You are here: HOME » BUSINESS »
രക്ഷയാകാന്‍ വിവിധതരം ഇന്‍ഷുറന്‍സുകള്‍
Demo Data Jayakeralam Malayalam News
Wednesday, 23 November 2011
1925 മുതല്‍ അയര്‍ലന്‍ഡ് ഭരിച്ചിരുന്നത് പ്രജധിപോക് എന്നൊരു രാജാവായിരുന്നു. ആരെങ്കിലും തന്നെ അധികാര ഭൃഷ്ടനാക്കുമോയെന്നും അങ്ങനെയെങ്കില്‍ താന്‍ എങ്ങനെ ജീവിക്കുമെന്നുമുള്ള ചിന്ത അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ഈ പേടിയില്‍ അദ്ദേഹം ഒരു കാര്യം ചെയ്തു. ബ്രിട്ടനിലെയും ഫ്രാന്‍സിലെയും ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നും അദ്ദേഹം തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് എടുത്തുവച്ചു. അങ്ങനെ തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് എടുക്കുന്ന ആദ്യ രാജാവെന്ന ഖ്യാതിയും (അതോ അപഖ്യാതിയോ?) അദ്ദേഹത്തിനു സ്വന്തമായി. 1935-ല്‍ രാജാവ് ഭയപ്പെട്ടതുതന്നെ സംഭവിച്ചു. രാജാവിന്റെ കസേര തെറിച്ചു. എന്നാല്‍ അദ്ദേഹത്തിന് യാതൊരു കുലുക്കവുമുണ്ടായില്ല. ഇന്‍ഷുറന്‍സ് പോളിസികളില്‍നിന്നും ലഭിച്ച വരുമാനംകൊണ്ട് അദ്ദേഹം ശിഷ്ടകാലം സുഖമായി ജീവിച്ചു. തൊഴിലിലും ബിസിനസ്സിലും തികഞ്ഞ അനിശ്ചിതത്വം ഇന്നിന്റെ പ്രത്യേകതയാണ്, ജീവിതത്തിന്റേത് പറയുകയും വേണ്ട.

പുതിയ കാലത്തിന്റെ ഒരു പ്രത്യേകത എന്നു പറയാവുന്നത് ഓരോരുത്തരും അവരവരെക്കുറിച്ച് അനുപാതങ്ങളില്ലാത്ത ആത്മവിശ്വാസത്തിലാണ് എന്നതാണ്. ആത്മവിശ്വാസം ഒരളവു വരെ നല്ലതാണെങ്കിലും ഏറിയാല്‍ മറ്റെന്തിനെയുംപോലെ അത് അപകടകരം തന്നെ! ഇത്രയും ആത്മവിശ്വാസമുണ്ടെന്ന് നടിക്കുന്നൊരാള്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും പ്രതിസന്ധി നേരിടേണ്ടി വരുമ്പോള്‍ പിടിച്ചുനില്ക്കാനാവാതെ വരികയും കുഴഞ്ഞുവീഴുകയും ചെയ്യുന്നു. കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുമ്പോഴും ചിലര്‍ അക്ഷോഭ്യരായി തുടരും. പലപ്പോഴും അവരുടെ ചില മുന്‍കരുതലുകളാണ് ഇത്തരത്തില്‍ പിടിച്ചുനില്ക്കാന്‍ അവര്‍ക്കു തുണയാകുന്നത്. ഭാവി പ്രവചനാതീതവും അനിശ്ചിതത്വവുമാണെന്നു പറയുമ്പോള്‍, അതിനാല്‍ത്തന്നെ അതില്‍ റിസ്‌ക് അന്തര്‍ലീനമാണെന്ന് മനസ്സിലാക്കിയിരിക്കണം. ഈ റിസ്‌ക്, ഒരു നിശ്ചിത തുക പ്രീമിയം നല്കി ഒരു ഇന്‍ഷുറന്‍സ് കമ്പനിക്ക് കൈമാറാവുന്നതാണ്. അതായത് നിങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തിന്, പണം വഴി നഷ്ടപരിഹാരം ഒരു ഇന്‍ഷുറന്‍സ് പോളിസിയിലൂടെ ലഭിക്കുമെന്നര്‍ഥം! ദുരിതങ്ങളുടെ മഴവെള്ളപ്പാച്ചിലില്‍ എല്ലാം ഒലിച്ചു പോകുന്ന അവസരത്തില്‍ പിടിച്ചു നില്ക്കാന്‍ എന്തെങ്കിലുമൊക്കെ ഉണ്ടാവേണ്ടേ?

