You are here: HOME » HOME »
ഡാനിയേലയും നിക്കോളയും എയ്‌തെടുത്തത് തനിത്തങ്കം
സ്വന്തം ലേഖകൻ Jayakeralam Malayalam News
Saturday, 09 October 2010
 inline image alt

inline image alt

inline image 2 alt

inline image 2 alt

ന്യൂഡല്‍ഹി: ഒരാള്‍ക്ക് വയസ് 54, കൂട്ടാളികളുടെ പ്രായം പകുതിയില്‍ താഴെ. 22-ഉം 25-ഉം. അതില്‍ 22-കാരിക്കാകട്ടെ നില്‍ക്കാനോ നടക്കാനോ പറ്റില്ല. 28 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ട് ടീമിന് കോമണ്‍വെല്‍ത്ത് ഗെയിംസ് അമ്പെയ്ത്തില്‍ കോമ്പൗണ്ട് ഇനത്തില്‍ സ്വര്‍ണം നേടിക്കൊടുത്ത ടീമിന്റെ പ്രത്യേകതയാണിത്. മാറ്റുരച്ച് കണ്ടുപിടിക്കാന്‍ കഴിയാത്ത അപൂര്‍വ തിളക്കമാണ് ഡാനിയേലയുടെയും നിക്കോളയുടെയും നേട്ടത്തിന്. പാരാലിമ്പിക്‌സിലും കോമണ്‍വെല്‍ത്തിലും ഇംഗ്ലണ്ടിനെ പ്രതിനിധാനം ചെയ്യുന്ന ആദ്യ താരം എന്ന പ്രത്യേകതയും ഇരുപത്തിരണ്ടുകാരിയായ ഡാനിയേല ബ്രൗണിന്റെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. 31-ാം വയസ്സില്‍ വില്ലേന്തുകയും 54-ാം വയസ്സില്‍ ലോക നാലാം നമ്പര്‍ താരമെന്ന ബഹുമതി കൈവരിക്കുകയും ചെയ്ത താരമാണ് നിക്കോള സിംപ്‌സണ്‍. നിക്കോള സിംപ്‌സണിന്റെ വിജയമാകട്ടെ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ബാക്കിപത്രവും. കൂട്ടുകാരികള്‍ക്കൊപ്പം ലോക ഒന്നാം നമ്പര്‍ കോമ്പൗണ്ട് താരമായ നിക്കി ഹണ്ട് കൂടി ചേര്‍ന്നതോടെ സ്വര്‍ണം ഇംഗ്ലണ്ടിന് സ്വന്തമായി. കാനഡയെ 232-229 എന്ന സ്‌കോറിന് കീഴടക്കിയാണ് ഈ ഗെയിംസിലെ ആദ്യ അമ്പെയ്ത്ത് സ്വര്‍ണം അവര്‍ നേടിയത്.

'ഒന്നുമറ്റൊന്നിനേക്കാള്‍ മെച്ചമാണെന്ന് ഞാന്‍ പറയില്ല. പക്ഷേ, പൂര്‍ണ ശരീരശേഷിയുള്ള ആളുകള്‍ക്കൊപ്പം മത്സരിച്ച് മെഡല്‍ നേടുന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെ'- ചക്രക്കസേരയില്‍ വിജയപീഠം വരെ വന്ന് ക്രച്ചസിലൂന്നി നിന്ന് സ്വര്‍ണം കഴുത്തിലണിഞ്ഞ ശേഷം അഭിമാനപൂര്‍വം ഡാനിയേല പറഞ്ഞു. കാലുനിലത്തൂന്നാന്‍ വയ്യാത്ത അപൂര്‍വ രോഗത്തിനിരയായാണ് ഡാനിയേല ബ്രൗണ്‍ ജനിച്ചത്. 18-ാം വയസ്സില്‍ യൂറോപ്യന്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലെ പാരാലിമ്പിക്‌സ് വിഭാഗത്തില്‍ മത്സരിക്കുമ്പോഴേ ഡാനിയേല ശ്രദ്ധിക്കപ്പെട്ടു. 2007-ലെ ലോക ആര്‍ച്ചറി പാരാലിമ്പിക്‌സ് ചാമ്പ്യന്‍ഷിപ്പ്, ബെയ്ജിങ് പാരാലിമ്പിക്‌സ് എന്നിവയടക്കം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഒട്ടേറെ സ്വര്‍ണമെഡലുകള്‍ നേടിയ ബ്രൗണ്‍, ഇംഗ്ലണ്ടിന്റെ കോമണ്‍വെല്‍ത്ത് ടീമിലേക്ക് മത്സരിച്ച് തന്നെയാണ് യോഗ്യത നേടിയത്. പാരാലിമ്പിക്‌സ് വിഭാഗം നീന്തല്‍ കുളത്തില്‍ നിന്ന് ജനറല്‍ വിഭാഗം സൈക്കിളിങ്ങിനെത്തുന്ന സാറാ സ്റ്റോറിക്കും മുമ്പ് കളിക്കളത്തിലിറങ്ങി രണ്ട് വിഭാഗത്തിലും മത്സരിക്കുന്ന ആദ്യത്തെ ആളെന്ന ബഹുമതിയും ബ്രൗണ്‍ സ്വന്തമാക്കി.

അമ്പെയ്ത്ത് പ്രൊഫഷനായി എടുക്കാന്‍ നിക്കോള തീരുമാനിക്കുന്നത് വളരെ വൈകിയാണ്- 31-ാം വയസ്സില്‍. സാധാരണ അമ്പെയ്ത്തുകാര്‍ 14-15 വയസ്സില്‍ എടുക്കുന്ന തീരുമാനമാണ് നിക്കോള വളരെവൈകിയെടുത്തത്. 1987-ല്‍ നിക്കോള അമ്പെയ്ത്ത് തുടങ്ങുമ്പോള്‍ ഡാനിയേല ജനിച്ചിട്ടില്ല. നിക്കിക്കാകട്ടെ കഷ്ടി രണ്ട് വയസ്സു കാണും. പക്ഷേ, പ്രൊഫഷനാരംഭിച്ച് 23 വര്‍ഷത്തിന് ശേഷം ഡാനിയേലയെയും നിക്കിയെയും കൂട്ടുപിടിച്ച് രാജ്യം ഏറെ കാത്തിരുന്ന ഒരു സ്വര്‍ണനേട്ടം കൈവരിക്കാന്‍ നിക്കോളയ്ക്കായി. 1993-മുതല്‍ ഇംഗ്ലണ്ടിന്റെ കോമ്പൗണ്ട് വനിതാ ടീമില്‍ നിക്കോളയുണ്ട്. ലോകകപ്പില്‍ രണ്ട് വെള്ളിയും രണ്ട് ഓട്ടുമെഡലുകളും നേടിയിട്ടുണ്ട്.


Page 2 Text
SocialTwist Tell-a-Friend
Related Stories: ഡാനിയേലയും നിക്കോളയും എയ്‌തെടുത്തത് തനിത്തങ്കം - Friday, October 8, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon