‍ - Saturday, November 19, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon