You are here: HOME » HOME »
ഒരേയൊരാള്‍, ഒട്ടേറെ കിരീടങ്ങള്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Friday, 27 January 2012
ചിന്തകന്‍, വാഗ്മി, അധ്യാപകന്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ കേരള സാംസ്‌കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു. ഡോ. സുകുമാര്‍ അഴീക്കോട്. 1926 മെയ് 26 ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പൂതപ്പാറയില്‍ നിത്യാനന്ദാലയത്തില്‍ പനങ്കാവില്‍ വിദ്വാന്‍ പി. ദാമോദരന്റെയും കേളോത്ത് തട്ടാരത്ത് മാധവി അമ്മയുടെയും നാലാമത്തെ മകനായി ജനിച്ചു. നക്ഷത്രം മേടമാസത്തിലെ കാര്‍ത്തിക. തൃശ്ശൂരിനടുത്ത് ഇരവിമംഗലത്തായിരുന്നു താമസം. അവിവാഹിതനാണ്.

1946 ല്‍ ബി.കോം ബിരുദവും മലയാളത്തില്‍ ബി.ടി.യും നേടിയ കേളോത്ത് തട്ടാരത്ത് സുകുമാരന്‍, സുകുമാര്‍ അഴീക്കോടെന്ന പരിചിത നാമത്തിലേക്കുള്ള പ്രയാണം തുടങ്ങിയതും അതേ കാലത്താണ്. ഡെല്‍ഹിയില്‍ പോയി മടങ്ങവെ, വാര്‍ധയിലെത്തി ഗാന്ധിജിയെ കണ്ടത് അഴീക്കോടിന്റെ ജീവിതത്തിലെ അപൂര്‍വ ഭാഗ്യമായി. അന്‍പതുകളില്‍ ചിറയ്ക്കല്‍ രാജാ ഹൈസ്‌കൂളിലും മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലും കോഴിക്കോട് ദേവഗിരിയിലും അധ്യാപകനായിരിക്കുമ്പോഴും പൊതുപ്രവര്‍ത്തനത്തിന്റെ സജീവത കൈവെടിഞ്ഞില്ല. കൗമാരകാലത്ത് തുടക്കമിട്ട പ്രഭാഷണ പാത യൗവനത്തിന്റെ കരുത്തു നേടിയതും അക്കാലത്താണ്. 1955 ല്‍ ഒന്നാം റാങ്കോടെ മദിരാശി സര്‍വകലാശാലയില്‍ നിന്ന് മലയാളം എം.എ. യും, 58 ല്‍ സംസ്‌കൃതം എം.എ. യും 1981 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി.

കാലിക്കറ്റ് സര്‍വകലാശാലയില്‍ 1971 ല്‍ മലയാള വിഭാഗം അധ്യക്ഷനായും 74 മുതല്‍ 78 വരെ പ്രോവൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ച അഴീക്കോട് 86 ലാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. അക്കാദമിക രംഗത്തെ താരകമായി ശോഭിക്കുമ്പോള്‍ത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശവും. 1962 ല്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുകയും പിന്നെ രാഷ്ട്രീയത്തിന്റെ സജീവതലങ്ങളില്‍നിന്ന് പിന്‍വാങ്ങുകയും ചെയ്തു. പിന്നീട് രാഷ്ട്രീയത്തിന്റെ നിത്യവിമര്‍ശകനായി അഴീക്കോട് മറ്റൊരു പടയോട്ടം തുടങ്ങുകയായിരുന്നു. അഴീക്കോടിന്റെ വിമര്‍ശന കൂരമ്പുകളേല്‍ക്കാത്ത ഒരൊറ്റ രാഷ്ട്രീയക്കാരനും കേരളത്തിലില്ല.

അഴീക്കോട് ദീനബന്ധുവിലും ഹരിജനിലും തുടങ്ങിയ മാധ്യമപ്രവര്‍ത്തനം ദേശമിത്രത്തിലും നവയുഗത്തിലും തുടര്‍ന്നു. 1947 മുതല്‍ കേരളത്തിലെ പ്രധാന സാഹിത്യ-സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളിലെല്ലാം അഴീക്കോടിന്റെ ആശയലോകം വിരിഞ്ഞു. സാഹിത്യ പരിഷത്ത് മാസിക, ഗ്രന്ഥാലോകം, സാഹിത്യലോകം, ദിനപ്രഭ എന്നിവയുടെ നേതൃസ്ഥാനവും വഹിച്ചു.

1965 മുതല്‍ പന്ത്രണ്ടു വര്‍ഷത്തോളം സാഹിത്യ പരിഷത്തിന്റെ അധ്യക്ഷനായിരുന്ന അഴീക്കോട് കേന്ദ്ര- കേരള സാഹിത്യ അക്കാദമികളിലും പദവികള്‍ വഹിച്ചു. 1993 ല്‍ നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ചെയര്‍മാന്‍ പദവി ഇദ്ദേഹത്തെ തേടിയെത്തി.

ഉപനിഷത്തുകളുടെ ആത്മാവുള്‍ക്കൊണ്ട് അദ്ദേഹം രചിച്ച 'തത്ത്വമസി' എന്ന കൃതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കേന്ദ്ര- കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകള്‍, 'വയലാര്‍', 'രാജാജി' തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ തത്ത്വമസിക്ക് ലഭിച്ചു.സഹോദരീ സഹോദരന്മാര്‍: പരേതയായ ദമയന്തി, ലക്ഷ്മി, പത്മിനി, ഗോപാലകൃഷ്ണന്‍, അനുജന്‍ കെ.ടി. ദേവദാസ്.2000 ലേഖനങ്ങള്‍ക്ക് പുറമെ പതിനായിരത്തോളം പ്രഭാഷണങ്ങളും നടത്തി.


SocialTwist Tell-a-Friend
Related Stories: ഒരേയൊരാള്‍, ഒട്ടേറെ കിരീടങ്ങള്‍ - Thursday, January 26, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon