Page: 1
കുളക്കരകള്‍ നാട്ടുസംസ്കാരത്തിന്റെ വ്യാവഹാരിക ഇടങ്ങളെന്ന നിലയില്‍ കേരളീയ ജീവിതത്തില്‍ ഒരു കാലത്ത് സുപ്രധാനമായ പങ്കുവഹിച്ചിരുന്നു. പുഴക്കടവുകള്‍ പോലെ കുളക്കരകളും ഉള്‍ഗ്രാമങ്ങളുടെ സമ്പര്‍ക്കയിടങ്ങളായി. സ്ത്രീകള്‍ കൂട്ടംകൂടി വസ്ത്രം കഴുകുന്നതും കുട്ടികളെ കുളിപ്പിക്കുന്നതും ഒടുവില്‍ മുങ്ങിക്കുളിച്ചു കലപിലയോടെ തിരികെപ്പോകുന്നതും സാധാരണമായിരുന്നു. പലതരം താളികളുടെയും കാച്ചെണ്ണകളുടെയും മണംകൊണ്ട് കുളിക്കടവുകള്‍ ഗൃഹാതുരത്വമുണര്‍ത്തും. താളിയരയ്ക്കാനുള്ള കല്ലും കുഴവിയിം കുളക്കരയിലുണ്ടാകും. കുളിതന്നെ പലവിധം.
"തുടിച്ചുകുളി" യില്‍ പെണ്ണുങ്ങള്‍ വെള്ളത്തില്‍ കൂട്ടംകൂടി വട്ടത്തില്‍നിന്ന് അടിച്ചുശബ്ദമുണ്ടാക്കും. ആ ഒച്ച ദൂരസ്ഥലങ്ങളില്‍ എത്തിച്ചേരും. പരസ്പരം പറയാനുള്ളതു പറഞ്ഞു മന:ശുദ്ധി വരുത്തുന്നതും കുളക്കരയില്‍ വച്ചുതന്നെ.
രണ്ടുകൈകളും വെള്ളത്തില്‍ കൂട്ടിയടിച്ചു താളത്തില്‍ ശബ്ദമുണ്ടാക്കുന്ന "തൈരുകടയല്‍" മറ്റൊരുതരം പെണ്‍കളിയാണ്. കുട്ടികളുടെ തൊട്ടുകളി ഗ്രാമീണര്‍ക്ക് ഇന്നു സുപരിചിതമായിരുന്നു. പുഴക്കരകളിലെ ചാടുകല്ലുകളുടെ മുകളില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചാടി നീന്തിത്തുടിച്ചു. നാട്ടിന്‍പുറങ്ങളിലാണ് ഈ സ്വാതന്ത്ര്യം സവര്‍ണേതരര്‍ അനുഭവിച്ചിരുന്നത്. "ചെമ്മീന്‍" സിനിമയിലെ പരീക്കുട്ടി-കറുത്തമ്മമാര്‍ക്കു കുളക്കര പ്രണയസ്ഥലമാണല്ലോ.
കുളപ്പുരകള്‍
കുളജലം കൃഷിക്കും പാചകത്തിനുമെല്ലാം ഉപയോഗിച്ചിരുന്നു. ചക്രമുപയോഗിച്ചു വെള്ളം പാടത്തേക്കു വിടുന്ന നാട്ടുജലസേചനരീതികള്‍ ഇന്നുമുണ്ട്. കുളജലമുപയോഗിച്ചു കൃഷി ചെയ്യുന്ന സ്ഥലങ്ങളെ കുളപ്പുരവെന്നു പറയും ചിലയിടങ്ങളില്‍. കുളപ്പാടമെന്നു മറ്റു ചിലയിടങ്ങളില്‍ വെള്ളം വെള്ളം തേവിയെത്തിക്കുന്ന ഒരുപകരണമാണ് "വേത്ത്", "തുടിപ്പ്" എന്നും "ഉപണി"യെന്നും പലയിടങ്ങളില്‍ ഇതിനു പേരുണ്ട്. ഒരുതരം മരപ്പാത്തിയായ വേത്ത് കെട്ടിത്തൂക്കിയാണ് തേവുക. 25 ലിറ്റര്‍ വീതം 400 തവണ തേവാന്‍ ഏതാണ്ടു മുക്കാല്‍ മണിക്കൂര്‍ വേണം. ആളുകള്‍ മുഖാമുഖം നിന്നും പാടത്തേക്കു തേവുന്ന രീതിയുമുണ്ട്. കയറ്റു/തേക്കു/തേവുകുട്ടയാണ് അതിനുപയോഗിക്കുക. "തുലാന്‍" രീതി മറ്റൊന്നാണ്. "കാളത്തേക്കി"ല്‍ വെള്ളം തേവാന്‍ കാളയെ ഉപയോഗിക്കുന്നു.
കുളം മുറിക്കല്‍
ആരാധനാലയങ്ങള്‍ക്കെന്നപോലെ കുളങ്ങള്‍ക്കും ഐതിഹ്യങ്ങളില്‍ സ്ഥാനമുണ്ടായിരിക്കും. കുളമധ്യത്തിലോ മൂലകളിലോ ഭൗതികാതീത ശക്തികളുടെയോ ദുരാത്മാക്കളുടെയോ സാന്നിധ്യങ്ങളെക്കുറിച്ചുള്ള വാമൊഴിക്കഥകള്‍ രൂപപ്പെട്ടിരുന്നു. ചുടല, യക്ഷി, മാടന്‍, മറുത, ഒടിയന്‍ തുടങ്ങിയ ഭൂതപ്രേതപിശാചുക്കളുമായി ബന്ധപ്പെടുത്തി കുളങ്ങളെ നാട്ടുജനത ഓര്‍മിക്കുന്നു. എഴുന്നള്ളത്തുകളും ആറാട്ടും കുളങ്ങളെ ഉത്സവകാലത്തു സജീവമാക്കുന്ന ഇടങ്ങളുണ്ട്. പലതരം ആചാരങ്ങളും കുളങ്ങളില്‍ അനുഷ്ഠിക്കുക സാധാരണമായിരുന്നു. പഴയകാല നായര്‍വിഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ ഋതുമതിയാവുന്ന സന്ദര്‍ഭങ്ങളില്‍ "കുളംമുറി"ക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. സഹോദരനും മറ്റു സ്ത്രീകളും ചേര്‍ന്നു കുട്ടിയെ കുളത്തിലേക്കാനയിക്കുന്നു. തന്റെ പെങ്ങള്‍ക്കു കുളിക്കാന്‍ ഇടംകൊടുക്കണമെന്നു കുളത്തോടാവശ്യപ്പെട്ട്, വെള്ളത്തില്‍ കത്തികൊണ്ട് ഒരു വരയിടുന്നു. മരുമക്കത്തായ സമ്പ്രദായത്തിലെ സഹോദര-സഹോദരീബന്ധത്തിന്റെ ദൃഢതയും ആഴവും ബോധ്യപ്പെടുത്തുന്നതാണീ ചടങ്ങ്.
പഴയകാലങ്ങളിലും ഇപ്പോഴും പ്രമാണിമാരായ ആളുകള്‍ കൊലപാതകം മറച്ചുവയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗം കൂടിയാണ് കുളം. "ചവിട്ടി കുളത്തില്‍ താഴ്ത്തിക്കളയും" എന്നു പറയുന്നതു കേട്ടിട്ടില്ലേ? എത്രയെത്ര കഥകളാണ് പഴയകാല കുളങ്ങള്‍ക്കു പറയാനുണ്ടാവുക, പ്രത്യേകിച്ചും, ജാതിവ്യവസ്ഥ രൂഢമൂലമായി നിലനിന്ന കാലഘട്ടത്തില്‍! |
1
2
3
4
5
6
Next Page »»
ഈ രചനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതുക
|