ഇന്‍ഷുറന്‍സിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു ശരാശരി മലയാളിയുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ലൈഫ് ഇന്‍ഷുറന്‍സ് തന്നെ. കുടുംബത്തിന്റെ നെടുംതുണായ ഒരാള്‍ - തന്റെ ശരീരവും മനസ്സും വരുമാനവും എല്ലാം കുടുംബത്തിനുവേണ്ടി മാറ്റിവയ്ക്കുന്നൊരാള്‍ - പെട്ടെന്നില്ലാതായാല്‍ എന്തു സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? മാനസികമായുണ്ടാകുന്ന വ്യഥയ്ക്കപ്പുറം സാമ്പത്തികക്ലേശങ്ങളും ആ കുടുംബത്തെ വലയ്ക്കും.

ഇവിടെയാണ് ലൈഫ് ഇന്‍ഷുറന്‍സ് തുണയ്‌ക്കെത്തുന്നത്. മലയാളിക്ക് പലപ്പോഴും ഒരു റിസ്‌ക് കവര്‍ മാത്രമാവുന്നില്ല ഇന്‍ഷുറന്‍സ്, മറിച്ച് ഒരു നിക്ഷേപമാര്‍ഗമെന്ന നിലയില്‍കൂടി അവന്‍ അതിനെ കാണുന്നു. ഇത്തരം ചിന്താഗതി മനസ്സിലാക്കിക്കൊണ്ടാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ Whole of Life Policyയും Endowment Policyയും അവതരിപ്പിച്ചിരിക്കുന്നത്.

പേരു സൂചിപ്പിക്കുന്നതു പോലെതന്നെ, ഒരാളുടെ ജീവിതകാലം മുഴുവന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതാണ് Whole of Life Policyകള്‍. ഈ പോളിസി ഏത് വയസ്സിലാണോ നിങ്ങള്‍ എടുക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് അതിന്റെ പ്രീമിയം നിശ്ചയിക്കപ്പെടുന്നത്. ഓരോ വര്‍ഷവും ബോണസ്സുകൂടി കൂട്ടും എന്നതിനാല്‍ വര്‍ഷങ്ങള്‍ കടന്നു പോകുംതോറും ഇതിന്റെ ലൈഫ് കവര്‍ ഏറി വരുന്നു. ഈ പോളിസിയുടെ പ്രീമിയം ഒരേപോലെ തുടരുകയും, വേണ്ടുന്ന പക്ഷം ഈ പോളിസിയെ എന്‍ഡോവ്‌മെന്റ് പോളിസിയാക്കി മാറ്റുകയും ചെയ്യാമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

കാലാവധിയെത്തുമ്പോഴോ, ഇന്‍ഷുറന്‍സ് എടുത്തയാള്‍ക്ക് മരണം സംഭവിക്കുമ്പോഴോ ലഭിക്കുന്ന ഒന്നാണ് എന്‍ഡോവ്‌മെന്റ് പോളിസി. Whole of Life പോളിസിയെ അപേക്ഷിച്ച് ഉയര്‍ന്ന പ്രീമിയമാണ് എന്‍ഡോവ്‌മെന്റ് പോളിസിക്ക് നല്‌കേണ്ടി വരിക. ഇന്‍ഷുറന്‍സ് എടുത്തിരിക്കുന്ന കാലാവധി, നല്കുന്ന പ്രീമിയം, ബോണസ് ഇവയൊക്കെയാണ് നിക്ഷേപകന്‍ ശ്രദ്ധിക്കേണ്ടുന്ന വസ്തുതകള്‍. ഇന്‍ഷുറന്‍സ് എന്നു കേള്‍ക്കുമ്പോള്‍ മലയാളി പലപ്പോഴും ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് എന്‍ഡോവ്‌മെന്റ് പോളിസിയാവാന്‍ കാരണം എന്താണ്? താന്‍ നിക്ഷേപിക്കുന്ന പണം തനിക്കുതന്നെ ഉപയോഗപ്പെടുത്തണമെന്ന വാശിയാണിതെന്ന് ഒരു സരസന്‍ പറഞ്ഞതോര്‍ക്കുന്നു. എന്നാല്‍ ഇന്‍ഷുറന്‍സിനെ ഒരു റിസ്‌ക് കവര്‍ ആയിത്തന്നെ കാണുന്നതാണ് ഉചിതം.

