You are here: HOME » AGRICULTURE »
സ്വാശ്രയ സംഘങ്ങളിലൂടെ കോഴിവളര്‍ത്തല്‍
test data Jayakeralam Malayalam News
Saturday, 03 December 2011
ലോക ജനസംഖ്യ 700 കോടിയില്‍ എത്തി നില്‍ക്കുമ്പോള്‍ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താന്‍ പ്രോട്ടീനടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ജന്തുജന്യ പ്രോട്ടീന്‍ അടങ്ങിയ ഉല്പന്നങ്ങള്‍ക്ക് അനന്ത സാധ്യതകളാണിന്നുള്ളത്.ചെലവുകുറഞ്ഞ ജന്തുജന്യ പ്രോട്ടീന്‍ സ്രോതസ്സുകളായ കോഴിമുട്ട, കോഴിയിറച്ചി എന്നിവയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിക്കഴിഞ്ഞു. ഉപതൊഴിലെന്നതിലുപരി വീട്ടിലെ പോഷകാഹാരക്കമ്മി നികത്തുവാനുള്ള ഉപാധിയായും കോഴിവളര്‍ത്തലിനെ കാണേണ്ടതുണ്ട്. കേരള വെറ്ററിനറി സര്‍വ്വകലാശാല ആരംഭിച്ച ഐശ്വര്യ കോഴിവളര്‍ത്തല്‍ പദ്ധതി മുട്ടയുല്‍പാദന മേഖലയില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായിക്കും.

കേരളം ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 1.13% മാത്രമേയുള്ളു. 3.34 കോടി ജനങ്ങളുള്ള സംസ്ഥാനത്ത് സ്ഥല പരിമിതി പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും സുസ്ഥിര കേരള മോഡല്‍ വികസനരീതി കോഴി വളര്‍ത്തലിലും അനുവര്‍ത്തിക്കാവുന്നതാണ്. വികസന രംഗത്ത് സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച കേരളത്തില്‍ കുടുംബശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണ്. കോഴിമുട്ടയും, ഇറച്ചിയും വീടുകളില്‍ വിപണനം നടത്താനുതകുന്ന വിപണി ലക്ഷ്യമിട്ട കോഴിമുട്ട, കോഴിയിറച്ചി ഉല്പാദന സംരംഭങ്ങള്‍ ഭക്ഷ്യസുരക്ഷ നിലനിര്‍ത്താന്‍ സഹായിക്കും. കേരളത്തില്‍ സ്വാശ്രയസംഘങ്ങള്‍ നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ഒരേ സ്വാശ്രയ സംഘത്തില്‍ വിവിധ ഉല്‍പന്നങ്ങളുടെ വിപണനം നടത്തിവരുന്നു. ഇവയില്‍ കോഴിവളര്‍ത്തലില്‍ താല്‍പര്യമുള്ള ഗ്രൂപ്പുകളെ കോഴിവളര്‍ത്തല്‍ കൊമോഡിറ്റി ഇന്ററസ്റ്റ് (കോഴിവളര്‍ത്തല്‍ സൗഹൃദ ഉല്‍പന്ന ഗ്രൂപ്പ്) (CIG) ആയി തെരഞ്ഞെടുക്കണം.തിരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. ഇവര്‍ പരിശീലനം ലഭിച്ച ശേഷം ഗ്രാമ പഞ്ചായത്തു തലത്തില്‍ പരിശീലനത്തിന് നേതൃത്വം നല്‍കണം.

പഞ്ചായത്ത് തലത്തിലുള്ള മൃഗാസ്പത്രികളില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ അറിവ് കേന്ദ്രങ്ങള്‍ (Animal Husbandfy Information Centres-) ഗ്രാമ പഞ്ചായത്ത് തലത്തില്‍ കോഴിവളര്‍ത്തല്‍ കുടുംബശ്രീ സംരംഭങ്ങള്‍ക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. ഉല്പാദനം വര്‍ദ്ധിപ്പിക്കാനും, രോഗനിയന്ത്രണത്തിനും ശാസ്ത്രീയ വിപണനത്തിനുമുള്ള അറിവുകള്‍ ഇവിടെ നിന്നു ലഭിക്കും. വാര്‍ഡുതലത്തില്‍ ഇവയ്ക്കനുബന്ധമായി കോഴി വളര്‍ത്തല്‍ അറിവ് യൂണിറ്റുകള്‍ കുടുബശ്രീ തലത്തില്‍ ആരംഭിയ്ക്കണം. പ്രതിരോധകുത്തിവെയ്പുകള്‍ അസ്‌ക്കാഡ് പദ്ധതിയിലുള്‍പ്പെടുത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ചെയ്യാവുന്നതാണ്.

സ്ഥല ലഭ്യതക്കനുസരിച്ച് കോഴിവളര്‍ത്തല്‍ സംരംഭങ്ങള്‍ വീട്ടുമുറ്റത്ത് തുറന്നുവിട്ട് വളര്‍ത്തുന്ന രീതിയില്‍ വലിയ മുതല്‍ മുടക്കില്ലാതെ ആരംഭിക്കാം. 10 മുട്ടക്കോഴികളെ വീടുമുറ്റത്ത് തുറന്ന് വിട്ട് വളര്‍ത്താം. ഐശ്വര്യ പദ്ധതി അനുസരിച്ചുള്ള മുട്ടക്കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ സ്ഥലപരിമിതിയുള്ളിടങ്ങളില്‍ അവലംബിക്കാം.ആഴ്ചയില്‍ 250 വീതം ഇറച്ചിക്കോഴികളെ വില്‍പന നടത്താനുതകുന്ന രീതിയില്‍ ഇറച്ചിക്കോഴി ഫാമുകള്‍ ഓരോ കുടുംബശ്രീ യൂണിറ്റുകള്‍ക്കും ആരംഭിക്കാവുന്നതാണ്. ശാസ്ത്രീയ പരിശീലനം ഇറച്ചിക്കോഴി വളര്‍ത്തലില്‍ അത്യന്താപേക്ഷിതമാണ്.

വിപണനം

കോഴിമുട്ട, കോഴിയിറച്ചി എന്നിവ കുടുംബശ്രീ യൂണിറ്റികള്‍ക്ക് നേരിട്ട് വിപണനം നടത്താവുന്നതാണ്. ഇറച്ചിക്കോഴികളെ ഡ്രസ്സ് ചെയ്ത് വിപണനം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഉപഭോക്താക്കളുടെ സൗകര്യമനുസരിച്ച് വീടുകളില്‍ ആഴ്ചയില്‍ രണ്ടു ദിവസം കോഴിയിറച്ചി, കോഴിമുട്ട എന്നിവ വിപണനം നടത്തുന്ന രീതി അനുവര്‍ത്തിക്കാം.

സ്വാശ്രയസംഘങ്ങളിലൂടെയുള്ള കോഴിവളര്‍ത്തല്‍ സംരംഭങ്ങള്‍ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനും, സുസ്ഥിര കോഴി വളര്‍ത്തല്‍ രീതി വളര്‍ത്തിയെടുക്കാനും സഹായിക്കും.വെറ്ററിനറി സര്‍വ്വകലാശാല, മൃഗസംരക്ഷണവകുപ്പ്, പൌള്‍ട്രി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുടെ സാങ്കേതിക സഹായം പദ്ധതി വിപുലപ്പെടുത്താന്‍ സഹായിക്കും.


SocialTwist Tell-a-Friend
Related Stories: സ്വാശ്രയ സംഘങ്ങളിലൂടെ കോഴിവളര്‍ത്തല്‍ - Saturday, December 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon