You are here: HOME » BUSINESS »
ബാങ്ക് സ്ഥിരനിക്ഷേപവും റെക്കറിങ് നിക്ഷേപവും
Demo Data Jayakeralam Malayalam News
Wednesday, 23 November 2011
ഒരു കളിയില്‍ നമ്മുടെ കൈയില്‍ കിട്ടുന്ന ചീട്ടുകള്‍ മാറിയെടുക്കാന്‍ നമുക്ക് സ്വാതന്ത്ര്യമില്ല. എന്നാല്‍ അത് എങ്ങനെയാണ് കളിക്കേണ്ടതെന്ന് നിശ്ചയിക്കുവാനുള്ള പൂര്‍ണ അധികാരം നമുക്കു തന്നെയാണ്. നിക്ഷേപവും അങ്ങനെത്തന്നെ. നിക്ഷേപത്തിനു ലഭ്യമായ തുക പലപ്പോഴും നമുക്ക് പരിമിതമായിരിക്കും. എന്നാല്‍ അത് ഏറ്റവും ലാഭകരമായി വിന്യസിപ്പിക്കുകവഴി പരമാവധി നേട്ടമുണ്ടാക്കാന്‍ നമുക്കു സാധിക്കും. മറിച്ച്, ഉള്ളതുകൂടി നഷ്ടപ്പെടുത്താനും നമുക്കാവും. കളി എങ്ങനെ വേണമെന്ന് നിശ്ചയിക്കേണ്ടത് കളിക്കാരന്‍ തന്നെ.

നിക്ഷേപം എന്നു കേള്‍ക്കുമ്പോള്‍ ഒരു ശരാശരി മലയാളിയുടെ മനസ്സിലേക്കാദ്യം ഓടിയെത്തുക ബാങ്ക് നിക്ഷേപം തന്നെയാണ്. തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ പിന്‍വലിക്കുവാനും പണം കൈവശം വന്നു ചേരുമ്പോള്‍ നിക്ഷേപിക്കാനും ഉതകുന്ന സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തന്നെ അവയില്‍ ആദ്യത്തേത്. ഇന്ത്യയിലെ ബാങ്കുകള്‍ക്ക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടിന് ലഭിക്കുന്ന പരമാവധി പലിശ നാല് ശതമാനമായിരുന്നു. എന്നാല്‍ എസ്ബി നിക്ഷേപങ്ങളിലെ പലിശ നിശ്ചയിക്കുന്നതിന്മേലുണ്ടായിരുന്ന നിയന്ത്രണം റിസര്‍വ് ബാങ്ക് എടുത്തുകളഞ്ഞിരിക്കുകയാണ്. ഇതോടെ ബാങ്കുകള്‍ എസ്ബി നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്താന്‍ തുടങ്ങിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ വര്‍ഷം മുതല്‍ സേവിങ്‌സ് പലിശ കണക്കാക്കുന്നതില്‍ വരുത്തിയ മാറ്റവും നിക്ഷേപകര്‍ക്ക് ഗുണകരമായി. നാളിതു വരെ, ഓരോ മാസവും 10-ാം തീയതി മുതല്‍ മാസത്തെ അവസാന ദിവസം വരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് പലിശ കണക്കാക്കിയിരുന്നതെങ്കില്‍, ഇക്കഴിഞ്ഞ വര്‍ഷത്തോടെ അതു മാറി. ദിവസേനയുള്ള പ്രോഡക്ടിനെ അടിസ്ഥാനമാക്കി കണക്കാക്കുന്ന പുതിയ പലിശ സമ്പ്രദായത്തിന്റെ യഥാര്‍ഥ ഗുണഭോക്താവ് നിക്ഷേപകന്‍ തന്നെ. ഏതൊരാള്‍ക്കും എമര്‍ജന്‍സിക്കു വേണ്ടുന്ന പണം നിക്ഷേപിക്കുവാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം സേവിങ്‌സ് ബാങ്ക് നിക്ഷേപമാണ്. ഇതിനൊപ്പം ലഭിക്കുന്ന ഡെബിറ്റ് കാര്‍ഡ്, ഏതു പാതിരാത്രിയില്‍ വേണമെങ്കിലും അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സൗകര്യം നിക്ഷേപകനു നല്കുന്നു. പ്രതിമാസ വരുമാനത്തിന്റെ ഇരട്ടി പണം സേവിങ്‌സ് അക്കൗണ്ടില്‍ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നവരുണ്ട്.