റിസ്‌ക് കവര്‍ ചെയ്യാനാഗ്രഹമുണ്ടെങ്കിലും, നല്‌കേണ്ടി വരുന്ന ഉയര്‍ന്ന പ്രീമിയമാണ് പലരെയും ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതില്‍നിന്നും പിന്‍തിരിപ്പിക്കുന്ന ഘടകം. നിക്ഷേപമാര്‍ഗമെന്ന നിലയില്‍കൂടി കണക്കാക്കപ്പെടുന്ന പോളിസികളിലാണ് ഇത്തരത്തില്‍ പ്രീമിയം ഉയര്‍ന്നു നില്ക്കുന്നത്. നിക്ഷേപം എന്നത് മാറ്റി നിര്‍ത്തി കേവലം ഇന്‍ഷുറന്‍സ് പരിരക്ഷ മാത്രം ഉറപ്പാക്കുന്ന ടേം ഇന്‍ഷുറന്‍സ് പോളിസി (Term Insurance Policy)യും ഇന്ന് മാര്‍ക്കറ്റില്‍ സുലഭം. വാഹനങ്ങള്‍ക്ക് നാം ഇന്‍ഷുറന്‍സ് എടുക്കാറില്ലേ? ഇന്‍ഷുറന്‍സ് പോളിസി നിലവിലുള്ള കാലത്തോളം ഈ വാഹനത്തിന് അപകടമെന്തെങ്കിലും സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്കും. ഇനി അപകടമൊന്നും സംഭവിച്ചില്ലെങ്കിലോ? നല്‌കേണ്ടിവന്ന പ്രീമിയം മാത്രമാണ് നിങ്ങളുടെ ചെലവ.് ഇതിന് സമാനമാണ് ടേം ഇന്‍ഷുറന്‍സ.് പ്രീമിയം വളരെ കുറഞ്ഞ ഈ പോളിസി, ഉയര്‍ന്ന തുക പ്രീമിയം വഴി നല്കാനില്ലാത്ത, എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ആഗ്രഹിക്കുന്നൊരാള്‍ക്ക് ഏറ്റവും ഉചിതമാണ്.

ഒരാള്‍ക്ക് എത്രവേണം ഇന്‍ഷുറന്‍സ് പരിരക്ഷ?
ഓരോരുത്തരും ഒരിക്കല്‍കൂടി അവരവരുടെ ആസ്തി - ബാധ്യതാ ലിസ്റ്റിലേക്ക് കണ്ണോടിക്കേണ്ടതുണ്ട്. തിരിച്ചടയ്‌ക്കേണ്ടുന്ന കട ബാധ്യതകള്‍ എത്രയാണെന്ന് ഈ തിരിഞ്ഞുനോട്ടത്തില്‍നിന്നും ബോധ്യമാകും. വാഹന വായ്പ, ഭവന വായ്പ, പേഴ്‌സണല്‍ ലോണ്‍ ഇവയുടെ ആകെ തുക എത്രയെന്ന് കൂട്ടിയെടുക്കുക. സാമാന്യവത്കരിച്ചാല്‍, ഒരു കുടുംബത്തിന്റെ വരുമാനത്തിന്റെ ഏകദേശം 75 ശതമാനം തുകയാണ് ആകെ ചെലവുകള്‍ക്കായി മാറ്റി വയ്ക്കപ്പെടുക എന്നു പറയേണ്ടി വരും. അങ്ങനെ നോക്കിയാല്‍ കുടുംബവാര്‍ഷിക വരുമാനത്തിന്റെ 10 മുതല്‍ 15 മടങ്ങു വരെയുള്ള തുകയാണ് Sum Assured ആയി വകയിരുത്താവുന്നത്. ഇത്രയും തുക Sum Assured വേണ്ടി വരുമ്പോള്‍, മേല്പറഞ്ഞ ഓരോ പോളിസികളിലും പ്രതിമാസം എത്ര തുകയാണ് പ്രീമിയം ഇനത്തില്‍ നല്‌കേണ്ടി വരിക എന്നറിയുവാന്‍ വളരെ എളുപ്പം. ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്ന കമ്പനികള്‍ക്കെല്ലാംതന്നെ ഒരു നിശ്ചിത പ്രായത്തില്‍, ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത Sum Assured പോളിസി എടുക്കുവാന്‍ എത്ര തുക പ്രതിമാസം പ്രീമിയമായി നല്‌കേണ്ടിവരുമെന്നറിയുവാന്‍ സംവിധാനമുണ്ട്. ഈ കമ്പനികളുടെ അഡൈ്വസേഴ്‌സ് അഥവാ ഏജന്റ്‌സ് എന്നറിയപ്പെടുന്നവരോട് ചോദിക്കുകയോ, വെബ് സൈറ്റിലൂടെ വിവരം ലഭ്യമാക്കുകയോ ചെയ്യാം.

എല്ലാ സാഹചര്യങ്ങളും വിപരീതമോ വിരുദ്ധമോ ആയാല്‍പോലും നിങ്ങള്‍ക്കോ കുടുംബത്തിനോ പിടിച്ചു നില്ക്കാനുതകുന്ന കച്ചിത്തുരുമ്പുകള്‍ ആയേക്കും ഇത്തരം പോളിസികള്‍. ഓരോരുത്തരുടെയും സാമ്പത്തിക നിലവാരത്തിനനുസരിച്ച്, തിരിച്ചടയ്‌ക്കേണ്ടുന്ന വായ്പകള്‍ക്കനുസരിച്ച് നിക്ഷേപശേഖരത്തില്‍ സുനിശ്ചിതമായി ഉണ്ടാവേണ്ടതു തന്നെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍.


SocialTwist Tell-a-Friend
Related Stories: രക്ഷയാകാന്‍ വിവിധതരം ഇന്‍ഷുറന്‍സുകള്‍ - Tuesday, November 22, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon