Page: 1
കല്ല്യാണക്കാറില്‍ നിന്നിറങ്ങി പുതിയാപ്ലയുടെ നിഴലിനു മുകളില്‍ മറ്റൊരു നിഴലായി നില്‍ക്കുന്നതിനിടയില്‍ സൈനബയുടെ കണ്ണുകള്‍ പുതിയാപ്ലയുടെ തൊട്ടടുത്തുനിന്ന വൃദ്ധനില്‍ ഉടക്കി. പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയാത്തവിധം എന്തോ പ്രത്യേകതയുള്ള ഉടക്കലായിരുന്നു അത്. സൈനബയുടെ കണ്‍മഷിയിട്ട കണ്ണുകള്‍ വൃദ്ധമുഖത്ത് - പുതിയാപ്ല ജലീലിന്റെ ബാപ്പ ബേവുക്ക - ഒന്നുകൂടി ഉഴിച്ചില്‍ നടത്തി, താനിപ്പോള്‍ നിക്കാഹ് കഴിഞ്ഞ മണവാട്ടിയാണെന്ന ബോധ്യത്തില്‍ പരിസരത്തിലേക്ക് ഭവ്യതയോടെയും ബഹുമാനത്തിന്റെയും അനുസരണയുടേയും ഭാഷ സൃഷ്ടിച്ചുകൊണ്ട് മടങ്ങി. പിന്നീട് ഘടികാരത്തിന്റെ മണിക്കൂര്‍ സൂചി കഷ്ടിച്ചൊരു വൃത്തം പൂര്‍ത്തിയാക്കും മുമ്പ് വൃദ്ധന്‍ മരിച്ചുപോയപ്പോള്‍ സൈനബ അവളുടെ സങ്കടം പ്രകടിപ്പിക്കേണ്ട വിധമറിയാതെയാണ് കുഴങ്ങിപ്പോയത്.
സൈനബയുടെ വിവാഹം ഇത്രപെട്ടെന്നു നടക്കാന്‍ കാരണം അവളുടെ പ്രേമമാണ്. മൂന്നാം ക്ലാസുമുതല്‍ ഒപ്പം പഠിച്ച ശിവശങ്കരന്‍മാഷിന്റെ മകന്‍ സുരേഷ്കുമാര്‍ സൈനബയെ ഇഷ്ടപ്പെടുകയും ഇടയ്ക്കൊക്കെ സംസാരിച്ചുനില്‍ക്കാന്‍ സമയം കണ്ടെത്തുകയും ചെയ്തിരുന്നു. സൈനബയ്ക്ക് സുരേഷിനോടു പ്രേമമായിരുന്നു എന്നു പറഞ്ഞാല്‍ ശരിയാവില്ല. എങ്കിലും ഒഴിഞ്ഞുമാറാന്‍ സൈനബയ്ക്ക ആയിരുന്നില്ല. അങ്ങിനെ ഇവര്‍ തമ്മില്‍ സംസാരിച്ചു നില്‍ക്കുന്നത് കണ്ടു സൈനബയുടെ ബാപ്പ ഏതൊരു പിതാവിനെയും പോലെ അവളെ ചെറുതായൊന്നു ശാസിക്കുകയും അന്നു രാത്രിയില്‍ സ്വന്തം ബീവിയോട് മകളുടെ വിവാഹക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു. സൈനബ സുരേഷ്കുമാറിനെ പരിപൂര്‍ണ്ണമായും മായ്ച്ചുകളയുന്നുവെന്ന് പ്രതിജ്ഞയും എടുത്തു.
പിറ്റേന്നു തന്നെ സൈനബയുടെ ബാപ്പ വിവാഹം കഴിഞ്ഞ് ഭര്‍തൃവീടുകളില്‍ സുഖമായിരിക്കുന്ന സൈനബയുടെ മൂന്നു ജ്യേഷ്ടത്തിമാരെയും വരുത്തിച്ചു. സൈനബയുടെ നിക്കാഹിനെപ്പറ്റി ഉഷാറായി ആലോചിക്കാന്‍ പോവുകയാണെന്നും നിങ്ങളുടെ അറിവില്‍ ചൊര്‍ക്കുള്ള പയ്യന്‍മാര്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞുകൊണ്ട് ബാപ്പ ജ്യേഷ്ടത്തിമാരെ തിരിച്ചയച്ചു. സൈനബയുടെ സൗദിയിലുള്ള മൂത്താങ്ങളയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. ദമാമില്‍ ഡ്രൈവറായ കുഞ്ഞാങ്ങളയെ അഞ്ചട്ടുതവണ വിളിച്ചിട്ടും ലൈന്‍ ബിസി ....... ലൈന്‍ ബിസി ....... എന്ന അറിയിപ്പു തന്നെ കിട്ടിയത്.
ഇതെന്തുശെയ്ത്താനാണ് ബിശിബിശീന്നും പറഞ്ഞിരിക്ക്ണ്?
സൈനബയുടെ ബാപ്പ ഫോണിന് ഒരടികൊടുത്ത് സൗദിയിലേക്കു വീണ്ടും വിളിച്ച് ദമാമിലേക്ക് വിവാഹക്കാര്യം പറയാനേല്‍പ്പിക്കുന്നു.
സൈനബയുടെ ബാപ്പ, ദൃഢചിത്തനായ ചെറുകിടകോണ്‍ട്രാക്ടര്‍, താന്‍ പണിതുയര്‍ത്തുന്ന കെട്ടിടം പോലെയാണ് മകളുടെ വിവാഹത്തെയും കണ്ടത്. പരിചയക്കാരെയും ബന്ധുക്കളെയും അറിയാവുന്ന ബ്രോക്കര്‍മാരേയും വിളിച്ച് പറയുമ്പോള്‍
ബാപ്പ വിഷമിക്കേണ്ട, സുരേഷ്കുമാറിനോടൊപ്പം ഒളിച്ചോടാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍, പ്രത്യേകിച്ചും ഇന്നത്തെകാലത്ത്
എന്നു പറഞ്ഞില്ലെന്നേയുള്ളൂ. ഒറ്റ രാത്രികൊണ്ട് നിശ്ചയിക്കപ്പെട്ട വിവാഹമെന്നു വിശേഷിപ്പിക്കാവുന്ന രീതിയില്‍ കാര്യങ്ങള്‍ ഇത്രയ്ക്ക് സുഗമമായി മുന്നോട്ടു പോവുമെന്നു സൈനബ വിചാരിച്ചില്ല, പുതുനഗരത്തേക്കു നിക്കാഹുകൊടുത്ത സഹോദരി നസീബ വരുന്നതുവരെ. നബീസ കുട്ടികളേയുമെടുത്തുകൊണ്ട് ബസ്സില്‍ തന്നെയാണ് വന്നത്. മൂന്നുവയസ്സും ഒന്നരവയസ്സുമുള്ള രണ്ടുകുട്ടികളെ നോക്കേണ്ട ചുമതല ഉണ്ടായിട്ടുകൂടി അവള്‍ സാംന്യം തടിച്ചിരിക്കുന്നുവെന്ന് സൈനബയ്ക്ക് തോന്നി. നസീബ വീട്ടിലെത്തുമ്പോള്‍ ബാപ്പ ടൗണിലുള്ള ഔരു ബ്രോക്കറുടെ അടുത്തേക്ക് പോയിരിക്കുകയായിരുന്നു. നസീബ ഉമ്മയോട് പുറംകാര്യങ്ങള്‍ പറഞ്ഞതല്ലാതെ നിക്കാഹിനെപ്പറ്റി ഒന്നും പറഞ്ഞില്ല. ഉമ്മയോടു പറഞ്ഞിട്ടെന്തുകാര്യം? നിക്കാഹൊക്കെ നിശ്ചയിക്കേണ്ടത് പടച്ചോലും ബാപ്പയും ആലോചിച്ചല്ലേ. അതിനാലവള്‍ ബാപ്പ വരുന്നതുവരെ കാത്തിരുന്നു. എന്നിട്ട് ബാപ്പ വന്ന ശേഷം പ്രശ്നം അവതരിപ്പിച്ചു.
|
1
2
3
4
5
6
Next Page »»
ഈ രചനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതുക
|