ഇത്തരത്തില്‍ അത്യാവശ്യത്തിന് വേണ്ടുന്ന പണം സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതിനുശേഷം, ബാങ്കില്‍ നിക്ഷേപിക്കുന്നതിന് മാറ്റിവയ്ക്കപ്പെടുന്ന ബാക്കി തുക ഉയര്‍ന്ന പലിശനിരക്ക് ലഭ്യമാക്കാവുന്ന സ്ഥിരനിക്ഷേപത്തില്‍ ആക്കാവുന്നതാണ്. മ്യൂച്വല്‍ ഫണ്ടിനെ അപേക്ഷിച്ച് ബാങ്ക് ഡെപ്പോസിറ്റില്‍ വളരെ കാതലായ ഒരു വ്യത്യാസം നിലനില്ക്കുന്നു. ഈ ഡെപ്പോസിറ്റിന്റെ മൂലധനത്തിനും പലിശയ്ക്കും ബാങ്ക് ഗാരന്റി നല്കുന്നു. എന്നുവച്ചാല്‍, നിക്ഷേപകനില്‍നിന്നും ഡെപ്പോസിറ്റ് മുഖേന സമാഹരിക്കപ്പെടുന്ന പണം മോശം നിക്ഷേപത്തില്‍കൂടി (ബാങ്ക് നല്കുന്ന ലോണ്‍ മുഖേനയോ മറ്റെന്തെങ്കിലും നിക്ഷേപത്തിലോ) എന്തെങ്കിലും സംഭവിച്ചാല്‍പോലും പറഞ്ഞ കാലവധിയില്‍ പറഞ്ഞ പലിശനിരക്കില്‍ പണം തിരികെ ലഭിക്കുമെന്ന് ഉറപ്പ്. എന്നാല്‍ മ്യൂച്വല്‍ ഫണ്ടില്‍ കഥ വ്യത്യസ്തമാണ്. മ്യൂച്വല്‍ ഫണ്ടിലൂടെ സമാഹരിക്കപ്പെടുന്ന പണം വിവിധ നിക്ഷേപാവസരങ്ങളില്‍ നിക്ഷേപിക്കപ്പെടുമ്പോള്‍ അതിന്റെ പരിപൂര്‍ണ റിസ്‌കും നിക്ഷേപകനാണ്. ഇത്തരം റിസ്‌ക്, ബാങ്ക് നിക്ഷേപത്തില്‍ തീര്‍ത്തും ഇല്ല എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. പക്ഷേ, ഒന്നോര്‍ക്കുക റിസ്‌ക് കുറയുമ്പോള്‍ റിട്ടേണും കുറഞ്ഞേക്കാം. എങ്കിലും ഏതൊരു നിക്ഷേപകന്റെയും നിക്ഷേപശേഖരത്തില്‍ അത്യാവശ്യം വേണ്ട ഒന്നാണ് ബാങ്കിലെ സ്ഥിരനിക്ഷേപം.

പലപ്പോഴും പണപ്പെരുപ്പനിരക്കുമായി ബന്ധപ്പെട്ടാണ് ബാങ്കുകളുടെ സ്ഥിരനിക്ഷേപത്തിന്റെ പലിശ ലഭ്യമാകുന്നത്. പണപ്പെരുപ്പം ഉയരുമ്പോള്‍ അത് തടയുവാനുള്ള മുന്നോടിയായി റിസര്‍വ് ബാങ്ക്, ബാങ്ക് നിരക്കും മറ്റും ഉയര്‍ത്തും. മാര്‍ക്കറ്റില്‍ ലഭ്യമായ പണത്തിന്റെ അളവ് കുറയ്ക്കുക എന്നതു തന്നെ ലക്ഷ്യം. ഇക്കാരണത്താല്‍ ബാങ്കുകള്‍ക്ക് പലിശ നിരക്ക് കൂട്ടേണ്ടി വരുന്നു. അതുകൊണ്ടുതന്നെ പണപ്പെരുപ്പു നിരക്ക് ഉയരുന്നു എന്നു കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക - ബാങ്കുകള്‍ പലിശനിരക്കു കൂട്ടുവാന്‍ പോകുന്നു! പണപ്പെരുപ്പനിരക്കു കുറയുമ്പോള്‍ മറിച്ചും.

പലിശനിരക്ക് കുറയുവാന്‍ പോകുന്നു എന്നാണ് നിങ്ങളുടെ പ്രതീക്ഷയെങ്കില്‍ കൂടുതല്‍ നാളത്തെ സ്ഥിരനിക്ഷേപത്തിന് ശ്രമിക്കുക. കാലാവധി എത്തുംവരെ ഉയര്‍ന്ന നിരക്കില്‍ നിങ്ങള്‍ക്ക് പലിശ ലഭിക്കും. മറിച്ച് പലിശ കൂട്ടുമെന്നാണ് നിങ്ങളുടെ പ്രതീക്ഷയെങ്കില്‍ ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിന് ശ്രമിക്കുക. പലിശ ഉയരുമ്പോള്‍ കൂടിയ നിരക്കില്‍ അപ്പോള്‍ നിക്ഷേപമാവാം.

പഴയ തലമുറയില്‍പ്പെട്ട ഷെഡ്യൂള്‍ഡ് ബാങ്കുകളും, 27 ദേശസാത്കൃത ബാങ്കുകളും, ന്യൂ ജനറേഷന്‍ ബാങ്കുകളും, സഹകരണ മേഖലയിലുള്ള ബാങ്കുകളും ശക്തമായ സാന്നിധ്യമറിയിച്ച സംസ്ഥാനമാണ് കേരളം. ശാഖയുമായുള്ള അടുപ്പം, കസ്റ്റമര്‍ സര്‍വീസ്, പലിശനിരക്ക്, ഹൈ-ടെക് സൗകര്യങ്ങള്‍ ഇവയിലൊക്കെ ഈ ബാങ്കുകള്‍ വ്യത്യസ്തത പുലര്‍ത്തിയേക്കാം. ഇതര കാര്യങ്ങളില്‍ കാര്യമായ വ്യത്യാസമില്ലാത്തതിനാല്‍ നിക്ഷേപകര്‍ മുന്‍തൂക്കം കൊടുക്കേണ്ടത് അവരവരുടെ അഭിരുചികള്‍ക്കു തന്നെയാണ്.

ഇവിടെയും ഒരു കാര്യം ഓര്‍മിക്കേണ്ടതുണ്ട്. നല്ലൊരു തുകയുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് സ്ഥിരനിക്ഷേപം തുടങ്ങാനാകൂ. അതില്ലാത്തവര്‍ക്ക് സ്ഥിരനിക്ഷേപത്തിന്റെ വരുമാനം ലഭ്യമാക്കുന്ന എന്തെങ്കിലും വഴികളുണ്ടോ? ഉണ്ട് എന്നു തന്നെ ഉത്തരം. ചെറു തവണകളായി നടത്താവുന്ന റെക്കറിങ് ഡെപ്പോസിറ്റ് നിങ്ങള്‍ക്ക് നാളെ ഒരു മുതല്‍ക്കൂട്ടാവും എന്ന് സംശയം വേണ്ട. 100 രൂപയോ അതിന്റെ ഗുണിതങ്ങളോ ആയി പ്രതിമാസം ആരംഭിക്കാവുന്ന റെക്കറിങ് ഡെപ്പോസിറ്റ് വഴി കൂട്ടുപലിശയുടെ പ്രയോജനം കൂടിയാണ് ലഭ്യമാകുന്നതെന്ന കാര്യം മറക്കേണ്ട. ടാക്‌സ് സ്രോതസ്സില്‍നിന്ന് ഇവിടെ കിഴിക്കപ്പെടുന്നില്ല. എന്തെങ്കിലും ആവശ്യങ്ങള്‍ (5 വര്‍ഷം കഴിഞ്ഞോ, 10 വര്‍ഷം കഴിഞ്ഞോ) മുന്നില്‍ക്കണ്ടുകൊണ്ടു തുടങ്ങുന്ന ഇത്തരം ഡെപ്പോസിറ്റ് ആവശ്യഘട്ടങ്ങളില്‍ നിങ്ങളെ സഹായിക്കുമെന്നു തീര്‍ച്ച.


SocialTwist Tell-a-Friend
Related Stories: ബാങ്ക് സ്ഥിരനിക്ഷേപവും റെക്കറിങ് നിക്ഷേപവും - Tuesday, November 22, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon